Jeevithavijayam
12/6/2016
    
മോണ്ടിക്രിസ്റ്റോ പ്രഭു ഒടുവിൽ പഠിച്ചത്
‘‘എഡ്മൺഡ് ഡാന്റേ ആരാണ്? അദ്ദേഹത്തിന് അറസ്റ്റ് വാറന്റുണ്ട്,’’ വിരുന്നുശാലയിലേക്ക് ഇരച്ചുകയറിയ പോലീസുകാർ ചോദിച്ചു. ഡാന്റേയുടെ പ്രേമഭാജനമായ മേഴ്സിയുമായി വിവാഹം നടക്കാൻ അപ്പോൾ ഒരുമണിക്കൂർ മാത്രമേ താമസമുണ്ടായിരുന്നുള്ളൂ.<യൃ><യൃ>കാര്യമെന്താണെന്നറിയാതെ എല്ലാവരും പകച്ചിരിക്കുമ്പോൾ ശാന്തത കൈവിടാതെ ഡാന്റേ പറഞ്ഞു: ‘‘ഞാനാണ് ഡാന്റേ. എന്താണു കാര്യം?’’ ‘‘കപ്പലിന്റെ രേഖകൾ സംബന്ധിച്ച് എന്തോ ചോദിക്കാനാണ്,’’ ഒഴുക്കൻ മട്ടിൽ പോലീസ് പറഞ്ഞു. ഡാന്റേ അപ്പോൾ ഫറവോൻ എന്ന കപ്പലിന്റെ കപ്പിത്താനായി ചുമതലയേറ്റു കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ.<യൃ><യൃ>‘‘ഞാൻ വേഗം മടങ്ങിവരും,’’ സ്വന്തം പിതാവിനെയും മേഴ്സിയെയും ആശ്വസിപ്പിച്ചുകൊണ്ടു ഡാന്റേ പറഞ്ഞു. പക്ഷേ, ഡാന്റേ അന്നു മടങ്ങിവന്നില്ല. അന്നത്തെ യാത്ര ആ യുവാവിനെ കൊണ്ടെത്തിച്ചതു രാജ്യദ്രോഹികൾക്കായുള്ള ഏകാന്ത തടവറയിലായിരുന്നു. തടവറയിലെത്തിയ ഡാന്റേ ആകെ തളർന്നു. എന്താണു സംഭവിച്ചതെന്നറിയാതെ അയാൾ ക്ഷോഭിച്ചു; വിലപിച്ചു; പ്രാർഥിച്ചു. പക്ഷേ, ഫലമുണ്ടായില്ല. അയാളുടെ ദിനങ്ങൾ കൂടുതൽ കൂടുതൽ ഇരുണ്ടതായി മാറിക്കൊണ്ടിരുന്നു.<യൃ><യൃ>അങ്ങനെ ആറുവർഷം കഴിഞ്ഞു. പിന്നീട് അയാളെ ഭ്രാന്തന്മാരായ തടവുകാരെ പാർപ്പിക്കുന്ന ഒരു ഭൂഗർഭ ഇരുട്ടറയിലേക്കു മാറ്റി. അവിടെ കഴിയുമ്പോൾ മറ്റൊരു തടവുകാരനായ ഫാദർ ഫാരിയയെ ഡാന്റേ കണ്ടുമുട്ടി. സ്വന്തം ഇരുട്ടറയിൽനിന്ന് ഒരു തുരങ്കം നിർമിച്ച് ഡാന്റേയുടെ അറയിലെത്തുകയായിരുന്നു ഫാ. ഫാരിയ. ഒരു ദ്വീപിലായിരുന്നു അവരുടെ തടവറ. തുരങ്കം വഴി പുറത്തിറങ്ങി കടലിലൂടെ രക്ഷപ്പെടാനായിരുന്നു ഫാ. ഫാരിയയുടെ പ്ലാൻ. പക്ഷേ, ഫാ. ഫാരിയ തീർത്ത തുരങ്കം ചെന്നെത്തിയത് ഡാന്റേയെ പാർപ്പിച്ചിരുന്ന ഇരുട്ടറയിൽ.<യൃ><യൃ>ഫാ. ഫാരിയയുമായുള്ള കൂടിക്കാഴ്ച ഡാന്റേയെ പുതിയൊരു മനുഷ്യനാക്കി. മരിക്കുവാൻ ആഗ്രഹിച്ച ഡാന്റേ ഫാ. ഫാരിയയിൽനിന്നു വിവിധ ഭാഷകളും ചരിത്രവും ശാസ്ത്രവും കലയുമൊക്കെ പഠിച്ചു. രാത്രിയിൽ ആരും അറിയാതെയുള്ള കൂടിക്കാഴ്ചകളിലാണ് ഇതെല്ലാം നടന്നത്. <യൃ><യൃ>ഡാന്റേയുടെ കഥ കേട്ടറിഞ്ഞ ഫാ. ഫാരിയ അയാൾ ചിലരുടെ കെണിയിൽ വീഴുകയായിരുന്നുവെന്നു മനസിലാക്കി. ഫറവോന്റെ കപ്പിത്താനാകാനാഗ്രഹിച്ചിരുന്ന ഡാങ്ക്ളർ, മേഴ്സിയെ വിവാഹം കഴിക്കാൻവേണ്ടി പുറകെ നടന്നിരുന്ന ഫെർണാൻഡ് മൊണ്ടിഗോ, അസിസ്റ്റന്റ് പ്രോസിക്യൂട്ടറായിരുന്ന വില്ലിഫോർട്ട്, അയൽക്കാരനും അസൂയാലുവുമായിരുന്ന കാദറോസ് എന്നിവരുടെ കരുനീക്കങ്ങളാണ് ഡാന്റേയെ തടവറയിലെത്തിച്ചതെന്നു സാഹചര്യത്തെളിവുകൾകൊണ്ടു ഫാ. ഫാരിയയ്ക്കു കണ്ടുപിടിക്കാൻ സാധിച്ചു.<യൃ><യൃ>ഇക്കാര്യമറിഞ്ഞതു മുതൽ പ്രതികാരത്തിനായി ഡാന്റേയുടെ രക്‌തം തിളച്ചു. ഇതു മനസിലാക്കിയ ഫാ. ഫാരിയ ക്ഷമിക്കുവാൻ അയാളെ ഉപദേശിച്ചു. വർഷങ്ങൾ പിന്നെയും പലതു കഴിഞ്ഞു. ഇതിനിടയിൽ മോണ്ടിക്രിസ്റ്റോ എന്ന ദ്വീപിൽ ഒളിച്ചുവച്ചിരിക്കുന്ന ഒരു നിധിശേഖരത്തെക്കുറിച്ചുള്ള വിവരം ഫാ. ഫാരിയ ഡാന്റേക്കു നൽകി.<യൃ><യൃ>പ്രായാധിക്യവും രോഗവുംമൂലം ഫാ. ഫാരിയ മരിച്ചു. ആ അവസരമുപയോഗിച്ച് തന്ത്രപൂർവം ഡാന്റേ തടവറയിൽനിന്നു രക്ഷപ്പെട്ടു. അയാൾ തടവറയിൽ എത്തിയിട്ട് അപ്പോൾ പതിന്നാലുവർഷമായിരുന്നു. പിന്നെ നിധി കണ്ടെത്തി കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ എന്ന പേരിൽ ഡാന്റേ കോടീശ്വരനായി മാറി.<യൃ><യൃ>പണക്കാരനായി മാറിയ ഡാന്റേ ആദ്യം ചെയ്തത് കപ്പലുടമയുൾപ്പെടെയുള്ള തന്റെ ഉപകാരികളെ സഹായിക്കുകയായിരുന്നു. പിന്നെ, പ്രതിയോഗികളെത്തേടിയുള്ള പ്രതികാരത്തിന്റെ യാത്രയായിരുന്നു. <യൃ><യൃ>ഡാന്റേയുടെ ആദ്യത്തെ ഇര കാദറോസ് ആയിരുന്നു. അയാളുടെ മരണത്തിനുവേണ്ടി കരുക്കൾ നീക്കിയത് ഡാന്റേ ആയിരുന്നുവെങ്കിലും തന്റെ തെറ്റുകളെക്കുറിച്ചു പശ്ചാത്തപിക്കാൻ ഡാന്റേ അയാളെ ഉപദേശിക്കുകയും ദൈവത്തോടു മാപ്പപേക്ഷിച്ച് അയാൾ മരിക്കുകയും ചെയ്തു.<യൃ><യൃ>തനിക്കെതിരേ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് തന്നെ തടവിലാക്കിയതിനുശേഷം തന്റെ പ്രേമഭാജനത്തെ കൈക്കലാക്കിയ ഫെർണാൻഡ് മൊണ്ടിഗോയെയും ഡാന്റേ തകർത്തു. ഡാന്റേയെ മൊണ്ടിഗോ ചതിച്ച കഥയറിഞ്ഞപ്പോൾ മേഴ്സിയും മകൻ ആൽബർട്ടും മൊണ്ടിഗോയെ ഉപേക്ഷിച്ചു. അയാൾ ആത്മഹത്യ ചെയ്യുകയും ചെയ്തു.<യൃ><യൃ>സ്വന്തം തടി രക്ഷിക്കാൻവേണ്ടി തനിക്കു കഠിനശിക്ഷ വിധിച്ച വില്ലി ഫോർട്ടിനെയും ഡാന്റേ നശിപ്പിച്ചു. പക്ഷേ, അയാൾ ഭ്രാന്തനായി മാറുന്നതിനു മുമ്പ് ഡാന്റേ അയാളോടു പറഞ്ഞു: ‘‘വില്ലീ, നിങ്ങളോടു ഞാൻ ക്ഷമിച്ചിരിക്കുന്നു. എന്നെപ്പോലെ നിങ്ങളോടു ക്ഷമിക്കാൻ ദൈവത്തോടു ഞാനും പ്രാർഥിക്കാം.’’ <യൃ><യൃ>തന്റെ ശത്രുക്കൾ ഒന്നൊന്നായി നശിക്കുന്നതു കണ്ടപ്പോൾ ഡാന്റേയുടെ ഹൃദയം അനുകമ്പയാൽ ആർദ്രമായി. അദ്ദേഹം സ്വയം പറഞ്ഞു: ‘‘ഓ, മതിമതി, കുറെ കടന്നുപോയി. ഇനി ബാക്കിയുള്ളവരെ രക്ഷിക്കാം.’’ <യൃ><യൃ>ചതിയനായ ഡാങ്ക്ളറും ഇതിനകം ഡാന്റേ ഒരുക്കിയ കെണിയിൽ വീണുകഴിഞ്ഞിരുന്നു. പക്ഷേ, അദ്ദേഹം ഡാങ്ക്ളറെ ശിക്ഷിച്ചില്ല. ഡാന്റേ ചോദിച്ചു: ‘‘നിങ്ങൾ പശ്ചാത്തപിക്കുന്നുണ്ടോ?’’ ഡാങ്ക്ളർ നെഞ്ചത്തടിച്ചു ദൈവത്തോടു മാപ്പു ചോദിച്ചു. അപ്പോൾ ഡാന്റേ പറഞ്ഞു: ‘‘എങ്കിൽ നിങ്ങളോടു ഞാൻ ക്ഷമിച്ചിരിക്കുന്നു!’’ <യൃ><യൃ>ഫ്രഞ്ച് സാഹിത്യകാരനായ അലക്സാണ്ടർ ഡ്യൂമാ(1802–1870) എഴുതിയ വിശ്വപ്രസിദ്ധ നോവലായ ‘ദ കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ’യുടെ കഥയാണിത്. <യൃ><യൃ>നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ചരിത്രവുമായി ബന്ധിച്ചുള്ള ഈ നോവലിൽ ആദ്യന്തം നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണു ഡാന്റേ. മാപ്പ് അർഹിക്കാത്ത കുറ്റങ്ങളാണ് സ്വന്തം സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള ചിലർ അദ്ദേഹത്തോടു ചെയ്തത്. തന്മൂലം, പ്രതികാരദാഹിയായി അദ്ദേഹം മാറി. എങ്കിലും അവസാനം അദ്ദേഹം മനസിലാക്കി, പ്രതികാരമല്ല മനഃശാന്തിക്കുള്ള വഴി എന്ന്.<യൃ><യൃ>തന്റെ ചില ശത്രുക്കളുടെ കാര്യത്തിൽ ഡാന്റേക്ക് ഈ തിരിച്ചറിവ് ഉണ്ടാകാൻ അൽപം വൈകിപ്പോയി. എങ്കിലും, പ്രതികാരം ദുരന്തമായി മാറുന്നതു കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഹൃദയം വിങ്ങി. അദ്ദേഹം ശത്രുക്കളോടു ക്ഷമിക്കാൻ തയാറായി. അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തു.<യൃ><യൃ>നമ്മെയും പലരും പലപ്പോഴും അന്യായമായി ദ്രോഹിച്ചെന്നിരിക്കും. ഒരുപക്ഷേ, അവർ നമ്മുടെ ജീവിതം ആകപ്പാടെ തകർത്തുവെന്നും വരാം. അപ്പോൾ നമ്മുടെ ഹൃദയത്തിൽ പ്രതികാരാഗ്നി നിറയുക സ്വാഭാവികം മാത്രം.<യൃ><യൃ>എന്നാൽ, ആ പ്രതികാരാഗ്നി ആളിപ്പടരാൻ നാം ഒരിക്കലും അനുവദിക്കരുത്. കാരണം, പ്രതികാരംകൊണ്ടു നാം ഒന്നും നേടുന്നില്ല. എന്നു മാത്രമല്ല, അതു കൂടുതൽ നാശം നമുക്കു വരുത്തിവയ്ക്കുകയും ചെയ്യും. അൽപം വൈകിയാണെങ്കിലും ഡാന്റേക്ക് ഇക്കാര്യം മനസിലായി. നമ്മുടെ കാര്യത്തിൽ ഡാന്റേയെപ്പോലെ ഈ മനസിലാക്കൽ വൈകിപ്പോകാൻ പാടില്ല.<യൃ><യൃ>നമ്മെ ദ്രോഹിക്കുന്നവരോടു ക്ഷമിക്കാൻ നമുക്കു പഠിക്കാം. അവർക്കുവേണ്ടി നമുക്കു പ്രാർഥിക്കാം. അപ്പോൾ, നമ്മുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന നീറ്റൽ നാം അറിയാതെ അപ്രത്യക്ഷമാകും; നമ്മുടെ മനസ് ശാന്തമാവുകയും ചെയ്യും.<യൃ>
    
To send your comments, please clickhere