കൊലയാളികൾ ഇപ്പോഴും പുറത്ത്
കൊലയാളികൾ ഇപ്പോഴും പുറത്ത്
കൊല്ലം ജില്ലയിലെ ശാസ്താംകോട്ട കാരാളിമുക്കിൽ 2013–ൽ ശിവശങ്കരപ്പിള്ള എന്നയാൾ കൊലപ്പെട്ടത് ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. ക്രഷർ യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ശിവശങ്കരപ്പിള്ള. കൊലപാതകത്തെത്തുടർന്ന് ഇവിടെ ജോലിക്കുനിന്നിരുന്ന ചില ഇതര സംസ്‌ഥാനതൊഴിലാളികളെ കാണാതാവുകയും ചെയ്തിരുന്നു. ഇതര സംസ്‌ഥാനതൊഴിലാളികൾ ശിവശങ്കരപ്പിള്ളയെ കൊന്നശേഷം മൊബൈലും പണവും കവർന്ന് കടന്നുകളഞ്ഞതായാണ് പോലീസ് കേസ്. സ്‌ഥലംവിട്ട ഇതര സംസ്‌ഥാനതൊഴിലാളികളെ കണ്ടെത്താൻ സിഐ ഉൾപ്പെടുന്ന ഒരുസംഘം ബംഗാളിൽ പോയെങ്കിലും കൊലയാളികളെക്കുറിച്ച് ഒരുവിവരവും ഇല്ലാതെ മടങ്ങുകയായിരുന്നു. കേസന്വേഷണം ഇപ്പോഴും നടന്നുവരികയാണ്.

കുന്നത്തൂരിൽ ഹോളോബ്രിക്സ് കമ്പനിയിൽ ജോലി ചെയ്തിരുന്ന അന്യസംസ്‌ഥാന തൊഴിലാളിയെ കൂടെ ജോലി ചെയ്തിരുന്നവർ അക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിച്ച സംഭവവും നടന്നു. ഫാക്ടറിക്കു സമീപം ഇവർ താമസിക്കുന്ന ഷെഡിലാണ് സംഭവം നടന്നത്. മൃതപ്രായനായ തൊഴിലാളിയുടെ ഞരക്കം കേട്ടെത്തിയ തൊഴിലുടമ ഇയാളെ ആശുപത്രിയിൽ എത്തിച്ചതിനാൽ രക്ഷപെട്ടു. ഇയാളുടെ കൈയിലുണ്ടായിരുന്ന പണംകവർന്ന ശേഷം കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതരസംസ്‌ഥാനത്തു നിന്ന് എത്തുന്ന തൊഴിലാളികൾ തമ്മിൽ കലഹിച്ച് നടന്ന കൊലപാതകങ്ങളും കുന്നത്തൂരിൽ അരങ്ങേറിയിട്ടുണ്ട്. എന്നാൽ ഇതിലൊന്നും തെളിവില്ലാതെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

കുന്നത്തൂരിൽ മാത്രമായി ഏതാണ്ട് 40000–ലധികം ഇതര സംസ്‌ഥാനത്തൊഴിലാളികൾ ഉണ്ടെന്നാണ് കണക്ക്. എന്നാൽ ഇവരുടെയെല്ലാം രേഖകൾ കൃത്യമാണോയെന്ന് ഇനിയും പരിശോധിക്കപ്പെട്ടിട്ടില്ല. പലപ്പോഴും ഇവർ സ്‌ഥിരമായി ഒരിടത്ത് തൊഴിൽ ചെയ്യാതെ സ്‌ഥലംമാറുന്നതും സ്‌ഥിരം സംഭവമാണ്. അതുകൊണ്ടുതന്നെ സ്‌ഥിരമായ മേൽവിലാസവും ഇവിടെ ഇവർക്കില്ല. അന്യസംസ്‌ഥാനത്തുനിന്ന് എത്തുന്ന ഇവരുടെ നാട്ടിലെ മേൽവിലാസം ശരിയാണോയെന്നുള്ള പരിശോധനയും ഇവിടെയില്ല. കേരളത്തിൽ ഇതരസംസ്‌ഥാനത്തുനിന്നു തൊഴിലാളികളെ എത്തിക്കുന്നതിന് ഇവർക്കിടയിൽതന്നെ ഏജന്റുമാരുണ്ട്. കമ്മീഷൻ വ്യവസ്‌ഥയിലാണ് അന്യനാടുകളിൽ നിന്നു തൊഴിലാളികളെ കേരളത്തിൽ എത്തിക്കുന്നത്. കുറഞ്ഞകൂലിയിൽ കൂടുതൽ സമയം ജോലി ചെയ്യുമെന്നതാണ് ഇവർക്ക് പ്രിയമേകാൻ കാരണം. എന്നാൽ ഇവിടെയെത്തുന്ന അന്യസംസ്‌ഥാനതൊഴിലാളികളെ മദ്യം വാങ്ങിനൽകുന്നതിനും മറ്റും നാട്ടുകാർ സഹായിക്കുകയും മദ്യം നൽകി കൂലിവർധിപ്പിച്ചു വാങ്ങുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സംഭവങ്ങളും കുന്നത്തൂരിൽ അരങ്ങേറുന്നു.


അസംഘടിതക മേഖലയിൽ വ്യാപിച്ചുകിടക്കുന്ന അന്യസംസ്‌ഥാന തൊഴിലാളികളുടെ വിവരശേഖരണം തലവേദന സൃഷ്ടിക്കുന്നതാണെന്നാണ് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ വാദം. പലസ്‌ഥലങ്ങളിൽ കെട്ടിടം വാടകയ്ക്കെടുത്ത് തൊഴിലുടമയുടെ ആവശ്യാനുസരണം തൊഴിൽ ചെയ്ത് കഴിയുമ്പോൾ മറ്റൊരു തൊഴിലുടമയെ തേടിപ്പോകുന്നതാണ് ഇവരുടെ കണക്കെടുപ്പ് കൃത്യതയില്ലാത്തതാകുന്നതിന് കാരണമായി പറയുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.