Jeevithavijayam
1/22/2017
    
നെഞ്ചിൽ ആഞ്ഞുചവിട്ടിയാൽപ്പോലും
ബ്രഹ്മാ–വിഷ്ണു–മഹേശ്വരന്മാർ. ഹൈന്ദവ വിശ്വാസമനുസരിച്ച് നശ്വരമായ പ്രപഞ്ചത്തിന്റെ സൃഷ്ടി–സ്‌ഥിതി– സംഹാരകർത്താക്കളാണിവർ. ത്രിമൂർത്തികളായ ഇവർക്കും അന്ത്യമുണ്ടത്രേ.

ഈ മൂവരിൽ ഏറ്റവും ആയുസ് കുറവ് ബ്രഹ്മാവിനാണ്. ബ്രഹ്മാവിന്റെ ഇരട്ടിയാണ് വിഷ്ണുവിന്റെ ആയുസ്. ശിവനാകട്ടെ വിഷ്ണുവിന്റെ ഇരട്ടി ആയുസുമുണ്ട്.

ത്രിമൂർത്തികളുടെ ആയുസ് വ്യത്യസ്തമാണെങ്കിൽ ആരായിരിക്കും അവരിൽ കേമൻ? ഏറ്റവും ആയുസ് കൂടുതലുള്ള ശിവനോ?

പണ്ടുപണ്ട് സരസ്വതീനദിയുടെ കരയിലിരുന്ന് ഒരു യാഗം നടത്തുന്നകാര്യം സംബന്ധിച്ച് കുറെ മഹർഷിമാർ ചർച്ച ചെയ്യുമ്പോൾ ഈ ചോദ്യം പൊന്തിവന്നു. യാഗത്തിന് ത്രിമൂർത്തികൾ മൂന്നുപേരെയും ക്ഷണിക്കണം. പക്ഷേ അവരിൽ ആരെയാണ് ആദ്യം ക്ഷണിക്കേണ്ടത്?

‘‘ബ്രഹ്മാവിനെയാണ് ആദ്യം ക്ഷണിക്കേണ്ടത്,’’ മഹർഷിമാരിൽ ചിലർ പറഞ്ഞു. ‘‘കാരണം, ബ്രഹ്മാവാണല്ലോ സൃഷ്ടികർത്താവ്.’’

അപ്പോൾ മറ്റു ചില മഹർഷിമാർ പറഞ്ഞു: ‘‘വിഷ്ണുവിന്റെ നാഭിയിൽനിന്നാണ് ബ്രഹ്മാവ് രൂപംകൊള്ളുന്നത്. അപ്പോൾ വിഷ്ണുവല്ലേ ബ്രഹ്മാവിനേക്കാൾ പ്രാധാന്യമർഹിക്കുന്നത്?”

ഉടനേ വേറെചില മഹർഷിമാർ പറഞ്ഞു: ‘‘വിഷ്ണുവിന്റെ ഇരട്ടി ആയുസ് ശിവനുണ്ട്. അപ്പോൾ ശിവനായിരിക്കണം കേമൻ’’.

ത്രിമൂർത്തികളിൽ ആരാണ് ശ്രേഷ്ഠൻ എന്നതു സംബന്ധിച്ച ചർച്ച വളരെനേരം നീണ്ടുനിന്നെങ്കിലും ഒരു തീരുമാനത്തിലെത്താൻ മഹർഷിമാർക്കു കഴിഞ്ഞില്ല. അവസാനം ഇക്കാര്യം സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ അവർ ഒരു ഏകാംഗ കമ്മീഷനെ ചുമതലപ്പെടുത്തി. മഹർഷിമാരുടെയിടയിൽ പൊതുസമ്മതനായിരുന്ന ഭൃഗുവിനാണ് ഈ ചുമതല ലഭിച്ചത്.

ത്രിമൂർത്തികൾ മൂന്നുപേരെയും നേരിൽക്കണ്ടിട്ട് അവരിൽ ആരാണ് ശ്രേഷ്ഠൻ എന്നു തീരുമാനിക്കാമെന്ന് ഭൃഗു കരുതി. അതനുസരിച്ച് ആദ്യം അദ്ദേഹം പോയത് ബ്രഹ്മാവിന്റെ പക്കലേക്കായിരുന്നു.

ഭൃഗു ബ്രഹ്മാവിന്റെ കൊട്ടാരത്തിലെത്തുമ്പോൾ ബ്രഹ്മാവ് ചില ഋഷിമാരോടു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബ്രഹ്മാവും ഋഷിമാരും ഭൃഗുവിനെ കണ്ട ഭാവം കാണിച്ചില്ല. അപ്പോൾ ഭൃഗു അവിടെയുണ്ടായിരുന്ന ഒരു പീഠത്തിലിരുന്നു.

ഇതു കാണാനിടയായ ബ്രഹ്മാവിന് ക്ഷോഭംവന്നു. ഭൃഗു തന്നെ ബഹുമാനിച്ചില്ലെന്നു ബ്രഹ്മാവിനു തോന്നി. തന്മൂലം ബ്രഹ്മാവ് ഭൃഗുവിനെ ശപിക്കാൻ ഒരുങ്ങി. അപ്പോഴാണ് തിരിച്ചു ശപിക്കുവാൻ ശക്‌തിയുള്ളവനാണ് ഭൃഗു എന്ന് ബ്രഹ്മാവ് ഓർമിച്ചത്. ഉടനേ ബ്രഹ്മാവ് തന്റെ കോപം അടക്കി.

ഭൃഗു പിന്നെ അവിടെ നിന്നില്ല. അദ്ദേഹം എഴുന്നേറ്റു നേരെ കൈലാസത്തിലേക്കു പോയി. അവിടെ ചെന്നപ്പോൾ ശിവൻ ഭൃഗുവിനെ ആലിംഗനം ചെയ്യുവാൻ മുന്നോട്ടുവന്നു. അപ്പോൾ ഭൃഗു പറഞ്ഞു: “എന്നെ തൊടരുത്.’’

ഉടൻ ശിവന്റെ മുഖം കോപംകൊണ്ട് ജ്വലിച്ചു. അദ്ദേഹം ശൂലമെടുത്ത് ഭൃഗുവിന്റെ നേരെ തിരിഞ്ഞു. അപ്പോൾ പാർവതീദേവി ഇടപെട്ടു ശിവനെ ശാന്തനാക്കി. ശിവനോടു യാത്രപോലും പറയാതെ ഭൃഗു നേരെ വൈകുണ്ഠത്തിലെത്തി. അപ്പോൾ വിഷ്ണു മലർന്നുകിടന്നു കൂർക്കംവലിച്ചുറങ്ങുകയായിരുന്നു.

ലോകത്തെയും അതിലെ സകല ചരാചരങ്ങളെയും പരിപാലിക്കേണ്ട വിഷ്ണു കിടന്നുറങ്ങുന്നതു കണ്ടപ്പോൾ ഭൃഗുവിനു കോപംവന്നു. അദ്ദേഹം വിഷ്ണുവിന്റെ മാറിൽ നല്ല ഒരു ചവിട്ടുകൊടുത്തു.

ചവിട്ടുകൊണ്ട് ഞെട്ടിയുണർന്ന വിഷ്ണു കണ്ടത് ഭൃഗു തന്റെ മുമ്പിൽ നിൽക്കുന്നതായിട്ടാണ്. അപ്പോൾ വിഷ്ണു താഴ്മയോടെ പറഞ്ഞു: ‘‘മഹർഷേ, ആതിഥ്യമര്യാദ ധിക്കരിച്ചു കൂർക്കംവലിച്ചുറങ്ങിക്കിടന്നതുമൂലം ഞാൻ അങ്ങയെ അനാദരിച്ചു. എന്നോടു ക്ഷമിക്കണം.’’


ഇതു കേൾക്കേണ്ട താമസം, ഭൃഗു സരസ്വതീനദിയുടെ കരയിലേക്കോടി. തന്റെ അന്വേഷണം വിജയിച്ചു എന്ന സംതൃപ്തിയായിരുന്നു അദ്ദേഹത്തിനപ്പോൾ. ‘‘വിനയാന്വിതനായ വിഷ്ണുവാണ് ത്രിമൂർത്തികളിൽ ശ്രേഷ്ഠൻ,’’ അദ്ദേഹം വിധിയെഴുതി.

ത്രിമൂർത്തികളെക്കുറിച്ചുള്ള കഥ ഇതാണെങ്കിലും ഈ കഥയിലെ സന്ദേശം മനുഷ്യരായ നമുക്കുള്ളതുതന്നെയാണ്. നമ്മൾ എത്ര കേമന്മാരാണെങ്കിലും വിനയം എന്ന സദ്ഗുണം നമ്മിലില്ലെങ്കിൽ നാം ഒരിക്കലും ശ്രേഷ്ഠതയുള്ളവരാകുന്നില്ല എന്നതല്ലേ സത്യം?

ത്രിമൂർത്തികളിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണെന്നു കണ്ടുപിടിക്കുവാൻ ഭൃഗുവിന് അധികം ക്ലേശിക്കേണ്ടിവന്നില്ല. ഭൃഗു അവരിൽ ഓരോരുത്തരുടേയും അരികെ എത്തിയപ്പോൾ അവർ തങ്ങളുടെ ശ്രേഷ്ഠതയുടെ തനിനിറം വ്യക്‌തമാക്കുകയായിരുന്നു.

ബ്രഹ്മാവും ശിവനും കോപംകൊണ്ടു തുള്ളിയപ്പോൾ വിഷ്ണു വിനയാന്വിതനായി ഭൃഗുവിനോടു പെരുമാറി. വിഷ്ണു ലോകം സംരക്ഷിക്കേണ്ട ജോലി ചെയ്യുന്നതിനുപകരം കൂർക്കംവലിച്ചുറങ്ങുകയാണെന്ന് ആക്ഷേപിച്ചുകൊണ്ട് ഭൃഗു വിഷ്ണുവിന്റെ മാറിൽ ആഞ്ഞു ചവിട്ടിയിട്ടുപോലും വിഷ്ണു കോപിച്ചില്ല. എന്നുമാത്രമല്ല, തന്റെ കൃത്യവിലോപത്തെക്കുറിച്ച് വിഷ്ണു ഭൃഗുവിനോട് ക്ഷമചോദിക്കുകയും ചെയ്തു.

അതോടൊപ്പം വിഷ്ണു മറ്റൊരു കാര്യംകൂടി ചെയ്തു. തന്റെ കൃത്യവിലോപത്തിനു പ്രായശ്ചിത്തമായി ഭൃഗുവിന്റെ ചവിട്ടിന്റെ പാട് തന്റെ മാറിടത്തിൽ ഒരു അടയാളമായി എന്നും സൂക്ഷിക്കുവാൻ തീരുമാനിക്കുകയും ചെയ്തു! ‘‘ശ്രീവത്സം’’ എന്നപേരിലാണ് ഈ പാദമുദ്ര അറിയപ്പെടുന്നത്.

ഭൃഗു മഹർഷിയുടെ ചവിട്ടു കിട്ടിയപ്പോൾ അതുവഴിയുണ്ടായ പാദമുദ്ര എന്നും മാറിൽ സൂക്ഷിക്കുവാൻ തീരുമാനിച്ച വിഷ്ണു വിനയത്തിന്റെ നിറകുടമല്ലയോ? അത്ര കാര്യമില്ലാത്ത കാര്യത്തിന്റെ പേരിലായിരുന്നു ഭൃഗു വിഷ്ണുവിനെ ആഞ്ഞുചവിട്ടിയത്. എന്നിട്ടുപോലും ക്ഷുഭിതനാകാതെ ഭൃഗുവിനോട് വിനയപൂർവം പെരുമാറുകയാണ് വിഷ്ണു ചെയ്തത്.

കാര്യമുള്ള എന്തെങ്കിലും കാര്യത്തിന് ആരെങ്കിലും നമ്മെ ആഞ്ഞുചവിട്ടുകയാണെന്നു കരുതുക. അപ്പോൾ നമ്മുടെ നടപടി എന്തായിരിക്കും? സാധിക്കുമെങ്കിൽ അവനെ ഭസ്മമാക്കിക്കളയാൻ നാം ശ്രമിക്കില്ലേ?

ആരും ഒരിക്കലും നമ്മുടെ നെഞ്ചത്തു ചവിട്ടുവാൻ മുതിർന്നുവെന്നു വരില്ല. എന്നാൽ പലപ്പോഴും പലരും പല രീതിയിൽ നമ്മെ കൊച്ചാക്കുവാൻ ശ്രമിച്ചെന്നുവരാം. ഒരുപക്ഷേ ചിലരെങ്കിലും മനഃപൂർവം നമ്മെ ആക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചേക്കാം. എന്നാൽ വിനയം എന്ന സദ്ഗുണം അൽപമെങ്കിലും നമ്മിലുണ്ടെങ്കിൽ ഇവയൊക്കെ സമചിത്തതയോടെ നേരിടുവാൻ സാധിക്കുമെന്നതിൽ സംശയം വേണ്ട.

ഊതിവീർപ്പിച്ച വ്യക്‌തിത്വത്തിന്റെ ഉടമകളാണ് നമ്മളെങ്കിൽ ഒരു നിസാര ആക്ഷേപംപോലും നമുക്കു സഹിക്കാൻ സാധിച്ചെന്നുവരില്ല. എന്നാൽ അൽപമെങ്കിലും വിനയം നമ്മിലുണ്ടെങ്കിൽ ആരൊക്കെ എന്തൊക്കെ ആക്ഷേപങ്ങൾ ചൊരിഞ്ഞാലും നാം അതിന്റെപേരിൽ പൊട്ടിത്തെറിക്കില്ലെന്നു തീർച്ച. നമ്മുടെ ശ്രേഷ്ഠത അടങ്ങിയിരിക്കുന്നത് വിനയാന്വിതമായ പെരുമാറ്റത്തിലുംകൂടിയാണെന്നതു മറക്കാതിരിക്കാം.
    
To send your comments, please clickhere