Jeevithavijayam
2/25/2017
    
അവ നമുക്ക് താങ്ങാവുന്നവ മാത്രം
കണ്ണുകൾ രണ്ടും തലയുടെ ഇരുവശങ്ങളിൽ. മൂക്കിനു പകരം ഒരു ദ്വാരം മാത്രം. അതിനു താഴെ മുറിച്ചുണ്ടുകൾ. വലതുകൈയ്ക്കു മൂന്നു വിരലുകൾ മാത്രം. ഇടതുകാലിനു വലതുകാലിനെക്കാൾ നീളക്കുറവ്. കാലിലെ വിരലുകൾക്കും എണ്ണം കുറവ്.

മൈക്കിൾ ജനിച്ചത് ഒഹായോയിലെ ക്ലീവ്ലൻഡ് ആശുപത്രിയിലായിരുന്നു. ഡെലിവറി റൂമിൽ അവൻ പിറന്നുവീണപ്പോൾ സ്റ്റാഫംഗങ്ങളിൽ പലരും മുഖം തിരിച്ചുകളഞ്ഞു. വികൃതരൂപത്തിലുള്ള ആ കുട്ടിയെ കാണുകതന്നെ അവരിൽ പലർക്കും അറപ്പും മടുപ്പും ഉളവാക്കി.

മൈക്കിൾ അധികദിവസം ജീവിക്കില്ല – ഡോക്ടർമാർ വിധിയെഴുതി. ശാസ്ത്രപഠനങ്ങൾക്ക് അവനെ വിട്ടുകിട്ടണമെന്നായിരുന്നു അവരുടെ ആഗ്രഹം. പക്ഷേ, മൈക്കിളിന്റെ മാതാപിതാക്കളുടെ ചിന്താഗതി നേരേ മറിച്ചായിരുന്നു. ദൈവത്തിന്റെ ദാനമാണ് മൈക്കിൾ; അവനെ എന്തു ത്യാഗം സഹിച്ചും വളർത്തും. ദൈവം തങ്ങളെ അതിനു സഹായിക്കും. അവരുടെ ചിന്ത അങ്ങനെയായിരുന്നു.

മൈക്കിളിന് ഏഴുമാസം പ്രായമുള്ളപ്പോൾ ഡോക്ടർമാർ അവനെ വിവിധ ഓപ്പറേഷനുകൾക്കു വിധേയനാക്കി. അവനെ ഒരു മനുഷ്യക്കുഞ്ഞിന്റെ രൂപത്തിലാക്കിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ആദ്യത്തെ ഏഴു ശസ്ത്രക്രിയകളും വിജയമായിരുന്നില്ല.

അവന്റെ എല്ലാ പ്രശ്നങ്ങളും ഒന്നിച്ചു പരിഹരിക്കാൻ ശ്രമിച്ചതാണ് ശസ്ത്രക്രിയകളുടെ പരാജയകാരണമെന്നു ഡോക്ടർമാർ മനസിലാക്കി. അതിനുശേഷം മൈക്കിളിന്റെ കണ്ണുകളും മൂക്കുമൊക്കെ ശരിയായ രൂപത്തിലാക്കാൻ പ്രത്യേകം പ്രത്യേകം സർജറികൾ അവർ പ്ലാൻ ചെയ്തു. മൈക്കിൾ മൂന്നാംക്ലാസിലെത്തിയപ്പോഴേക്കും പതിനാറ് ഓപ്പറേഷനുകൾക്ക് അവൻ വിധേയനായിക്കഴിഞ്ഞിരുന്നു. എങ്കിലും ഒട്ടേറെ വിരൂപത അവനിൽ ബാക്കിനിന്നു. സ്കൂളിലെ പല കുട്ടികളും വിരൂപനെന്നും ചട്ടനെന്നും മണ്ടനെന്നുമൊക്കെ അവനെ വിളിച്ച് ആക്ഷേപിച്ചു.

എങ്കിലും മൈക്കിൾ കരഞ്ഞില്ല. മറ്റു കുട്ടികൾ അവനെ കളിയാക്കുന്നുണ്ടെങ്കിൽ അത് അവരുടെ ആത്മീയവൈകല്യം മൂലമാണെന്നും അവർ നല്ലവരായി വളർത്തപ്പെടാതെപോകുന്നതിൽ അവരെക്കുറിച്ചു ദുഃഖിക്കുക മാത്രമേ പാടുള്ളൂവെന്നും അവനെ മമ്മി പഠിപ്പിച്ചിരുന്നു. മൈക്കിളിന്റെ ശാരീരിക ദൗർബല്യങ്ങൾമൂലം അവനെ അമ്മാതിരി കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക സ്കൂളിലാണു ചേർത്തിരുന്നത്. എന്നാൽ, മൂന്നാംക്ലാസിൽ എത്തിയപ്പോൾ സാധാരണ കുട്ടികൾക്കുള്ള സ്കൂളിൽ ചേരാൻ അവനു സാധിച്ചു. മൈക്കിളിന്റെ മാതാപിതാക്കളെ ഏറെ സന്തോഷിപ്പിച്ച കാര്യമായിരുന്നു അത്.

മൈക്കിൾ നാലാം ക്ലാസിൽ പഠിക്കുമ്പോൾ അവന്റെ മുഖം സാധാരണരൂപത്തിലുള്ളതാക്കാൻ ഒരു പരീക്ഷണശസ്ത്രക്രിയ നടത്തുകയുണ്ടായി. പത്തുമണിക്കൂർ നീണ്ട ആ സർജറി വൻ വിജയമായിരുന്നു. അതോടെ മൈക്കിളിന്റെ കണ്ണുകളും മൂക്കും സാധാരണ രൂപത്തിലായി. അവന്റെ മുറിച്ചുണ്ടിന്റെ പ്രശ്നവും പരിഹരിക്കപ്പെട്ടു.

മൈക്കിളിന്റെ വൈരൂപ്യമെല്ലാം മാറി അവനൊരു സാധാരണമനുഷ്യന്റെ രൂപത്തിലെത്തിയപ്പോഴേക്കും അവനെന്നും താങ്ങും തണലുമായിരുന്ന മമ്മിക്കു കാൻസർ പിടിപെട്ടു. മൈക്കിളിനെ മാനസികമായി തളർത്തിയ സംഭവമായിരുന്നു അത്. എന്നാൽ അപ്പോഴും തളരാതെ പിടിച്ചുനിൽക്കാൻ മമ്മി അവനെ സഹായിച്ചു. കുറേക്കാലം കഴിഞ്ഞ് ആ സ്ത്രീ കാൻസറിനു കീഴടങ്ങിയപ്പോൾ അവൻ അടിപതറിയില്ല. എന്നു മാത്രമല്ല, അപ്പോൾ ദൈവം തന്നിട്ടുള്ള അനുഗ്രഹങ്ങൾ എണ്ണി അവയ്ക്കു നന്ദിപറയുകയാണ് മൈക്കിൾ ചെയ്തത്.


നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും ഒന്നിനു പിറകേ ഒന്നായി ആഞ്ഞടിക്കുമ്പോൾ നാം അടിപതറി വീഴുകയാണോ ചെയ്യുന്നത്? അതോ ദൈവത്തിൽനിന്നു സ്വീകരിച്ചിട്ടുള്ള നന്മകളോർത്ത് അവയ്ക്ക് നന്ദിപറയാൻ അപ്പോഴും നമുക്ക് സാധിക്കുന്നുണ്ടോ? ജീവിതത്തിലെ ദുഃഖങ്ങൾ പലപ്പോഴും താങ്ങാവുന്നതിലേറെയാണെന്നു നമുക്കു തോന്നാം. എന്നാൽ ദൈവാനുഗ്രഹം യാചിച്ചുകൊണ്ട് അവയെ നാം നേരിട്ടാൽ തീർച്ചയായും അവയിൽനിന്നെല്ലാം കരകയറാൻ നമുക്കു സാധിക്കുമെന്നതാണ് വസ്തുത.

മൈക്കിൾ വിരൂപനായി ജനിച്ചപ്പോൾ അവന്റെ മാതാപിതാക്കൾക്ക് ലഭിച്ച എന്തോ ശിക്ഷയായാണ് പലരും അതിനെ വ്യാഖ്യാനിച്ചത്. എന്നാൽ, ആ മാതാപിതാക്കൾ അങ്ങനെ കരുതിയില്ല. ദൈവം മൈക്കിളിനെ തങ്ങൾക്കു നൽകിയത് അവിടുത്തെ തിരുവിഷ്ടമാണെന്ന് അവർ വിശ്വസിച്ചു. അതുകൊണ്ടുതന്നെ അവിടുത്തെ സഹായത്തോടെ അവനെ വളർത്താനാണ് അവർ ശ്രമിച്ചത്. ദൈവത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ടുള്ള അവരുടെ ശ്രമങ്ങൾ ഫലമണിയുകയും ചെയ്തു.

കോളജ് പഠനം പൂർത്തിയാക്കിയ മൈക്കിൾ ആദ്യം കുറേനാൾ ബിസിനസ് രംഗത്തായിരുന്നു. പിന്നീടു കുറേക്കാലം ബാങ്കിൽ ജോലിചെയ്തു. പക്ഷേ, അപ്പോഴും വികലാംഗരും ബുദ്ധിമാന്ദ്യം സംഭവിച്ചവരുമായ കുട്ടികളെ സഹായിക്കുന്നതിനുള്ള ആഗ്രഹം മൈക്കിളിൽ ബാക്കിനിന്നു.

മൈക്കിൾ വീണ്ടും കോളജിൽ ചേർന്ന് മാസ്റ്റേഴ്സ് ബിരുദം സമ്പാദിച്ചു. അതിനുശേഷം അയാൾ വിദഗ്ധസഹായം ആവശ്യമുള്ള കുട്ടികളെ പഠിപ്പിക്കുകയാണിപ്പോൾ. ‘പെർഫെക്ട്ലി നോർമൽ’ എന്ന പേരിൽ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ആ അമേരിക്കക്കാരൻ സ്വന്തം കഥ പറയുന്നത്. തന്റെ ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങൾ ജീവിതത്തെ വെറുക്കാനല്ല അദ്ദേഹത്തെ പ്രേരിപ്പിച്ചത്. നേരേമറിച്ച്, ആ തിക്താനുഭവങ്ങളെ കരളുറപ്പോടെ നേരിടുന്നതോടൊപ്പം മറ്റുള്ളവരോട് കൂടുതൽ അനുകമ്പയോടെ പെരുമാറാനും അദ്ദേഹം മനസിരുത്തി.

നമ്മുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകളുണ്ടാകുമ്പോൾ അവയെക്കുറിച്ചു പിറുപിറുക്കുന്ന രീതിയാണ് നമ്മുടേതെങ്കിൽ അതു നമുക്കുപേക്ഷിക്കാം. അതിനുപകരം “എന്നെ ശക്‌തിപ്പെടുത്തുന്നവനായ ദൈവത്തിൽ എനിക്കെല്ലാം സാധിക്കും, എന്നു പറഞ്ഞ സെന്റ് പോളിനെപ്പോലെ ദൈവശക്‌തിയിൽ ആശ്രയിച്ചുകൊണ്ട് അവയെ നമുക്ക് നേരിടാം. ദൈവം നമ്മുടെ പക്ഷത്താണെങ്കിൽ പിന്നെ നാമൊന്നിനെയും ഭയപ്പെടേണ്ടതില്ലല്ലോ. പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ദൈവസഹായത്താൽ നേരിടുന്നതോടൊപ്പം ദൈവം നൽകുന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയാനും നമുക്കു ശ്രമിക്കാം. ദൈവാനുഗ്രഹമില്ലെങ്കിൽ ഈ നിമിഷം നാം ജീവിച്ചിരിക്കുമെന്നുതന്നെ ഉറപ്പില്ലല്ലോ. പ്രത്യേകിച്ചും അനുനിമിഷം ഓരോരുത്തർ ഓരോ ദുരന്തത്തിന് ഇരയായിക്കൊണ്ടിരിക്കുമ്പോൾ. അതുപോലെതന്നെ, ദുഃഖങ്ങളിലും ദുരന്തങ്ങളിലും വീഴുന്നവരോട് കരുണാപൂർവം പ്രവർത്തിക്കാനും നമുക്കോർമിക്കാം. എങ്കിൽ മാത്രമേ നമുക്ക് ലഭിക്കുന്ന ദൈവാനുഗ്രഹങ്ങളെക്കുറിച്ച് അവബോധമുള്ളവരാണ് നമ്മളെന്ന് നമുക്ക് അവകാശപ്പെടാനാവൂ.

    
To send your comments, please clickhere