ശന്പളത്തിനു സ്രോതസിൽ നികുതി
ആദായനികുതിനിയമം വകുപ്പ് 192 പ്രകാരം ശന്പളത്തിനും പെൻഷനും സ്രോതസിൽതന്നെ നികുതി ബാധകമാണ്. തൊഴിൽദാതാവ് ആദായനികുതി കിഴിച്ചുവേണം വേതനം കൊടുക്കാൻ. പൗരന്മാർക്ക് ബാധകമായ ആദായനികുതി നിരക്ക് തന്നെയായിരിക്കും ശന്പളസ്രോതസിനും ബാധകം. നിരക്കുകൾ ഫിനാൻസ് ആക്റ്റ് മുഖേന പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ഒരു കോടി രൂപയിൽ കൂടുതൽ വരുമാനമുള്ള വ്യക്തികൾക്ക് നികുതിയുടെ 12 ശതമാനം സർചാർജും ഉണ്ടായിരിക്കുന്നതാണ്. എഡ്യൂക്കേഷൻ സെസ് മൂന്നു ശതമാനമാണ്.
ശന്പളവും പെൻഷനും നല്കുന്ന എല്ലാ തൊഴിൽദാതാക്കളും ഇൻകംടാക്സ് ആക്റ്റ് പ്രകാരവും നിർദേശിക്കപ്പെട്ട നിയമപ്രകാരവുമുള്ള നടപടികൾ പാലിക്കേണ്ടതാണ്.
ശന്പളസ്രോതസിൽനിന്ന് ആദായനികുതി പിടിക്കേണ്ട രീതി
1. ജോലിക്കാരുടെ നിക്ഷേപങ്ങൾ, നീക്കിയിരുപ്പു തുകകൾ, ബാധകമായ നികുതി ഇളവുകൾ എന്നിവയുടെ സത്യവാങ്മൂലം അവരിൽനിന്ന് തൊഴിൽദാതാക്കൾ കൈപ്പറ്റേണ്ടതാണ്.
ഒന്നിൽ കൂടുതൽ തൊഴിൽദാതാക്കൾ ഉള്ളപക്ഷം, മുൻകാല ജോലിദാതാവിൽനിന്നുള്ള ശന്പളത്തിന്റെയും പിടിച്ച നികുതിയുടെയും വിവരങ്ങൾ നിലവിലുള്ള തൊഴിൽദാതാവിനു നല്കേണ്ടതാണ്.
നികുതി പിടിക്കുന്പോൾ ഇങ്ങനെ ലഭിച്ച ഇളവും പരിഗണിക്കേണ്ടതാണ്. മറ്റു മേഖലകളിൽനിന്നുള്ള വരുമാനവും തൊഴിൽദാതാക്കൾ പരിഗണിക്കേണ്ടതാണ്. കെട്ടിടങ്ങളിൽനിന്നുള്ള നഷ്ടമൊഴികെ മറ്റു നഷ്ടങ്ങൾ പരിഗണിക്കേണ്ടതില്ല.
ശന്പളത്തിൽനിന്നു ബാധകമായ നികുതി ഇളവുകൾ
എ) ഹൗസ് റെന്റ് അലവൻസ്
ഈ അലവൻസ് ലഭിക്കുന്ന എല്ലാ ജോലിക്കാർക്കും ബാധകം. താഴെപ്പറയുന്ന തുകകളിൽ ഏറ്റവും ചെറിയ തുകയാണ് കിഴിവിന് അർഹമായിട്ടുള്ളത്.
1. ലഭിച്ച അലവൻസ്
2. ബേസിക് പേയുടെയും ഡി.എ.യുടെയും 40 ശതമാനം
3. വാടകയിൽനിന്ന് ബേസിക് പേയുടെയും ഡിഎയുടെയും പത്തു ശതമാനം കിഴിച്ചത്.
വാടക അടച്ച രസീതും കരാർ ഉടന്പടിയും തൊഴിലുടമ പരിശോധിച്ച് ബോധ്യം വരുത്തേണ്ടതാണ്.
ബി) കണ്വേയൻസ് /ട്രാൻസ്പോർട്ട് അലവൻസ്
ട്രാൻസ്പോർട്ട് അലവൻസ് പ്രതിമാസം 1,600 രൂപയാണ് കിഴിവു ലഭിക്കുന്നത്.
സി) മെഡിക്കൽ അലവൻസ്
മെഡിക്കൽ അലവൻസ് ലഭിക്കുന്ന ജോലിക്കാർക്ക്, പ്രതിമാസം 1250 രൂപ അല്ലെങ്കിൽ ചെലവായ തുക - ഇതിൽ ഏറ്റവും ചെറിയ തുകയാണ് കിഴിവായി ലഭിക്കുന്നത്.
ഡി) യൂണിഫോം അലവൻസ്
യൂണിഫോം അലവൻസ് ലഭിക്കുന്ന ജോലിക്കാർക്ക് ലഭിച്ച അലവൻസ് അല്ലെങ്കിൽ ചെലവായ തുക - ഇതിൽ ഏറ്റവും ചെറിയ തുകയാണ് കിഴിവ് ലഭിക്കുന്നത്.
ഇ) ഭവനവായ്പയുടെ പലിശ
ആദായനികുതി നിയമം വകുപ്പ് 24 ബി അനുസരിച്ച് ഭവനനിർമാണത്തിനായെടുത്ത വായ്പയുടെ പലിശ കിഴിവിന് അർഹമായിട്ടുള്ളതാണ്.
ഇതനുസരിച്ച് താമസിക്കുന്ന വീടിന്റെ നിർമാണാവശ്യത്തിനായി ബാങ്കിൽനിന്നോ ധനകാര്യ സ്ഥാപനങ്ങളിൽനിന്നോ വായ്പ എടുത്തിട്ടുണ്ടെങ്കിൽ അവയുടെ പലിശയായി പരമാവധി രണ്ടു ലക്ഷം രൂപവരെയുള്ള കിഴിവ് ലഭിക്കുന്നതാണ്. ഈ ആനുകൂല്യം ലഭിക്കുന്നതിന് കെട്ടിടവും വായ്പയും സ്വന്തം പേരിലായിരിക്കണം. കൂടാതെ താമസം തുടങ്ങുകയും വേണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. ഇതിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ ജോലിക്കാരൻ തൊഴിലുടമയുടെ പക്കൽ സമർപ്പിക്കണം.
ഇവ കൂടാതെ ആദായനികുതി നിയമത്തിലെ 80സി വകുപ്പ് മുതൽ 80യു വകുപ്പു വരെ നിർദേശിച്ചിട്ടുള്ള വിവിധ കിഴിവുകൾ ജോലിക്കാരനു ശന്പളത്തിൽനിന്നു കുറവു ചെയ്യാൻ സാധിക്കും. അവയെപ്പറ്റി ചുരുക്കത്തിൽ പ്രതിപാദിക്കുന്നു.
80 സി വകുപ്പനുസരിച്ച്
ഈ വകുപ്പനുസരിച്ച് ഒന്നര ലക്ഷം രൂപ വരെ നികുതിദായകന് കിഴിവ് എടുക്കാൻ സാധിക്കും. കിഴിവുകൾക്ക് അർഹമായ ചെലവുകൾ താഴെ സൂചിപ്പിക്കുന്നു.
1) ലൈഫ് ഇൻഷ്വറൻസ് പ്രീമിയം
സ്വന്തമായോ, ഭാര്യയുടെയോ കുട്ടികളുടെയോ പേരിലോ ഉള്ള പോളിസികൾക്ക് നല്കുന്ന പ്രീമിയം തുകയ്ക്ക് ഈ വകുപ്പനുസരിച്ച് കിഴിവു ലഭിക്കും. മാതാപിതാക്കളുടെ പേരിൽ പോളിസി എടുത്ത് പ്രീമിയം അടച്ചാൽ അത് കിഴിവിനർഹമല്ല.
2) പ്രൊവിഡന്റ് ഫണ്ട്
ഈ ഫണ്ടിലേക്ക് ശന്പളത്തിൽനിന്നു പിടിക്കുന്ന തുകയ്ക്ക് 80 സി വകുപ്പനുസരിച്ച് കിഴിവു ലഭിക്കും. കൂടാതെ പ്രൊവിഡന്റ് ഫണ്ടിൽ സ്വയം നിക്ഷേപിക്കുന്ന തുകയും ഇതിൽ ഉൾപ്പെടുത്താം.
3) നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ
അഞ്ചു വർഷത്തെയും പത്തു വർഷത്തെയും കാലാവധിയുള്ള ഡെപ്പോസിറ്റുകൾ ഈ സ്കീമിൽ പെടും. ഇതിനു ലഭിക്കുന്ന പലിശയും പുനർനിക്ഷേപം ചെയ്യുന്നതായി കണക്കാക്കി ആനുകൂല്യം എടുക്കാം.
4) ബാങ്കുകളിൽനിന്നും ഹൗസിംഗ് ഫിനാൻസ് കന്പനികളിൽനിന്നും എടുത്ത ഭവനവായ്പയുടെ തിരിച്ചടവും കിഴിവിനർഹമാണ്.
5) പ്രത്യേക സ്കീമിൽ അഞ്ചു വർഷത്തേക്ക് ബാങ്കിൽ ഇടുന്ന സ്ഥിരനിക്ഷേപങ്ങൾ, അഞ്ചു വർഷത്തേക്കുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ, മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപങ്ങൾ എന്നിവ ഈ സ്കീമിൽ കിഴിവിനർഹമാണ്.
6) പരമാവധി രണ്ടു കുട്ടികളുടെ ട്യൂഷൻ ഫീസായി അടച്ച തുക ഈ വകുപ്പനുസരിച്ച് കിഴിവിനർഹമാണ്.
7) കൂടാതെ 80 സിസിഡി (1) അനുസരിച്ച് പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കുന്ന തുകയ്ക്കും (പരമാവധി ശന്പളത്തിന്റെ 10 ശതമാനം മാത്രം) ഈ കിഴിവിനർഹമാണ്. തുക ഒരു ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, 80 സിസിഡി (2) അനുസരിച്ച് ഗവണ്മെന്റിൽനിന്നും പെൻഷൻ ഫണ്ടിലേക്കു ലഭിക്കുന്ന തുകയ്ക്ക് (നിലവിൽ പരമാവധി ശന്പളത്തിന്റെ പത്തു ശതമാനം മാത്രം) ലഭിക്കുന്ന ആനുകൂല്യം 80 സി വകുപ്പിലുള്ള 1.5 ലക്ഷം രൂപയിൽ ഉൾപ്പെടുത്തേണ്ടതില്ല.
കൂടാതെ മെഡിക്ലെയിം പോളിസികൾക്കു നല്കുന്ന തുകകൾക്കു പരമാവധി 25,000 രൂപ വരെ (മുതിർന്ന പൗരന്മാർക്ക് 30,000 രൂപ)യുള്ള കിഴിവുകൾ നേടാവുന്നതാണ്.
80 ഇ വകുപ്പനുസരിച്ച് - വിദ്യാഭ്യാസ വായ്പകൾക്ക് അടയ്ക്കുന്ന പലിശയ്ക്ക് ഈ വകുപ്പനുസരിച്ച് പരിധിയില്ലാത്ത ഇളവ് നേടാവുന്നതാണ്.
80 ഇഇ വകുപ്പനുസരിച്ച് വീടുവാങ്ങുന്നതിനു വേണ്ടി ഭവനവായ്പ എടുക്കുന്ന നികുതിദായകർക്ക് വരുമാനത്തിൽനിന്ന് 50,000 രൂപയുടെ കിഴിവ് എടുക്കാം. ഈ ആനുകൂല്യം ആദായനികുതി നിയമം 24 പ്രകാരം അനുവദിക്കുന്ന രണ്ടു ലക്ഷം രൂപയുടെ പലിശയുടെ കിഴിവിനു പുറമെയാണ്. ഈ കിഴിവ് ലഭ്യമാകണമെങ്കിൽ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
അവ താഴെ പറയുന്നു
1) വാങ്ങുന്ന ഭവനത്തിന് 50 ലക്ഷം രൂപയിൽ കൂടുതൽ വില പാടില്ല.
2) പരമാവധി വായ്പ തുക 35 ലക്ഷം രൂപയിൽ കൂടാൻ പാടില്ല.
3) വായ്പ 2016 ഏപ്രിൽ ഒന്നിനും 2017 മാർച്ച് 31നും ഇടയ്ക്ക് പാസാക്കിയതായിരിക്കണം.
4) വായ്പയുടെ തിരിച്ചടവിന്റെ കാലാവധി വരെ ഈ ആനുകൂല്യം ലഭിക്കുന്നതായിരിക്കും.
5) ഈ ആനുകൂല്യം സാന്പത്തികവർഷം 2016-17 മുതൽ നിലവിൽ വന്നിരിക്കുന്നു.
വിവിധ വകുപ്പുകളിലായി നിക്ഷേപിക്കുന്ന തുകകൾ കണക്കിലെടുത്തു വേണം നികുതിയുടെ സ്ലാബ് നിശ്ചയിക്കാനും അതിനുശേഷം പ്രതിമാസ നികുതി സംഖ്യ ശന്പളത്തിൽനിന്നും പിടിച്ച് ഗവണ്മെന്റിൽ അടയ്ക്കേണ്ടതുമാണ്. പല തൊഴിൽ സ്ഥാപനങ്ങളിലും ജോലിക്കാരുടെ എല്ലാ നിക്ഷേപങ്ങളും അവസാനത്തെ മാസത്തിൽ കണക്കൂകൂട്ടി അവസാനത്തെ മാസത്തിൽനിന്നും നികുതി പിടിക്കുന്ന ഒരു തെറ്റായ പ്രവണത കണ്ടുവരുന്നുണ്ട്.
എല്ലാ ജോലിക്കാരും നിക്ഷേപങ്ങളുടെ തെളിവിലേക്കായി ആവശ്യമായ രേഖകൾ തൊഴിലുടമയുടെ പക്കൽ സമർപ്പിക്കേണ്ടതാണ്. തൊഴിലാളികളുടെ പക്കൽനിന്നും പിടിക്കുന്ന നികുതി തുക പിറ്റേ മാസം ഏഴാം തീയതിക്കു മുന്പ് ബാങ്കിൽ അടയ്ക്കേണ്ടതും ടിഡിഎസ് റിട്ടേണുകൾ എല്ലാ ത്രൈമാസ കാലാവധിയിലും തൊഴിലുടമ സമർപ്പിക്കേണ്ടതുമാണ്. പിടിച്ച നികുതിയുടെ സർട്ടിഫിക്കറ്റ് മേയ് 31നു മുന്പ് ജോലിക്കാരനു നല്കേണ്ടതുണ്ട്.