Tax
ബാങ്ക് അക്കൗണ്ടുകളുടെ ദുരുപയോഗം, ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
ബാങ്ക് അക്കൗണ്ടുകളുടെ ദുരുപയോഗം, ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം ഡിപ്പോസിറ്റ്ചെയ്ത് മാറിയെടുക്കുന്നവർക്കെതിരേയും അക്കൗണ്ട് ഉടമയുടെ പേരിലും ആദായനികുതിവകുപ്പ് ബിനാമി ട്രാൻസാക്ഷൻ നിയമപ്രകാരം നടപടിയെടുക്കുന്നതിനു വളരെയധികം സാധ്യതയുണ്ട്. പ്രസ്തുത നടപടിയിൽ ഉൾപ്പെടുന്നവരുടെ മേൽ പെനാൽറ്റിയും പ്രോസിക്യൂഷൻ നടപടികളും പരമാവധി ഏഴു വർഷം വരെ കഠിനതടവും ലഭിക്കുന്ന കുറ്റമാണ് ചാർജ് ചെയ്യാൻ പോകുന്നത്.

നവംമ്പർ എട്ടിനുശേഷം ബാങ്ക് അക്കൗണ്ടുകളിൽ റദ്ദാക്കിയ നോട്ട് ക്രമാതീതമായി ഡിപ്പോസിറ്റ് ചെയ്തവരുടെ വിവരങ്ങൾ ആദായനികുതിവകുപ്പ് സസൂക്ഷ്മം വീക്ഷിക്കുകയാണ്. അങ്ങനെയുള്ള നിക്ഷേപങ്ങൾ നടത്തിയ സംശയാസ്പദമായ ബാങ്ക് അക്കൗണ്ടുകളുടെ ഉടമകളുടെ മേൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിലവിൽ 2.5 ലക്ഷം രൂപയ്ക്ക് മുകളിൽ നിക്ഷേപം ചെയ്തിട്ടുള്ളവരുടെ ലിസ്റ്റാണ് ആദായനികുതിവകുപ്പ് പരിശോധിക്കുന്നത്. എങ്കിലും സംശയാസ്പദമായ സാഹചര്യങ്ങളിൽ 2.5 ലക്ഷം രൂപയിൽ താഴെ ഡിപ്പോസിറ്റ് ചെയ്തിട്ടുള്ളവരുടെ മേലും അന്വേഷണം വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്.

സംശയം ശരിയാണെന്ന് ബോധ്യപ്പെട്ടാൽ ഡിപ്പോസിറ്ററുടെ മേലും പണം ഉടമയുടെ മേലും മധ്യവർത്തിയുണ്ടെങ്കിൽ അവരുടെ മേലും ബിനാമി ട്രാൻസാക്ഷൻ നിയമമനുസരിച്ച് നടപടി എടുക്കാവുന്നതാണ്. പ്രസ്തുത നിയമമനുസരിച്ച് മുകളിൽ സൂചിപ്പിച്ചിരിക്കുന്ന മൂന്ന് ഇടപാടുകാരുടെ മേലും പെനാൽറ്റിയും പ്രോസിക്യൂഷൻ നടപടികളും തുകയുടെ വ്യാപ്തിയനുസരിച്ച് ഏഴു വർഷം വരെ കഠിനതടവിനും നിയമം വ്യവസ്‌ഥ ചെയ്യുന്നുണ്ട്. മറ്റുള്ളവരുടെ പണം ഡിപ്പോസിറ്റ് ചെയ്തിരിക്കുന്ന ഉടമകളുടെ മേൽ മാത്രമേ വ്യക്‌തമായ തെളിവുകളുടെ ബലത്തിൽ നടപടി ഉണ്ടാവുകയുള്ളൂ. അങ്ങനെയുള്ള ധാരാളം സാഹചര്യങ്ങൾ ആദായനികുതി വകുപ്പിന്റെ ദൃഷ്ടിയിൽ പെട്ടിട്ടുണ്ടെന്ന് അറിവായിട്ടുണ്ട്.
മറ്റുള്ളവരുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കപ്പെടുന്ന സാഹചര്യങ്ങളിൽ ബിനാമി ആക്ട് അനുസരിച്ച് പണത്തിന്റെ ഉടമ ബെനിഫിഷ്യൽ ഓണറും ബാങ്ക് അക്കൗണ്ടിന്റെ ഉടമ ബിനാമിദാറും ആണ്. ബിനാമി ഇടപാടുകളിൽ പണം ഉടമയും അക്കൗണ്ട് ഉടമയും ഒരേപോലെ തെറ്റുകാരായി വരും. പ്രസ്തുത പണം സർക്കാരിലേക്ക് കണ്ടുകെട്ടുന്നതും നിയമനടപടികൾ സ്വീകരിക്കപ്പെടുന്നതും ആയിരിക്കും. ആദായനികുതിവകുപ്പ് കള്ളപ്പണം ഇടപാട് മാത്രമല്ല നികുതിവെട്ടിപ്പും പണം വെളുപ്പിക്കലും (മണി ലോണ്ടറിംഗ്) കൂടി കറൻസി റദ്ദാക്കൽ നടപടിയിലൂടെ അന്വേഷിക്കുന്നുണ്ട്. അതോടൊപ്പം ധർമസ്‌ഥാപനങ്ങളെയും മതസ്‌ഥാപനങ്ങളെയും ഉപയോഗിച്ച് പണം മാറ്റിയെടുക്കാൻ ശ്രമിക്കുന്നവരുടെ വിവരങ്ങളും അന്വേഷണ വിധേയമാക്കിയിട്ടുണ്ട്.

ആദായ നികുതിവകുപ്പ് നോട്ടീസുകൾ അയച്ചു തുടങ്ങുന്നു

ആദായനികുതി നിയമം വകുപ്പ് 133(6)അനുസരിച്ച് നികുതി ഉദ്യോഗസ്‌ഥന് ഏത് അന്വേഷണത്തിനും അധികാരമുണ്ട്. ഈ അധികാരം ഇൻകം ടാക്സ് ഡയറക്ടർ, കമ്മീഷണർ ഓഫ് ഇൻകം ടാക്സ് എന്നീ റാങ്കുകളിൽ ഉള്ളവർക്ക് മാത്രമേ നേരിട്ട് പ്രയോഗിക്കുവാൻ സാധിക്കുകയുള്ളു. അല്ലാത്ത നികുതി ഉദ്യോഗസ്‌ഥർക്ക് ഇവരുടെ അനുമതിയോടുകൂടി മാത്രം ഈ അധികാരം ഉപയോഗിക്കാവുന്നതാണ്. റദ്ദായ നോട്ടുകൾ ഉപയോഗിച്ച് 2.5 ലക്ഷം രൂപയ്ക്ക് മുകളിൽ ബാങ്കിൽ നിക്ഷേപിച്ചവരുടെ പേരിൽ ഈ അധികാരപ്രകാരം നോട്ടീസുകൾ അയച്ചു തുടങ്ങിയിട്ടുണ്ട്. ആദായനികുതി നിയമപ്രകാരം യാതൊരുവിധ നടപടികളും നിലവിൽ ഇല്ലെങ്കിൽ പോലും ഏതൊരു നികുതിദായകന്റെ പേരിലും അന്വേഷണ ഉദ്യോഗസ്‌ഥർക്ക് പ്രസ്തുത വകുപ്പനുസരിച്ച് അന്വേഷണം നടത്താവുന്നതാണെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയിട്ടുണ്ട്. ആയതിനാൽ, പ്രസ്തുത നോട്ടീസുകൾ തികച്ചും നിയമാനുസൃതമാണ്. എന്നാൽ, ഈ നിയമം അനുസരിച്ച് നികുതിദായകന്റെ മേൽ നടപടികൾ സ്വീകരിക്കണമെങ്കിൽ ആദായനികുതി നിയമത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

ആദായനികുതി നിയമമനുസരിച്ച് 50,000 രൂപയിൽ കൂടുതൽ ഒരു സമയം ബാങ്കിൽ പണമായി ഡിപ്പോസിറ്റ് ചെയ്യുന്നതിനു പാൻ നമ്പർ നൽകേണ്ടതുണ്ട്. എന്നാൽ, ഇതിനെ മറികടക്കുന്നതിനായി ചില വ്യക്‌തികൾ 50,000 രൂപയിൽ താഴെയായി പല ദിവസങ്ങളിൽ ഡിപ്പോസിറ്റ് ചെയ്യുന്നതായി മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇതിനെ മറികടക്കുന്നതിനായി ഇൻകം ടാക്സ് റൂൾസിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നവംബർ ഒമ്പതു മുതൽ ഡിസംബർ 30 വരെ പലതവണയായി 50,000 രൂപയിൽ താഴെ വീതം ഡിപ്പോസിറ്റ് ചെയ്യുകയാണെങ്കിലും ഡിപ്പോസിറ്റ് ചെയ്ത മൊത്തം തുക 2.50 ലക്ഷം രൂപയോ അതിൽ കൂടുതലോ വരികയാണെങ്കിൽ പാൻ നമ്പർ ആവശ്യമാണ്. എന്നാൽ വിവിധങ്ങളായ ബാങ്കുകളിൽ ഓരോ ബാങ്കിലും നിക്ഷേപിച്ചിരിക്കുന്ന തുക 2.50 ലക്ഷം രൂപയിൽ താഴെയാണ് വരുന്നതെങ്കിലും ബാങ്കുകളിലെ ഡിപ്പോസിറ്റ് വിവരങ്ങൾ ഏകീകരിക്കപ്പെട്ടാൽ ഇവയുടെ വിവരങ്ങൾ ഗവൺമെന്റിന് ലഭിക്കുന്നതാണ്. നിലവിലെ സ്‌ഥിതിയനുസരിച്ച് ബാങ്കുകൾ തമ്മിൽ ഡിപ്പോസിറ്റ് വിവരങ്ങൾ പരസ്പരം കൈമാറുന്നതല്ല. പക്ഷേ ഇതിൽ മാറ്റം ഉണ്ടായേക്കാം.

10 ലക്ഷം രൂപയ്ക്കു മുകളിൽ നിക്ഷേപമുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ബാങ്കുകളും പോസ്റ്റ്ഓഫീസുകളും ഗവൺമെന്റിന് ആന്വൽ ഇൻഫർമേഷൻ റിട്ടേൺ മുഖാന്തിരം നല്കണമായിരുന്നു. എന്നാൽ, നവംബർ ഒമ്പതു മുതൽ ഡിസംബർ 30 വരെയുള്ള കാലയളവിൽ ഇവ 2.50 ലക്ഷം രൂപയ്ക്കു മുകളിലാണെങ്കിൽ റിപ്പോർട്ട് ചെയ്യപ്പെടേണ്ടതാണ്. പണം നിക്ഷേപിക്കപ്പെടുന്ന അക്കൗണ്ടുകളുടെ വിവരങ്ങൾ ഫോം നമ്പർ 26 എഎസിലും പ്രത്യക്ഷപ്പെടുന്നതും അവയുടെ ഉറവിടത്തെപ്പറ്റി വിശദീകരണങ്ങൾ നൽകാൻ ആവശ്യപ്പെടുന്നതുമാണ്. കറന്റ് അക്കൗണ്ടുകൾ ആണെങ്കിൽ പ്രസ്തുത ഡിപ്പോസിറ്റ് തുകകൾ 12.50 ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്.

ശമ്പളക്കാരുടെയും വീട്ടമ്മമാരുടെയും അടുക്കൽ പല മധ്യവർത്തികളും ബാങ്കിൽ പണം നിക്ഷേപിച്ച് കമ്മീഷൻ നേടുന്നതിനുള്ള ഓഫറുകളുമായി സമീപിച്ചിട്ടുണ്ട്. അങ്ങനെ പണം നിക്ഷേപിക്കപ്പെടുന്ന അവസരങ്ങളിൽ അറിഞ്ഞുകൊണ്ട് തെറ്റിലേക്ക് ചാടരുതെന്ന് ഗവൺമെന്റ് മുന്നറിയിപ്പു നൽകുന്നുണ്ട്.