വരുമാനം വെളിപ്പെടുത്തൽ സ്കീം – 2016 വിശദീകരണങ്ങൾ
മുൻവർഷങ്ങളിൽ വരുമാനം പൂർണമായും ആദായനികുതി വകുപ്പിന്റെ മുമ്പാകെ വെളിപ്പെടുത്താത്തവർക്കുവേണ്ടി 2016ലെ ഫിനാൻസ് ആക്ടിൽ വരുമാനം വെളിപ്പെടുത്തൽ സ്കീം 2016 എന്ന പേരിൽ സ്വയം വരുമാനം വെളിപ്പെടുത്തി നികുതി അടയ്ക്കുന്നതിനുവേണ്ടിയുള്ള ഒരു പദ്ധതി അവതരിപ്പിച്ചു. അതനുസരിച്ച് വെളിപ്പെടുത്താൻ വിട്ടുപോയ വരുമാനത്തിന്റെ 45 ശതമാനം വരുന്ന തുക (നികുതിയും സർച്ചാർജും പിഴയും ഉൾപ്പെടെ) അടച്ച് നികുതി നിയമത്തിന്റെ ശിക്ഷാ നടപടിയിൽനിന്നു രക്ഷ നേടാവുന്നതാണ്. ഈ സ്കീം ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. നാലു മാസത്തെ കാലാവധി കഴിഞ്ഞ് 2016 സെപ്റ്റംബർ 30ന് അവസാനിക്കുന്നതുമാണ്. പ്രസ്തുത സമയത്തിനുള്ളിൽ ഡിക്ലറേഷൻ ഫയൽ ചെയ്യുന്ന വ്യക്തികൾക്ക് നികുതി അടയ്ക്കുന്നതിന് നവംബർ 30 വരെ സമയം ഉണ്ടായിരിക്കും. ഇവയെപ്പറ്റിയുള്ള വിശദീകരണങ്ങൾ സർക്കുലർ നമ്പർ 17/2016 തീയതി 20–05–2016ലും 24/2016 തീയതി 27–06–2016ലും ഗവൺമെന്റ് പുറത്തിറക്കിയിട്ടുണ്ട്.
<യ> സ്വത്തുക്കളുടെ വില
സ്വത്തുക്കളിൽ നിക്ഷേപിക്കപ്പെട്ട വെളിപ്പെടുത്താത്ത വരുമാനം സ്വത്തുക്കളുടെ രൂപത്തിൽ ഇപ്പോൾ വെളിപ്പെടുത്തുമ്പോൾ അവയുടെ ജൂൺ ഒന്നിലെ മാർക്കറ്റ് വിലയാണ് കണക്കിലെടുക്കേണ്ടത്. ഈ സ്വത്തുക്കൾ വിൽക്കുന്ന സമയത്ത് മൂലധനനേട്ടം കണക്കാക്കുന്നതിനുവേണ്ടി പ്രസ്തുത സ്വത്തിന്റെ വാങ്ങൽ വിലയായി കണക്കാക്കുന്നത്. ജൂൺ ഒന്നിൽ വെളിപ്പെടുത്തപ്പെട്ട മാർക്കറ്റ് വിലയാണ്. പ്രസ്തുത സ്വത്തുക്കൾ കൈവശം വച്ചിരിക്കുന്ന കാലാവധി കണക്കാക്കുന്നത് 2016 ജൂൺ ഒന്നു മുതലാണ്.
സ്വത്തുക്കളുടെ വില ഭാഗികമായി ആദായനികുതി വകുപ്പിന്റെ മുമ്പാകെ വെളിപ്പെടുത്തിയിട്ടുള്ള സാഹചര്യങ്ങളിൽ പൂർണമായ വില ഇപ്പോൾ വെളിപ്പെടുത്തുകയാണെങ്കിൽ അവയുടെ അനുപാതം അനുസരിച്ചുള്ള നികുതിയാണ് ഇപ്പോൾ അടയ്ക്കേണ്ടത്.
ഉദാഹരണം: ഒരു വ്യക്തി 2013–14 സാമ്പത്തിക വർഷത്തിൽ യഥാർഥത്തിൽ 50,000 രൂപ മുടക്കി സമ്പാദിച്ച സ്വത്തുക്കളിൽ 20,000 രൂപ മാത്രമേ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നുള്ളൂ എന്നു കരുതുക. 30,000 രൂപ വെളിപ്പെടുത്താത്ത തുകയാണ് പ്രസ്തുത സ്വത്തുക്കൾ സമ്പാദിക്കുന്നതിനുവേണ്ടി ഉപയോഗിച്ചത്. ഈ സ്വത്തിന്റെ ജൂൺ ഒന്നിലെ മതിപ്പുവില 1,50,000 രൂപയാണെന്ന് കരുതുക. അങ്ങനെയെങ്കിൽ ഇപ്പോൾ വെളിപ്പെടുത്തുന്ന വരുമാനം 90,000 രൂപയായി കണക്കാക്കാവുന്നതാണ്. (1,50,000 – (1,50,000 ഃ 20,000 / 50,000) = 90,000).
സ്വത്തുക്കളിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ള നിക്ഷേപത്തിന്റെ വെളിപ്പെടുത്തൽ സമയത്ത് അതിന്റെ ജൂൺ ഒന്നിൽ നിലവിലുള്ള മൂല്യനിർണയം നടത്തിയിട്ടുള്ള സർട്ടിഫിക്കറ്റുകൾ ഡിക്ലറേഷന് ഒപ്പം വയ്ക്കുന്നത് നന്നായിരിക്കും. അല്ലാത്തപക്ഷം കമ്മീഷണർക്ക് ആവശ്യമെന്നു തോന്നുകയാണെങ്കിൽ മൂല്യനിർണയ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാവുന്നതാണ്.
<യ> ആദായനികുതി വകുപ്പിൽനിന്ന് അന്വേഷണങ്ങളും സർവേകളും നടത്തിയിട്ടുള്ള സാഹചര്യങ്ങളിൽ
ആദായനികുതി വകുപ്പിൽനിന്നു സേർച്ചും സർവേയും അഭിമുഖീകരിക്കപ്പെട്ട നികുതിദായകർ നോട്ടീസ് ലഭിക്കുന്ന സമയപരിധിക്കുള്ളിൽ ഈ സ്കീമിൽ പങ്കുചേരാൻ പാടില്ല. നോട്ടീസ് ലഭിക്കേണ്ട സമയം കാലാഹരണപ്പെട്ടുവെങ്കിൽ പ്രസ്തുത വർഷത്തേക്കുള്ള വരുമാന വെളിപ്പെടുത്തൽ സ്കീമിൽ പങ്കു ചേരാവുന്നതാണ്. എന്തെങ്കിലും വർഷത്തേക്കുള്ള നോട്ടീസ് ലഭിച്ചുവെങ്കിലും പ്രസ്തുത വർഷം ഒഴികെയുള്ള ഏതു വർഷത്തേക്കും നികുതിദായകന് ഈ സ്കീമിൽ പങ്കെടുക്കാവുന്നതാണ്. സേർച്ചും സർവേയും നടത്തപ്പെട്ട് നികുതി ഇടപാടുകൾ പൂർണമായിട്ടുള്ള വർഷങ്ങളിൽ പോലും ഭാഗികമായെങ്കിലും വരുമാനം വെളിപ്പെടുത്താൻ വിട്ടുപോയിട്ടുണ്ടെങ്കിൽ നികുതിദായകന് ആ വർഷത്തേക്കും ഈ സ്കീമിൽ പങ്കുചേരാവുന്നതാണ്.
<യ> വരുമാനം ഭാഗികമായി വെളിപ്പെടുത്തുകയാണെങ്കിൽ ലഭിക്കുന്ന സുരക്ഷ
ആദായനികുതി ഡിപ്പാർട്ട്മെന്റ് ഭാഗികമായിട്ടുള്ള വെളിപ്പെടുത്തലുകൾ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും വെളിപ്പെടുത്തപ്പെട്ട തുകയുടെ ആനുകൂല്യം നികുതിദായകന് ലഭിക്കുന്നതാണ്. എന്നാൽ, വരുമാനത്തിന്റെ വെളിപ്പെടുത്താത്ത ഭാഗത്തിന് യാതൊരു വിധത്തിലുള്ള ആനുകൂല്യ വും ലഭിക്കുന്നതല്ല.
<യ> അഴിമതി വഴി സമ്പാദിച്ച സ്വത്തുകളുടെ അവസ്ഥ
അഴിമതി വഴി സമ്പാദിച്ച സ്വത്തുകൾ പ്രസ്തുത സ്കീമിൽ നിയമപ്രകാരം വെളിപ്പെടുത്താൻ സാധിക്കുകയില്ല. അങ്ങനെ സ്വത്തുകൾ സമ്പാദിച്ച വ്യക്തികൾ ഈ സ്കീമിൽ പങ്കെടുക്കുകയും ഡിക്ലറേഷൻ നല്കുകയും ചെയ്താൽ പിന്നീട് കണ്ടുപിടിക്കുന്ന സമയങ്ങളിൽ അവ അസാധുവായി പ്രഖ്യാപിക്കുന്നതും പ്രസ്തുത തുക സാധാരണ വരുമാനമായി കണക്കാക്കി നികുതിയും പലിശയും പിഴയും അടയ്ക്കേണ്ടതായി വരുകയും ചെയ്യും.
ഡിക്ലറേഷൻ നല്കിയെങ്കിലും നികുതിത്തുക പൂർണമായും അടയ്ക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ വന്നാൽ ഏതെങ്കിലും കാരണവശാൽ ഡിക്ലറേഷൻ നല്കിയതിനുശേഷം നികുതി അടയ്ക്കേണ്ട അവസാന തീയതിയായ നവംബർ 30നു മുമ്പ് മുഴുവൻ തുകയും അടയ്ക്കാൻ സാധിച്ചില്ലെങ്കിൽ ഡിക്ലറേഷൻ അസാധുവായി പരിഗണിക്കുപ്പെടുന്നതാണ്. ഭാഗികമായി നികുതിത്തുക അടച്ചെങ്കിലും സ്കീം അനുസരിച്ചിട്ടുള്ള യാതൊരുവിധ ആനുകൂല്യങ്ങളും നികുതിദായകനു ലഭിക്കുന്നതല്ല. അടച്ച നികുതിയുടെ അനുപാതം അനുസരിച്ചുള്ള ആനുകൂല്യവും നികുതിദായകനു ലഭിക്കുന്നതല്ല.
<യ> ആദായനികുതി നിയമത്തിലെ വകുപ്പുകൾ 131(1എ) അനുസരിച്ചോ 133 (6) അനുസരിച്ചോ സമൻസ്
ലഭിച്ചിട്ടുള്ള വ്യക്തികൾ
ആദായ നികുതി നിയമം 131(1എ) അനുസരിച്ചോ 133(6) അനുസരിച്ചോ സമൻസ് ലഭിച്ചിട്ടുള്ള വ്യക്തികൾക്ക് 142, 143(2), 148, 153 എ, 153 സി എന്നീ വകുപ്പുകൾ അനുസരിച്ച് നോട്ടീസുകൾ ലഭിച്ചില്ലായെങ്കിൽ പ്രസ്തുത സ്കീമിൽ പങ്കെടുക്കാവുന്നതാണ്. പ്രസ്തുത വകുപ്പുകൾ അനുസരിച്ച് നോട്ടീസുകൾ ലഭിച്ചിട്ടുള്ള നികുതിദായകർക്ക് പ്രസ്തുത വർഷത്തേക്ക് ഈ സ്കീമിൽ പങ്കെടുക്കുന്നതിന് വിലക്കുണ്ട്. പ്രസ്തുത നോട്ടീസ് 2016 മേയ് 31നു മുമ്പ് ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രമേ അയോഗ്യത നിലനില്ക്കുകയുള്ളൂ. എന്നാൽ, ഡിക്ലറേഷനിൽ നോട്ടീസിനെ സംബന്ധിച്ച എന്തെങ്കിലും തെറ്റായ വിവരങ്ങൾ നല്കിയിട്ടുണ്ടെങ്കിൽ ഇത് അസാധുവായി പരിഗണിക്കപ്പെടുന്നതാണ്.
<യ> പൊതുവായിട്ടുള്ള കാര്യങ്ങൾ
ഈ സ്കീമിൽ റെസിഡന്റ്സിനും നോൺ റെസിഡന്റ്സിനും ഒരുപോലെ പങ്കെടുക്കാവുന്നതാണ്. സ്കീമിൽ പങ്കെടുക്കുന്നതിനു നിർബന്ധമായും പാൻ കാർഡ് ആവശ്യമാണ്. സെറ്റിൽമെന്റ് കമ്മീഷനിലോ മറ്റധികാരികളുടെ മുമ്പിലോ അപ്പീൽ നടപടികൾ നിലനിൽക്കുന്നുണ്ടെങ്കിൽ പ്രസ്തുത വർഷങ്ങളിലേക്ക് ഈ സ്കീമിൽ ചേരാൻ പാടില്ല. സ്കീമിൽ നൽകപ്പെടുന്ന വിവരങ്ങൾ ആദായനികുതി വകുപ്പിലെ റിട്ടേണുകൾ എന്ന പോലെ തന്നെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതാണ്.