Jeevithavijayam
1/23/2017
    
എപ്പോഴും പ്രസന്നമായ മുഖം
പാരീസ് നഗരത്തിലെ പ്രശസ്തമായ ഒരു സൈക്കിയാട്രിക് ക്ലിനിക്. ആ ക്ലിനിക്കിലെ പ്രശസ്തനായ ഒരു ഡോക്ടറുടെ മുറിയിലേക്ക് ഒരാൾ കയറിച്ചെന്നു. ചെന്നപാടേ അയാൾ പറഞ്ഞു: ഒരു തീരാരോഗത്തിന്റെ അടിമയാണു ഞാൻ. എന്നെ സഹായിക്കണം.

ഡോക്ടർ കാര്യമെന്തെന്നു തിരക്കി. അപ്പോൾ അയാൾ പറഞ്ഞു: എനിക്കെപ്പോഴും വല്ലാത്ത വിഷാദമാണ്. ഞാൻ എത്ര ശ്രമിച്ചിട്ടും സന്തുഷ്ടനാകാൻ എനിക്കു സാധിക്കുന്നില്ല.

അപ്പോൾ ഡോക്ടർ പറഞ്ഞു: നിങ്ങൾ കുറെ നല്ല വീഞ്ഞുകുടിക്കണം. അതു നിങ്ങളെ സന്തോഷിപ്പിക്കും.

അയാൾ പറഞ്ഞു: ലോകത്തിലെ ഏറ്റവും നല്ല വീഞ്ഞുകളുടെ വലിയൊരു ശേഖരം എനിക്കുണ്ട്. പക്ഷേ, വീഞ്ഞുകുടിച്ചിട്ടും എന്റെ വിഷാദം മാറുന്നില്ല.

അങ്ങനെയെങ്കിൽ നിങ്ങൾ ദൂരദേശത്തേക്ക് ഉല്ലാസയാത്ര പോകണം, ഡോക്ടർ പറഞ്ഞു. പുതിയ സ്‌ഥലങ്ങളും ആളുകളും നിങ്ങളെ സന്തോഷചിത്തനാക്കും.

ഡോക്ടർ, ഞാൻ പോകാത്ത സ്‌ഥലമില്ല, അയാൾ പറഞ്ഞു. യാത്രകൾ പലതുചെയ്തിട്ടും എന്റെ രോഗം വർധിക്കുന്നതല്ലാതെ കുറയുന്നില്ല.

ഇതു കേട്ടപ്പോൾ തെല്ലുനേരം ആലോചിച്ചതിനുശേഷം ഡോക്ടർ പറഞ്ഞു: നിങ്ങളുടെ രോഗം അത്ര എളുപ്പം മാറുന്നതാണെന്നു തോന്നുന്നില്ല. എങ്കിലും ഞാൻ ഒരു ഒറ്റമൂലി നിർദേശിക്കാം. നിങ്ങൾ എല്ലാദിവസവും വൈകുന്നേരം ബിയാൻ കൊളേല്ലിയുടെ ഇറ്റാലിയൻ ഹാസ്യകലാപരിപാടി കാണാൻ പോകണം. ബിയാൻ കൊളേല്ലിയുടെ സൂപ്പർ ഫലിതങ്ങൾ നിങ്ങളെ തീർച്ചയായും പൊട്ടിച്ചിരിപ്പിക്കും.

ഉടനേ ദുഃഖിതനായി അയാൾ പ്രതിവചിച്ചു: അതു നടക്കില്ല, ഡോക്ടർ. കാരണം, ഞാൻ തന്നെയാണു ബിയാൻ കൊളേല്ലി.

കൊളേല്ലിയെക്കുറിച്ചുള്ള ഈ കഥ കെട്ടുകഥയോ യഥാർഥ കഥയോ എന്നറിയില്ല. പക്ഷേ, ഈ കഥ ഒരുകാര്യം വ്യക്‌തമാക്കുന്നുണ്ട്. എത്ര ഫലിതരസികനാണെങ്കിൽപ്പോലും ആരും വിഷാദത്തിൽനിന്നു പൂർണമായും മുക്‌തനല്ല എന്ന വസ്തുത.

ഏറെ ചിരിക്കുകയും മറ്റുള്ളവരെ കുടുകുടെ ചിരിപ്പിക്കുകയും ചെയ്യുന്ന പലരെയും നാം പലപ്പോഴും കാണാറുണ്ടല്ലോ. പക്ഷേ, അവരും വിഷാദമെന്ന രോഗത്തിൽനിന്നു പൂർണമായും വിമുക്‌തരല്ല. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ പലവിധത്തിലുള്ള ദുഃഖദുരിതങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ നാം അറിയാതെ നമ്മുടെ മുഖത്തു പലപ്പോഴും കരിനിഴൽ വീഴും. ആ മ്ലാനത അപ്രത്യക്ഷമാകുകയെന്നത് അത്ര എളുപ്പമല്ല.

ബിയാൻ കൊളേല്ലി മനസ്സിലാക്കിയതുപോലെ, വിഷാദമെന്ന രോഗത്തിനടിപ്പെട്ടാൽ അതിൽനിന്നു പുറത്തുകടക്കുക അത്ര അനായാസമല്ല. എന്നിരുന്നാലും ജീവിതത്തെക്കുറിച്ചു യാഥാർഥ്യബോധം പുലർത്തുവാൻ നമുക്കു സാധിച്ചാൽ വിഷാദമെന്ന ശാപത്തിൽനിന്നു നമുക്കു മോചനംനേടാൻ സാധിക്കുമെന്നതിൽ സംശയം വേണ്ട.

ഒരിക്കലൊരാൾ പെട്ടെന്ന് വിഷാദത്തിനടിമയായി. അയാളുടെ ജീവിതത്തിൽ എന്തോ ചെറിയ അത്യാഹിതം സംഭവിച്ചു എന്നതു ശരിതന്നെ. എന്നാൽ, അതേക്കുറിച്ച് അത്രയേറെ വിലപിക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു.

ഭാര്യ അയാളെ ആശ്വസിപ്പിക്കാൻ ഒട്ടേറെ ശ്രമിച്ചുനോക്കി. പക്ഷേ, അവരുടെ ആശ്വാസവാക്കുകളൊന്നും അയാളിൽ ഒരു ചലനവും സൃഷ്ടിച്ചില്ല.


അപ്പോൾ ഭാര്യയും കരയാൻ തുടങ്ങി. കഥയെന്തെന്നറിയാതെ ഭർത്താവ് കാര്യംതിരക്കി. അപ്പോൾ ഭാര്യ പറഞ്ഞു: ഞാനൊരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ ഒരു മാലാഖ വന്ന് എന്നോടു പറഞ്ഞു, ദൈവം മരിച്ചുപോയി എന്ന്. ദൈവം മരിച്ചുപോയാൽ ഞാൻ പിന്നെ എങ്ങനെ കരയാതിരിക്കും?

ഇതുകേട്ടപ്പോൾ ഭർത്താവു പറഞ്ഞു: നീ ഇത്ര മണ്ടിയായിപ്പോയല്ലോ. ദൈവത്തിനു മരിക്കുവാൻ സാധിക്കുമോ? നിനക്കതറിയില്ലേ?

ഉടനേ ഭാര്യ തിരിച്ചടിച്ചു: ദൈവം മരിച്ചിട്ടില്ല, അല്ലേ? എങ്കിൽപ്പിന്നെ നിങ്ങളെന്തിനാണ് ദൈവം ഇല്ലാതായതുപോലെ വെറുതെ വിലപിച്ചുകൊണ്ടിരിക്കുന്നത്?

ദൈവം ഉണ്ടെന്നു നാം വിശ്വസിക്കുന്നുണ്ട്. അതുപോലെ ദൈവമാണ് എല്ലാം നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് എന്നും നാം വിശ്വസിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഓരോന്നോർത്ത് നാം വിലപിച്ചു വിഷാദിച്ചിരിക്കുന്നതിൽ എന്തർഥമാണുള്ളത്?

നമ്മുടെ എല്ലാവരുടെയും പേരുകൾ തന്റെ ഉള്ളംകൈയിൽ അവിടുന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് പ്രവാചകൻവഴി ദൈവം നമ്മോട് അരുളിച്ചെയ്തിട്ടുണ്ട്. നാം അവിടുത്തേക്ക് അത്രമാത്രം പ്രിയപ്പെട്ടവരാണ്. അങ്ങനെയെങ്കിൽ അവിടുന്ന് നമ്മോടു പ്രദർശിപ്പിക്കുന്ന സ്നേഹം നാം മറക്കുന്നതു ശരിയാണോ?

അവിടുത്തെ സ്നേഹവും അവിടുന്ന് നമ്മോടു പ്രദർശിപ്പിക്കുന്ന താത്പര്യവും നാം അനുസ്മരിക്കുകയും അനുഭവിക്കുകയും ചെയ്താൽ നാമൊരിക്കലും വിഷാദമെന്ന രോഗത്തിനടിപ്പെടുകയില്ലെന്നതാണ് സത്യം. ദൈവം എപ്പോഴും നമ്മെ വഴിനടത്തുന്നു എന്ന വസ്തുത നാം അനുസ്മരിച്ചാൽ നമുക്കെങ്ങനെ മ്ലാനവദനരാകാൻ സാധിക്കും? അവിടുന്നു നമ്മോടു പ്രദർശിപ്പിക്കുന്ന കാരുണ്യത്തെക്കുറിച്ച് നാം ബോധവാന്മാരായാൽ എങ്ങനെയാണ് നമ്മുടെ ജീവിതത്തിലെ പ്രസന്നത നമ്മിൽനിന്ന് മാഞ്ഞുപോവുക?

നാം പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യാത്ത രീതിയിൽ നമ്മുടെയൊക്കെ ജീവിതത്തിൽ പലപ്പോഴും പലതും സംഭവിക്കാറുണ്ട്. പക്ഷേ, അപ്പോഴൊന്നും നാം ആശനശിച്ച് വിഷാദത്തിനടിമകളാകാൻ പാടില്ല. കാരണം, ദൈവമറിയാതെ ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല. അതുപോലെ, ദൈവമുള്ളിടത്തോളം കാലം അവിടുന്ന് എല്ലാം നേരെയാക്കിക്കൊള്ളുകയും ചെയ്യും.

വിഷാദമെന്ന രോഗം നമ്മെ കാർന്നുതിന്നുവാൻ തുടങ്ങുമ്പോൾ നാം ആദ്യം തിരിയേണ്ടത് ദൈവത്തിലേക്കാണ്. കാരണം, ബിയാൻ കൊളേല്ലി സ്വന്തം അനുഭവത്തിൽനിന്നു മനസിലാക്കിയതുപോലെ, നാം എത്ര വിശിഷ്ടമായ വീഞ്ഞുകുടിച്ചാലും എത്രതവണ വിനോദസഞ്ചാരത്തിനു പോയാലും അവ നമ്മുടെ വിഷാദത്തിനു ശമനം നൽകില്ല.

എപ്പോഴും പ്രസന്നമായ മുഖമാണു ദൈവത്തിന്റേത്. നാം അവിടുത്തെ പക്കലേക്കു തിരിയുമ്പോൾ നമ്മുടെ മുഖവും താനേ പ്രസന്നമായിക്കൊള്ളും. അപ്പോൾപ്പിന്നെ വിഷാദമെന്ന രോഗത്തിനു നമ്മിൽ സ്‌ഥാനമുണ്ടായിരിക്കുകയില്ല.
    
To send your comments, please clickhere