സദ്‌വാർത്തയും സംഘട്ടനവും
ദൈവത്തിന്‍റെ അനന്തമായ കാരുണ്യവും അതിരില്ലാത്ത ക്ഷമയുമാണ് ദൈവരാജ്യാഗമനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതയായി യേശു പ്രഘോഷിച്ചത്. യേശുവിന്‍റെ ആദ്യത്തെ ഔദ്യോഗിക പ്രസംഗം തന്‍റെ ജന്മനാടായ നസ്രത്തിലെ സിനഗോഗിലായിരുന്നു (ലൂക്ക 4:16–30). യഹൂദന്മാർക്ക് ശനിയാഴ്ച സാബത്താണ്. അന്ന് ജോലി വേലികളിൽ നിന്ന് വിരമിച്ച് പ്രാർഥനയ്ക്കും ദൈവവചനം പഠിക്കുന്നതിനുമായി അവർ സിനഗോഗുകളിൽ ഒന്നിച്ചുകൂടും. യുവാവായ യേശു, ഉത്തമ യഹൂദനെപ്പോലെ, സാബത്തുദിവസം നസ്രത്തിലെ സിനഗോഗിൽ ദൈവാരാധനയ്ക്ക് എത്തിച്ചേർന്നു. അന്ന് പ്രവചനഗ്രന്ഥത്തിൽനിന്ന് വചനം വായിച്ച് പ്രസംഗിക്കാനുള്ള ഉത്തരവാദിത്വം അവർ യേശുവിനെയാണ് ഏൽപ്പിച്ചത്.

യേശു ഏശയ്യാ പ്രവാചകന്‍റെ പുസ്തകം തുറന്ന് വായിച്ചു: ‘ കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു‘ (ലൂക്ക4:17–19=ഏശയ്യാ 61:1–2). ഈ വായനയിലും തുടർന്നുള്ള പ്രസംഗത്തിലും യേശു കാരുണ്യത്തിനും ക്ഷമയ്ക്കുമാണ് ഊന്നൽ നല്കിയത്. ഏശയ്യായുടെ ഗ്രന്ഥത്തിലുള്ള ’നമ്മുടെ ദൈവത്തിന്‍റെ പ്രതികാരദിനം പ്രഘോഷിക്കാൻ’ എന്ന ഭാഗം യേശു വിട്ടുകളഞ്ഞു. ഏശയ്യായുടെ 58–ാം അധ്യായത്തിലെ ആറാം വാക്യമായ അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യം’ എന്ന ഭാഗം കൂട്ടിച്ചേർത്തു. അങ്ങനെ പ്രവചനഗ്രന്ഥത്തിലെ വാക്യങ്ങൾക്ക് തന്‍റേതായ ഭാഷ്യവും തിരുത്തലും വരുത്തിക്കൊണ്ടാണ് യേശു വചനം പ്രഘോഷിച്ചത്.

നൂറ്റാണ്ടുകളായി വിവിധ സാമ്രാജ്യശക്‌തികളുടെ അടിമത്ത നുകത്തിൽ ഞെരിഞ്ഞമർന്നിരുന്ന യഹൂദന്മാർ, ഈ വിജാതീയ സാമ്രാജ്യത്വങ്ങളേയും അവരുടെ പിണിയാളുകളേയും ശക്‌തമായി വെറുത്തിരുന്നു. അവരെല്ലാം ദൈവത്തിന്റെ പ്രതികാരാഗ്നിയിൽ കത്തിച്ചാമ്പലാകണമെന്നായിരുന്നു അവരുടെ പ്രാർഥന. ഇങ്ങനെ വിജാതീയർക്ക് പ്രതികാരദിനമുണ്ടാകുമെന്ന് വിശ്വസിച്ചിരുന്ന യഹൂദരുടെ ധാരണ തിരുത്തിക്കൊണ്ട്, യഹൂദരും വിജാതീയരുമുൾപ്പെട്ട സകല മനുഷ്യർക്കും യേശു ദൈവകൃപയുടെ പുതിയ യുഗം വിളംബരം ചെയ്തു. വർഗമോ വംശമോ ജാതിയോ മതമോ നോക്കാതെ സകലർക്കും വിമോചനവും വിടുതലും സ്വാതന്ത്ര്യവും രക്ഷയും നല്കാൻ ദൈവം തന്റെ പ്രവാചകനെ അയച്ചിരിക്കുന്നു. ആ പ്രവാചകൻ താൻ തന്നെയാണെന്ന് തുടർന്നുള്ള വചന വ്യാഖ്യാനത്തിൽ യേശു വ്യക്‌തമാക്കി. ’നിങ്ങൾ കേട്ടിരിക്കത്തന്നെ ഇന്ന് ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു‘ (ലൂക്ക 4:21).


യഹൂദ സമൂഹത്തിന്‍റെ സാമ്പ്രദായികമായ ചിന്താഗതിയെ തകിടം മറിച്ചുകൊണ്ട് വിജാതീയർക്ക് ദൈവകൃപ ലഭിക്കുമെന്ന് പ്രസംഗിച്ചത് യഹൂദ നേതാക്കൾക്ക് ഇഷ്‌ടപ്പെട്ടില്ല. എങ്കിലും പ്രതിഷേധം ഉള്ളിലമർത്തി, അദ്ഭുതത്തോടെ അവർ നസ്രത്തിലെ യുവപ്രബോധകനെ ഉറ്റുനോക്കി. എന്നാൽ പിന്നീട് യേശു പറഞ്ഞ വാക്യങ്ങൾ അവരെ ക്ഷുഭിതരാക്കി. യഹൂദർ ശത്രുക്കളായി കണക്കാക്കുന്ന വിജാതീയരാണ് ദൈവാനുഗ്രഹത്തിന് കൂടുതൽ പാത്രീഭൂതരാകുന്നതെന്ന് പഴയനിയമ സംഭവങ്ങൾ ഉദ്ധരിച്ച് അവിടുന്ന് സമർഥിച്ചു. ഏലിയാ പ്രവാചകന്റെ കാലത്ത്, രൂക്ഷമായ ക്ഷാമം മൂലം വലഞ്ഞിരുന്ന ഇസ്രായേൽക്കാർക്കല്ല, സീമോൻ ദേശത്ത് സറെപ്താ പട്ടണത്തിൽ പാർത്തിരുന്ന വിജാതീയ വിധവയ്ക്കാണ് ഏലിയാ വഴി ദൈവാനുഗ്രഹം ലഭിച്ചത്. ഏലീശാ പ്രവാചകന്റെ കാലത്ത് ഇസ്രായേൽക്കാരല്ല, വിജാതീയനായ സിറിയക്കാരൻ നാമാനാണ് സുഖം പ്രാപിച്ചത്. ദൈവത്തിന് പക്ഷപാതിത്വമുള്ളതുകൊണ്ടല്ല, ഇസ്രായേൽക്കാരുടെ അഹന്തയും മറുതലിപ്പും മൂലമാണ് അവർക്കു അനുഗ്രഹങ്ങൾ ലഭിക്കാതെ പോയത്. ദൈവം സകലരോടും കരുണ കാണിക്കുന്നു.

ഈ പുതിയവചന ഭാഷ്യം നസ്രത്തുകാരെ രോഷാകുലരാക്കി. അവർ യേശുവിനെ മലയുടെ ശൃംഗത്തിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ കൊണ്ടുപോയി. എന്നാൽ യേശു അദ്ഭുതകരമായി രക്ഷപ്പെട്ടു.

യേശു പ്രഘോഷിച്ച സാർവത്രിക കരുണയും സ്നേഹവും ക്ഷമയുമാണ് എതിരാളികളെ ക്രുദ്ധരാക്കിയത്. ഇന്നു പലരും സാർവത്രിക ക്ഷമയുടെ സന്ദേശം ഉൾക്കൊള്ളുന്നില്ല. ജാതീയവും ദേശീയവും മതപരവുമായ മതിലുകൾ തീർത്ത് മനുഷ്യരെ ഭിന്നിപ്പിക്കാൻ മാനവികതയുടെ ശത്രുക്കൾ ശ്രമിക്കുമ്പോൾ മതിലുകൾ തകർക്കുന്നവനും പാലം പണിയുന്നവനുമായി അവൻ കടന്നുവരുന്നു. അവന്‍റെ നവദർശനം ഉൾക്കൊള്ളാനാവാതെ എതിരാളികൾ വീണ്ടും പീഡനത്തിന്‍റെ കുരിശുകൾ പണിയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.