Tax
ചരക്ക് സേവന നികുതി കരട് നിർദേശങ്ങൾ
ചരക്ക് സേവന നികുതി കരട് നിർദേശങ്ങൾ
ചരിത്രപ്രധാനമായ ചരക്ക് സേവനനികുതി (ജിഎസ്ടി) ഇന്ത്യയിൽ 2017 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് (സിബിഇസി) കരട് നിർദേശങ്ങൾ വെബ്സൈറ്റിൽ പൊതുജനാഭിപ്രായത്തിനായി പരസ്യം ചെയ്തിട്ടുണ്ട്. നിർദേശങ്ങളോടൊപ്പം മോഡൽ ഫോമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സിബിഇസി പ്രസിദ്ധപ്പെടുത്തിയ അധ്യായങ്ങളിൽ രജിസ്ട്രേഷൻ, പണമടയ്ക്കൽ, റീഫണ്ട്, ഇൻവോയിസിംഗ്, റിട്ടേണുകൾ എന്നിവ ഉൾപ്പെടുന്നു.

രജിസ്ട്രേഷൻ

രജിസ്ട്രേഷന് അപേക്ഷ കൊടുക്കുന്നത് ഇലക്ട്രോണിക് ആയി വേണം. ഇതോടൊപ്പം പാൻകാർഡ്, ഇ–മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. നിർദേശിക്കപ്പെട്ടിട്ടുള്ള ഡോക്യുമെന്റുകൾ ആപ്ലിക്കേഷനു മുമ്പുതന്നെ ജിഎസ്ടിഎൻ (ജിഎസ്ടി നെറ്റ്വർക്ക്) പോർട്ടലിൽ അപ്ലോഡ് ചെയ്തിരിക്കണം. തെറ്റുകളൊന്നും കടന്നുകൂടിയിട്ടില്ലെങ്കിൽ മൂന്നു ദിവസത്തിനകം രജിസ്ട്രേഷൻ ലഭിക്കുന്നതാണ്. ഏതെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുള്ളതായി കാണപ്പെടുകയാണെങ്കിൽ അവ മൂന്നു ദിവസത്തിനകം ജിഎസ്ടിഎൻ പോർട്ടലിൽ ഉൾപ്പെടുത്തും. സിജിഎസ്ടി ഓഫീസറാണ് തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതെങ്കിൽ അവ എസ്ജിഎസ്ടി ഓഫീസർക്കും മറിച്ചും നല്കുന്നതായിരിക്കും. തെറ്റുകൾ തിരുത്തുന്നതിന് ഏഴു ദിവസത്തെ സമയം ലഭിക്കുന്നതാണ്. തെറ്റുകൾ ചൂണ്ടിക്കാണിച്ചിട്ടില്ലെങ്കിലും അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും രജിസ്ട്രേഷൻ നല്കപ്പെട്ടതായി വ്യാഖ്യാനിക്കാം. ആവശ്യമെങ്കിൽ ഓരോ ബിസിനസിനും നിബന്ധനകൾക്ക് വിധേയമായി പ്രത്യേകം പ്രത്യേകം രജിസ്ട്രേഷൻ എടുക്കാവുന്നതാണ്. രജിസ്ട്രേഷന് പ്രത്യേകമായി പണമടയ്ക്കേണ്ടതില്ല. എന്നാൽ, നിർദേശിക്കപ്പെട്ടിട്ടുള്ള ഡെപ്പോസിറ്റുകൾ നൽകേണ്ടതുണ്ട്.

രജിസ്ട്രേഷൻ നല്കിയതിനു ശേഷമായിരിക്കും ഡിപ്പാർട്ട്മെന്റിലെ ഓഫീസർമാർ സ്‌ഥലപരിശോധനയ്ക്കായി വരുന്നത്. രജിസ്ട്രേഷനും കാൻസലേഷനും പ്രത്യേകം പ്രത്യേകം അപേക്ഷകൾ ഹാജരാക്കേണ്ടതുണ്ട്. വാറ്റ് നിയമത്തിലോ സേവനനികുതി നിയമത്തിലോ മറ്റ് ഏതെങ്കിലും പരോക്ഷ നികുതി നിയമങ്ങളിലോ രജിസ്ട്രേഷൻ എടുത്തിട്ടുള്ള നികുതിദായകർക്ക് ജിഎസ്ടിയിൽ ഓട്ടോമാറ്റിക് രജിസ്ട്രേഷൻ നൽകപ്പെടുന്നതാണ്. ഇവ പ്രൊവിഷണൽ രജിസ്ട്രേഷനായി കണക്കാക്കപ്പെടും. നിർദേശിക്കപ്പെട്ടിട്ടുള്ള ബാക്കി രേഖകൾ പ്രൊവിഷണൽ രജിസ്ട്രേഷൻ ലഭിച്ച് ആറു മാസത്തിനകം ഫൈനൽ രജിസ്ട്രേഷനുവേണ്ടി ഹാജരാക്കേണ്ടതുണ്ട്. ഫൈനൽ രജിസ്ട്രേഷൻ ലഭിക്കുന്നതിന് പ്രത്യേക കാലയളവ് നിർദേശിക്കപ്പെട്ടിട്ടില്ല. പ്രൊവിഷണൽ രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ള നികുതിദായകർക്ക് ഫൈനൽ രജിസ്ട്രേഷൻ ആവശ്യമില്ലെങ്കിൽ ഇവ കാൻസൽ ചെയ്യാവുന്നതാണ്.

റിട്ടേണുകൾ

പ്രതിമാസം ചുരുങ്ങിയത് മൂന്നു റിട്ടേണുകളെങ്കിലും നിർദിഷ്ട വ്യാപാരികൾ നല്കേണ്ടതുണ്ട്. ഇതു കൂടാതെ വർഷാവസാനം ആന്വൽ റിട്ടേണും നല്കണം. വില്പനയ്ക്കും (സപ്ലൈ) വാങ്ങലുകൾക്കും (ഇൻപുട്ട് സപ്ലൈ) അക്കൗണ്ട് സമ്മറിക്കും പ്രത്യേകം പ്രത്യേകം റിട്ടേണുകൾ സമർപ്പിക്കേണ്ടതുണ്ട്. ഇവയിൽ സിജിഎസ്ടിയും ഐജിഎസ്ടിയും എസ്ജിഎസ്ടിയും ഉൾപ്പെടുന്നു. ജിഎസ്ടി റിട്ടേണുകളിൽ ലാഭനഷ്ടക്കണക്കുകൾ ഉൾപ്പെടുത്തേണ്ടതുണ്ട്. ഒരു കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വ്യാപാരികൾ യഥാസമയങ്ങളിൽ ഓഡിറ്റ് റിപ്പോർട്ടുകളും നൽകേണ്ടതുണ്ട്.

റെഗുലറായിട്ടുള്ള വ്യാപാരികളും കോമ്പൗണ്ടിംഗ് സ്വീകരിച്ചിട്ടുള്ള വ്യാപാരികളും നോൺ റെസിഡന്റ് ആയിട്ടുള്ള വ്യാപാരികളും ടിഡിഎസ് ഉള്ള വ്യാപാരികളും പ്രത്യേകം പ്രത്യേകം ഫോമിലാണ് റിട്ടേണുകൾ ഫയൽ ചെയ്യേണ്ടത്.

നികുതി അടയ്ക്കൽ

വ്യാപാരികൾ അടയ്ക്കുന്ന നികുതിത്തുകയും മറ്റു തുകകളും ഇലക്ട്രോണിക് ടാക്സ് ലയബിലിറ്റി രജിസ്റ്ററിൽ കാണപ്പെടുന്നതാണ്. ഇവയിൽ ഇലക്ട്രോണിക് ക്രെഡിറ്റ് ലെഡ്ജറും ഇലക്ട്രോണിക് കാഷ് ലെഡ്ജറും ഉൾപ്പെടുന്നു. ഇലക്ട്രോണിക് ക്രെഡിറ്റ് ലെഡ്ജറിൽ റിട്ടേൺ മുഖാന്തിരം സമർപ്പിക്കുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് കാണാൻ സാധിക്കും. എന്നാൽ, ഇലക്ട്രോണിക് കാഷ് രജിസ്റ്ററിൽ വ്യാപാരികൾ അടയ്ക്കുന്ന പണമാണു വരുന്നത്. പണം അടയ്ക്കുന്നതിന് വിവിധങ്ങളായ മാർഗങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. അവ ബാങ്ക് കൗണ്ടർ വഴിയും ചെല്ലാൻ വഴിയും ഇലക്ട്രോണിക് സംവിധാനത്തിലൂടെയും അടയ്ക്കാവുന്നതാണ്. ഇവയെല്ലാം ജിഎസ്ടിഎൻ പോർട്ടലിലാണ് കാണപ്പെടുന്നത്.

റീഫണ്ടുകൾ

റീഫണ്ട് ആപ്ലിക്കേഷനുകൾ പൊതുവായിട്ടുള്ളതാണ്. ഇവ ജിഎസ്ടിഎൻ പോർട്ടൽ വഴിയാണ് സമർപ്പിക്കേണ്ടത്. ഇലക്ട്രോണിക് കാഷ് ലെഡ്ജറിൽ കാണപ്പെടുന്ന റീഫണ്ട് ബാലൻസുകൾ നികുതിദായകന് അവകാശപ്പെടാവുന്നതാണ്. ആവശ്യമെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റുകളുടെ കൈയിൽനിന്നുള്ള സർട്ടിഫിക്കറ്റുകളും ഇവയോടൊപ്പം ഹാജരാക്കേണ്ടതുണ്ട്. ജിഎസ്ടിഎന്നിൽ ഫയൽ ചെയ്യപ്പെടുന്ന റീഫണ്ട് ആപ്ലിക്കേഷനുകൾക്ക് പരിശോധനയ്ക്കുശേഷം അക്നോളജ്മെന്റ് ലഭിക്കുന്നതാണ്. ഇലക്ട്രോണിക് കാഷ് ലെഡ്ജറിൽ കാണപ്പെടുന്ന ബാലൻസിന്റെ റീഫണ്ട് ആപ്ലിക്കേഷനുകൾക്കുള്ള അക്നോളജ്മെന്റുകൾ ഉടനെതന്നെ തീർപ്പാക്കപ്പെടുന്നതാണ്. കംപ്ലയൻസ് റേറ്റിംഗ് എന്ന പുതിയ സംവിധാനവും ജിഎസ്ടി നിയമത്തിൽ ഉൾപ്പെടുത്തുവാൻ സാധ്യതയുണ്ട്. അതനുസരിച്ച് പത്തിൽ അഞ്ച് റേറ്റിംഗ് എങ്കിലുമുള്ള നികുതിദായകർക്ക് ലഭിക്കേണ്ട റീഫണ്ടിന്റെ 80 ശതമാനം വരുന്ന തുക ഉടനെതന്നെ ലഭിക്കുന്നതാണ്. റീഫണ്ടുകൾ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യപ്പെടുന്നതായിരിക്കും.