Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
August 22, 2017
 
 
    
 
Print this page
 

രണ്ടിനു പകരം മൂന്ന് മിൽക്ഷെയ്ക്കുകൾ

ഒരു യാത്രയിലായിരുന്നു ജിം റോഹനും അദ്ദേഹത്തിന്റെ ലേഡി ഫ്രണ്ടും. കാലിഫോർണിയയിലെ കാർമൽ എന്ന കൊച്ചുപട്ടണത്തിലേക്കുള്ള വഴിയിൽ ഒരു സർവീസ് സ്റ്റേഷനിൽ അവർ കാർ നിർത്തി. കാറിൽ പെട്രോൾ നിറയ്ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പമ്പിനു മുൻപിൽ കാർ എത്തിയ ഉടനെ ഒരു ചെറുപ്പക്കാരൻ പുഞ്ചിരിക്കുന്ന മുഖവുമായി അവരെ സമീപിച്ച് ചോദിച്ചു: ‘‘ഫുൾ ടാങ്കാണോ?’’ ‘‘അതെ, ഫുൾടാങ്ക് തന്നെ,’’ റോഹൻ മറുപടി പറഞ്ഞു.

ആ ചെറുപ്പക്കാരൻ വേഗം കാറിന്റെ പെട്രോൾ ടാങ്കിന്റെ അടപ്പു തുറന്ന് അതിൽ പെട്രോൾ പമ്പ് ചെയ്യാനുള്ള ഓട്ടോമാറ്റിക് സംവിധാനം ഏർപ്പെടുത്തി. അതിനുശേഷം കാറിന്റെ വിൻഡ്ഷീൽഡും വിൻഡോകളും ക്ലീൻ ചെയ്തു. തുടർന്ന് ടയറുകളുടെ എയർ നിലയും പരിശോധിച്ചു. ഒരു മൂളിപ്പാട്ടു പാട്ടിക്കൊണ്ടായിരുന്നു ഈ സമയമെല്ലാം ആ ചെറുപ്പക്കാരൻ ജോലിചെയ്തത്.

പെട്രോൾ നിറച്ചതിനുശേഷം ബില്ലുമായി ആ യുവാവ് റോഹന്റെ അരികിലെത്തി. ‘‘ഹേ, നിങ്ങൾ വളരെ നല്ല സേവനം നൽകി. ഞാൻ അതു വളരെ വിലമതിക്കുന്നു,’’ റോഹൻ യുവാവിനോടു പറഞ്ഞു. ‘‘എന്റെ ഈ ജോലി ഞാൻ ഏറെ ഇഷ്ടപ്പെടുന്നു,’’ യുവാവ് മറുപടിയായി പറഞ്ഞു. ‘‘നല്ല രസമാണ് ഈ ജോലി. പിന്നെ, നിങ്ങളെപ്പോലെയുള്ള നല്ലയാളുകളെ പരിചയപ്പെടാനും ഈ ജോലി എന്നെ സഹായിക്കുന്നു.’’

ഒരു പെട്രോൾ പമ്പിലെ ജോലി. അതാർക്കെങ്കിലും ഇഷ്ടപ്പെടുമോ? വെയിലാണെങ്കിലും മഴയാണെങ്കിലും വാഹനങ്ങൾ വരുമ്പോഴൊക്കെ പെട്രോളോ ഡീസലോ അടിച്ചുകൊടുക്കണ്ടേ? ഓഫീസിലെപ്പോലെ അല്പസമയം ഇരിക്കാൻ പറ്റുമോ? കൈനിറയെ പെട്രോളും അഴുക്കും പറ്റില്ലേ?

വിശ്രമമില്ലാതെ ചെയ്യുന്ന ഈ ജോലിക്കു ലഭിക്കുന്ന വേതനവും കുറവല്ലേ? കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആ ചെറുപ്പക്കാരനെ ഇതൊന്നും തളർത്തിയില്ല. അയാൾ ആവേശത്തോടും ആനന്ദത്തോടുംകൂടി തന്റെ ജോലിചെയ്തു. ജോലിയിലുള്ള അയാളുടെ താത്പര്യവും ശ്രദ്ധയും കണ്ടപ്പോൾ അതേക്കുറിച്ച് നല്ല വാക്കു പറയാതിരിക്കാൻ റോഹന് കഴിഞ്ഞില്ല. ആ ചെറുപ്പക്കാരനു നന്ദി പറഞ്ഞതിനുശേഷം റോഹൻ ചോദിച്ചു: ‘‘ഞങ്ങൾ കാർമലിലേക്കു പോവുകയാണ്. യാത്ര തുടരുന്നതിനു മുൻപ് ഞങ്ങൾക്ക് ഓരോ മിൽക്ഷെയ്ക് വാങ്ങണമെന്നുണ്ട്. ഇവിടെ അടുത്തെവിടെയെങ്കിലും ബാസ്കിൻ–റോബിൻസ് ഉണ്ടോ?’

മുന്തിയയിനം ഐസ്ക്രീമുകളും മിൽക്ഷെയ്ക്കുമൊക്കെ വിൽക്കുന്ന ഷോപ്പാണ് ബാസ്കിൻ–റോബിൻസ്. ‘‘ബാസ്കിൻ–റോബിൻസ് മൂന്നാലു ബ്ലോക്ക് അകലെയാണ്,’’ അങ്ങോട്ടുള്ള വഴി വിവരിച്ചുകൊണ്ട് ചെറുപ്പക്കാരൻ പറഞ്ഞു. ‘‘അതിന്റെ പിന്നിലായി പാർക്കിംഗിനുള്ള സൗകര്യവുമുണ്ട്. നിങ്ങൾക്കു നല്ല യാത്ര നേരുന്നു.’’ ‘‘എന്തൊരു പയ്യൻ!’’ യാത്ര തുടരുമ്പോൾ റോഹൻ കാറിലുണ്ടായിരുന്ന ലേഡി ഫ്രണ്ടിനോടു പറഞ്ഞു. അവർ നേരേ പോയത് ബാസ്കിൻ– റോബിൻസിലേക്കായിരുന്നു. ‘‘മൂന്നു മിൽക്ഷെയ്ക് വേണം,’’ റോഹൻ ഓർഡർ നൽകി.

‘‘ആർക്കാണ് മൂന്നാമത്തെ മിൽക്ഷെയ്ക്?’’ ഫ്രണ്ട് റോഹനോടു ചോദിച്ചു. ‘‘അതൊക്കെ പിന്നെപ്പറയാം,’’ റോഹൻ മറുപടി പറഞ്ഞു. മിൽക്ഷെയ്ക് വാങ്ങിയശേഷം അവർ നേരേ പോയത് മുൻപ് പെട്രോളടിച്ച പമ്പിലേക്കായിരുന്നു. അവിടെയെത്തിയപ്പോൾ മുൻപത്തെ ചെറുപ്പക്കാരൻ ഓടിയിറങ്ങിച്ചെന്നു. ‘‘ങാ, നിങ്ങൾക്കു മിൽക്ഷെയ്ക് കിട്ടി, അല്ലേ?’’ അയാൾ സന്തോഷപൂർവം ചോദിച്ചു.

‘‘കിട്ടി, ഇതാ, അതിലൊന്നു നിങ്ങൾക്കുള്ളതാണ്,’’ ഒരു മിൽക്ഷെയ്ക് ചെറുപ്പക്കാരനു നീട്ടിക്കൊണ്ട് റോഹൻ പറഞ്ഞു. ‘‘എനിക്കോ?’’ അദ്ഭുതംകൂറിക്കൊണ്ട് ചെറുപ്പക്കാരൻ ചോദിച്ചു. ‘‘അതെ, നിങ്ങൾക്കുതന്നെ,’’ റോഹൻ പറഞ്ഞു. ‘‘നിങ്ങൾ ഞങ്ങൾക്കു തന്ന സേവനം കണ്ടിട്ട് നിങ്ങൾക്കൊരു മിൽക്ഷെയ്ക്കെങ്കിലും തരാതെ പോകുന്നതു ശരിയല്ല.’’

‘‘വവ്! നിങ്ങളുടെ നല്ല മനസിനു വളരെ വളരെ നന്ദി,’’ മിൽക്ഷെയ്ക് വാങ്ങിക്കൊണ്ട് ചെറുപ്പക്കാരൻ പറഞ്ഞു.

അവർ യാത്രപറഞ്ഞു പോകുമ്പോൾ അയാൾ അവരുടെ ഔദാര്യമോർത്ത് അങ്ങനെ അന്തിച്ചുനിന്നുപോയി. ‘ജിം റോഹൻ വീക്ക്ലി ഇ–മാഗസി’ ന്റെ ഒരു ലക്കത്തിലാണ് റോഹൻതന്നെ ഈ കഥ പറഞ്ഞിരിക്കുന്നത്. റോഹന് പെട്രോൾ പമ്പിലെ യുവാവ് നൽകിയ സേവനം മധുരതരമായിരുന്നു. അതുപോലെയോ, അതിലേറെയോ മധുരതരമായിരുന്നു ആ യുവാവിനു റോഹൻ നൽകിയ പ്രതികരണവും.

ഇതല്ലേ പ്രതിധ്വനിയുടെ നിയമം? നാം നന്മചെയ്താൽ നമുക്കും നന്മ ലഭിക്കും. നാം മധുരതരമായി മറ്റുള്ളവർക്കു സേവനം നൽകിയാൽ അതുപോലെ അവരും നമുക്കു മധുരതരമായി സേവനം ചെയ്യും.

എന്നാൽ, നാം തിന്മ ചെയ്താലോ? അപ്പോൾ ആ തിന്മയുടെ പ്രതിധ്വനിയായിരിക്കില്ലേ നമുക്കു ലഭിക്കുക? നാം മറ്റുള്ളവർക്കു ചെയ്യേണ്ട സേവനം മോശമായാലോ? അപ്പോൾ അവരുടെ അതൃപ്തിയും വെറുപ്പുമല്ലേ നമുക്കു ലഭിക്കുക?

എന്തെങ്കിലും പ്രതീക്ഷിച്ചായിരുന്നില്ല ആ ചെറുപ്പക്കാരൻ റോഹനു നല്ല സേവനം നൽകിയത്. എന്നാൽ, നല്ല സേവനം ലഭിച്ചപ്പോൾ അത് അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു. തന്മൂലമാണ്, തന്റെ സന്തോഷം പ്രകടമാക്കാനായി ആ ചെറുപ്പക്കാരനൊരു മിൽക്ഷെയ്ക് അദ്ദേഹം വാങ്ങിക്കൊടുത്തത്.

നാമെല്ലാവരും ഓരോരോ രംഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നവരാണ്. നമ്മുടെ സേവനം കുടുംബത്തിലായാലും ജോലിസ്‌ഥലത്തായാലും അതെല്ലാം സന്തോഷപൂർവം ഏറ്റവും ഭംഗിയായി ചെയ്യുകയാണെങ്കിൽ അത് എത്രയോ ആളുകളുടെ ജീവിതമാണ് മധുരതരവും സന്തോഷപ്രദവുമാക്കുക.

നമ്മുടെ സേവനം ഏറ്റവും ഭംഗിയായി നൽകുമ്പോൾ അതിന്റെ പ്രതിധ്വനി നമ്മുടെ ജീവിതത്തിൽ ഉണ്ടാകാതിരിക്കുകയില്ലെന്നു തീർച്ചയാണ്.

ജീവിതത്തിൽ നാം ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും പ്രതിധ്വനിയുടെ നിയമം നാമറിയാതെ പ്രവർത്തിക്കുന്നുണ്ട് എന്നതു നമുക്കു മറക്കാതിരിക്കാം.

 


 
    
 
To send your comments, please click here
 
 
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.