Jeevithavijayam
4/24/2017
    
ഒരു ആണിയുടെ കുറവുകൊണ്ട്
1483 മുതൽ 1485 വരെ ഇംഗ്ലണ്ട് ഭരിച്ച രാജാവായിരുന്നു റിച്ചാർഡ് മൂന്നാമൻ. അദ്ദേഹത്തിന്റെ പിതാവ് യുദ്ധത്തിൽ മൃതിയടഞ്ഞപ്പോൾ മൂത്ത സഹോദരനായ എഡ്വേർഡാണ് രാജാവായത്. എഡ്വേർഡ് നാലാമൻ എന്നറിയപ്പെട്ട അദ്ദേഹം റിച്ചാർഡിനെ ഒൻപതാം വയസിൽ ഗ്ളസ്റ്ററിലെ ഡ്യൂക്കായി നിയമിച്ചു.

എഡ്വേർഡ് നാലാമൻ മൃതിയടയുമ്പോൾ അദ്ദേഹത്തിന്റെ പുത്രനായ എഡ്വേർഡ് അഞ്ചാമന് 12 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും എഡ്വേർഡ് അഞ്ചാമനെ രാജാവാക്കാൻ എഡ്വേർഡിന്റെ അമ്മയും മറ്റു ബന്ധുക്കളും ശ്രമിച്ചു. എന്നാൽ, റിച്ചാർഡ് മൂന്നാമൻ ഈ ശ്രമം പരാജയപ്പെടുത്തി. എഡ്വേർഡ് നാലാമന്റെ വിവാഹം സാധുതയില്ലാത്തതാണെന്നു വാദിച്ചാണ് എഡ്വേർഡ് അഞ്ചാമന് രാജാധികാരം റിച്ചാർഡ് നിഷേധിച്ചത്. 1483 ജൂലൈ ആറിന് അദ്ദേഹം സ്വയം രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു.

പക്ഷേ, റിച്ചാർഡിന്റെ ഭരണം അധികകാലം നീണ്ടുനിന്നില്ല. അദ്ദേഹത്തിനെതിരേ പോരാടിയ ഹെൻറി ട്യൂഡർ 1485–ൽ അദ്ദേഹത്തെ പരാജയപ്പെടുത്തി. ബോസ്വർത്ത് ഫീൽഡിൽ നടന്ന ഈ യുദ്ധത്തിന്റെ അന്ത്യം വിവരിക്കുന്ന പ്രസിദ്ധമായ ഒരു കഥയുണ്ട്:

ശത്രുക്കൾ ഏറെയുണ്ടായിരുന്നു റിച്ചാർഡ് മൂന്നാമന്. എങ്കിലും, അദ്ദേഹം പ്രതീക്ഷിച്ചതിനു മുൻപു തന്നെ ശത്രുക്കൾ യുദ്ധത്തിനു തയാറായി എത്തി. യുദ്ധമുന്നണിയിലേക്കു നീങ്ങാൻവേണ്ടി രാജാവ് തന്റെ വെള്ളക്കുതിരയെ കൊണ്ടുവരാൻ ആജ്‌ഞാപിച്ചു. പക്ഷേ, അപ്പോഴും കുതിര കൊല്ലന്റെ ആലയിലായിരുന്നു. കുതിരയ്ക്കു ലാടം തറയ്ക്കാൻവേണ്ടി കൊണ്ടുപോയിരിക്കുകയായിരുന്നു അവിടെ.

കൊല്ലന്റെ ആലയിൽ ഓടിയെത്തിയ സേവകൻ പറഞ്ഞു: ‘‘കുതിരയ്ക്കു വേഗം ലാടം തറയ്ക്കൂ. രാജാവു കാത്തുനില്ക്കുന്നു.’’ ‘‘തയാറാക്കിയിരുന്ന ലാടം മുഴുവൻ തീർന്നുപോയി,’’ കൊല്ലൻ പറഞ്ഞു. ‘‘ആണി ഒരെണ്ണം പോലും എടുക്കാനില്ല.’

‘‘എങ്കിൽ വേഗം അവ ഉണ്ടാക്കൂ,’’ സേവകൻ ആജ്‌ഞാപിച്ചു. കൊല്ലൻ അതിവേഗം ലാടം തീർത്തു. പക്ഷേ, ആണികൾ ഉണ്ടാക്കുന്നതിനു പിന്നെയും വൈകി.

‘‘യുദ്ധത്തിനു കാഹളം മുഴങ്ങുന്നു,’’ സേവകൻ പറഞ്ഞു. ‘‘തയാറാക്കിയ ആണികൾ വച്ച് ലാടം തറയ്ക്കൂ.’’

‘‘പക്ഷേ, ഒരാണികൂടി ഇല്ലെങ്കിൽ ലാടം ഉറച്ചിരിക്കില്ല,’’ കൊല്ലൻ പറഞ്ഞു. ‘‘ഉള്ള ആണികൾ വച്ച് ലാടം തറയ്ക്കൂ,’’ സേവകൻ വീണ്ടും ആജ്‌ഞാപിച്ചു. ‘‘ഇനിയും വൈകിയാൽ നമ്മൾ രണ്ടുപേരുടെയും തലപോകും.’’ കൊല്ലൻ വേഗം ലാടം തറച്ചു. സേവകൻ അതിവേഗം കുതിരയെ രാജസന്നിധിയിൽ എത്തിക്കുകയും ചെയ്തു. അപ്പോഴേക്കും യുദ്ധമുന്നണി സജീവമായിരുന്നു. രാജാവു വേഗം കുതിരപ്പുറത്തു കയറി യുദ്ധമുന്നണിയിലേക്കു പാഞ്ഞു. ‘‘മുന്നോട്ട്! മുന്നോട്ട്!’’ പടയാളികൾക്ക് ആവേശം പകർന്നുകൊണ്ട് അദ്ദേഹം അതിശീഘ്രം കുതിരയെ പായിച്ചു.

അപ്പോഴാണ് യുദ്ധമുന്നണിയുടെ ഒരു ഭാഗത്തുള്ള പോരാളികൾ തിരിഞ്ഞോടുന്നതു രാജാവു കണ്ടത്. അവർ തിരിഞ്ഞോടിയാൽ മറ്റു പടയാളികളും പിന്തിരിഞ്ഞോടുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അവരെ ധൈര്യപ്പെടുത്താൻ അദ്ദേഹം വേഗം അവരുടെ പക്കലേക്കു കുതിരപ്പുറത്തു പാഞ്ഞു.


പക്ഷേ, പാതിവഴിയിലെത്തിയപ്പോഴേക്കും കുതിരയുടെ ഒരു ലാടം ഊരിപ്പോയി. തന്മൂലം, നിയന്ത്രണംവിട്ട് കുതിര നിലംപതിച്ചു. നിലത്തു വീണ കുതിരയെ വീണ്ടും എഴുന്നേല്പിക്കാൻ രാജാവു ശ്രമിക്കുമ്പോൾ അതു ഭയപ്പെട്ട് എഴുന്നേറ്റ് ഓടിപ്പോയി. അപ്പോഴേക്കും അദ്ദേഹത്തിന്റെ പടയാളികളിൽ ഭൂരിഭാഗവും പിന്തിരിഞ്ഞോടാൻ തുടങ്ങിയിരുന്നു. രാജാവ് തന്റെ പടവാൾ ആകാശത്തേക്കു വീശിക്കൊണ്ടു പറഞ്ഞു: ‘‘ഒരു കുതിരയെ തരൂ! ഒരു കുതിരയെ തരൂ! ഒരു കുതിരയ്ക്കുവേണ്ടി എന്റെ രാജ്യംവരെ ഞാൻ തരാം.’’

പക്ഷേ, അദ്ദേഹത്തിന്റെ അപേക്ഷ കേൾക്കാൻ ആരുമുണ്ടായില്ല. അദ്ദേഹത്തിന്റെ പടയാളികൾ ചിന്നിച്ചിതറി. ഹെൻറിയുടെ പടയാളികളെത്തി റിച്ചാർഡ് മൂന്നാമന്റെ കഥ കഴിക്കുകയും ചെയ്തു. ഈ സംഭവത്തിനുശേഷം ജനം പറഞ്ഞതെന്താണെന്നോ? ഒരു ആണിയുടെ കുറവുകൊണ്ട് ഒരു ലാടം നഷ്ടപ്പെട്ടു. ഒരു ലാടത്തിന്റെ കുറവുകൊണ്ട് ഒരു കുതിരയെ നഷ്ടപ്പെട്ടു. ഒരു കുതിരയുടെ കുറവുകൊണ്ട് ഒരു യുദ്ധം തോറ്റു. ഒരു യുദ്ധം തോറ്റതുകൊണ്ട് ഒരു രാജ്യം നഷ്ടപ്പെട്ടു. എല്ലാം സംഭവിച്ചത് ഒരു ആണിയുടെ അഭാവംകൊണ്ടു മാത്രം.

ഒരു പരിധിവരെയെങ്കിലും ഇതു ശരിയല്ലേ? കൊല്ലന്റെ കൈവശം ആണിയുണ്ടായിരുന്നെങ്കിൽ അയാൾ കുതിരയ്ക്കു ശരിയായ രീതിയിൽ ലാടം തറയ്ക്കുമായിരുന്നില്ലേ? കുതിരയുടെ ലാടം ഊരിപ്പോയില്ലായിരുന്നുവെങ്കിൽ കുതിര കാലിടറി വീഴുമായിരുന്നോ? കുതിര വീണില്ലായിരുന്നുവെങ്കിൽ രാജാവ് തന്റെ പടയാളികളെ ആവേശഭരിതരാക്കി യുദ്ധം ചെയ്തു വിജയിക്കുമായിരുന്നില്ലേ? കുതിര വീണില്ലായിരുന്നുവെങ്കിൽ രാജാവ് യുദ്ധം ജയിക്കുമായിരുന്നുവെന്ന് ഉറപ്പിച്ചുപറയാനാവില്ല. എങ്കിൽപ്പോലും, കൊച്ചുകൊച്ചു കാര്യങ്ങളാണ് പലപ്പോഴും നമ്മുടെ ജീവിതത്തിലെ വിജയപരാജയങ്ങൾ തീരുമാനിക്കുന്നത് എന്നതു ശരിയല്ലേ?

ബുദ്ധിയുണ്ടായിട്ടും ചെറുപ്പകാലത്തെ അലസതമൂലം പലർക്കും വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവരുന്നില്ലേ? സമ്പത്തുണ്ടായിരുന്നിട്ടും പിടിപ്പുകേടുകൊണ്ടു മാത്രം മൊത്തം തകർന്നവരെ നാം കാണാറില്ലേ? പെരുമാറ്റത്തിലെ ഒരു ന്യൂനതകൊണ്ടോ സംഭാഷണത്തിലെ ഒരു പോരായ്മകൊണ്ടോ മാത്രം ഒരു നല്ല ജോലിയോ ബിസിനസിനുള്ള അവസരമോ നഷ്ടമാകുന്ന അനുഭവം ചിലർക്ക് ഉണ്ടാകാറില്ലേ? അതെ, നാം പലപ്പോഴും ചെറുതെന്നു കരുതുന്ന കാര്യങ്ങളാണ് നമ്മുടെ ജീവിതത്തിലെ വിജയപരാജയങ്ങൾ തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങളിലും നാം ശ്രദ്ധയും വിശ്വസ്തതയും പ്രകടിപ്പിച്ചേ മതിയാകൂ. വെറുതെയല്ല, ഒരു ആണിയുടെ കുറവുകൊണ്ട് ഒരു രാജ്യം നഷ്ടപ്പെടാമെന്ന് ഇംഗ്ലീഷുകാർ പറയുന്നത്.
    
To send your comments, please clickhere