Jeevithavijayam
8/17/2017
    
കൈമലർത്തേണ്ട; ഒരു കൈ സഹായിക്കാം
ശ്രീബുദ്ധൻ ജനങ്ങളുടെയിടയിൽ സഞ്ചരിച്ച് അവരെ പഠിപ്പിച്ചിരുന്ന കാലം. ഒരിക്കൽ ഒരു പ്രദേശത്തു വലിയ ക്ഷാമമുണ്ടായി. അവിടത്തെ ജനങ്ങളുടെ ദുരിതം മനസിലാക്കിയ ബുദ്ധൻ തന്റെ ശിഷ്യന്മാരെ വിളിച്ചുകൂട്ടി.

‘‘വിശക്കുന്നവർക്കു ഭക്ഷണം എത്തിച്ചുകൊടുക്കുന്ന ജോലി നിങ്ങളിൽ ആരു നിർവഹിക്കും?’’ അദ്ദേഹം ശിഷ്യരോടു ചോദിച്ചു. ശിഷ്യരിലൊരാൾ ഒരു ധനാഢ്യനായിരുന്നു. അയാൾ മുഖം കുനിച്ചിരുന്നുകൊണ്ടു പറഞ്ഞു: ‘‘എന്റെ പണം മുഴുവൻ വിനിയോഗിച്ചാലും ഇത്രയും പാവങ്ങളെ പോറ്റാനാവില്ല.’’

‘‘വേറെ ആരുണ്ട് പാവങ്ങളെ സഹായിക്കാൻ?’’ ചുറ്റുമിരുന്ന ശിഷ്യരെ നോക്കി ശ്രീബുദ്ധൻ ചോദിച്ചു. രാജാവിന്റെ പടത്തലവനായിരുന്ന ശിഷ്യൻ അപ്പോൾ പറഞ്ഞു: ‘‘ആർക്കുവേണ്ടിയും രക്‌തം ചിന്താൻ ഞാൻ തയാറാണ്. എന്നാൽ, ഇന്നാട്ടിലെ പാവങ്ങളെയെല്ലാം പോറ്റുവാൻ എന്റെ വീട്ടിൽ ധാന്യവും പണവുമില്ല.’’

ശിഷ്യരുടെ ഗണത്തിൽ ധനികനായ ഒരു കൃഷിക്കാരനുണ്ടായിരുന്നു. അയാൾ പറഞ്ഞു: ‘‘ഈ വർഷത്തെ കൃഷി ഏറെ മോശമായിരുന്നു. രാജാവിനുള്ള ഓഹരി പോലും കൊടുക്കുവാൻ സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല.’’

അവിടെയുണ്ടായിരുന്ന മറ്റു ശിഷ്യന്മാരും തങ്ങളുടെ നിസ്സഹായാവസ്‌ഥ അറിയിച്ചു. എല്ലാം ഉപേക്ഷിച്ചു ബുദ്ധനെ അനുഗമിച്ചതുകൊണ്ട് തങ്ങളുടെ കൈവശം ഒന്നുമില്ലെന്നായിരുന്നു അവരുടെ നിലപാട്.

അപ്പോൾ, അവിടെയുണ്ടായിരുന്ന ഭിക്ഷക്കാരിയായ ഒരു യുവതി എല്ലാവരെയും തൊഴുതതിനുശേഷം പറഞ്ഞു: ‘‘വിശക്കുന്നവർക്കു ഞാൻ ഭക്ഷണം നൽകാം.’’

‘‘എങ്ങനെ?’’ അവരെല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു. ‘‘നിന്റെ കൈയിൽ ഒന്നുമില്ലല്ലോ മറ്റുള്ളവരെ പോറ്റാൻ.’’

‘‘എല്ലാവരിലും പാവപ്പെട്ടവളാണു ഞാൻ,’’ യുവതി മറുപടി പറഞ്ഞു. ‘‘എന്നാൽ നിങ്ങളെപ്പോലെയുള്ളവരിൽ നിന്നു ഭിക്ഷയാചിച്ച് എനിക്കവരെ പോറ്റാനാകും.’’

ആ യുവതി പറഞ്ഞതു ശരിയായിരുന്നു. പാവപ്പെട്ടവളായിരുന്നു അവൾ. എന്നാൽ മറ്റുള്ളവരെ സഹായിക്കുന്നതിന് അവൾക്ക് അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ഭിക്ഷയാചിച്ചു പോലും മറ്റുള്ളവർക്കു ഭക്ഷണം നല്കാൻ അവൾ സന്നദ്ധത പ്രകടിപ്പിച്ചത്.

ധനാഢ്യനും പടത്തലവനും കൃഷിക്കാരനുമൊക്കെ ഓരോരോ കാരണം പറഞ്ഞു പാവങ്ങളെ സഹായിക്കുന്നതിൽനിന്നു തലയൂരാൻ നോക്കി. അപ്പോഴാണ് ആ ഭിക്ഷക്കാരി പാവങ്ങളെ സഹായിക്കുവാൻ മുന്നോട്ടു വന്നത്.

ശ്രീബുദ്ധന്റെ കാലത്തും ഇപ്പോഴും കാര്യങ്ങൾ ഇങ്ങനെതന്നെയല്ലയോ? പണവും മറ്റു സൗകര്യങ്ങളുമുള്ളവർ പാവങ്ങളെ സഹായിക്കുന്ന കാര്യത്തിൽ വലിയ വൈമനസ്യമാണു പലപ്പോഴും കാണിക്കുന്നത്. പാവങ്ങളെ സഹായിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നും അവർ ഒരിക്കലും രക്ഷപ്പെടാൻ പോകുന്നില്ലെന്നുമല്ലേ പല സമ്പന്നരും എടുക്കുന്ന നിലപാട്?

എന്നാൽ, എത്രയോ പാവങ്ങൾ ഓരോരോ രീതിയിൽ ദാരിദ്ര്യത്തിൽ നിന്നു രക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവങ്ങൾ അനുദിന ജീവിതത്തിൽ നാം കാണുന്നു. കടുത്ത ദാരിദ്ര്യത്തിനിടയിലും കുട്ടികൾക്കു പഠിക്കുവാൻ സാമ്പത്തിക സഹായം ലഭിച്ചതുമൂലം രക്ഷപ്പെട്ട എത്രയോ കുടുംബങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്! ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന പലരും ജീവിതത്തിൽ ഉയർച്ച പ്രാപിച്ചതിനു പിന്നിൽ വ്യക്‌തികളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹായം ഉണ്ടായിരുന്നു എന്നു വ്യക്‌തമാണ്. അതായത് നാം ശരിയായ രീതിയിൽ സഹായം നൽകിയാൽ ഭൂരിപക്ഷം പേർക്കും അവരുടെ ദാരിദ്ര്യാവസ്‌ഥയിൽ നിന്നു കരകയറുവാൻ സാധിക്കുമെന്നതാണു വസ്തുത.


പക്ഷേ, ഇതു സാധിക്കണമെങ്കിൽ സഹായമർഹിക്കുന്നവരെ സഹായിക്കുവാനുള്ള ത്യാഗസന്നദ്ധത നമുക്കുണ്ടാകണം. മറ്റുള്ളവരെ സഹായിക്കുന്നതിനു നമുക്കു സാമ്പത്തിക ശേഷിയില്ലെന്നു പറയുന്നതിൽ അർഥമില്ല. നമുക്കല്പമെങ്കിലും സാമ്പത്തിക ഭദ്രതയുണ്ടെങ്കിൽ അതിന്റെ ഒരംശം മറ്റുള്ളവരെ സഹായിക്കുന്നതിനു നാം മാറ്റിവയ്ക്കണം. തീർച്ചയായും അതുവഴിയായി മറ്റുള്ളവർക്കും നമുക്കും നന്മ മാത്രമേ ഉണ്ടാവൂ.

നമുക്കു സാമ്പത്തിക ഭദ്രതയില്ലാത്തതിന്റെ പേരിൽ മറ്റുള്ളവരെ സഹായിക്കുവാൻ സാധിക്കുകയില്ലെന്നു കരുതേണ്ട. കാരണം പലപ്പോഴും മറ്റുള്ളവർക്ക് ആവശ്യമായി വരുന്നതു നമ്മുടെ സാമ്പത്തിക സഹായമല്ല, പ്രോത്സാഹനനവും അംഗീകാരവുമൊക്കെയാണ്. ചിലപ്പോഴെങ്കിലും നമ്മുടെ ശല്യം ഉണ്ടാകാതിരുന്നാൽ മാത്രം മതിയാകും ചിലരെങ്കിലും ജീവിതത്തിൽ രക്ഷപ്പെടുവാൻ!

മറ്റുള്ളവരെ അവരുടെ ജീവിതത്തിൽ കൈപിടിച്ചുയർത്തണമെന്ന് ആഗ്രഹമുള്ളവർ സ്വന്തം കൈയിൽ പണമില്ലെങ്കിലും അതിനു വഴികണ്ടെത്തുക തന്നെ ചെയ്യും. മറ്റുള്ളവരോടു പണം ഇരന്നുവാങ്ങി പാവങ്ങളെ സഹായിക്കുന്ന വ്യക്‌തികളും സംഘടനകളും ഇന്നു നമ്മുടെയിടയിൽ സാധാരണമാണല്ലോ.

പാവങ്ങളെ സഹായിക്കുന്ന വ്യക്‌തികളും സംഘടനകളും സന്ന്യാസ സംഘടനകളുമൊക്കെ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ പാവങ്ങളെ സഹായിക്കുന്ന ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാമെന്നായിരിക്കും നമ്മിൽപ്പലരും കരുതുക. എന്നാൽ, പാവങ്ങളെ അവരുടെ കഷ്ടതകളിൽ സഹായിക്കുവാനുള്ള ധാർമിക ഉത്തരവാദിത്വം നമുക്കെല്ലാവർക്കുമുണ്ട് എന്നതു നാം മറക്കേണ്ട.

ദരിദ്രരിൽ ചിലരെങ്കിലും സ്വന്തം കുറ്റംമൂലമായിരിക്കാം ഇപ്പോഴത്തെ ദയനീയാവസ്‌ഥയിൽ എത്തിച്ചേർന്നിരിക്കുന്നത്. എങ്കിൽപ്പോലും നാം അവരെ കൈപിടിച്ചുയർത്തുവാൻ തയാറാകണം. കാരണം, അവരെല്ലാം നമ്മുടെ സഹോദരങ്ങൾ തന്നെ. നമ്മുടെ സമൂഹത്തിൽ വസിക്കുന്ന ആരും ഒരിക്കലും നമുക്ക് അന്യരല്ല. അവർ അന്യരാകുവാൻ നാം അനുവദിക്കുകയുമരുത്. പാവങ്ങളെ സംരക്ഷിക്കാനുള്ള പൂർണമായ ബാധ്യത നമുക്ക് ഏറ്റെടുക്കുവാൻ സാധിച്ചെന്നു വരില്ല. എന്നാൽ നമുക്കു ചെയ്യുവാൻ സാധിക്കുന്നതു നാം ചെയ്യണം. പാവങ്ങളെ കാണുമ്പോൾ വഴിമാറി നടക്കുന്ന രീതി നമുക്കുണ്ടാവരുത്. എന്നുമാത്രമല്ല, സാധിക്കുമ്പോഴൊക്കെ അവരെ സഹായിക്കുവാൻ തയാറാകുകയും വേണം. അങ്ങനെ ചെയ്യുമ്പോൾ മാത്രമേ മനുഷ്യരെന്ന നിലയിൽ നാം യാഥാർഥത്തിൽ വളരൂ.

വളർച്ചയുടെ അളവുകോൽ പഠനവും പണവും പ്രതാപവുമൊക്കെയാണെന്നു നമുക്കു പലപ്പോഴും തോന്നിയേക്കാം. എന്നാൽ, പാവങ്ങളായ സഹജീവികളോടു നാം എപ്രകാരം പെരുമാറുന്നു എന്നതനുസരിച്ചായിരിക്കും നമ്മുടെ വളർച്ച യഥാർഥത്തിൽ വിലയിരുത്തപ്പെടുന്നതെന്ന് ഓർക്കുക.
    
To send your comments, please clickhere