Tax
വരുമാനം വെളിപ്പെടുത്തൽ സ്കീം 30 വരെ മാത്രം
വരുമാനം വെളിപ്പെടുത്തൽ സ്കീം 30 വരെ മാത്രം
ജൃൺ ഒന്നിന് ആരംഭിച്ച വരുമാനം വെളിപ്പെടുത്തൽ സ്കീം ഈ 30ന് അവസാനിക്കുകയാണ്. ഈ സ്കീം അനുസരിച്ച് ഇപ്പോൾ വെളിപ്പെടുത്തുന്ന വരുമാനത്തിന്റെ 45 ശതമാനം വരുന്ന തുക നികുതിയും സർചാർജും പിഴയുമായി അടച്ചാൽ മുൻകാലങ്ങളിൽ വെളിപ്പെടുത്താത്ത വരുമാനം നിയമവിധേയമായി മാറ്റപ്പെടുന്നതാണ്. 2016 മേയ് മാസത്തിൽ സ്കീം തുടങ്ങിയപ്പോൾ മുഴുവൻ നികുതിയും പിഴയും സർചാർജും നവംബർ 30നു മുമ്പ് അടയ്ക്കണം എന്നായിരുന്നു വിജ്‌ഞാപനം ഇറക്കിയിരുന്നത്. എന്നാൽ, പുതിയ വിജ്‌ഞാപന പ്രകാരം വെളിപ്പെടുത്തുന്ന വരുമാനത്തിന്റെ 45 ശതമാനം വരുന്ന തുക നികുതിയും സർചാർജും പിഴയുമായി നിശ്ചയിച്ച് നവംബർ 30നു മുമ്പ് അതിന്റെ 25 ശതമാനം മാത്രം അടച്ചാൽ മതി. 2017 മാർച്ച് 31നു മുമ്പ് 25 ശതമാനവും, ബാക്കി വരുന്ന 50 ശതമാനം 2017 സെപ്റ്റംബർ 30ന് മുമ്പും അടയ്ക്കാനുള്ള സാവകാശം പ്രസ്തുത സ്കീം ഉപയോഗപ്പെടുത്തുന്ന നികുതിദായകർക്ക് നൽകിയിട്ടുണ്ട്. വെളിപ്പെടുത്താത്ത വരുമാനത്തിന്റെ രഹസ്യസ്വഭാവം ഒരു കാരണവശാലും നഷ്ടപ്പെടുത്തില്ല എന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർ സാധിക്കുന്നിടത്തോളം നികുതിദായകർക്ക് എസ്എംഎസ് വഴി ഉറപ്പു നല്കുന്നുണ്ട്.

ആദായനികുതി ഡിപ്പാർട്ട്മെന്റ് അഞ്ചു തവണകളായി നികുതിദായകർക്ക് വിശദീകരണങ്ങൾ നല്കിയിട്ടുണ്ട്. മേയ്മാസത്തിൽ വിജ്‌ഞാപനം ഇറക്കിയ സമയത്തെ തീരുമാനങ്ങളിൽ അല്പസ്വല്പം വ്യതിയാനങ്ങൾ വരുത്തിയിട്ടുമുണ്ട്. അതനുസരിച്ച് 2016 മേയ് 31നു മുമ്പ് അസസ്മെന്റ് നോട്ടീസ് ലഭിച്ചിരിക്കുന്ന നികുതിദായകരുടെ കേസുകൾ സെപ്റ്റംബർ 30നു മുമ്പ് അവസാനിക്കുകയാണെങ്കിൽ പ്രസ്തുത നികുതിദായകർക്ക് ഈ സ്കീമിൽ പങ്കെടുക്കാവുന്നതാണ്.

സ്‌ഥാവരവസ്തുക്കളുടെ വിലനിർണയം

ഡിക്ലറേഷനുകൾ ഓൺലൈൻ ആയും കടലാസിലായും പ്രൻസിപ്പൽ കമ്മീഷണർ മുമ്പാകെ ഫയൽ ചെയ്യാവുന്നതാണ്. അവസാനം ഇറക്കിയ വിശദീകരണക്കുറിപ്പ് അനുസരിച്ച് സ്‌ഥാവരസ്വത്തുക്കളുടെ വെളിപ്പെടുത്തലിൽ വിലനിർണയത്തിന് നികുതിദായകർക്ക് ഓപ്ഷൻ നല്കിയിട്ടുണ്ട്. സ്‌ഥാവരസ്വത്തുക്കൾ രജിസ്ട്രേഡ് ഡോക്യുമെന്റ്സ് പ്രകാരം വാങ്ങിച്ചവയാണെങ്കിൽ അവയുടെ മുദ്ര വിലയിന്മേൽ ഇൻഫ്ളേഷൻ ഇൻഡക്സ് ഉപയോഗിച്ച് ജൂൺ ഒന്നിലെ മതിപ്പുവില നിശ്ചയിക്കാവുന്നതാണ്. ഇതനുസരിച്ച് സ്‌ഥാവരസ്വത്തുക്കൾ സമ്പാദിച്ച സമയത്തെ വിലയോ ജൂൺ ഒന്നിലെ മതിപ്പുവിലയോ ഇവയിൽ ഏതാണോ കൂടുതൽ ഉള്ളത് അതെടുക്കുന്നതിനും ഇൻഡക്സേഷൻ രീതിയിൽ മതിപ്പുവില നിശ്ചയിക്കുന്നതിനും നികുതിദായകന് അവകാശമുണ്ടായിരിക്കുന്നതാണ്. എന്നാൽ, സ്‌ഥാവരസ്വത്തുക്കൾ അല്ലാത്ത പ്രോപ്പർട്ടികളുടെ കാര്യത്തിൽ ഈ നിയമം ബാധകമായിരിക്കുന്നതല്ല. അവർക്ക് ജൂൺ ഒന്നിലെ മതിപ്പുവില തന്നെ യഥാർഥ വിലയായി കണക്കാക്കേണ്ടതുണ്ട്. സ്‌ഥാവരസ്വത്തുക്കളെ സംബന്ധിച്ചിടത്തോളം സ്വത്തുക്കൾ കൈവശം വച്ചിരിക്കുന്ന കാലാവധി നിശ്ചയിക്കുന്നത് രജിസ്ട്രേഷന്റെ തീയതി മുതലായിരിക്കും.

സ്വർണാഭരണങ്ങളുടെയും പെയിന്റിംഗുകളുടെയും മറ്റും വിലനിർണയം

സ്വർണാഭരണങ്ങളുടെയും ആർട്ടിസ്റ്റിക് പെയിന്റിംഗുകളുടെയും വിലനിർണയത്തിന് ആദായനികുതി വകുപ്പ് നിർദേശങ്ങൾ നല്കിയിട്ടുണ്ട്. അതനുസരിച്ച് പ്രസ്തുത സ്വത്തുക്കൾ സമ്പാദിച്ച സമയത്തെ വിലയോ, ജൂൺ ഒന്നിലെ മതിപ്പുവിലയോ ഇവയിൽ ഏതാണോ കൂടുതൽ അതായിരിക്കും യഥാർഥ വിലയായി കണക്കാക്കുന്നത്.

ഷെയറുകളുടെയും സെക്യൂരിറ്റികളുടെയും വിലനിർണയം

ഷെയറുകളുടെയും സെക്യൂരിറ്റികളുടെയും വിലനിർണയത്തിന് പ്രത്യേക രീതിയാണ് ആദായനികുതി ഡിപ്പാർട്ട്മെന്റ് നിർദേശിച്ചിരിക്കുന്നത്. അതനുസരിച്ച് പ്രസ്തുത സ്വത്തുക്കൾ സമ്പാദിച്ച സമയത്തെ വിലയോ ഷെയറുകളുടേയും മറ്റും ശരാശരി വിലയോ (ഏറ്റവും കുറഞ്ഞ വിലയും കൂടിയ വിലയും കണക്കിലെടുത്ത്) ഇവയിൽ ഏതാണോ കൂടുതൽ അതായിരിക്കും ജൂൺ ഒന്നിലെ വിലയായി കണക്കാക്കപ്പെടുന്നത്.

മറ്റു സ്വത്തുക്കളുടെ വിലനിർണയം

ചില അവസരങ്ങളിൽ വെളിപ്പെടുത്താത്ത വരുമാനം വ്യാജമായി ലോണുകളുടെയും അഡ്വാൻസുകളുടെയും പേരിൽ ആയിരിക്കും ബുക്കുകളിലും റിക്കാർഡുകളിലും കാണപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ പ്രസ്തുത തുകകളെ ഏതെങ്കിലും സ്വത്തുക്കളുമായി ബന്ധപ്പെടുത്താൻ സാധിക്കുകയാണെങ്കിൽ ആ സ്വത്തുക്കളുടെ ജൂൺ ഒന്നിലെ മതിപ്പുവിലയാണ് വരുമാനമായി കണക്കിലെടുക്കേണ്ടത്. പ്രസ്തുത ലോണുകളെ സ്വത്തുക്കളുമായി ബന്ധപ്പെടുത്താൻ പറ്റാതെ വരുന്ന അവസരങ്ങളിൽ ആ തുകകൾ തന്നെ വരുമാനമായി കണക്കാക്കി ഡിക്ലറേഷനുകൾ ഫയൽ ചെയ്യാവുന്നതാണ്. ഈ സ്കീമിന്റെ കാലാവധി ഈ 30ന് അവസാനിക്കുന്നതാണ്. ആദായനികുതി വകുപ്പ് നല്കിയിരിക്കുന്ന സൂചനകൾ അനുസരിച്ച് തീയതി നീട്ടുന്നതിന് സാധ്യതയില്ല.

നികുതിത്തുക കാഷായി ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്യുന്നതിന്റെ പേരിൽ എഫ്ഐയുവിന്റെ പക്കൽനിന്ന് നികുതിദായകന്റെ പേരിൽ അന്വേഷണങ്ങൾ ഒന്നും ഉണ്ടാകുന്നതല്ല. നികുതിദായകന്റെ വിവരങ്ങൾ രഹസ്യമായി തന്നെ സൂക്ഷിക്കുന്നതാണെന്ന് നികുതി വകുപ്പ് ആവർത്തിച്ച് ഉറപ്പു നല്കുന്നുണ്ട്. സ്രോതസിൽ അടയ്ക്കപ്പെട്ട നികുതിയുടെ ക്രെഡിറ്റും നികുതിദായകന് എടുക്കാവുന്നതാണ്. ബിനാമി പ്രോപ്പർട്ടികൾ യഥാർഥ ഉടമസ്‌ഥന്റെ പേരിലേക്കു മാറ്റുമ്പോൾ മൂല്യവർധിത നികുതിയോ സ്രോതസിൽ നികുതിയോ നൽകേണ്ടതില്ല. ഓഗസ്റ്റ് 30ൽ ഇറക്കിയ സർക്കുലർ നമ്പർ 31 അനുസരിച്ച് നികുതിദായകന് ഇലക്ട്രോണിക് ആയി ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് കമ്മീഷണർ ഓഫ് ഇൻകം ടാക്സ്, സെൻട്രലൈസ്ഡ് പ്രോസസിംഗ് സെന്റർ, ബംഗളൂരു മുമ്പാകെയും ഡിക്ലറേഷനുകൾ ഫയൽ ചെയ്യാവുന്നതാണ്. അങ്ങനെ വരുന്ന സാഹചര്യങ്ങളിൽ പ്രസ്തുത ഡിക്ലറേഷനുകൾ ജ്യുറിസ്ഡിക്ഷണൽ കമ്മീഷണറുമായി ഷെയർ ചെയ്യുന്നതല്ല. വരുമാനം വെളിപ്പെടുത്തൽ സ്കീം അനുസരിച്ച് മുതൽമുടക്കുകൾ ഡിക്ലയർ ചെയ്തു എന്നു കരുതി അവയുടെ കണക്കുകൾ സിഎഎസ്എസ് അനുസരിച്ച് വിശദമായ പരിശോധനയ്ക്കു വിളിക്കുന്നതല്ല. ഡിക്ലറേഷനുകൾ ഫോം നമ്പർ–1ലാണ് ഫയൽ ചെയ്യേണ്ടത്. ഫയൽ ചെയ്യുന്ന അവസരങ്ങളിൽ ഫോം നമ്പർ–2ൽ ഫയൽ ചെയ്തതിനുള്ള അക്നോളജ്മെന്റുകൾ ലഭിക്കുന്നതാണ്. ഫോം നമ്പർ–3ൽ നികുതി അടച്ചതിനുള്ള തെളിവുകളാണ് നൽകേണ്ടത്. പ്രസ്തുത തെളിവുകൾ നൽകുന്നതിനോടൊപ്പം ഫോം നമ്പർ – 4ൽ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതാണ്.