Jeevithavijayam
4/25/2017
    
തലയിൽ കുത്തിക്കൊള്ളുന്നത്
ബ്രാഹ്മണനായി ജനിച്ച ശ്രീരാമകൃഷ്ണ പരമഹംസരുടെ (1836 –1886) ആദ്യത്തെ പേര് ഗദാധരൻ എന്നായിരുന്നു. ഒൻപതാമത്തെ വയസിലായിരുന്നു ഉപനയനം. അന്ന് ഗദാധരൻ എന്ന പേരുമാറ്റി രാമകൃഷ്ണൻ എന്ന പേരു സ്വീകരിച്ചു.

ആദ്ധ്യാത്മികമായിരുന്നു രാമകൃഷ്ണൻ തെരഞ്ഞെടുത്ത ജീവിത പാത. പശ്ചിമബംഗാളിലെ കുമാർപുക്കൂർ എന്ന ഗ്രാമത്തിൽ ജനിച്ച അദ്ദേഹം 1849 –ൽ കൽക്കട്ടയിലെത്തി. ഇരുപതാമത്തെ വയസിൽ അവിടെ അദ്ദേഹം കാളീക്ഷേത്രത്തിലെ പൂജാരിയുമായി. ചെറുപ്പം മുതലേ ദൈവാനുഭവത്തിന് ഉടമയായിരുന്നു രാമകൃഷ്ണൻ. പൂജാരിയായതിനുശേഷം അതു വർധിച്ചു. രാമകൃഷ്ണനെ കണ്ടവരൊക്കെ അദ്ദേഹം ഒരു ഉന്മാദാവസ്‌ഥയിലാണെന്നു കരുതി. ചിലർ അദ്ദേഹത്തിനു ഭ്രാന്താണെന്നുവരെ പറഞ്ഞു.

രാമകൃഷ്ണനെ വിവാഹം കഴിപ്പിച്ചാൽ അദ്ദേഹത്തിന്റെ ‘ഭ്രാന്ത്’ മാറിക്കൊള്ളുമെന്നു വീട്ടുകാർ കരുതി. അങ്ങനെയാണ് ഇരുപത്തിമൂന്നാമത്തെ വയസിൽ അദ്ദേഹം ശാരദാദേവി എന്ന ബാലികയെ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷവും രാമകൃഷ്ണന്റെ ഉന്മാദാവസ്‌ഥയ്ക്കു മാറ്റം വന്നില്ല. എന്നാൽ, ദൈവാനുഭവത്താൽ നിറഞ്ഞതുമൂലമുണ്ടായ ഉന്മാദമാണ് അതെന്ന് ആളുകൾക്കു ബോധ്യപ്പെടാൻ തുടങ്ങി.

ഈ കാലഘട്ടത്തിലാണു വിവേകാനന്ദനായി പിൽക്കാലത്ത് അറിയപ്പെട്ട നരേന്ദ്രൻ, രാമകൃഷ്ണന്റെ ശിഷ്യനായിത്തീർന്നത്. നരേന്ദ്രനെ ആദ്യം കണ്ടമാത്രയിൽ സ്വാമിജി പറഞ്ഞു: ‘‘ഞാൻ നിനക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. നീ ഇതുവരെ എവിടെയായിരുന്നു?’’ നരേന്ദ്രൻ എന്തു പറയാനാണ്? ആ യുവാവ് നിൾബ്ദത പാലിച്ചു. അപ്പോൾ സ്വാമിജി കുറെ മധുരപലഹാരമെടുത്തു നരേന്ദ്രന്റെ വായിൽ വച്ചുകൊടുത്ത് ഏറെ സന്തോഷം പ്രകടിപ്പിച്ചു.

ആളുകൾ പറയുന്നതുപോലെ സ്വാമിജിക്കു ഭ്രാന്തുതന്നെ – നരേന്ദ്രൻ മനസിൽ കരുതി. എങ്കിലും നരേന്ദ്രൻ വീണ്ടും വീണ്ടും സ്വാമിജിയെ സന്ദർശിച്ചുകൊണ്ടിരുന്നു. സർവസംഗപരിത്യാഗിയായി പരക്കേ അറിയപ്പെട്ടിരുന്ന സ്വാമിജിയെ പരീക്ഷിക്കുവാൻ ഒരിക്കൽ നരേന്ദ്രൻ തീരുമാനിച്ചു. സ്വാമിജി സ്‌ഥലത്തില്ലാതിരുന്ന അവസരത്തിൽ നരേന്ദ്രൻ ഒരു ഒറ്റരൂപയുടെ നാണയമെടുത്ത് അദ്ദേഹത്തിന്റെ തലയിണയ്ക്കടിയിൽ വച്ചു. പണത്തിന്റെ സാന്നിധ്യം സ്വാമിജിയെ എങ്ങനെയെങ്കിലും ബാധിക്കുമോ എന്നറിയുകയായിരുന്നു നരേന്ദ്രന്റെ ലക്ഷ്യം.

സ്വാമിജി പതിവുപോലെ ഉറങ്ങുവാൻ കിടന്നു. പക്ഷേ, അദ്ദേഹത്തിന് ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നുനോക്കി. പക്ഷേ, അതുകൊണ്ടും ഫലമുണ്ടായില്ല. എന്നുമാത്രമല്ല, അദ്ദേഹത്തിന് അസ്വസ്‌ഥത തോന്നാനും തുടങ്ങി. അദ്ദേഹം കിടക്കയിൽനിന്നെണീറ്റ് അടുത്തുകിടന്നിരുന്ന ശിഷ്യനോടു പറഞ്ഞു: ‘‘എന്റെ കിടക്കയിൽ എന്തോ ഉണ്ട്. അത് എന്നെ കുത്തുന്നതായി എനിക്കനുഭവപ്പെടുന്നു.’’

ശിഷ്യൻ എണീറ്റ് കിടക്ക പരിശോധിച്ചു. അപ്പോൾ തലയിണയ്ക്കടിയിലെ നാണയത്തുട്ടു കാണുവാനിടയായി. ശിഷ്യൻ അതെടുത്തു മാറ്റി. അപ്പോൾ സ്വാമിജി കിടന്നു സുഖമായുറങ്ങി! ലൗകിക സുഖങ്ങളിലായിരുന്നില്ല സ്വാമിജിയുടെ മനസ്. ധനസമ്പാദനമായിരുന്നില്ല സ്വാമിജിയുടെ ജീവിതലക്ഷ്യം. അതുകൊണ്ടാണ് ഒരു നാണയത്തുട്ടിന്റെ സാന്നിധ്യംപോലും അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയത്.


ആ നാണയത്തുട്ടിന് ഒരു പ്രത്യേകതകൂടിയുണ്ടായിരുന്നു. ആ നാണയം സ്വാമിജിയുടെ സ്വന്തമായിരുന്നില്ല; അത് അന്യന്റെ മുതലായിരുന്നു. അന്യന്റെ മുതൽ തന്റെ തലയണയ്ക്കടിയിൽ വന്നപ്പോൾ അദ്ദേഹത്തിന് ഉറക്കം നഷ്ടമായി. പണത്തോട്, പ്രത്യേകിച്ചും അന്യന്റെ പണത്തോട്, അത്രമാത്രം അകലമുണ്ടായിരുന്നു അദ്ദേഹത്തിന്. പണത്തോടുള്ള നമ്മുടെ ബന്ധം എങ്ങനെയാണ്? നമ്മുടെ തലയണയ്ക്കടിയിൽ പണമുള്ളപ്പോഴാണോ ഇല്ലാത്തപ്പോഴാണോ നമുക്കുറക്കം വരുക? നമ്മുടെ തലയണയ്ക്കടിയിൽ ധാരാളം പണമുള്ളപ്പോഴല്ലേ നമ്മിൽപ്പലരും ശാന്തമായി ഉറങ്ങുക? അന്യരുടെ പണം തങ്ങളുടെ തലയണയ്ക്കടിയിൽ വരാതെ ഉറക്കം വരാത്തവർ ചിലരെങ്കിലുമില്ലേ? അതുകൊണ്ടല്ലേ അന്യരുടെ മുതൽ കുത്തിവാരാൻ അവർ ശ്രമിക്കുന്നത്?

അനുദിനജീവിതത്തിൽ പണം നമുക്കാവശ്യമാണ്. എന്നാൽ, പണത്തിനുവേണ്ടി മാത്രം നാം ജീവിക്കാമോ? പണത്തോടുള്ള ആർത്തിമൂലം എത്രയോ കൊടുംപാതകങ്ങളാണ് ഓരോ ദിവസവും അരങ്ങേറുന്നത്? എത്രയോ പേരാണ് ചതിയും വഞ്ചനയും കാണിക്കുന്നത്? എത്രയോ പേരാണ് അഴിമതിയും അക്രമവും നടത്തുന്നത്? പണത്തോടുള്ള അത്യാർത്തിമൂലം പാവനമായ കുടുംബബന്ധങ്ങൾ പോലും തകരുന്നില്ലേ? പണത്തിനുവേണ്ടി സഹോദരങ്ങൾ തമ്മിൽപ്പോലും പടവെട്ടുന്നില്ലേ?

അതെ, നമ്മിൽ വളരെയേറെപ്പേർക്കും പണമില്ലാതെ ഉറങ്ങുവാൻ വയ്യ. ചിലരുടെ പണപ്പെട്ടികൾ നിറഞ്ഞുകവിഞ്ഞാണു കിടക്കുന്നതെങ്കിലും വീണ്ടും പണം സമ്പാദിക്കണമെന്നാണ് അവരുടെ മോഹം. തന്മൂലം, ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ടുതന്നെ പണസമ്പാദനത്തിനായി അവർ അഹോരാത്രം പണിപ്പെടുന്നു.

പക്ഷേ, വീണ്ടും വീണ്ടും പണം സമ്പാദിക്കുക വഴി സമാധാനവും സന്തോഷവും അവർ കണ്ടെത്തുമോ? ഒരിക്കലുമില്ല. പണം കൂടുതലായി സമ്പാദിക്കുന്തോറും അവരുടെ ഉറക്കവും ഹൃദയസമാധാനവും നഷ്ടപ്പെടുകയേയുള്ളൂ.

ആധ്യാത്മികപാത തെരഞ്ഞെടുത്ത ശ്രീരാമകൃഷ്ണൻ പണത്തോടും ധനത്തോടും ഏറെ അകലം പുലർത്തി. സമ്പത്തിനോട് അദ്ദേഹം പുലർത്തിയത്ര അകലം നമുക്കു പുലർത്തുവാൻ സാധിച്ചുവെന്നു വരില്ല. ഒരു പക്ഷേ, അത്രയും അകൽച്ച നാം പുലർത്തേണ്ടതുമില്ല.

എന്നാൽ, പണം കുന്നുകൂട്ടാൻ സാധിക്കാത്തതുകൊണ്ടു നമുക്ക് ഉറക്കം നഷ്ടമാകുന്നുവെന്നു വരുന്നത് ഏറെ കഷ്ടമാണ്. നാം പണം സമ്പാദിക്കുന്നതു പണത്തിനുവേണ്ടിയായിരിക്കരുത്; പ്രത്യുത, ജീവിതത്തിനുവേണ്ടിയായിരിക്കണം. അതും മാന്യമായ ഒരു ജീവിതത്തിനു വേണ്ടി മാത്രം.

പണത്തിന്റെ പേരിൽ നാം നമ്മുടെ ജീവിതത്തിന്റെ തേജസു നശിപ്പിക്കരുത്. പണത്തിനുവേണ്ടി നമ്മുടെ ജീവിതം കളങ്കപ്പെടുത്തുകയുമരുത്. പണത്തോടും ധനത്തോടും നമുക്കെത്രമാത്രം അകലം പാലിക്കാൻ സാധിക്കുമോ അത്രമാത്രം മനഃസമാധാനം നമുക്കുണ്ടാവും.
    
To send your comments, please clickhere