Tax
നികുതി അടയ്ക്കുന്നതു നികുതിക്കു വിധേയമായ പണത്തിൽനിന്ന്
നികുതി അടയ്ക്കുന്നതു നികുതിക്കു വിധേയമായ പണത്തിൽനിന്ന്
വരുമാനം വെളിപ്പെടുത്തൽ സ്കീം 2016 അനുസരിച്ച് വരുമാനമോ സ്വത്തുക്കളോ വെളിപ്പെടുത്തുമ്പോൾ അടക്കേണ്ട 45% നികുതി, നികുതിക്കു വിധേയമായ പണത്തിൽനിന്നുവേണം അടയ്ക്കാൻ. നികുതിദായകൻ വെളിപ്പെടുത്താത്ത വരുമാനം സ്കീമിൽ ഉൾപ്പെടുത്തി നികുതി അടയ്ക്കുമ്പോൾ വെളിപ്പെടുത്തുന്ന തുകയ്ക്കു മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്. നികുതി വിധേയമാകാത്ത വരുമാനം ഉപയോഗിച്ച് നികുതി അടച്ചാൽ ആ തുക കള്ളപ്പണമായിത്തന്നെ അവശേഷിക്കും. ഇത് ഉദാഹരണസഹിതം വ്യക്‌തമാക്കാം. 2016 ജൂൺ ഒന്നിൽ 100 ലക്ഷം രൂപ വിലയുള്ള ഒരു സ്വത്ത് നികുതിദായകൻ ഈ സ്കീം അനുസരിച്ച് വെളിപ്പെടുത്തുന്നു എന്നിരിക്കട്ടെ. അതിന്റെ ആകെ നികുതിയായി വരുന്ന തുക 45 ലക്ഷം രൂപയാണ്. ഇത് വെളിപ്പെടുത്താത്ത വരുമാനത്തിൽനിന്നും എടുത്ത് അടച്ചാൽ ഫലത്തിൽ നികുതി നിരക്ക് 31 ശതമാനമായി പരിണമിക്കും. ആ അവസരത്തിൽ നികുതിയായി അടയ്ക്കുന്ന 45 ലക്ഷം രൂപ നികുതിക്കു വിധേയമാകാത്ത പണം ആണെങ്കിൽ മൊത്തം കള്ളപ്പണം വരുന്നത് 145 ലക്ഷം ആവുകയും അതിന്റെ 45 ശതമാനം നികുതി അടയ്ക്കുകയും വേണം. ഇതിന്റെ നികുതിയായി വരുന്നത് 65.25 ലക്ഷം രൂപയാണ്. സർക്കുലർ നമ്പർ 27/2016 തീയതി 15/7/2016ൽ ബോർഡ് ഇത് വിശദമാക്കിയിട്ടുണ്ട്.

<യ> ഒരിക്കൽ നല്കിയ ഡിക്ലറേഷൻ അവസാനിക്കുന്നതിനു മുമ്പ് പുതുക്കി നല്കാമോ?

അവസാന തീയതിക്കുമുമ്പ് ഒരിക്കൽ നൽകിയ ഡിക്ലറേഷൻ തിരുത്തി നൽകാവുന്നതാണ്. എന്നാൽ, പുതുക്കി നല്കുന്ന ഡിക്ലറേഷനിൽ ആദ്യ ഡിക്ലറേഷനിൽ നല്കിയ വരുമാനത്തിൽ കുറഞ്ഞ വരുമാനമാണു നൽകിയതെങ്കിൽ ഇതു സ്വീകാര്യമല്ല. പുതുക്കി നല്കുന്ന ഡിക്ലറേഷനിൽ വെളിപ്പെടുത്തുന്ന വരുമാനം ആദ്യം നല്കിയ തുകയേക്കാൾ കൂടുതലാണെങ്കിൽ മാത്രമേ ഇതു സ്വീകാര്യമാവുകയുള്ളൂ.

<യ> മൂലധനത്തിൽ വരുന്ന വർധന

വരുമാനം വെളിപ്പെടുത്തൽ സ്കീം അനുസരിച്ച് വെളിപ്പെടുത്തുന്ന സ്വത്തുക്കളുടെ വില ക്യാപ്പിറ്റൽ അക്കൗണ്ടിന്റെ വർധനയ്ക്കു കാരണമാകും. സാധാരണഗതിയിൽ ക്യാപ്പിറ്റലിൽ വന്ന വർധന കാരണം ഈ നികുതിദായകന്റെ ആദായനികുതി റിട്ടേൺ സിഎഎസ്എസ് അനുസരിച്ച് വിശദമായ പരിശോധനയ്ക്കുവേണ്ടി തെരഞ്ഞെടുക്കും. എന്നാൽ, വരുമാനം വെളിപ്പെടുത്തൽ സ്കീം അനുസരിച്ച് ഡിക്ലറേഷൻ നൽകി നികുതി അടച്ച നികുതിദായകന്റെ കാര്യത്തിൽ ക്യാപ്പിറ്റലിൽ വർധന ഉണ്ടായെന്നു കരുതി റിട്ടേൺ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുകയില്ലായെന്ന് ബോർഡ് സർക്കുലർ വഴി ഉറപ്പ് നല്കിയിട്ടുണ്ട്.

<യ> ബിനാമി വസ്തുക്കളുടെ വെളിപ്പെടുത്തൽ

ബിനാമി പേരിൽ സമ്പാദിച്ചിരിക്കുന്ന വസ്തുക്കൾ യഥാർഥ ഉടമസ്‌ഥന്റെ പേരിലേക്കു മാറ്റി വെളിപ്പെടുത്തൽ സ്കീം അനുസരിച്ച് നികുതി അടയ്ക്കുമ്പോൾ പ്രസ്തുത വസ്തുവിന് ആ സമയം മൂലധന വർധനയുടെ നികുതിയോ സ്രോതസിൽ അടയ്ക്കേണ്ട ഒരു ശതമാനം നികുതിയോ അടയ്ക്കേണ്ടതായി വരില്ല. ബിനാമി പേരിൽ സമ്പാദിച്ചിരിക്കുന്ന വസ്തുക്കൾ വെളിപ്പെടുത്തുമ്പോൾ 2016 ജൂൺ ഒന്നിലെ കമ്പോളവിലയാണ് കാണിക്കേണ്ടത്. യഥാർഥത്തിൽ ബിനാമി പ്രോപ്പർട്ടി യഥാർഥ ഉടമസ്‌ഥന്റെ പേരിലേക്ക് കൈമാറ്റം ചെയ്യുമ്പോൾ പണത്തിന്റെ കൈമാറ്റം ഉണ്ടാകുന്നില്ലാത്തതിനാൽ മൂലധന വർധന ഇവിടെ ഉണ്ടാകുന്നില്ല.

<യ> വെളിപ്പെടുത്തലിലുള്ള രഹസ്യസ്വഭാവം

കേന്ദ്രഗവൺമെന്റ് ഇറക്കിയ വിജ്‌ഞാപനം 2322 (ഇ) തീയതി 06–07–2016 അനുസരിച്ച് നികുതിദായകൻ ഡിക്ലറേഷനിൽ വെളിപ്പെടുത്തിയ യാതൊരു വിവരങ്ങളും ഒരു ഗവൺമെന്റ് ഉദ്യോഗസ്‌ഥനും ഒരു അധികാരിയുടെയും മുമ്പിൽ വെളിപ്പെടുത്തുകയോ കമ്പ്യൂട്ടർ പ്രിന്റുകൾ പുറത്താക്കുകയോ ചെയ്യാൻ പാടുള്ളതല്ല. ആദായ നികുതി നിയമം 138–ാം വകുപ്പ് അനുസരിച്ച് നികുതിദായകനു നല്കുന്ന സംരക്ഷണം വെളിപ്പെടുത്തൽ സ്കീമിൽ ഏർപ്പെടുന്നവർക്കും ലഭിക്കുന്നതാണ്. നികുതിദായകന് ഭാര്യ/ഭർത്താവിന്റെ പേരിൽ വെളിപ്പെടുത്താത്ത സ്വത്തുക്കൾ ഉണ്ടെങ്കിൽ 2016 ജൂൺ ഒന്നിലെ കമ്പോളവില അനുസരിച്ച് അവ വെളിപ്പെടുത്തി നികുതി അടച്ച് അത് നിയമപ്രകാരമാക്കാവുന്നതാണ്.

<യ> ഡയറക്ടേഴ്സിനും പാർട്ണേഴ്സിനും ലഭിക്കുന്ന ഇമ്മ്യൂണിറ്റി

കമ്പനികളും പാർട്ണർഷിപ്പ് സ്‌ഥാപനങ്ങളും ഈ വെളിപ്പെടുത്തൽ സ്കീമിൽ ചേർന്ന് കമ്പനിയുടെയോ ഫേമിന്റെയോ വെളിപ്പെടുത്താത്ത സ്വത്തുക്കൾ വെളിപ്പെടുത്തിയാൽ പ്രസ്തുത വ്യക്‌തികൾക്ക് എതിരേ യാതൊരു വിധത്തിലുള്ള ശിക്ഷാനടപടികളും ഉണ്ടാകുന്നതല്ല.

<യ> ഷെയറുകളുടെയും മറ്റും 2016 ജൂൺ ഒന്നിലെ കമ്പോളവില

ഷെയറുകൾ പല സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ പല വിലയാണ് ക്വോട്ട് ചെയ്തിരിക്കുന്നത് എങ്കിൽ ഏറ്റവും ഉയർന്ന വിലയാണ് ഷെയറിന്റെ കമ്പോളവിലയായി എടുത്ത് നികുതി അടയ്ക്കേണ്ടത്.
വരുമാനം വെളിപ്പെടുത്തൽ സ്കീം 2016 അനുസരിച്ച് വരുമാനം വെളിപ്പെടുത്തേണ്ടവർ 2016 സെപ്റ്റംബർ 30നു മുമ്പ് ഡിക്ലറേഷൻ നല്കേണ്ടതാണ്. നികുതി അടയ്ക്കുന്നതിന് 2016 നവംബർ 30 വരെ പ്രസ്തുത നികുതിദായകന് സമയം ലഭിക്കുന്നതാണ്. നികുതിദായകൻ നൽകിയ ഡിക്ലറേഷന്റെ പുറത്ത് ആദായ നികുതി ഡിപ്പാർട്ട്മെന്റ് വരുമാനത്തിന്റെയും നികുതിയുടെയും ഉറവിടത്തെപ്പറ്റി അന്വേഷിക്കുകയില്ലായെന്ന് ഉറപ്പു നല്കിയിട്ടുണ്ട്.

അഴിമതി വഴി സമ്പാദിച്ച സ്വത്തുക്കൾ ഈ വെളിപ്പെടുത്തൽ സ്കീം അനുസരിച്ച് നിയമപ്രകാരം വെളിപ്പെടുത്താൻ സാധ്യമല്ല. അങ്ങനെ സ്വത്തുക്കൾ സമ്പാദിച്ച വ്യക്‌തികൾ ഈ സ്കീമിൽ പങ്കെടുത്ത് നികുതി അടച്ചാലും ഏതെങ്കിലും സാഹചര്യത്തിൽ കണ്ടുപിടിക്കപ്പെടുകയും തെളിയിക്കപ്പെടുകയും ചെയ്താൽ പ്രസ്തുത ഡിക്ലറേഷൻ അസാധുവായി പ്രഖ്യാപിക്കുന്നതും വെളിപ്പെടുത്തപ്പെട്ട വരുമാനത്തുക സാധാരണ വരുമാനമായി കണക്കാക്കി നികുതിയും പലിശയും പിഴയും അടയ്ക്കേണ്ടതായി വരുകയും ചെയ്യാവുന്നതാണ്.

<യ> ഫോം നം. 3 ഫയൽ ചെയ്യാനുള്ള സമയപരിധി

ഈ സ്കീം അനുസരിച്ച് ഫോം നമ്പർ 3 ഫയൽ ചെയ്യേണ്ട അവസാന തീയതി നികുതി അടയ്ക്കുന്ന ദിവസമാണ്.