Jeevithavijayam
7/20/2017
    
നമ്മുടെ പ്രതിഷ്ഠ എവിടെ?
മിസ്റ്റർ പമ്പ്. എ.എ. മിൽനി എഴുതിയ ടു പീപ്പിൾ എന്ന നോവലിലെ കഥാപാത്രമായ അദ്ദേഹം ലണ്ടനിലെ പ്രമുഖമായ ഒരു പബ്ലിഷിംഗ് കമ്പനിയുടെ ഉടമയാണ്. നോവലിലൊരിടത്ത് പമ്പിനെക്കുറിച്ച് ഒരു വിവരണമുണ്ട്. അതിപ്രകാരമാണ്:

മിസ്റ്റർ പമ്പ് ഒരിക്കലും ഒരു കപടനാട്യക്കാരനായിരുന്നില്ല. അദ്ദേഹം ഒരു ആധ്യാത്മിക മനുഷ്യനായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ആധ്യാത്മികത ഏറെ പവിത്രമായിരുന്നതുകൊണ്ട് തന്റെ ബിസിനസ് രംഗത്തേക്ക് അദ്ദേഹം ഒരിക്കലും തന്റെ ആധ്യാത്മികത കൊണ്ടുപോയില്ല.

അദ്ദേഹം ഓഫീസിൽ പോയിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന തൊപ്പിയായിരുന്നില്ല ദേവാലയത്തിൽ പോയിരുന്നപ്പോൾ ഉപയോഗിച്ചിരുന്നത്! അദ്ദേഹത്തിനു രണ്ടു തൊപ്പികളുണ്ടായിരുന്നു!

തിങ്കളാഴ്ച രാവിലെ അദ്ദേഹം സൗകര്യപൂർവം ദൈവത്തെ ഒരു മൂലയിലേക്കു മാറ്റിവയ്ക്കും. എന്നിട്ടു ശനിയാഴ്ചവരെ അദ്ദേഹം ധനദേവതയെ സേവിക്കും. വീണ്ടും ഞായറാഴ്ച രാവിലെ അദ്ദേഹം ദൈവത്തിലേക്കു മടങ്ങിവരും. ആർക്കും ഒരേസമയം രണ്ടു യജമാനന്മാരെ സേവിക്കുക സാധ്യമല്ല!

ദൈവത്തെയും ധനദേവതയെയും ഒരുപോലെ ഒരേസമയം പൂജിക്കുക സാധ്യമല്ല. ഇക്കാര്യം വ്യക്‌തമായി അറിയാമായിരുന്നതുകൊണ്ടാണ് പമ്പ് തന്റെ ദിവസങ്ങൾ ദൈവത്തിനും ധനദേവതയ്ക്കുമായി വീതിച്ചുകൊടുത്തത്. പക്ഷേ, ദിവസങ്ങൾ പിന്നിട്ടപ്പോൾ ദൈവത്തിന് ഒരുദിവസം മാത്രം ലഭിച്ചതു ദൈവത്തിന്റെ ഭാഗ്യദോഷം!

പമ്പിന്റെ കഥ കേൾക്കുമ്പോൾ പുച്ഛം തോന്നാം. എന്നാൽ, ഒരു കാര്യത്തിൽ നാം അദ്ദേഹത്തെ ആദരിച്ചേ മതിയാകൂ: മറ്റു പലരെയുംപോലെ അദ്ദേഹം ഒരു കപടനാട്യക്കാരനല്ല. ദൈവത്തെയും ധനദേവതയെയും ഒരുമിച്ചു സേവിക്കാനാവില്ലെന്ന് അദ്ദേഹത്തിനറിയാം. അത് അദ്ദേഹം അംഗീകരിക്കുന്നുമുണ്ട്. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ വീക്ഷണം ശരിതന്നെയാണ്.

എന്നാൽ, ഈ വീക്ഷണം പ്രാവർത്തികപഥത്തിൽ കൊണ്ടുവരുമ്പോൾ അദ്ദേഹത്തിന് ഏറെ തെറ്റുപറ്റുന്നു. ഞായറാഴ്ച ദിവസം ദൈവത്തിനുവേണ്ടി മാറ്റിവച്ചിട്ട് മറ്റു ദിവസങ്ങളിൽ ധനപൂജ ചെയ്താൽ അതിൽ തെറ്റില്ലെന്നാണ് പമ്പിന്റെ പക്ഷം. ഞായറാഴ്ചത്തെ ദൈവാരാധനകൊണ്ട് ധനപൂജയുടെ കറകളൊക്കെ കഴുകിക്കളയാമെന്ന് അദ്ദേഹം വ്യാമോഹിക്കുന്നു.

പമ്പിന്റെ ഈ മനോഭാവം ഒറ്റപ്പെട്ടതാണെന്നു നമുക്കു പറയാനാവില്ല. എത്രയോ ആളുകൾ പമ്പിനെപ്പോലെ ഞായറാഴ്ച ദൈവാരാധന നടത്തിയിട്ട് ആഴ്ചയിലെ മറ്റു ദിവസങ്ങളിലെല്ലാം ദൈവത്തെയും അവിടുത്തെ നിയമങ്ങളെയും ധിക്കരിച്ചുപോലും ധനപൂജ നടത്തുന്നു!

ജീവിക്കാൻ നമുക്കു ധനം വേണം. നമുക്കു ജീവിക്കാൻ മാത്രമല്ല, നമ്മുടെ പിൻതലമുറയുടെ ജീവിതസുരക്ഷിതത്വം ഉറപ്പാക്കാനും നമുക്കു ധനം വേണം. തന്മൂലം, ധനസമ്പാദനം നമുക്ക് ഒഴിവാക്കാനാവില്ല.


എന്നാൽ, നമുക്കാവശ്യമുള്ള ധനം സമ്പാദിക്കുന്നതിനെക്കാളേറെ ധനത്തെ ജീവിതത്തിന്റെ സർവസ്വവുമായിക്കണ്ട് ധനപൂജയിലേക്കും ദ്രവ്യാരാധനയിലേക്കും നാം കടക്കുമ്പോൾ നമുക്കു വലിയ തെറ്റുപറ്റുന്നു. ഇമ്മാതിരിയൊരു തെറ്റിന് ഇടവരുത്തുന്നവർ ജീവിതം കൈവിട്ടുകളയുകയാണെന്ന് മനസിലാക്കുന്നില്ല.

ധനത്തെയും ദൈവത്തെയും ഒരുപോലെ സേവിക്കാൻ സാധിക്കുകയില്ലെന്നു സമ്മതിക്കാനെങ്കിലും മിൽനിയുടെ കഥാപാത്രമായ പമ്പ് തയാറായി. എന്നാൽ, ദൈവത്തെയും ധനത്തെയും ഒരുപോലെ സേവിക്കാൻ സാധിക്കുമെന്നു വിശ്വസിക്കുന്ന ചിലരെയെങ്കിലും നമ്മുടെയിടയിൽ കാണാറില്ലേ?

ദൈവത്തെയും ധനദേവതയെയും ഒരുപോലെ സേവിക്കാൻ സാധിക്കുമെന്ന് ഇക്കൂട്ടർ ഒരുപക്ഷേ, പറഞ്ഞുവെന്നുവരില്ല. എന്നാൽ, അവരുടെ ജീവിതംകണ്ടാൽ അവർ ഇതു തങ്ങളുടെ ഉള്ളിന്റെയുള്ളിൽ വിശ്വസിക്കുന്നതായി തോന്നും.

ദൈവത്തെയും ധനത്തെയും വ്യത്യസ്തദിവസങ്ങളിൽ ആരാധിക്കുന്ന പമ്പിന്റെ കഥയിലേക്കു നമുക്കു മടങ്ങിവരാം. ഞായറാഴ്ചദിവസം ദൈവത്തെ ആരാധിക്കുന്ന പമ്പിന്റെ ഹൃദയം യഥാർഥത്തിൽ ദൈവത്തിലാണോ ധനദേവതയിലാണോ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്?

പമ്പിന്റെ ഹൃദയം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതു ദൈവത്തിലാണെങ്കിൽ ആഴ്ചയിലെ എല്ലാ ദിവസവും പമ്പിന്റെ ജീവിതത്തിൽ അതിന്റെ പ്രതിഫലനമുണ്ടാകും. എന്നാൽ, നോവലിസ്റ്റ് വിവരിക്കുന്നതുപോലെ ഞായറാഴ്ചത്തെ തന്റെ ആധ്യാത്മികതയെ ബിസിനസ് രംഗത്തേക്കു പമ്പ് കൊണ്ടുവന്നില്ല. അതായത് ദൈവത്തെയും അവിടുത്തെ അനുശാസനങ്ങളെയും പമ്പ് തന്റെ ബിസിനസ് ജീവിതത്തിൽനിന്നു കൊട്ടിയടച്ചുവെന്നു സാരം.

ദൈവത്തെ തന്റെ ബിസിനസ് രംഗത്തേക്കു കൊണ്ടുവന്നാൽ തനിക്കു ധനപൂജ നടത്താൻ സാധിക്കുകയില്ലെന്നു പമ്പിനറിയാം. തന്മൂലമാണു വളരെ തന്ത്രപൂർവം അദ്ദേഹം ദൈവത്തെ ഞായറാഴ്ചത്തേക്ക് ഒതുക്കിനിർത്തിയത്!

നമ്മുടെ ഹൃദയത്തെ നാം പ്രതിഷ്ഠിച്ചിരിക്കുന്നതു ദൈവത്തിലോ അതോ ധനദേവതയിലോ? നമ്മുടെ ഹൃദയത്തെ ദൈവത്തിൽ പ്രതിഷ്ഠിക്കുന്നതുവഴി ധനത്തെ ഉപേക്ഷിക്കുന്നുവെന്നു വിവക്ഷയില്ല. നമ്മുടെ ഹൃദയത്തിൽ ദൈവത്തെ പ്രതിഷ്ഠിക്കുമ്പോൾ ധനദേവത നമ്മുടെ ദാസിയായി മാറുമെന്നു മാത്രം. അതായത് നമ്മുടെ നന്മയ്ക്കു മാത്രം ധനത്തെ വിനിയോഗിക്കു. സ്വന്തം നന്മയ്ക്കു മാത്രമല്ല, മറ്റുള്ളവരുടെ നന്മയ്ക്കുമായി നാം അപ്പോൾ നമ്മുടെ ധനം വിനിയോഗിക്കും.
    
To send your comments, please clickhere