Jeevithavijayam
1/17/2017
    
പ്രതികാരത്തിന്റെ പാത
അവർ ഇരുവരും മിത്രങ്ങളായിരുന്നു. എന്നാൽ ഒരുദിവസം എന്തോ കാരണത്തിന്റെ പേരിൽ അവർ തെറ്റി. അതിനുശേഷം അവർ ശത്രുക്കളായി മാറി.

അധികം താമസിയാതെ ഇവരിലൊരാൾ മറ്റെയാളെ ശരിക്കും നശിപ്പിക്കാൻ ശ്രമിച്ചു. ഈ ശ്രമം വിഫലമായെങ്കിലും വിവരം എങ്ങനെയോ മറ്റെയാളുടെ ചെവിയിലെത്തി. അപ്പോൾ അയാൾ കോപം കൊണ്ടു കലിതുള്ളി. തന്റെ എതിരാളിയെ ഒരു പാഠംപഠിപ്പിച്ചേ അടങ്ങൂ എന്നയാൾ ശപഥം ചെയ്തു.

തന്റെ ശത്രുവിനോട് എങ്ങനെ പ്രതികാരം ചെയ്യണമെന്ന് ആലോചിച്ചു നടക്കുമ്പോൾ അയാൾ തനിക്കു പരിചയമുള്ള ഒരു സന്യാസിയെ കാണാനിടയായി. അല്പം സങ്കോചത്തോടുകൂടിയാണെങ്കിലും അയാൾ തന്റെ ഉള്ളിലിരിപ്പ് സന്യാസിയോടു പറഞ്ഞു.

നല്ലവനായിരുന്ന ആ സന്യാസി അയാളെ പ്രതികാരമോഹത്തിൽനിന്നു പിന്തിരിപ്പിക്കാൻ നോക്കി. പക്ഷേ, ആ യതിവര്യന്റെ ഉപദേശമൊന്നും സ്വീകരിക്കാനുള്ള സന്മനസ് അയാൾക്കുണ്ടായിരുന്നില്ല.

പ്രതികാരദാഹിയായ ആ മനുഷ്യനെ ഉപദേശിച്ചിട്ട് ഫലമില്ലെന്നു കണ്ടപ്പോൾ സന്യാസി അയാളോടു പറഞ്ഞു: ഞാൻ ഉപദേശിച്ചിട്ട് നിന്റെ മനസു മാറുന്ന ലക്ഷണം കാണുന്നില്ല. ഏതായാലും നീ പോകുന്നതിനു മുമ്പായി നമുക്കൊരുമിച്ചൊന്നു പ്രാർഥിക്കാം.

അയാൾക്ക് അത്ര സ്വീകാര്യമായ നിർദേശമായിരുന്നില്ല ഇത്. എങ്കിലും തന്റെ പരിചയക്കാരനായ സന്യാസിയെ വെറുപ്പിക്കേണ്ടല്ലോ എന്നു കരുതി പ്രാർഥിക്കുവാൻ അയാൾ സമ്മതിച്ചു. അപ്പോൾ സന്യാസി ഇങ്ങനെ പ്രാർഥിച്ചു:

പ്രതികാര ചിന്ത നിറഞ്ഞുനിൽക്കുന്ന ഈ ചെറുപ്പക്കാരനെ അനുഗ്രഹിക്കണേ. എങ്കിലും ഇയാൾ പോകുന്ന വഴികളിൽ ഇയാളെ കാത്തുപരിപാലിക്കണമെന്നു ഞാൻ പ്രാർഥിക്കുന്നില്ല. കാരണം, സ്വന്തം കാര്യം നോക്കാനുള്ള ഉത്തരവാദിത്വം മുഴുവനും ഇയാൾ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. തന്നോടു തെറ്റു ചെയ്തവനോടു പ്രതികാരം ചെയ്യാനുള്ള തീരുമാനമെടുത്തിരിക്കുന്നതുകൊണ്ട് തനിക്ക് തന്റെ കാര്യം നോക്കാനറിയാമെന്ന് ഇയാൾ വ്യക്‌തമാക്കിയിരിക്കുകയാണ്.

സന്യാസി തന്റെ പ്രാർഥന പൂർത്തിയാക്കുന്നതിനു മുമ്പുതന്നെ അയാളിൽ മാനസാന്തരമുണ്ടായിക്കഴിഞ്ഞിരുന്നു. അയാൾ മുട്ടിന്മേൽ വീണു ദൈവത്തോടും സന്യാസിയോടും തന്റെ തെറ്റിനെക്കുറിച്ചു മാപ്പപേക്ഷിച്ചു.

പലപ്പോഴും പലരും അറിഞ്ഞും അറിയാതെയും നമ്മെ ഉപദ്രവിക്കാറുണ്ട്. അങ്ങനെ സംഭവിക്കുമ്പോഴൊക്കെ അവരോടു നമുക്ക് വെറുപ്പും വിദ്വേഷവും പ്രതികാരവാഞ്ഛയുമൊക്കെ തോന്നുക സ്വാഭാവികമാണ്. ചുരുക്കം ചില അവസരങ്ങളിലെങ്കിലും നാം നമ്മെ ഉപദ്രവിക്കുന്നവരോടു പ്രതികാരവും ചെയ്യാറുണ്ട്.

എന്നാൽ, നമ്മെ ഉപദ്രവിക്കുന്നവരോട് നാം പ്രതികാരം ചെയ്താൽ അതുകൊണ്ട് എന്തു നേട്ടമാണു നമുക്കുണ്ടാവുക? നമ്മെ ഉപദ്രവിക്കുന്നവരോട് നാം വെറുപ്പും വിദ്വേഷവും വച്ചുപുലർത്തിയാൽ അതുവഴി നമ്മുടെ ജീവിതം കൂടുതൽ മെച്ചമാകുമോ?

നമ്മെ ഉപദ്രവിക്കുന്നവരെ നാം വെറുത്താൽ അതുവഴി നമ്മുടെ ജീവിതം കൂടുതൽ മോശമാകുന്നതല്ലാതെ ഒരിക്കലും മെച്ചപ്പെടാൻ പോകുന്നില്ല എന്നതാണു വസ്തുത. അതുപോലെ, നമ്മോടു തെറ്റു ചെയ്യുന്നവരോടു നാം പ്രതികാര പൂർവം പെരുമാറിയാൽ അതുവഴി നമ്മുടെ ജീവിതം കൂടുതൽ അസന്തുഷ്ടമാകുന്നതല്ലാതെ ഒരിക്കലും സന്തുഷ്ടമാകില്ല. എന്നുമാത്രമല്ല, നാം ആരോടെങ്കിലും പ്രതികാരം ചെയ്യുമ്പോൾ, നാം നമ്മുടെ കാര്യം പൂർണമായും നോക്കിക്കൊള്ളാം എന്നു ദൈവത്തോടു പറയുന്നതുപോലെയാണ്. മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ സന്യാസി സൂചിപ്പിച്ചതുപോലെ ദൈവത്തെ നമുക്ക് ആവശ്യമില്ലെന്നു സാരം.


നമ്മോടു തെറ്റുചെയ്യുന്നവരോടു പ്രതികാരം ചെയ്യാനുള്ള അവകാശവും അധികാരവും നമുക്കില്ല. നമ്മോട് ആരെങ്കിലും തെറ്റുചെയ്താൽ അതു നാം പൊറുക്കണമെന്നും മറക്കണമെന്നുമാണ് ദൈവം നമ്മെ പഠിപ്പിച്ചിരിക്കുന്നത്. അതുപോലെ, പ്രതികാരം ചെയ്യാനുള്ള അവകാശം തന്റേതുമാത്രമാണെന്നും അവിടുന്ന് നമ്മോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവിടുത്തെ അധികാരത്തിൽ നാം ഒരിക്കലും കൈകടത്താതിരിക്കുന്നതാണ് എപ്പോഴും നല്ലത്.

നമ്മോടു തെറ്റുചെയ്യുന്നവരോട് ഏതു രീതിയിൽ പെരുമാറണമെന്ന് ദൈവത്തിനറിയാം. അവിടുത്തെ അനന്ത പരിപാലനയ്ക്കനുസരിച്ച് അവരോടു പെരുമാറുവാൻ നമുക്ക് അവിടുത്തെ അനുവദിക്കാം. അതോടൊപ്പം, അവിടുന്നു നമ്മോടാവശ്യപ്പെട്ടിരിക്കുന്നതുപോലെ അവരുടെ നന്മയ്ക്കായി പ്രാർഥിക്കാനും നമുക്കു ശ്രദ്ധിക്കാം.

ആണത്തത്തിന്റെയും നട്ടെല്ലിന്റെയും പേരുപറഞ്ഞാണ് പലപ്പോഴും പലരും പ്രതികാരത്തിനു മുതിരുക. എന്നാൽ, ശരിക്കും ആണത്തവും നട്ടെല്ലും ഉള്ളവർക്കേ പ്രതികാരം ചെയ്യാതിരിക്കാൻ സാധിക്കൂവെന്നതാണു സത്യം. കാരണം, പ്രതികാരം ചെയ്യുക എളുപ്പമാണ്; പ്രതികാരം ചെയ്യാതിരിക്കുക എന്നുള്ളതാണ് ബുദ്ധിമുട്ടുള്ള കാര്യം.

റോമൻ സേനാനായകനും രാജ്യതന്ത്രജ്‌ഞനുമായിരുന്നു ജൂലിയസ് സീസർ (100–44 ബി.സി.). റോമിന്റെ തന്നെ മറ്റൊരു സേനാനായകനായിരുന്ന പോംപെ (106–48 ബി.സി) സീസറിന്റെ എതിരാളിയായിരുന്നു.

റോമിന്റെ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ അവർ ഇരുവരും ഏറ്റുമുട്ടി. യുദ്ധത്തിൽ പോംപെ പരാജയപ്പെട്ടപ്പോൾ സീസറിന്റെ പടയാളികൾ പോംപെയുടെ തലവെട്ടിയെടുത്ത് സീസറിന്റെ മുമ്പിലെത്തിച്ചു. അതുകണ്ട സീസർ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുകയാണ്: ഞാൻ വിജയമാണ് ആഗ്രഹിക്കുന്നത്, പ്രതികാരമല്ല.

സീസറിന്റെ വഴിയിൽ പോംപെ ഒരു വിലങ്ങുതടിയായിരുന്നു. എങ്കിലും ന്യായമായ വഴികളിലൂടെ പോംപെയെ എതിർത്തു തോൽപ്പിക്കാനല്ലാതെ പ്രതികാരദാഹത്തോടെ പോംപെയെ നശിപ്പിക്കാൻ സീസർ ആഗ്രഹിച്ചില്ല.

പ്രതികാരത്തിന്റെ വഴി തെരഞ്ഞെടുത്ത് ചരിത്രത്തിൽ ആരും മഹാന്മാരായിട്ടില്ല. പ്രതികാരത്തിന്റെ വഴിയിലൂടെ ഇനി ആരും മഹാന്മാരാകുകയുമില്ല.

പ്രതികാരം ചെയ്യുന്നതിലൂടെ ആരും ഒന്നും നേടുന്നില്ലെന്നതാണു വസ്തുത. മാത്രമല്ല, പ്രതികാരം ചെയ്യുന്നതുവഴി നമുക്ക് പലതും നഷ്ടപ്പെടുന്നുമുണ്ട് യാഥാർഥ്യം. അതുകൊണ്ട്, പ്രതികാരത്തിന്റെ പാതയിലൂടെ നടക്കാനുള്ള പ്രലോഭനത്തെ നമുക്കു ചെറുക്കാം. അതിനു പകരം ക്ഷമയുടെയും സ്നേഹത്തിന്റെയും പാത നമുക്കു തെരഞ്ഞെടുക്കാം.
    
To send your comments, please clickhere