പരീക്ഷകൾ : ദുരാസക്‌തികൾക്കെതിരേ
പരീക്ഷകൾ : ദുരാസക്‌തികൾക്കെതിരേ
ഓരോ മനുഷ്യനിലും കുടികൊള്ളുന്ന അടിസ്‌ഥാന ദുരാസക്‌തികളാണ് കാമാസക്‌തി, അഹന്ത, ധനമോഹം എന്നിവ. ഇവയ്ക്കെതിരേ പോരാടി വ്യക്‌തിത്വ വിശുദ്ധീകരണം പ്രാപിക്കാൻ തന്നെ ആഹ്വാനം ചെയ്യുന്ന ആത്മീയസംഘർഷങ്ങളാണ് യേശു മരുഭൂമിയിൽ നേരിട്ട മൂന്നു പരീക്ഷകൾ.മത്തായി, ലൂക്ക എന്നീ സുവിശേഷകർ യേശു പരസ്യജീവിതാരംഭത്തിൽ നേരിട്ട മൂന്നു പരീക്ഷകളെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നു. (മത്തായി 4:1–11, ലൂക്ക 4:1–13). യേശുവിനെ പുതിയ ഇസ്രയേലായി ചിത്രീകരിക്കുക എന്ന താത്പര്യം സുവിശേഷകന്മാർക്കുണ്ട്.

ഈജിപ്തിലെ അടിമത്തത്തിൽനിന്ന് മോചനം പ്രാപിച്ച ഇസ്രയേൽ ജനത മരുഭൂമിയിലൂടെ 40 വർഷം സഞ്ചരിച്ചാണ് വാഗ്ദത്തനാട്ടിൽ പ്രവേശിച്ചത്. ഈ നാൽപതു വർഷങ്ങൾ പരീക്ഷകളുടെ കാലഘട്ടമായിരുന്നു. പരീക്ഷകളിൽ മിക്കപ്പോഴും ഇസ്രയേൽ പരാജയപ്പെട്ടു. യേശുവാകട്ടെ തന്‍റെ നാൽപതു ദിവസത്തെ മരുഭൂമിവാസത്തിലൂടെ പരീക്ഷകളിൽ വിജയം നേടി. അതിനാൽ യേശുവാണ് പുതിയ ഇസ്രയേൽ.

മൂന്നു പരീക്ഷകളുടെ വിവരണങ്ങളാണുള്ളത് – കല്ലുകൾ അപ്പമാക്കി വിശപ്പടക്കുക, ദേവാലയാഗ്രത്തിൽനിന്നു ചാടി സാമർഥ്യം കാട്ടുക, ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും അധിപതിയാക്കാൻ സാത്താനെ ആരാധിക്കുക. മരുഭൂമി, ദേവാലയാഗ്രം, ഉയർന്ന മല എന്നിവയാണ് പരീക്ഷകൾ നടന്ന സ്‌ഥലങ്ങൾ. പരീക്ഷകളെ നാം വാച്യാർഥത്തിൽ മനസിലാക്കേണ്ടതില്ല. യേശു തന്‍റെ അന്തരാത്മാവിൽ നേരിട്ട ആത്മീയ സംഘർഷങ്ങളുടെ ആഖ്യാനങ്ങളാണ് പരീക്ഷകൾ.

കല്ലുകൾ അപ്പമാക്കി വിശപ്പകറ്റാനുള്ള വെല്ലുവിളിയാണ് ഒന്നാമത്തെ പരീക്ഷ. ‘നീ ദൈവപുത്രനാണെങ്കിൽ ഈ അദ്ഭുതം പ്രവർത്തിച്ച് നിന്നെത്തന്നെ രക്ഷിക്കുക.’ യേശു തന്‍റെ അദ്ഭുതപ്രവർത്തന ശക്‌തി തന്‍റെ തന്നെ സുഖത്തിനായി ഉപയോഗിക്കാൻ സാത്താൻ ആവശ്യപ്പെടുന്നു. കഴിവുകളും സിദ്ധികളും സ്വാർഥലാഭത്തിനുവേണ്ടി ഉപയോഗിക്കാനുള്ള ദുരുപദേശം ഇവിടെയുണ്ട്. ചൂഴ്ന്നു ചിന്തിച്ചാൽ ‘ജഡത്തിന്‍റെ ദുരാശ’ എന്ന പ്രലോഭനമാണ് ഇവിടെ ഒളിഞ്ഞിരിക്കുന്നത്.


ശാരീരികേച്ഛകളെ സന്തർപ്പണം ചെയ്യാനുള്ള അമിതാവേശമാണ് ജഡത്തിന്‍റെ ദുരാശ. വിശപ്പ്, കാമമോഹം മുതലായവ ഏതു മാർഗമുപയോഗിച്ചും സാക്ഷാത്കരിക്കാനുള്ള ആസക്‌തിയാണിത്. മദ്യപാനം, മദിരോത്സവം, വ്യഭിചാരം, അവിഹിതവേഴ്ച, ദുർവൃത്തി, കലഹം മുതലായവ ഈ ആസക്‌തിയിൽനിന്നു പൊട്ടിപ്പുറപ്പെടുന്നു. ചുറ്റുപാടുമുള്ള ദരിദ്രരെ അവഗണിച്ച് സുഖലോലുപതയിലും ആഡംബരത്തിലും രമിക്കുന്നതും ജഡത്തിന്‍റെ ദുരാശയാണെന്നതിൽ തെല്ലും സംശയംവേ*. ദൈവവചനം ഉദ്ധരിച്ചുകൊണ്ട് യേശു പിശാചിനെ പരാജയപ്പെടുത്തുന്നു (നിയമ 8:3). ‘മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, വചനംകൊണ്ടുമാണ് ജീവിക്കുന്നത്.’ ഭോഗസംസ്കാരത്തിലല്ലാതെ ത്യാഗസംസ്കാരത്തിലേക്ക് ഉയരണമെന്ന ഉദ്ബോധനമാണ് ഈ വാക്യത്തിലുള്ളത്.

ദേവാലയാഗ്രത്തിൽ നിന്ന് ചാടി ജാലവിദ്യക്കാരനാകാൻ പിശാച് യേശുവിനോട് ആവശ്യപ്പെടുന്നു. പേരിനും പെരുമയ്ക്കും സ്‌ഥാനമാനത്തിനും അധികാരപ്രയോഗത്തിനുമുള്ള അമിതമായ ആസക്‌തിയാണ് ഈ പ്രലോഭനത്തിൽ ഉള്ളടങ്ങിയിരിക്കുന്നത്. ‘നിന്‍റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്’(നിയമ 6:6) എന്ന വചനം ഉദ്ധരിച്ചുകൊണ്ട് യേശു പ്രലോഭകനെ കീഴ്പ്പെടുത്തുന്നു. ലോകരാജ്യങ്ങൾ അധീനപ്പെടുത്തി, ഭൗതികസമ്പത്തെല്ലാം സ്വന്തമാക്കി, സുഖസമൃദ്ധിയിൽ വാഴാനുള്ള അത്യാഗ്രഹമാണ് മൂന്നാമത്തെ പ്രലോഭനം. ധനമോഹമെന്ന മൗലിക തിന്മയിൽനിന്ന് ഈ ദുരാശ നാമ്പെടുക്കുന്നു. സാത്താനെ ആരാധിക്കുന്നതിനു തുല്യമാണ് ധനമോഹം. ‘ദൈവത്തെ മാത്രമേ ആരാധിക്കാവൂ’ (നിയമ 6:13) എന്ന വചനം ഉദ്ധരിച്ച് യേശു സാത്താനെ പരാജയപ്പെടുത്തുന്നു.കുരിശിന്‍റെ മാർഗം ഉപേക്ഷിക്കാൻ സാത്താൻ ആവശ്യപ്പെട്ടു. യേശുവാകട്ടെ സാത്താന്‍റെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തി ത്യാഗപൂർണമായ കുരിശിന്‍റെ മാർഗം തെരഞ്ഞെടുത്തു. ഇതുതന്നെയാണ് ക്രിസ്തുശിഷ്യരുടെ മാർഗവും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.