Jeevithavijayam
6/29/2017
    
മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ മടിക്കരുത്
2006ൽ ഫിക്ഷനുള്ള പുലിറ്റ്സർ സമ്മാനം നേടിയ പത്രപ്രവർത്തകയും നോവലിസ്റ്റുമാണ് ജറാൾഡീൻ ബ്രൂക്സ്. 1995 സെപ്റ്റംബർ 14–ന് ഓസ്ട്രേലിയയിലെ ആഷ്ഫീൽഡ് എന്ന സ്‌ഥലത്താണ് ജറാൾഡീൻ ജനിച്ചത്. അമേരിക്കയിൽനിന്ന് ഓസ്ട്രേലിയയിൽ കുടിയേറിപ്പാർത്ത ഒരു പത്രപ്രവർത്തകനായിരുന്നു ജറാൾഡീന്റെ പിതാവ്. യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ ബിരുദപഠനത്തിനു ശേഷം ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ 1983–ൽ ജേർണലിസത്തിൽ ബിരുദാനന്തരബിരുദം നേടി. ഇതിനിടെ പത്രപ്രവർത്തകയായി ജനറാൾഡീൻ സേവനം തുടങ്ങിയിരുന്നു.

ദി വാൾസ്ട്രീറ്റ് ജേർണൽ എന്ന അമേരിക്കൻ പത്രത്തിന്റെ പ്രതിനിധിയായി ആഫ്രിക്കയിലും മിഡിൽഈസ്റ്റിലുമൊക്കെ പ്രവർത്തിച്ച ജറാൾഡീൻ പത്രപ്രവർത്തനരംഗത്ത് ഏറെ അറിയപ്പെടാൻ തുടങ്ങി. അതിനു പിന്നാലെയാണ് ഗ്രന്ഥരചനാരംഗത്തേക്ക് ജറാൾഡീൻ കടന്നത്. നൈൻ പാർട്സ് ഓഫ് ഡിസയർ എന്ന പേരിൽ 1994–ൽ പ്രസിദ്ധീകരിച്ച പുസ്തകം ഒരു ഇന്റർനാഷണൽ ബെസ്റ്റ് സെല്ലറായിരുന്നു. മിഡിൽഈസ്റ്റിലെ മുസ്ലിം സ്ത്രീകളെക്കുറിച്ചുള്ള ഈ ഗ്രന്ഥം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.

ജറാൾഡീൻ എഴുതിയ ആദ്യ നോവൽ ഇയർ ഓഫ് വണ്ടേഴ്സ് വലിയ വിജയമായിരുന്നു. ഈ നോവലിനു പിന്നാലെ 2005–ൽ പ്രസിദ്ധീകരിച്ച മാർച്ച് എന്ന നോവലാണ് ജറാൾഡീന് പുലിറ്റ്സർ സമ്മാനം നേടിക്കൊടുത്തത്. പീപ്പിൾ ഓഫ് ദ ബുക്ക്, കാലെബ്സ് ക്രോസിംഗ്, ദി സീക്രട്ട് കോർഡ് എന്നിവയാണ് ജറാൾഡീന്റെ മറ്റു പ്രശസ്തമായ നോവലുകൾ.

ജറാൾഡീൻ അറിയപ്പെടുന്ന ഒരു എഴുത്തുകാരിയായതിന്റെ പിന്നിൽ വലിയൊരു പ്രോത്സാഹനത്തിന്റെ കഥയുണ്ട്. ചെറുപ്പത്തിൽത്തന്നെ വായനയിൽ വലിയ താത്പര്യമുള്ള കുട്ടിയായിരുന്നു ജറാൾഡീൻ. ഇക്കാര്യം മനസിലാക്കിയ ജറാൾഡീന്റെ വല്യപ്പച്ചൻ സന്ദർഭവശാൽ ജറാൾഡീനെക്കുറിച്ച് ആർത്തിയ ഗ്ലാസ്ബി എന്ന തന്റെ ഒരു സ്നേഹിതയുമായി സംസാരിക്കാനിടയായി. ജറാൾഡീന്റെ വായനാശീലത്തെക്കുറിച്ചു കേൾക്കാനിടയായ ആ സ്ത്രീ എല്ലാവർഷവും ജറാൾഡീന്റെ ജന്മദിനത്തിന്റെയും ക്രിസ്മസിന്റെയും അവസരങ്ങളിൽ നല്ല ഓരോ പുസ്തകം ജറാൾഡീന് അയച്ചുകൊടുക്കുമായിരുന്നു.

അങ്ങനെ അയച്ചുകൊടുത്തിരുന്ന ഓരോ പുസ്തകത്തിലും ജറാൾഡീന് സ്നേഹപൂർവം ആർത്തിയ ഗ്ലാസ്ബി എന്നു മനോഹരമായ ലിപിയിൽ എഴുതിയിരുന്നു. ജറാൾഡീൻ പറയുന്നതനുസരിച്ച് അവർ ഒരിക്കലും പരസ്പരം കണ്ടുമുട്ടിയിട്ടില്ല. ദി പവർ ഓഫ് ഗുഡ് എന്ന ഗ്രന്ഥത്തിൽ മക്ക്രിൻഡിൽ എന്ന ഗ്രന്ഥകാരൻ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച്, ആർത്തിയ എന്ന ആ നല്ല സ്ത്രീയെക്കുറിച്ച് ജറാൾഡീൻ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്.

‘ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കുട്ടിക്കുവേണ്ടി എന്തുകൊണ്ടാണ് ഈ മാന്യസ്ത്രീ തന്റെ സമയവും പണവും ചെലവഴിച്ചതെന്ന് എനിക്കറിയില്ല. കാരണമെന്തായാലും അവരെ നേരിൽകണ്ട് അവർക്കു നന്ദിപറയാൻ സാധിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. അതുപോലെ അവർ അയച്ചുതന്ന പുസ്തകങ്ങൾ എന്റെ വായനാശീലത്തെ എങ്ങനെ പ്രോത്സാഹിപ്പിച്ചു എന്നും അതു കാലാന്തരത്തിൽ എന്നെ എങ്ങനെ ഒരു എഴുത്തുകാരിയാക്കി മാറ്റിയെന്നും അവരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അതോടൊപ്പം, ഞാൻ ഒപ്പിട്ട ബൗണ്ട് എഡീഷനിലുള്ള എന്റെ ഒരു പുസ്തകത്തിന്റെ കോപ്പി അവർക്കുകൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഒപ്പിന് അവരുടെ ഒപ്പിന്റെപോലെ മനോഹാരിത ഉണ്ടായിരിക്കുകയില്ല. എങ്കിലും പുസ്തകത്തിന്റെയും എഴുത്തിന്റെയും ലോകത്തിലേക്ക് എന്നെ നയിച്ചതിനുള്ള നന്ദി ഞാൻ അവർക്കു കൊടുക്കുന്ന പുസ്തകത്തിൽ കുറിച്ചുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.‘


ജറാൾഡീനുമായി ആർത്തിയ എന്ന സ്ത്രീക്ക് ഒരുബന്ധവും ഉണ്ടായിരുന്നില്ല. ജറാൾഡീനെ ആർത്തിയ നേരിൽ കണ്ടിട്ടുമുണ്ടായിരുന്നില്ല. എങ്കിലും ജറാൾഡീന്റെ വായനാശീലത്തെക്കുറിച്ചു കേട്ടപ്പോൾ ആ കുട്ടിയുടെ വായനയെ പ്രോത്സാഹിപ്പിക്കാൻ ആർത്തിയ തയാറായി. അങ്ങനെയാണ് അവർ ജറാൾഡീന് എല്ലാവർഷവും രണ്ടുപ്രാവശ്യം വീതം നല്ല പുസ്തകങ്ങൾ അയയ്ക്കാൻ തുടങ്ങിയത്. ജറാൾഡീൻ പറയുന്നതനുസരിച്ച് ആർത്തിയ നൽകിയ ഈ പ്രോത്സാഹം ഒരു എഴുത്തുകാരിയായി വളരാൻ ജറാൾഡീനെ വളരെ സഹായിച്ചുവത്രേ.

നമ്മുടെ ഓരോ കാര്യങ്ങളിൽ ആരെങ്കിലും വാക്കാലോ പ്രവൃത്തിയാലോ നമുക്ക് പ്രോത്സാഹനം നൽകിയാൽ നമുക്ക് എന്തു സന്തോഷമാണ്! പലപ്പോഴും മറ്റുള്ളവരുടെ പ്രോത്സാഹജനകമായ വാക്കുകളും പ്രവൃത്തികളുമാണ് പ്രതിബന്ധങ്ങൾക്കിടയിലും മുന്നോട്ടുപോകാൻ നമ്മെ പ്രേരിപ്പിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മറ്റുള്ളവർക്ക് അവർ അർഹിക്കുന്ന രീതിയിൽ നമ്മൾ പ്രോത്സാഹനവും പ്രചോദനവും നൽകാറുണ്ടോ?

മറ്റുള്ളവർ ചെയ്യുന്ന നല്ലകാര്യങ്ങൾ അംഗീകരിക്കാൻതന്നെ പലപ്പോഴും നമുക്ക് ബുദ്ധിമുട്ടാണ്. അപ്പോൾപ്പിന്നെ അവരെ അഭിനന്ദിച്ചു പ്രോത്സാഹിപ്പിക്കുക എന്നത് അതിലേറെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. അതുകൊണ്ടാണല്ലോ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന കാര്യം വരുമ്പോൾ നാം ഏറെ പിന്നിൽപ്പോകുന്നത്.

നാം നമ്മുടെ വിവിധ ജീവിതരംഗങ്ങളിൽ വിജയം നേടിയിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ തീർച്ചയായും മറ്റുള്ളവരുടെ പിന്തുണയും പ്രോത്സാഹനവും ഉണ്ടായിട്ടുണ്ടാവണം. എന്നാൽ നമ്മുടെ വളർച്ചയിൽ മറ്റുള്ളവരുടെ പ്രോത്സാഹനം ലഭിക്കാത്തതിന്റെ പോരായ്മയും കണ്ടെത്തിയിരിക്കാം. അതുകൊണ്ടുതന്നെ മറ്റുള്ളവർക്കു പ്രോത്സാഹനവും പ്രചോദനവും നൽകുന്നതിൽനിന്ന്് നാം ഒരിക്കലും പിന്നോട്ടുപോകരുത്.

ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെയാണ് ആർത്തിയ പ്രോത്സാഹിപ്പിച്ചത്. അത്രയും നമുക്ക് സാധിച്ചില്ലെങ്കിലും നമ്മുടെ ചുറ്റിലും നാം കണ്ടെത്തുന്നവർക്ക് അവർക്കാവശ്യമായ പ്രോത്സാഹനവും പ്രചോദനവും നൽകുന്ന കാര്യത്തിൽ നാം ഒരിക്കലും പിന്നോട്ടുപോകരുത്. മറ്റുള്ളവരുടെ വളർച്ചയിൽ നാം അവർക്കു നൽകുന്ന പ്രോത്സാഹനം എന്നും ഫലം നൽകുമെന്ന കാര്യം നമുക്ക് മറക്കാതിരിക്കാം.
    
To send your comments, please clickhere