Jeevithavijayam
6/26/2017
    
ജോലിയിലല്ല, ചെയ്യുന്ന രീതിയിലാണ് മഹത്വം
പ്രചോദനാത്മക ഗ്രന്ഥകാരൻ, വാഗ്മി എന്നീ നിലകളിൽ അറിയപ്പെടുന്ന അമേരിക്കക്കാരനാണ് ബോബ് പെർക്ക്സ്. അദ്ദേഹം ഒരിക്കൽ ഫെഡറൽ ഗവൺമെന്റിനുവേണ്ടി ജോലിചെയ്യുന്ന അവസരം. ആ ജോലിയുടെ ഭാഗമായി പൊതുജനങ്ങളിൽനിന്നു വിവരങ്ങൾ ശേഖരിക്കാനായി ഒരു സർവേ നടത്തുകയുണ്ടായി. ആ സർവേയുടെ സമയത്ത് കണ്ടുമുട്ടിയ രണ്ട് ആളുകളെക്കുറിച്ച് അദ്ദേഹം ഒരു ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്. ചെറുപ്പക്കാരായ ദമ്പതികളായിരുന്നു അവർ.

സർവേ ചെയ്യാൻവേണ്ടി പെർക്ക്സ് അവരുടെ ഭവനത്തിലെത്തിയപ്പോൾ സംസാരിക്കാൻ അവർക്ക് ആദ്യം വൈമുഖ്യമായിരുന്നു. എന്നാൽ, സർവേയുടെ ലക്ഷ്യം വിശദീകരിച്ചപ്പോൾ സംസാരിക്കാൻ അവർ തയാറായി. എന്നുമാത്രമല്ല, ആതിഥ്യമര്യാദയുടെ ഭാഗമായി അവർ പെർക്ക്സിന് ശീതളപാനീയം നൽകുകയും ചെയ്തു.

ആമുഖസംഭാഷണത്തിനിടെ അവരുടെ പേരും മറ്റും ചോദിച്ച ശേഷം അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുമ്പോൾ യുവതിയായ സ്ത്രീ തന്റെ ഭർത്താവിനെ നോക്കിക്കൊണ്ടു പറഞ്ഞു, ‘ ജോ സിറ്റിക്കുവേണ്ടിയാണു ജോലിചെയ്യുന്നത്.‘ അപ്പോൾ പെർക്ക്സ് ചോദിച്ചു, ‘എന്തു ജോലിയാണ് ജോ ചെയ്യുന്നത്?‘

ഉടൻ ആ സ്ത്രീ തന്റെ ഭർത്താവിനു സംസാരിക്കാൻ അവസരം നൽകാതെ തിടുക്കത്തിൽ പറഞ്ഞു, ‘ജോ ഒരു ഗാർബേജ് കളക്ടറാണ്. അദ്ദേഹം ചെയ്യുന്ന ജോലിയെക്കുറിച്ച് എനിക്കു വളരെ അഭിമാനമുണ്ട്.‘

അപ്പോൾ ജോ പറഞ്ഞു, ‘ഹണീ, ഇക്കാര്യത്തെക്കുറിച്ചു കേൾക്കാൻ അദ്ദേഹത്തിനു താത്പര്യമുണ്ടാവില്ല.‘ ഉടൻ അക്കാര്യത്തെക്കുറിച്ചു കേൾക്കാൻ തനിക്കു താത്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേത്തുടർന്ന് യുവതി തന്റെ ഭർത്താവിന്റെ ജോലിയെക്കുറിച്ച് ഇപ്രകാരം വിശദീകരിച്ചു, ‘ഈ സിറ്റിയിലെ ഏറ്റവും നല്ല ഗാർബേജ് കളക്ടറാണ് ജോ. അദ്ദേഹം മാലിന്യം ശേഖരിക്കുന്നതുപോലെ മറ്റാരും ശേഖരിക്കാറില്ല. എന്നു മാത്രമല്ല, ട്രക്ക് നിറയെ മാലിന്യം ശേഖരിക്കുന്നതുകൊണ്ട് വണ്ടിയുടെ ഓട്ടം കുറയ്ക്കാൻ സാധിക്കുന്നുമുണ്ട്. അതുവഴിയായി സിറ്റിക്ക് ചെലവും കുറയുന്നുണ്ട്.‘

അപ്പോൾ ജോ പറഞ്ഞു, ‘അങ്ങനെ ചെയ്യുന്നതാണല്ലോ സിറ്റിക്കും മറ്റെല്ലാവർക്കും നല്ലത്.‘ ജോ പറഞ്ഞതിന്റെ അർഥം മനസിലാക്കാൻ അൽപം സമയം എടുത്തശേഷം പെർക്ക്സ് പറഞ്ഞു, ‘ഇത് അതിശയകരമായിരിക്കുന്നു. സാധാരണ ആൾക്കാർ ഇത്തരമൊരു ജോലിയെക്കുറിച്ച് പരാതി പറയുകയാണല്ലോ പതിവ്!‘

ഉടൻ യുവതി പറഞ്ഞു, ‘ഞങ്ങളുടെ മൂന്നാമത്തെ കുട്ടി പിറന്നപ്പോൾ ജോയുടെ ജോലി നഷ്ടപ്പെട്ടു. അപ്പോൾ കുറേക്കാലം തൊഴിലില്ലായ്മവേതനം സ്വീകരിച്ചു. എന്നാൽ പിന്നീട് ഒരു ജോലി ലഭിച്ചു. അതു സിറ്റിക്കുവേണ്ടി മാലിന്യം ശേഖരിക്കുന്ന ജോലിയായിരുന്നു. ആ ജോലിയെക്കുറിച്ച് ജോയ്ക്ക് വലിയ വിഷമമായിരുന്നു.‘

ഇത്രയും പറഞ്ഞശേഷം ആ സ്ത്രീ തന്റെ ഭർത്താവിന്റെ മുഖത്തേക്കു നോക്കി പറഞ്ഞു, ‘എനിക്ക് ജോയെക്കുറിച്ച് എന്നും അഭിമാനമായിരുന്നു. ഇനിയും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും. ഒരുജോലി അല്ലല്ലോ ഒരാൾക്കു മഹത്വം നൽകുന്നത്. ഒരാൾ ഒരു ജോലി എങ്ങനെ ചെയ്യുന്നുവോ അതല്ലേ അയാൾക്കു മഹത്വം നൽകുന്നത്.


‘ജോയുടെ ജോലി എളുപ്പമാക്കാൻവേണ്ടി ഞങ്ങൾ ഈ വീട് വാടകയ്ക്കെടുത്ത് ഇവിടെ താമസമാക്കി. അപ്പോൾ ഈ വീടിന്റെ മുൻവാതിലിനു പിന്നിൽ അച്ചടിച്ച് ഫ്രെയിം ചെയ്തുവച്ചിരുന്ന ഒരു വാചകം കണ്ടെത്തി. അതു ഞങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റംവരുത്തി.‘ ഇത്രയും പറഞ്ഞശേഷം ആ സ്ത്രീ ഫ്രെയിം ചെയ്തുവച്ചിരുന്ന ആ വാചകം പെർക്ക്സിനെ കാണിച്ചു. അത് ഇപ്രകാരമായിരുന്നു.

‘ഒരാൾ തെരുവ് തൂപ്പുകാരനായി ജീവിക്കാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെങ്കിൽ മൈക്കിൾ ആഞ്ജലോ പെയിന്റ് ചെയ്തതുപോലെയോ അല്ലെങ്കിൽ ബിഥോവൻ സംഗീതം രചിച്ചതുപോലെയോ അല്ലെങ്കിൽ ഷേക്സ്പിയർ കവിത എഴുതിയതുപോലെയോ അയാൾ ഏറ്റവും ഭംഗിയായി തന്റെ ജോലി ചെയ്യണം. അപ്പോൾ സ്വർഗത്തിലെ മാലാഖമാരും മറ്റും പറഞ്ഞു: ഇവിടെ മഹാനായ ഒരു തെരുവു തൂപ്പുകാരൻ ജീവിച്ചിരുന്നു.

പെർക്സ് ഈ ഉദ്ധരണി വായിച്ചുകഴിഞ്ഞപ്പോൾ ആ സ്ത്രീ പറഞ്ഞു, ‘ഞാൻ എന്റെ ഗാർബേജ് കളക്ടറെ സ്നേഹിക്കുന്നു. അദ്ദേഹം തന്റെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്നു. അതാണ് അദ്ദേഹത്തിന്റെ മഹത്വം.‘

നാം ചെയ്യുന്ന ജോലിയാണോ നമുക്ക് മഹത്വം നൽകുന്നത്? അതോ നാം ജോലിചെയ്യുന്ന രീതിയാണോ നമുക്ക് മഹത്വം നൽകുന്നത്? മുകളിൽ കൊടുത്തിരിക്കുന്ന കഥയനുസരിച്ച് നാം നമ്മുടെ ജോലി ചെയ്യുന്ന രീതിയാണ് നമുക്ക് മഹത്വം നൽകുന്നത്. എന്നാൽ അതിൽ എത്രപേർ ഇത് അംഗീകരിക്കും.

നാം വളർന്നുവരുന്ന സാംസ്കാരിക–സാമൂഹിക പശ്ചാത്തലത്തിൽ നാം ചെയ്യുന്ന ജോലിക്ക് നാം വലിയ പ്രാധാന്യം നൽകാറുണ്ട്. എന്നു മാത്രമല്ല, ചില ജോലികൾ മറ്റു ജോലികളിൽ നിന്ന് ഏറെ മെച്ചമാണെന്നു നാം കരുതുകയും ചെയ്യുന്നു. തന്മൂലമല്ലേ മെഡിസിൻ രംഗത്തും എൻജിനിയറിംഗ് രംഗത്തുമൊക്കെ ധാരാളം ആളുകൾ ഇടിച്ചുകയറാൻ ശ്രമിക്കുന്നത്.

മെഡിസിൻ, എൻജിനിയറിംഗ് രംഗങ്ങളിലേക്കുമൊക്കെ സമൂഹത്തിന്റെ ആവശ്യമനുസരിച്ച് എത്ര ആളുകൾ കടന്നുചെന്നാലും അതിൽ അപാകതയൊന്നുമില്ല. എന്നാൽ, മറ്റു സേവനരംഗങ്ങളെ അവജ്‌ഞയോടെയാണ് നാം വീക്ഷിക്കുന്നതെങ്കിൽ അതു വലിയ അബദ്ധമായിരിക്കും എന്നതിൽ സംശയമില്ല. എന്നുമാത്രമല്ല, അതു നമ്മുടെ സാംസ്കാരികപാപ്പരത്തം വ്യക്‌തമാക്കുകകൂടിയായിരിക്കും ചെയ്യുക.

നാം ചെയ്യുന്ന വിവിധ തരത്തിലുള്ള ജോലികൾക്കു വിവിധ രീതിയിലുള്ള പ്രാധാന്യമുണ്ട്. എന്നാൽ, നാം ചെയ്യുന്ന ജോലിയാണ് നമ്മെ നാമാക്കിത്തീർക്കുന്നത് എന്നു നാം വിശ്വസിച്ചാൽ അതു മാത്രം മതി നമ്മുടെ മഹത്വം കുറയ്ക്കാൻ.

മുകളിൽ കൊടുത്തിരിക്കുന്ന കഥയിൽ വ്യക്‌തമാക്കിയിരിക്കുന്നതുപോലെ, നാം ഏതു ജോലി ചെയ്താലും അത് എത്രമാത്രം വിശ്വസ്തതയോടും വിജയകരമായും ചെയ്യുന്നുവോ അതായിരിക്കും നമ്മെ ശരിക്കും മഹത്വമുള്ളവരാക്കുക. അല്ലാതെ നാം ഏതെങ്കിലും ഒരു ’നല്ല’ ജോലി സമ്പാദിച്ചതുകൊണ്ടു നാം കേമന്മാരായി മാറുന്നില്ല.

നാമാണ് നമ്മുടെ ജോലിക്ക് മഹത്വം നൽകുന്നത്. അല്ലാതെ നാം ചെയ്യുന്ന ജോലിയല്ല നമുക്ക് ശരിക്കും മഹത്വം നൽകുന്നത് എന്നത് നമുക്കു മറക്കാതിരിക്കാം.
    
To send your comments, please clickhere