വിശുദ്ധ അൽഫോൻസാ സമർപ്പിത മാതൃക: മാർ ആലഞ്ചേരി
വിശുദ്ധ അൽഫോൻസാ സമർപ്പിത മാതൃക: മാർ ആലഞ്ചേരി
ഭരണങ്ങാനം: ക്രൈസ്തവജീവിതത്തിന്റെ ആകെത്തുകയാണു വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിത ദർശനങ്ങളെന്നും ആ മാതൃക പിന്തുടർന്നുദൈവരാജ്യാനുഭവം നാം സ്വന്തമാക്കണമെന്നും സീ റോ മലബാർസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു റാസ അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു കർദിനാൾ. ദൈവശാസ്ത്രപണ്ഡിതയല്ലാത്ത അമ്മയുടെ ജീവിതത്തിൽ സുവിശേഷവചനങ്ങളും ക്രിസ്തു ധാർമികതയും വിളക്കിച്ചേർക്കപ്പെട്ടിരിക്കുന്നു. ദൈവം നൽകിയ ദാനമാണിത്.

ദൈവികജ്‌ഞാനം വിശുദ്ധർക്കു വെളിപ്പെടുത്തപ്പെടും. ഫ്രാൻസിലും യെമനിലും ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതിനെ പരാമർശിച്ചു സഹിക്കുന്ന, കരയുന്ന സഭയുടെ ചിത്രമാണ് ഇന്നു ലോകമെങ്ങും കാണുന്നതെന്ന് കർദിനാൾ പറഞ്ഞു.


ലോകത്തിനു ലഭിക്കുന്ന പീഡനങ്ങൾ ദൈവത്തിന്റെ ദാനമാണ്. അൽഫോൻസാമ്മ സഹനം വെട്ടിപ്പിടിച്ചു. അൽഫോൻസാമ്മ സഹനത്തെ ആശ്ലേഷിച്ചു. ആത്മാവിന്റെ ബലത്തിന് സഹനവും വിശുദ്ധ കുർബാനയും പതിവാക്കി. തിരുനാൾ ലളിതമായി നടത്തുന്നതിന് പാലാ രൂപതയെ കർദിനാൾ അഭിനന്ദിച്ചു. തിരുനാളുകൾ ആത്മീയ ആഘോഷമാക്കി മാറ്റുന്ന ഭരണങ്ങാനം മാതൃക മറ്റുള്ള രൂപതകൾ പിന്തുടരണമെന്നും കർദിനാൾ അഭിപ്രായപ്പെട്ടു.

റവ. ഡോ. തോമസ് പുതുകുളങ്ങര, ഫാ. ജോസഫ് അരിമറ്റം എന്നിവർ തിരുനാൾ റാസയ്ക്കു സഹകാർമികത്വം വഹിച്ചു. രാവിലെ ബിഷപ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.