പ്രത്യാശയുടെ തുറക്കപ്പെട്ട വാതിൽ
പ്രത്യാശയുടെ തുറക്കപ്പെട്ട വാതിൽ
ഈസ്റ്റർ പ്രത്യാശയുടെ ആഘോഷമാണ്. വിശ്വാസത്തിന്റെ അടിയുറപ്പുള്ള ആഘോഷം. ഉത്ഥിതനെ കണ്ടുമുട്ടിയ തീക്ഷ്ണതയോടെ പൗലോസ് പറയുന്നു: ക്രിസ്തു ഉയിർത്തിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥം, നിങ്ങളുടെ വിശ്വാസവും വ്യർഥം. നാം വിശ്വസിക്കുന്നതു മരിച്ചവനെങ്കിലും ഉത്ഥാനം ചെയ്ത് ഇന്നും ജീവിക്കുന്നവനിലാണ്.

ധാന്യമണിയിൽ ഒരു ചെടിയുള്ളതുപോലെ നമ്മിൽ ഒരു ആന്തരിക മനുഷ്യൻ ഉണ്ടെന്ന് ഈസ്റ്റർ നമുക്ക് ഉറപ്പുതരുന്നു. അതുകൊണ്ട്, പൂഴിയിലേക്കു മടങ്ങുന്ന ഈ സ്‌ഥൂലശരീരത്തിനുവേണ്ടി ജീവിക്കുന്നതു മൗഢ്യമാണെന്ന് ഈസ്റ്റർ വെളിച്ചത്തിൽ തിരിച്ചറിയുന്നു.

മൂന്നാംനാൾ ഉയിർത്തുവരുമെന്ന് ഈശോ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. അവൻ പറഞ്ഞതൊന്നും നിറവേറാതെ പോകില്ല. കാരണം അവനിൽ വാക്കും സത്തയും ഒന്നാണ്. അവൻ അവതരിച്ച വചനമാണ്. അതുകൊണ്ടാണു ശത്രുക്കൾ കല്ലറ മുദ്രവച്ചത്. അവൻ ലോകത്തിനുവേണ്ടിയോ ഈ ജഡത്തിനുവേണ്ടിയോ ജീവിച്ചില്ല. അതുകൊണ്ട് ഈ ഭൂമിക്ക് അവന്റെമേൽ ആധിപത്യമില്ല. അവൻ പിതാവിൽനിന്നു വന്നു. തന്റെ ദൗത്യം നിറവേറ്റിയിട്ട് പിതാവിങ്കലേക്കുതന്നെ മടങ്ങി. എങ്കിലും അവൻ ജീവിക്കുന്നവനായി എന്നും നമ്മോടൊപ്പം സഭയിൽ സന്നിഹിതനാണ്.


അവൻ പാപത്തിനു മരിച്ചു, ലോകത്തിനും മരിച്ചു. അതുകൊണ്ടു പിതാവ് അവനെ ഉയിർപ്പിച്ചു. അതുപോലെ ലോകത്തിനും പാപത്തിനും മരിച്ചവരായി നാം മാമ്മോദീസായിലൂടെ അവനിൽ വസിക്കുന്നു. മരണം ഇനിമേൽ പേടിസ്വപ്നമല്ല, ദുഃഖവിഷയവുമല്ല.

അനുദിനം അവന്റെ പീഡാസഹനത്തിലും മരണത്തിലും നാം പങ്കുചേരുമെങ്കിൽ ഇപ്പോൾത്തന്നെ ഉത്ഥാനത്തിന്റെ മഹത്വമറിഞ്ഞു നാം ജീവിക്കും. കല്ലറ വിട്ട് ഉയിർത്തുവന്നപ്പോഴും അവന്റെ കൈകളിൽ ആണിപ്പഴുതുണ്ടായിരുന്നു. തിരുവിലാവിലെ മുറിപ്പാടും അവൻ മായിച്ചുകളഞ്ഞില്ല. കാരണം അവന്റെ മുറിവിനാലാണു ഞാൻ സുഖമാക്കപ്പെട്ടത്. ഇതു രക്ഷയുടെ നിത്യമായ സ്മാരകമാണ്.

ചോരപ്പഴുതുമായി
വന്നുനീ, എൻ വിരൽ
ചോദിച്ചു നെഞ്ചോടു
ചേർക്കാൻ.
കർത്താവു കൈക്കൊള്ളുമെന്നോരുറപ്പെന്റെ
ഭീതിയും ദുഃഖവും നീക്കി.
നിത്യതയോളം
കടപ്പെട്ടുപോയി ഞാൻ
കർത്താവേ,
ഓ എന്റെ ദൈവമേ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.