Tax
കറൻസിരഹിത ഇക്കോണമി ഇന്ത്യയിൽ വിജയകരമാകുമോ?
കറൻസിരഹിത ഇക്കോണമി ഇന്ത്യയിൽ വിജയകരമാകുമോ?
ഉയർന്ന മൂല്യത്തിലുള്ള കറൻസികൾ പിൻവലിച്ച ശേഷം കേന്ദ്രസർക്കാർ കറൻസി ഇല്ലാത്ത സമ്പദ്ഘടനയിലേക്കു രാജ്യത്തെ കൊണ്ടുപോകുന്നതിനാണു ശ്രമിക്കുന്നത്. നോട്ട് പിൻവലിക്കലിന്റെ ഫലം പൂർണമായി ലഭിക്കണമെങ്കിൽ ഇന്ത്യയെ മുഴുവനായി ഡിജിറ്റൽ സമ്പദ്ഘടനയിലേക്കു മാറ്റിയെടുക്കേണ്ടതുണ്ട്. ഇതു സാധ്യമാകണമെങ്കിൽ എല്ലാ കുടുംബങ്ങളും ബാങ്കിൽ അക്കൗണ്ട് തുടങ്ങുകയും ഇടപാടുകളെല്ലാം ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്/ഓൺലൈൻ മുഖാന്തരം ആക്കുകയും ചെയ്യണം. എല്ലാവരും ഇലക്ട്രോണിക് മാർഗത്തിലൂടെ ഇടപാടുകൾ നടത്തിയാൽ കറൻസിയുടെ ഉപയോഗം ഒരു നല്ല ശതമാനം കുറഞ്ഞുകിട്ടും. അതുവഴി കറൻസി അടിക്കുന്നതിന്റെയും ട്രാൻസ്പോർട്ട് ചെയ്യുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും കറൻസി ചെസ്റ്റുകളുടെയും ചെലവു കുറയ്ക്കാം.

എല്ലാവരും ഡിജിറ്റൽ ആയാൽ എല്ലാ ഇടപാടുകളും സുതാര്യമാകുന്നതിനോടൊപ്പം അധോലോക ബിസിനസുകളും ഹവാല ഇടപാടുകളും ഭീകരപ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക ഇടപാടുകളും കള്ളനോട്ടിന്റെ ഇടപാടുകളും എല്ലാം നിന്നുപോകും. ഡിജിറ്റലൈസേഷനെ പ്രോത്സാഹിപ്പിക്കുന്നതിനു കേന്ദ്ര ഗവൺമെന്റ് ധാരാളം ആനുകൂല്യങ്ങളും വിളംബരം ചെയ്തിട്ടുണ്ട്.

ഓൺലൈനായി റെയിൽവേ ടിക്കറ്റ് എടുക്കുന്ന എല്ലാ യാത്രക്കാർക്കും 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഉറപ്പാക്കുന്നുണ്ട്. പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം അടിക്കുമ്പോൾ ഡിജിറ്റൽ ഇടപാടാണ് നടത്തുന്നതെങ്കിൽ വിലയിൽ 0.75 ശതമാനം കുറവു ലഭിക്കും. ലൈഫ് ഇൻഷ്വറൻസ് പോളിസികളുടെ പ്രീമിയം തുക ഓൺലൈനായി അടച്ചാൽ എട്ടു ശതമാനം ഡിസ്കൗണ്ട് ലഭിക്കും. നാഷണൽ ഹൈവേകളിലുള്ള ടോൾ പിരിവ് ഡിജിറ്റലായി ചെയ്താൽ 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. കൂടാതെ 2000 രൂപ വരെ മൂല്യമുള്ള എല്ലാ ഇടപാടുകളും ഓൺലൈനായി ചെയ്യുകയാണെങ്കിൽ സേവനനികുതി ഒഴിവാക്കിയിട്ടുണ്ട്.

ഡിജിറ്റൽ ഇക്കോണമി രാജ്യത്തിന്റെ പുരോഗതിക്ക് വളർച്ച ഉണ്ടാക്കുമെന്നുള്ളത് സംശയരഹിതമായ വസ്തുതയാണ്. എന്നാൽ, ഇന്ത്യയിലെ ബഹുഭൂരിപക്ഷവും കംപ്യൂട്ടറിൽ പ്രാവീണ്യം നേടിയവരല്ല. ഇപ്പോഴും വളരെയധികം ഗ്രാമങ്ങളിൽ വൈദ്യുതിയും ഇന്റർനെറ്റ് സൗകര്യങ്ങളും ലഭിച്ചിട്ടില്ല. എല്ലാ മൊബൈൽ ഫോണുകളിലൂടെയും ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിന് സാധിക്കില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ ഇന്ത്യയെ പൂർണമായും ഡിജിറ്റൽ യുഗത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിലവിൽ സാധ്യമല്ല. എന്നു മാത്രമല്ല, പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്തവർക്കും കുട്ടികൾക്കും പ്രായം കൂടുതലുള്ളവർക്കും ഡിജിറ്റൽ ഇക്കോണമി പ്രായോഗികമല്ല.

സൈബർ കുറ്റകൃത്യങ്ങൾ വളരെയധികം വർധിച്ചുവരുന്ന സാഹചര്യങ്ങളിൽ സൈബർ സെക്യൂരിറ്റികളിൽ അയവു വരുത്തുന്നത് അപകടകരമാണ്.

ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാകുന്നതോടുകൂടി സൈബർ കുറ്റകൃത്യങ്ങൾ മൂലം കൂടുതൽ പേർക്കും ധനനഷ്ടം സംഭവിക്കും. നിലവിൽ സൈബർ കുറ്റകൃത്യങ്ങൾ മൂലം ധനനഷ്ടം ഉണ്ടായാൽ ബാങ്കുകൾ കൈമലർത്തുന്ന പതിവാണുള്ളത്. ഇതിന് ഇൻഷ്വറൻസ് കവറേജും ലഭിക്കുന്നില്ല. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്/ഓൺലൈൻ ഇടപാടുകൾ നടത്തുന്ന ബാങ്ക് അക്കൗണ്ടുകളിൽ അധികം പണം സൂക്ഷിക്കുന്നത് ഒരിക്കലും ബുദ്ധിപരമല്ല. കൂടുതൽ പണം നിക്ഷേപിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിൽനിന്ന് ഡിജിറ്റൽ ഇടപാടുകൾ നടത്താതിരിക്കുന്നതാണ് പണത്തിനു കൂടുതൽ സുരക്ഷിതത്വം.

ബാങ്കുകൾ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് അവ എത്ര ചെറുതാണെങ്കിലും നിശ്ചിത തുക കമ്മീഷനായി എടുക്കുന്നുണ്ട്. നിലവിൽ 10 രൂപയ്ക്കു മുകളിലാണ് ഈ ചാർജ്. 100 രൂപയ്ക്കു പെട്രോൾ അടിച്ചിട്ട് ഡെബിറ്റ് കാർഡ് കൊടുത്താൽ അതിന് 10 രൂപയെങ്കിലും സർവീസ് ചാർജ് ആയി ബാങ്കുകൾ ഈടാക്കും. ഇതിന് ഡിസ്കൗണ്ടായി ലഭിക്കുന്നതു വെറും 75 പൈസ മാത്രമാണ്. 50 രൂപയുടെ ടോൾ ചാർജിന് കാർഡ് മുഖാന്തരം ഇടപാടു നടത്തുന്നത് പണനഷ്ടം മാത്രമല്ല, സമയനഷ്ടത്തിനും ഇടവരുത്തും. വികസിതരാജ്യങ്ങളിൽ കറൻസിരഹിത ഇക്കോണമി എന്നുള്ളതു പ്രായോഗികമാകുമ്പോൾ വികസ്വരരാജ്യങ്ങളിൽ വിജയപ്രദമായി ഈ പദ്ധതി നടപ്പാക്കുന്നത് നിലവിൽ വിദൂരസ്വപ്നം മാത്രമാണ്.

കറൻസി പിൻവലിക്കലിന്റെ ഏറ്റവും വലിയ ഗുണഭോക്‌താക്കൾ ഇന്ത്യയിലെ ബാങ്കുകളാണ്. 12.5 ലക്ഷം കോടി രൂപയുടെ പണം ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ ബാങ്കിൽ എത്തി. ഇതിൽ ഒരു നല്ല ശതമാനവും പണമായിത്തന്നെ പൂഴ്ത്തിവച്ചിരുന്നതാണ്. കിട്ടാക്കടം മൂലം വലയുന്ന ബാങ്കുകൾക്ക് ഇത് വലിയ തോതിൽ ആശ്വാസം നല്കി. എന്നാൽ, ഈ തുകയ്ക്ക് പലിശ നൽകേണ്ടതിനാൽ വായ്പയുടെ അളവ് വർധിപ്പിച്ചില്ലെങ്കിലോ പലിശ ലഭിക്കുന്ന നിക്ഷേപങ്ങളിൽ മുടക്കിയില്ലെങ്കിലോ ഇതിൽനിന്നു സാമ്പത്തികനഷ്ടവും ഉണ്ടാകാം. കള്ളനോട്ടുകളും വിപണിയിൽനിന്ന് അപ്രത്യക്ഷമാകും. ഹവാല ബിസിനസുകൾക്കും ഭീകരപ്രവർത്തനത്തിനുള്ള സാമ്പത്തികസഹായത്തിനും അധോലോക ബിസിനസിനും തടസം നേരിടും. എന്നാൽ, ഇത് എത്ര കാലത്തേക്ക് എന്നതു പ്രവചനാതീതമാണ്.