കുരിശിന്‍റെ സന്ദേശം
പ്രപഞ്ചത്തിന്‍റെ കേന്ദ്രത്തിൽ നാട്ടിനിറുത്തിയിരിക്കുന്ന ജീവന്‍റെ വൃക്ഷമാണ് യേശുവിന്‍റെ കുരിശ്. കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയുമാണ് യേശുക്രിസ്തു ലോകത്തെ പാപത്തിന്‍റെ അടിമത്തത്തിൽനിന്നു മോചിപ്പിച്ചത്. മാനവരാശിക്ക് സമഗ്രമായ രക്ഷയും മോചനവും നൽകുന്ന മഹാകാരുണ്യത്തിന്‍റെ വിപ്ലവദർശനമാണ് ക്രിസ്തുവിന്‍റെ കുരിശിൽ കത്തിജ്വലിച്ചു നിൽക്കുന്നത്. ക്രിസ്തുവിന്‍റെ പീഡാനുഭവവും മരണവും ഉത്ഥാനവും ഉൾപ്പെട്ട സംഭവങ്ങളെ പെസഹാരഹസ്യം എന്നു വിളിക്കുന്നു.

കടന്നുപോകൽ എന്നത്രേ പെസഹ എന്ന വാക്കിന്റെ അർഥം. തന്‍റെ പീഡാസഹനത്തിലൂടെ മനുഷ്യവർഗത്തെ രക്ഷിച്ചുകൊണ്ട് യേശു ദൈവപിതാവിന്‍റെ സന്നിധിയിലേക്ക് കടന്നുപോയി. യേശുവിനൊപ്പം മാനവവംശവും സ്വാതന്ത്ര്യത്തിന്‍റെയും സമാധാനത്തിന്‍റെയും പുതിയ ലോകത്തേക്കു കടന്നുപോകുകയാണ്. നിരന്തരമായ ഒരു പ്രക്രിയയാണ് ഈ കടന്നുപോകൽ. ക്രൈസ്തവലോകം യേശുവിന്‍റെ പീഡാസഹനങ്ങളുടെ ഓർമ പുതുക്കി നോമ്പ് ആചരിക്കുമ്പോൾ കുരിശിന്‍റെ അർഥതലങ്ങൾ ധ്യാനിച്ച് പെസഹായുടെ ദർശനധാര സാകല്യതയിൽ ഉൾക്കൊള്ളുക സമുചിതമാകുന്നു.

കഴുതപ്പുറത്തേറി ഓശാനവിളികളുടെ മധ്യേ ജറുസലേമിലേക്ക് യാത്രചെയ്യുന്ന യേശു കടന്നുപോകലിന്‍റെ നിർണായക പാതയിലൂടെ മുന്നേറുകയാണ്. യുദ്ധത്തിന്‍റെ പ്രതീകമായ കുതിരയെ തെരഞ്ഞെടുക്കാതെ സമാധാനത്തിന്‍റെ പ്രതീകമായ കഴുതയെ തന്‍റെ സവാരിമൃഗമായി തെരഞ്ഞെടുത്തതിലെ സന്ദേശം വ്യക്‌തമാണ്. സഖറിയ പ്രവാചകൻ കഴുതപ്പുറത്ത് എഴുന്നള്ളുന്ന സമാധാന രാജാവിനെപ്പറ്റി മുൻപേ പ്രവചിച്ചിരുന്നു. (സഖ.9:9). യേശുവിന്‍റെ പെസഹായുടെ ആത്യന്തിക ലക്ഷ്യം ലോകത്തിനു മുഴുവൻ സമാധാനം പ്രദാനം ചെയ്യുകയാണ്.


ഹൊഷിയാന എന്ന ഹീബ്രു പദത്തിൽനിന്ന് ഉത്ഭവിക്കുന്ന സംബോധന രൂപത്തിലുള്ള പ്രാർഥനാശകലമാണ് ഓശാന (സങ്കീ. 118:25). ഞങ്ങളെ രക്ഷിക്കണമേ എന്നാണ് ഈ വാക്കിന്‍റെ അർഥം. അടിമത്തത്തിൽ കഴിയുന്ന മാനവരാശിയുടെ നിലവിളിയാണിത്. അവർ യേശുവിൽ തങ്ങളുടെ വിമോചകനെ ദർശിക്കുന്നു. ഈ വിമോചനം ആത്മീയതലത്തിൽ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച് മനുഷ്യന്‍റെ സമസ്ത തലങ്ങളെയും ചൂഴ്ന്നുനിൽക്കുന്ന സമ്പൂർണ വിമോചനമാണ്. യേശു കുരിശിനെ പുൽകിയത് മനുഷ്യർക്കു സമ്പൂർണ വിമോചനം നൽകാനാണ്.

വിജയാരവത്തോടെ ജറുസലേമിൽ പ്രവേശിച്ച യേശു നേരേ ദേവാലയത്തിലേക്കാണു കയറിപ്പോയത്. അനീതി നിറഞ്ഞ കച്ചവടത്തിലൂടെ കവർച്ചക്കാരുടെ ഗുഹയായിത്തീർന്ന ദേവാലയമണ്ഡപത്തിൽ, രോഷാഗ്നിയിൽ ജ്വലിച്ച് യേശു ചാട്ടവാറേന്തി. വാണിഭക്കാരെയും അവരുടെ സാമഗ്രികളെയും ആജ്‌ഞാസ്വരത്തിൽ ശാസിച്ച് പുറത്താക്കി. ചോദ്യംചെയ്യാനെത്തിയ യഹൂദനേതാക്കളെ ക്രോധാവേശരാക്കിക്കൊണ്ട് യേശു മൊഴിഞ്ഞ മറുപടിയിൽ കുരിശിന്‍റെ ദർശനം മുഴുവൻ അടങ്ങുന്നു, ‘‘നിങ്ങൾ ഈ ആലയം തകർക്കുവിൻ. ഞാൻ അത് മൂന്നുദിവസത്തിനകം പുനരുദ്ധരിക്കും.’’ (യോഹ. 2: 19).

യഹൂദന്മാർ തങ്ങളുടെ അനീതിയും അധർമവും മൂലം ദേവാലയത്തിന്‍റെ ആന്തരികമൂല്യം പണ്ടേ തകർത്തുകളഞ്ഞിരുന്നു. ഒരു പുതിയ ദേവാലയം, അതായത് തന്‍റെ ഉയിർത്തെഴുന്നേറ്റ ശരീരമാകുന്ന ദേവാലയം നിർമിക്കാനാണ് യേശു കുരിശിന്‍റെ സഹനങ്ങളിലേക്കു നീങ്ങുന്നത്. അനീതിയുടെ നെടുങ്കോട്ടകൾ തകർത്ത്, സ്നേഹത്തിന്‍റെ പുതിയ ലോകം സൃഷ്ടിച്ചാലേ ഈ പുതിയ ദേവാലയമുണ്ടാകൂ. ഈ പുതിയ ദേവാലയത്തിന്‍റെ നിർമാണത്തിനാണ് അവിടുന്ന് കാൽവരി കയറുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.