Jeevithavijayam
6/23/2017
    
ഉത്ഥാനത്തിന്റെ മനുഷ്യർ അടിമകളല്ല
മെൽഗിബ്സൺ സംവിധാനം ചെയ്തു നിർമിച്ച ’ദി പാഷൻ ഓഫ് ദി ക്രൈസ്റ്റി’നു ശേഷം ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചു പുറത്തിറങ്ങിയ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയാണു ’റിസൺ’. ’പാഷൻ ഓഫ് ക്രൈസ്റ്റി’ൽ ലോകരക്ഷകനായ യേശുവിന്റെ പീഡാസഹനവും മരണവുമായിരുന്നു പ്രധാനമായും ചിത്രീകരിക്കപ്പെട്ടതെങ്കിൽ ’റിസൺ’ എന്ന സിനിമയുടെ കേന്ദ്രബിന്ദു അവിടത്തെ ഉത്ഥാനമാണ്.

റോബിൻഹുഡ്, വാട്ടർ വേൾഡ്, ദി കൗന്റ് ഓഫ് മോണ്ടിക്രിസ്റ്റോ എന്നീ പ്രശസ്ത ഹോളിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്ത കെവിൻ റെയ്നോൾഡ്സ് ആണു റിസൺ എന്ന ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ റെയ്നോൾഡ്സും നിർമാതാക്കളിലൊരാളായ പോൾ ആയിയേലയും ചേർന്നാണു തയാറാക്കിയിരിക്കുന്നത്. ’പാഷൻ ഓഫ് ക്രൈസ്റ്റ്’ എഡിറ്റുചെയ്ത സ്റ്റീവൻ മിർക്കോവിച്ചാണ് ഈ സിനിമയും എഡിറ്റുചെയ്തിരിക്കുന്നത് എന്നുള്ളത് ഈ സിനിമയുടെ മൂല്യം വർധിപ്പിക്കുന്നു.

ഇരുപതുകോടി ഡോളർ മുടക്കി നിർമിച്ച ഈ ചിത്രം 2016 ഫെബ്രുവരി 19–നാണു റിലീസ് ചെയ്യപ്പെട്ടത്. റിലീസ് ചെയ്യപ്പെട്ടിട്ട് കൃത്യം ഒരു മാസത്തിനുള്ളിൽ മുപ്പത്തിനാലുകോടി ഡോളർ ഈ ചിത്രം വഴി വരുമാനം ഉണ്ടായി എന്നത് ഈ ചിത്രത്തിന്റെ ബോക്സോഫീസ് വിജയം സൂചിപ്പിക്കുന്നു.

മനുഷ്യവംശത്തിന്റെ രക്ഷയ്ക്കുവേണ്ടി ക്രൂശിൽ മരിച്ച യേശുവിന്റെ ഉത്ഥാനമാണ് ഈ സിനിമയിലെ പ്രധാന പ്രമേയമെങ്കിലും അത് അവതരിപ്പിക്കുന്നത് അവിശ്വാസിയായ ഒരു റോമൻ ട്രിബ്യൂണിന്റെ കണ്ണുകളിലൂടെയാണ് എന്നുള്ളതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ബ്രിട്ടീഷ് നടനായ ജോസഫ് ഫിയെന്നസ് ആണു ക്ലാവിയസ് എന്നു പേരുള്ള ട്രിബ്യൂണിന്റെ വേഷം അണിഞ്ഞിരിക്കുന്നത്.

ദൈവപുത്രനായ യേശു കുരിശിൽ മരിച്ചു കല്ലറയിൽ അടക്കം ചെയ്യപ്പെട്ടപ്പോൾ ആ കല്ലറയ്ക്കു മുദ്രവയ്ക്കുന്നതിനു ചുമതലവഹിച്ചതു ക്ലാവിയസായിരുന്നു. പിന്നീട് യേശു ഉത്ഥാനം ചെയ്തു എന്നുകേട്ടപ്പോൾ അക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ടു നൽകുവാൻ യൂദയായിലെ ഗവർണറായിരുന്ന പന്തിയോസ് പീലാത്തോസ് നിയമിച്ചതും ക്ലാവിയസിനെത്തന്നെയായിരുന്നു.

മരിച്ചവരിൽനിന്നു യേശു ഉയിർത്തെഴുന്നേറ്റപ്പോൾ അതു വിശ്വസിക്കുവാനോ അംഗീകരിക്കുവാനോ യഹൂദമതമേലധികാരികൾ തയാറായില്ല. സിനിമയിലെ കഥ അനുസ്മരിച്ചു പീലാത്തോസും യേശുവിന്റെ ഉത്ഥാനത്തിൽ വിശ്വസിക്കുവാൻ തയാറായില്ല. എന്നുമാത്രമല്ല, യേശുവിന്റെ മൃതശരീരം ആരോ മോഷ്‌ടിച്ചുകൊണ്ടുപോയി എന്നു വരുത്തിത്തീർക്കുവാനും പീലാത്തോസ് പരിശ്രമിച്ചു.

പീലാത്തോസിന്റെ ഈ കുതന്ത്രങ്ങൾക്കു ക്ലാവിയസ് ആദ്യം കൂട്ടുനിന്നെങ്കിലും അന്വേഷണം പുരോഗമിക്കുംതോറും യേശു ഉയിർത്തെഴുന്നേറ്റു എന്ന ബോധ്യത്തിലേക്കാണ് അദ്ദേഹം വന്നത്. എന്നാൽ, തന്റെ ചിന്തയിൽ അത് അംഗീകരിച്ചുകൊടുക്കുവാൻ ആദ്യം അദ്ദേഹത്തിനു സാധിച്ചില്ല.

ഓരോ ദിവസം കഴിയുന്തോറും യേശുവിന്റെ ഉത്ഥാനം ഒരു യാഥാർഥ്യമായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. അങ്ങനെയാണു പീലാത്തോസിന്റെ അപ്രിയം ഉണ്ടാകുമെന്നറിഞ്ഞിട്ടും യേശുവിന്റെ ശിഷ്യരെ സഹായിക്കുവാൻ അദ്ദേഹം തയാറായത്. അതുവഴിയായി ഉത്ഥാനം ചെയ്ത യേശുവിനെ ദർശിക്കുവാനും ക്ലാവിയസിനു ഭാഗ്യംലഭിച്ചു. സിനിമയുടെ അവസാനം യേശു സ്വർഗാരോഹണം ചെയ്യുമ്പോൾ അതു വീക്ഷിക്കുന്ന ശിഷ്യരുടെ മധ്യേ ക്ലാവിയസുമുണ്ടായിരുന്നു.


ക്ലാവിയസ് ഒരു ചരിത്രകഥാപാത്രമല്ല. പ്രത്യുത ഒരു ഭാവനാസൃഷ്‌ടി മാത്രമാണ്. എങ്കിൽപ്പോലും ക്ലാവിയസിന്റെ കണ്ണുകളിലൂടെ യേശുവിന്റെ ഉത്ഥാനം എന്ന ചരിത്രസത്യം അവതരിപ്പിക്കപ്പെട്ടപ്പോൾ അത് അനേകരുടെ വിശ്വാസം ആഴപ്പെടുത്തുകയുണ്ടായി.

യേശുവിന്റെ ഉത്ഥാനം അതുസംഭവിച്ചപ്പോൾ എന്നപോലെ ഇപ്പോഴും മനുഷ്യരാശിക്കു നിത്യജീവനെക്കുറിച്ച് ഉറപ്പും പ്രതീക്ഷയും നൽകുന്ന സംഭവമാണ്. തന്മൂലമാണ് യേശുവിന്റെ ഉത്ഥാനം ലോകം മുഴുവനും ഇന്നും ആഘോഷിക്കുന്നത്. ദൈവപുത്രനായ യേശുവിന്റെ ഉത്ഥാനം ഇന്നും മനുഷ്യർക്കു നിത്യജീവനിലേക്കുള്ള ഉറപ്പും പ്രതീക്ഷയും നൽകുന്നതുകൊണ്ടുതന്നെയാണു റിസൺ എന്ന പേരിലുള്ള സിനിമ നിർമിക്കുവാൻ അതിന്റെ നിർമാതാക്കൾ തയാറായത്. സിനിമ നിർമിച്ചവരുടെ ഒരു വിശ്വാസപ്രഖ്യാപനമായി ഈ സിനിമയെ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ അതിൽ കുറ്റംപറയാനാവില്ല. കാരണം, അത്രമാത്രം ഊന്നൽ യേശുവിന്റെ ഉത്ഥാനത്തിന് ഈ സിനിമയിൽ ലഭിക്കുന്നുണ്ട്.

ഇന്നു ലോകമെമ്പാടും ഈസ്റ്റർ ആഘോഷിക്കുകയാണ്. യേശുവിന്റെ ഉത്ഥാനം അനുസ്മരിക്കുന്ന ഈസ്റ്റർ ഒരു വെ റും ആഘോഷമായി അധഃപതിക്കുവാൻ നാം അനുവദിക്കരുത്. പ്രത്യുത അതു നമ്മുടെ വിശ്വാസ പ്രഖ്യാപനമായി മാറണം. റിസൺ എന്ന സിനിമ നിർമിച്ചവർ യേശുവിന്റെ ഉത്ഥാനത്തെ തങ്ങളുടെ വിശ്വാസവിഷയമായി അവതരിപ്പിച്ചതുപോലെ നമ്മുടെ ഈസ്റ്റർ ആഘോഷങ്ങൾ അവിടുത്തെ ഉത്ഥാനത്തിലുള്ള നമ്മുടെ വിശ്വാസത്തിന്റെ ബഹിർസ്ഫുരണമായി മാറണം. അതായതു യേശുവിന്റെ ഉത്ഥാനം വഴി നമ്മുടെ നിത്യജീവനെക്കുറിച്ചു നമുക്കു ലഭിച്ചിരിക്കുന്ന ഉറപ്പും പ്രതീക്ഷയും നമ്മുടെ അനുദിന ജീവിതത്തിൽ പ്രത്യക്ഷമാകണം.

മറ്റു വാക്കുകളിൽ പറഞ്ഞാൽ നാം ഉത്ഥാനത്തിന്റെ മനുഷ്യരായി മാറണം എന്നു ചുരുക്കം.

നാം ഉത്ഥാനത്തിന്റെ മനുഷ്യരാണെങ്കിൽ നാം ഒരിക്കലും ഒരു പാപത്തിന്റെയും അടിമയാവില്ല. അതുപോലെ, നമ്മുടെ ജീവനെ നശിപ്പിക്കുന്ന ഒരു ദുശീലത്തിന്റെയും അടിമയാകുവാൻ നാം ഒരിക്കലും അനുവദിക്കുകയില്ല. എന്നുമാത്രമല്ല, ഒരു ദുഷ്‌ടശക്‌തിയും നമ്മെ കീഴ്പ്പെടുത്തുവാൻ നാം അവസരം കൊടുക്കുകയുമില്ല. കാരണം, ഉത്ഥാനം ചെയ്ത യേശുവിന്റെ രക്ഷാകരശക്‌തി ഉത്ഥാനത്തിന്റെ മനുഷ്യരിലുണ്ട് എന്നതുതന്നെ.

യേശുവിന്റെ ഉത്ഥാനം അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഈ ദിവസം അവിടത്തെ രക്ഷാകരശക്‌തി കൂടുതലായി നമ്മിലേക്കു പ്രവഹിക്കുവാൻ നമ്മുടെ ഹൃദയങ്ങൾ നമുക്കു തുറന്നുകൊടുക്കാം. എല്ലാവർക്കും ഈസ്റ്റർ മംഗളാശംസകൾ !
    
To send your comments, please clickhere