Jeevithavijayam
5/29/2017
    
ആരാണ് ഞാൻ?
വർഷങ്ങളായി ന്യൂയോർക്കിലെ ഇമ്പീരിയൽ തിയേറ്ററിൽ മുടക്കം കൂടാതെ അനുദിനം അരങ്ങേറിക്കൊണ്ടിരിക്കുന്ന നൃത്തസംഗീത നാടകമാണ് ലെ മിസെറാബ്ളെ’’’’ (പാവങ്ങൾ). ഫ്രഞ്ച് നോവലിസ്റ്റായ വിക്ടർ ഹ്യൂഗോയുടെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി നിർമിച്ചിരിക്കുന്ന ഈ മ്യൂസിക്കൽ ഇതിനോടകം കോടിക്കണക്കിന് ആളുകൾ കണ്ടതായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ഒന്നര നൂറ്റാണ്ടിനു മുമ്പുള്ള ഫ്രാൻസിന്റെ കഥ പറയുന്ന ഈ നോവൽ 1980–ലാണ് ആദ്യമായി നൃത്തസംഗീതനാടകരൂപത്തിൽ വെളിച്ചം കാണുന്നത്. അലൻ ബൂബിളും ക്ലോഡ് ഷോൺബർഗുംകൂടി ഫ്രഞ്ച്ഭാഷയിൽ അവതരിപ്പിച്ച ഈ നാടകത്തിലെ ഗാനങ്ങൾ രചിച്ചതു ഹ്യൂബർട്ട് ക്രെറ്റ്സമർ ആയിരുന്നു. ഷോൺബർഗ് ഈണംപകർന്ന ഈ ഗാനങ്ങളെല്ലാം തുടക്കംമുതലേ ശ്രോതാക്കളുടെ ശ്രദ്ധപിടിച്ചുപറ്റുകയുണ്ടായി.

പാരീസിൽ ഈ നാടകത്തിനുണ്ടായ വിജയം ഇത് ഇംഗ്ലീഷ് ഭാഷയിലാക്കുവാൻ ചിലരെ പ്രേരിപ്പിച്ചു. അങ്ങനെയാണ് അലൻ ബൂബിളിന്റെയും ഷോൺബർഗിന്റെയും നേതൃത്വത്തിൽത്തന്നെ ഈ നാടകം 1985 ഒക്ടോബറിൽ ലണ്ടനിൽ ഇംഗ്ലീഷ് ഭാഷയിൽ അരങ്ങേറിയത്.

ലണ്ടനിൽനിന്ന് ഈ നാടകം ന്യൂയോർക്കിലെത്തിയത് 1987 മാർച്ച് 12–നായിരുന്നു. 1987–ലെ ഏറ്റവും നല്ല മ്യൂസിക്കലിനുള്ള ടോണി അവാർഡ് നേടിയ ഈ നാടകം അന്നുമുതൽ ഇന്നുവരെ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്.

വിക്ടർ ഹ്യൂഗോയുടെ കഥയിൽനിന്ന് അധികമൊന്നും മാറ്റംവരുത്താതെയാണ് ഈ മ്യൂസിക്കൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പാവങ്ങ”ളിലെ നായകനായ ഷാൻ വാൽഷാൻ പത്തൊമ്പതുവർഷത്തെ ജയിൽവാസത്തിനുശേഷം ജയിൽ ചാടുന്നതു മുതൽ അദ്ദേഹത്തിന്റെ മരണംവരെയുള്ള കഥ മൂന്നരമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ നാടകത്തിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്.

വിശക്കുന്ന ഒരു കുഞ്ഞിനുവേണ്ടി ഒരപ്പക്കഷണം മോഷ്ടിച്ചതിന്റെ പേരിൽ നിർദയമായി ശിക്ഷിക്കപ്പെട്ട ഷാൻ വാൽഷാൻ ജയിൽചാടിയതിനുശേഷം മാഡലൈൻ എന്ന പേരു സ്വീകരിച്ചു പുതിയൊരു ജീവിതം കെട്ടിപ്പടുത്തു. ധനികനായ ഒരു ഫാക്ടറിയുടമയും സ്വന്തം കൊച്ചുപട്ടണത്തിലെ മേയറുമായി മാഡലൈൻ അങ്ങനെ കഴിയുമ്പോഴാണു ഷാൻ വാൽഷാൻ എന്നു തെറ്റിദ്ധരിച്ചു വേറൊരാളെ അധികാരികൾ കോടതികയറ്റിയത്.

ഈ വാർത്തകേട്ട ഷാൻ വാൻഷാൻ ആകെ ധർമസങ്കടത്തിലായി. തന്റെ പേരിൽ നിരപരാധിയായ ഒരാൾ തുറുങ്കിലടയ്ക്കപ്പെടുമെന്നു കണ്ടപ്പോൾ ഷാൻ വാൽഷാൻ സ്വയം ചോദിക്കുകയാണ്: ‘‘ആരാണു ഞാൻ? ഈ മനുഷ്യനെ അടിമത്തത്തിലേക്കു ഞാൻ അയയ്ക്കാമോ? അയാളുടെ ദുഃഖം കാണുന്നില്ലെന്നു ഭാവിക്കാൻ എനിക്കാവുമോ?

‘‘ഈ നിരപരാധി എന്റെ മുഖം ധരിച്ചുകൊണ്ടാണ് എനിക്കുവേണ്ടി ശിക്ഷിക്കപ്പെടുവാൻ പോകുന്നത്. ആരാണ് ഞാൻ?

ഷോൺബർഗ് നൽകിയ ഈണത്തിൽ ഷാൻ വാൽഷാൻ വീണ്ടും പാടുന്നു: ‘‘എനിക്ക് എന്നെത്തന്നെ എന്നന്നേക്കും ഒളിപ്പിക്കാനാവുമോ? ഞാൻ ആയിരുന്ന ആൾ അല്ലെന്ന് എനിക്കു നടിക്കാമോ?.... ഞാൻ കള്ളം പറയാമോ?


തെല്ലിട മൗനത്തിനുശേഷം ഷാൻ വാൽഷാൻ വീണ്ടും പാടുന്നു: ‘‘ഞാൻ എന്റെ സഹജീവികളെ എങ്ങനെ അഭിമുഖീകരിക്കും? എനിക്ക് എന്നെത്തന്നെ എങ്ങനെ വീണ്ടും അഭിമുഖീകരിക്കുവാൻ സാധിക്കും?’’

നിസാരമായ ഒരു കുറ്റത്തിനായിരുന്നു ഷാൻ വാൽഷാൻ അതിക്രൂരമായി ശിക്ഷിക്കപ്പെട്ടിരുന്നത്. എങ്കിലും താൻ ജയിൽചാടിയതുമൂലം മറ്റൊരു മനുഷ്യൻ തന്റെ സ്‌ഥാനത്തു ശിക്ഷിക്കപ്പെടുമെന്നു കണ്ടപ്പോൾ ഷാൻ വാൽഷാനിന്റെ ഹൃദയത്തിൽ അതികഠിനമായ സംഘട്ടനം നടന്നു. ആ സംഘട്ടനത്തിന്റെ പ്രതിഫലനമായിരുന്നു ഷാൻ വാൽഷാനിലൂടെ പുറത്തുവന്ന, മുകളിൽ കൊടുത്തിരിക്കുന്ന വാക്കുകൾ.

ഓരോരോ കാര്യത്തിന് എപ്പോഴും മറ്റുള്ളവരെ അഭിമുഖീകരിക്കേണ്ടിവരുന്നവരാണ് നമ്മൾ. നമ്മിൽ കള്ളത്തരവും കാപട്യവുമൊന്നുമില്ലെങ്കിൽ ഏതു കാര്യത്തിനും മറ്റുള്ളവരെ അഭിമുഖീകരിക്കുവാൻ നമുക്കു മടികാണില്ല. അതുപോലെ, മറ്റുള്ളവർ നമ്മുടെ കണ്ണിലേക്കു നോക്കുമ്പോൾ അവരുടെ കണ്ണുകൾ നമ്മുടെ ഹൃദയത്തിലേക്കു കടന്നുചെല്ലുമോ എന്ന ഭയവും അപ്പോൾ നമുക്കുണ്ടാവില്ല.

എന്നാൽ, നമ്മിൽ കള്ളത്തരവും കാപട്യവും തെറ്റും കുറ്റവുമുണ്ടെങ്കിൽ മറ്റുള്ളവരെ അഭിമുഖീകരിക്കുവാൻ നമുക്കു പലപ്പോഴും വൈമനസ്യം കാണും. അവർ നമ്മുടെ സത്യാവസ്‌ഥ അറിഞ്ഞേക്കാമെന്ന ഭയം നമുക്കുണ്ടാവും. എങ്കിൽപ്പോലും സ്വയം അഭിമുഖീകരിക്കുക എന്നതുപോലെ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല മറ്റുള്ളവരെ അഭിമുഖീകരിക്കുക എന്നത്. കാരണം, നമ്മുടെ കുറ്റങ്ങളും കുറവുകളും ഒരു പരിധിവരെയെങ്കിലും മറ്റുള്ളവരുടെ മുമ്പിൽ നമുക്കു മറച്ചുവയ്ക്കാനാകും. എന്നാൽ, സ്വന്തം കുറ്റങ്ങളും കുറവുകളും നമ്മുടെ മുമ്പിൽനിന്നു മറച്ചുവയ്ക്കാനാവുമോ?

അതുകൊണ്ടാണു തെറ്റുചെയ്താൽ തനിക്കു തന്നെത്തന്നെ എങ്ങനെ അഭിമുഖീകരിക്കാനാവും എന്നു ഷാൻ വാൽഷാൻ ചോദിച്ചത്. തന്റെ ആത്മാവ് ദൈവത്തിന് അവകാശപ്പെട്ടതാണ് എന്ന ഓർമയോടെ ഷാൻ വാൽഷാൻ കോടതിയിലെത്തി താൻതന്നെയാണു ഷാൻ വാൽഷാൻ എന്നു പറഞ്ഞുകൊണ്ട് നിരപരാധിയായ മനുഷ്യനെ രക്ഷിക്കുകയുണ്ടായി. അതുവഴി ഒരു നിരപരാധി രക്ഷിക്കപ്പെട്ടതോടൊപ്പം ഷാൻ വാൽഷാനിനു തന്നെത്തന്നെ അഭിമാനത്തോടെ നോക്കുവാനും സാധിച്ചു.

തെറ്റായ വഴിയിലൂടെ നാം നടന്നാൽ നമുക്കൊരിക്കലും ദൈവത്തെയും മറ്റുള്ളവരെയും അതുപോലെ നമ്മെത്തന്നെയും ശരിയായ രീതിയിൽ അഭിമുഖീകരിക്കാൻ ഒരിക്കലും സാധിക്കില്ല എന്നതു നമുക്കു മറക്കാതിരിക്കാം. അതുപോലെ നമ്മുടെ തെറ്റുകൾ നാം സ്വയം സമ്മതിക്കുമ്പോൾ ദൈവത്തെയും മറ്റുള്ളവരെയും നമ്മെത്തന്നെയും നമുക്ക് അഭിമുഖീകരിക്കുവാൻ ബുദ്ധിമുട്ടുണ്ടാവില്ല എന്നതും നമുക്കോർമിക്കാം.
    
To send your comments, please clickhere