Jeevithavijayam
2/27/2017
    
സ്വന്തം വഴി തെറ്റാതിരുന്നാൽ മതി
രണ്ടാം ലോകമഹായുദ്ധം നടക്കുന്ന കാലം. അന്ന് ബേലാ പാസ്കിൻ ഒരു നിയമവിദ്യാർഥിയായിരുന്നു. ഭാര്യയായ മരിയയുമൊത്ത് ഹംഗറിയുടെ കിഴക്കുഭാഗത്തുള്ള ഡെബ്റിസെൻ എന്ന പട്ടണത്തിലായിരുന്നു ആ യുവാവിന്റെ താമസം.

യുദ്ധം തുടങ്ങി അധികം താമസിയാതെ പാസ്കിൻ ജർമൻകാരുടെ പിടിയിലായി. അവർ അയാളെ ജർമൻ പട്ടാളക്കാരുടെകൂടെ യുക്രെയിനിലേക്ക് അയച്ചു. അവിടെവച്ച് പാസ്കിൻ റഷ്യക്കാരുടെ പിടിയിൽപ്പെട്ടു. യുദ്ധത്തിൽ മരിക്കുന്നവരെ സംസ്കരിക്കുന്ന ജോലിയാണ് അവർ പാസ്കിനു നൽകിയത്.

യുദ്ധം കഴിഞ്ഞപ്പോൾ അയാൾ സ്വന്തം നഗരത്തിലേക്കു മടങ്ങി. പക്ഷേ, അവിടെ എത്തിയപ്പോൾ തന്റെ ഭവനത്തിൽ അപരിചിതർ വസിക്കുന്നതാണു കണ്ടത്. ഭാര്യയായ മരിയയെ കാണാനില്ലായിരുന്നു. അയാളുടെ മാതാപിതാക്കളും സഹോദരിസഹോദരങ്ങളും വസിച്ചിരുന്ന വീട്ടിലും മറ്റുള്ളവർ താമസിക്കുന്നതാണു കണ്ടത്.

പാസ്കിൻ തന്റെ ഭാര്യയെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചും അയൽവാസികളുടെയിടയിൽ തിരക്കി. അപ്പോൾ അവരിലൊരാൾ പറഞ്ഞു: ‘‘അവരെയൊക്കെ ജർമൻകാർ ഔഷ്വിറ്റ്സിലെ തടവറയിലേക്കു കൊണ്ടുപോയിരുന്നു. അവരെല്ലാം അവിടെവച്ചു മരിച്ചു.

പാസ്കിൻ ആകെ തകർന്നുപോയി. അയാൾ പിന്നെ അവിടെ നിന്നില്ല. ലക്ഷ്യമില്ലാതെ അലഞ്ഞുതിരിഞ്ഞ അയാൾ പാരീസിലെത്തി. അവിടെനിന്ന് 1947 ഒക്ടോബറിൽ അയാൾ അമേരിക്കയിലേക്കു കുടിയേറി.

അമേരിക്കയിലെത്തിയിട്ട് മൂന്നുമാസം കഴിഞ്ഞ അവസരം. പാസ്കിൻ ന്യൂയോർക്ക് നഗരത്തിലെ സബ്വേയിൽ യാത്ര ചെയ്യുകയായിരുന്നു. സമയം കളയാൻവേണ്ടി അയാൾ ഹംഗേറിയൻ ഭാഷയിലുള്ള ഒരു പത്രം വായിച്ചുകൊണ്ടിരുന്നു. അപ്പോൾ ട്രെയിനിലെ അടുത്ത സീറ്റിലിരുന്ന ഒരാൾ ഹംഗേറിയൻ ഭാഷയിൽ ചോദിച്ചു: ‘‘അല്പസമയത്തേക്കു നിങ്ങളുടെ പത്രം ഒന്നു തരാമോ?

ഹംഗേറിയൻ സംസാരിക്കുന്നതു കേൾക്കാനിടയായ പാസ്കിൻ സന്തോഷപൂർവം തന്റെ പത്രം അപരിചിതനു നൽകി. പത്രവായനയ്ക്കിടയിൽ അവർ പരസ്പരം പരിചയപ്പെട്ടു. ഹംഗറിയിൽനിന്നു കുടിയേറിയ പോൾ ദോയിഷ്മൻ എന്ന ഫോട്ടോഗ്രഫറായിരുന്നു ആ അപരിചിതൻ.

സംഭാഷണത്തിനിടയിൽ പാസ്കിൻ തന്റെ കഥ പറഞ്ഞു. ദോയിഷ്മനു പരിചിതമായ സ്‌ഥലമായിരുന്നു പാസ്കിന്റെ താമസസ്‌ഥലമായിരുന്ന ഡെബ്റിസെൻ. തന്മൂലം, വളരെ ശ്രദ്ധാപൂർവമാണ് ദോയിഷ്മൻ ആ കഥ കേട്ടത്.

പാസ്കിൻ തന്റെ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ദോയിഷ്മൻ ചോദിച്ചു: ‘‘മരിയ എന്നാണോ നിങ്ങളുടെ ഭാര്യയുടെ പേര്?’’ ആ ചോദ്യം കേട്ടപ്പോൾ പാസ്കിന്റെ മുഖം ആകാംക്ഷകൊണ്ട് തുടുത്തു. അയാൾ പറഞ്ഞു: ‘‘അതേ, അവളുടെ പേര് മരിയ എന്നുതന്നെ. പക്ഷേ, നിങ്ങൾ ഇതെങ്ങനെ അറിയുന്നു?

അപ്പോൾ അയാൾ ആ കഥ പറഞ്ഞു. കുറേനാൾമുമ്പ് ഒരു സുഹൃത്തിന്റെ ഭവനത്തിൽവച്ച് മരിയ എന്ന ഒരു സ്ത്രീയെ പരിചയപ്പെട്ട കഥ. അവർ പറഞ്ഞ കഥയും പാസ്കിൻ പറഞ്ഞ കഥയും തമ്മിൽ ഏറെ സാമ്യമുണ്ടായിരുന്നു. ‘‘ഞാൻ പരിചയപ്പെട്ട സ്ത്രീ നിങ്ങളുടെ ഭാര്യ ആയിരിക്കാനാണു സാധ്യത,’’ ദോയിഷ്മൻ ആവേശപൂർവം പറഞ്ഞു.


താൻ സ്വപ്നം കാണുകയാണോ എന്നു പാസ്കിൻ സംശയിക്കുമ്പോൾ ദോയിഷ്മൻ പറഞ്ഞു: ‘‘നമുക്ക് അടുത്ത സ്റ്റേഷനിലിറങ്ങാം. മരിയയുടെ അഡ്രസും ഫോൺ നമ്പരും എന്റെ കൈവശമുണ്ട്. നമുക്കവരെ എത്രയും വേഗം വിളിച്ചുനോക്കാം.

മരിയയെ പരിചയപ്പെട്ടപ്പോൾ അവരെ പിന്നീടെന്നെങ്കിലും തന്റെ ഭവനത്തിലേക്കു ക്ഷണിക്കാൻ വേണ്ടിയായിരുന്നു അവരുടെ പേരും അഡ്രസും ഫോൺനമ്പരും അന്ന് കുറിച്ചുവച്ചത്. അഡ്രസ് കുറിച്ച ഡയറി ദോയിഷ്മന്റെ കൈവശം അപ്പോഴുണ്ടായിരുന്നു. അടുത്ത സ്റ്റേഷനിലിറങ്ങിയ അവർ മരിയയുടെ ഫോൺനമ്പരിൽ വിളിച്ചു. മരിയ ഫോൺ എടുത്തപ്പോൾ ദോയിഷ്മൻ സ്വയം പരിചയപ്പെടുത്തിക്കൊണ്ടു ചോദിച്ചു: ‘‘ഡെബ്റിസെന്നിലെ നിങ്ങളുടെ അഡ്രസ് ഏതായിരുന്നു?

മരിയ അവരുടെ പഴയ അഡ്രസ് പറഞ്ഞു. അപ്പോൾ ദോയിഷ്മൻ അതു പാസ്കിനോട് പറഞ്ഞു. ‘‘തീർച്ചയായും ഇതെന്റെ മരിയ തന്നെ.’’ പാസ്കിൻ സന്തോഷംകൊണ്ട് തുള്ളിച്ചാടി. ഉടനേ ദോയിഷ്മൻ ഫോൺ പാസ്കിന്റെ കൈയിലേക്കു കൊടുത്തു. പാസ്കിൻ ഫോണിലൂടെ വിളിച്ചുപറഞ്ഞു: ‘‘ഇതു ബേലായാണ്! ഇതു ബേലായാണ്!

പാസ്കിന്റെ ഭാര്യയായ മരിയതന്നെയായിരുന്നു ഫോണിന്റെ അങ്ങേത്തലയ്ക്കൽ ഉണ്ടായിരുന്നത്. അവരുടെ പുനഃസമാഗമത്തിനു പിന്നെ അധികസമയം വേണ്ടിവന്നില്ല. അപ്പോൾ അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അദ്ഭുതകരമായ ഈ സംഭവത്തെക്കുറിച്ചു പിന്നീട് പാസ്കിൻ ദോയിഷ്മനോട് പറഞ്ഞു: ‘‘ദൈവപരിപാലനയുടെ അദ്ഭുതകരമായ കരമാണ് വീണ്ടും ഞങ്ങളെ ഒരുമിപ്പിച്ചത്. അതിനു സംശയമില്ല. ദോയിഷ്മൻ വിവരിക്കുന്ന ഈ സംഭവകഥ വായിക്കുമ്പോൾ ദൈവത്തിന്റെ പരിപാലന എത്ര മഹത്തരം എന്നുപറഞ്ഞ് നാമും അദ്ഭുതം കൂറും. കാരണം, ദൈവപരിപാലനയുടെ അദൃശ്യകരങ്ങൾ അത്രമാത്രം വ്യക്‌തമായിട്ടാണ് ഈ സംഭവത്തിൽ നാം കാണുന്നത്. പാസ്കിന്റെ മറ്റു കുടുംബാംഗങ്ങൾ ഔഷ്വിറ്റ്സിലെ നാസി തടവറയിൽ നിഷ്കരുണം വധിക്കപ്പെട്ടപ്പോൾ മരിയ അദ്ഭുതകരമായി രക്ഷപ്പെടുകയും യുദ്ധത്തിനുശേഷം അമേരിക്കയിലെത്തുകയുമാണ് ചെയ്തത്. അവിടെ എത്തിയതിനു ശേഷവും അവൾ തന്റെ ഭർത്താവിനുവേണ്ടി കാത്തിരുന്നു.

അവളുടെ കാത്തിരിപ്പിനും പ്രാർഥനയ്ക്കും ഫലമുണ്ടായി. ദൈവം വീണ്ടും അവരെ യോജിപ്പിച്ചു. ദൈവപരിപാലനയുടെ അദൃശ്യകരങ്ങളാണ് നമ്മുടെ ജീവിതത്തെയും നിയന്ത്രിക്കുന്നത്. പലപ്പോഴും നാം അതെക്കുറിച്ചു ബോധവാന്മാരല്ലെന്നു മാത്രം. നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ നമ്മുടെ ജീവിതം മുന്നോട്ടു പോകാത്തപ്പോൾ നാം ദൈവത്തോട് പരിഭവം പറയും. ജീവിതത്തിൽ സംഭവിക്കുന്നതിനെക്കുറിച്ചൊന്നും നമുക്ക് ആശങ്ക വേണ്ട. ദൈവത്തിന്റെ തിരുവിഷ്ടമനുസരിച്ചാണോ നാം കാര്യങ്ങൾ ചെയ്യുന്നത് എന്നതു സംബന്ധിച്ചു മാത്രം മതി ആശങ്ക. അങ്ങനെയായാൽ ദുഃഖത്തിന്റെ തീവ്രനിമിഷങ്ങളിലും ദൈവപരിപാലനയുടെ അദൃശ്യകരങ്ങൾ നന്മയുടെ പാതയിലൂടെ നമ്മെ വഴിനടത്തിക്കൊള്ളും.
    
To send your comments, please clickhere