Jeevithavijayam
8/19/2017
    
തലയിൽ മുളയ്ക്കുന്ന കൊമ്പുകൾ
രാജ്യത്ത് അഴിമതി വർധിച്ചുവരുന്നതായി രാജാവിനൊരു തോന്നൽ. അദ്ദേഹം അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനു കല്പനയിറക്കി. അഴിമതി നിർമാർജനം ചെയ്യുന്നതിനു മന്ത്രിമാരെയും ചട്ടംകെട്ടി. പക്ഷേ, കാലം കുറെ കഴിഞ്ഞിട്ടും അഴിമതി കുറയുന്നതായി രാജാവിനു തോന്നിയില്ല.

പ്രശ്നപരിഹാരത്തിനായി രാജാവ് ഒരു സന്ന്യാസിയെ സമീപിച്ചു. രാജാവിന്റെ സങ്കടം കേട്ടപ്പോൾ സന്ന്യാസി പറഞ്ഞു: ‘‘അഴിമതി ഇല്ലായ്മ ചെയ്യണമെങ്കിൽ അങ്ങയുടെ മന്ത്രിമാരും സേവകരുമൊക്കെ സത്യസന്ധരായിരിക്കണം.’’

‘‘പക്ഷേ, എന്റെ സേവകരിലും മന്ത്രിമാരിലുമൊക്കെ ആരാണു സത്യസന്ധർ എന്ന് എങ്ങനെയാണു കണ്ടുപിടിക്കുക? സാധാരണഗതിയിൽ അതത്ര എളുപ്പമല്ലല്ലോ,’’ രാജാവ് പറഞ്ഞു.

‘‘മന്ത്രിമാരെയും സേവകരെയുമൊക്കെ തെരഞ്ഞെടുക്കുമ്പോൾ അതു ശ്രദ്ധാപൂർവം ചെയ്യണം,’’ സന്ന്യാസി പറഞ്ഞു. ‘‘അഴിമതി നടത്തുവാൻ സാധ്യതയുണ്ടെന്നു തോന്നുന്നവരെ തെരഞ്ഞെടുക്കരുത്.’’

രാജാവ് പറഞ്ഞു: ‘‘അതങ്ങനെ ചെയ്യാം. എന്നാൽ ഇപ്പോൾ സേവനം ചെയ്യുന്നവരുടെ കാര്യമോ?’’

‘‘അതിനു പരിഹാരമുണ്ട്, സന്ന്യാസി പറഞ്ഞു. ‘‘സത്യസന്ധരും അഴിമതിയില്ലാത്തവരും ആരാണെന്നറിയുവാൻ ഒരു എളുപ്പവഴിയുണ്ട്.’’

‘‘എന്താണ് ആ വഴി?’’ രാജാവ് ആകാംക്ഷയോടെ ചോദിച്ചു.

‘‘എന്റെ കൈവശം ഒരു മാന്ത്രികപാനീയമുണ്ട്,’’ സന്ന്യാസി പറഞ്ഞു. സത്യസന്ധതയില്ലാത്തവരും അഴിമതിക്കാരുമൊക്കെ ഈ പാനീയം കുടിച്ചാൽ അവരുടെ തലയിൽ കൊമ്പുമുളയ്ക്കും. അങ്ങനെ അങ്ങേക്കു അഴിമതിക്കാരെയും കള്ളന്മാരെയുമൊക്കെ കണ്ടുപിടിക്കാം.’’

ഉടനേതന്നെ തനിക്കുവേണ്ടി ഒരു പറ നിറയെ ആ മാന്ത്രികപാനീയം തയാറാക്കുവാൻ രാജാവ് ആവശ്യപ്പെട്ടു. സന്ന്യാസി അതു സന്തോഷപൂർവം ചെയ്തു കൊടുക്കുകയും ചെയ്തു. മാന്ത്രികപാനീയവുമായി കൊട്ടാരത്തിലെത്തിയ രാജാവ് തന്റെ മന്ത്രിമാർക്കും ഏറ്റവും പ്രധാനപ്പെട്ട സേവകർക്കും വേണ്ടി ഒരു വിരുന്നു തയാറാക്കി. ആ വിരുന്നിനിടയിൽ എല്ലാവർക്കും ഓരോ ഗ്ലാസ് മാന്ത്രിക പാനീയവും നൽകി. തങ്ങൾ കുടിക്കുന്നത് എന്താണെന്ന് അപ്പോൾ അവർ അറിഞ്ഞിരുന്നില്ല.

‘‘ഇവരിൽ കള്ളന്മാർ ആരാണെന്ന് ഇപ്പോൾ അറിയാം,’’ രാജാവു സ്വയം പറഞ്ഞു. അധികം താമസിയാതെ പലരുടെ തലയിലും കൊമ്പുകൾ പൊട്ടി മുളച്ചു. ചിലരുടെ തലയിൽ ഒന്നിലധികം കൊമ്പുകളും കാണപ്പെട്ടു. എന്താണു സംഭവിക്കുന്നതെന്നറിയാതെ എല്ലാവരും ഭയപ്പെട്ടു. ഓരോരുത്തരും സ്വന്തം തലയിൽ കൊമ്പുണ്ടോ എന്നു തപ്പി നോക്കാൻ തുടങ്ങി.

വലിയൊരു യുദ്ധം ജയിച്ച സന്തോഷത്തോടെ രാജാവ് എഴുന്നേറ്റു നിന്നു പറഞ്ഞു: ‘‘നിങ്ങളിൽ ആരാണ് സത്യസന്ധരും യഥാർഥ ജനസേവകരുമെന്നറിയുവാനുള്ള ഒരു അന്വേഷണമാണ് ഇപ്പോൾ നടന്നത്. അതുവഴിയായി നിങ്ങളിൽ ഭൂരിഭാഗവും വഞ്ചകരും അഴിമതിക്കാരുമാണെന്നു മനസിലായി. ജനസേവകരെന്നു സ്വയം അഭിമാനിക്കുന്ന നിങ്ങൾ യഥാർഥ പിശാചുക്കൾ തന്നെ. അതുകൊണ്ടാണു നിങ്ങൾക്കു കൊമ്പു മുളച്ചിരിക്കുന്നത്.’’

രാജാവ് ആവേശപൂർവം അഴിമതിക്കാരെയും കള്ളന്മാരെയുമൊക്കെ വിമർശിക്കുമ്പോൾ സേവകരിലൊരാൾ രാജാവിനു തൊണ്ട നനയ്ക്കാൻ പാനപാത്രമെടുത്തു കൊടുത്തു. താൻ കുടിക്കുന്നതു വീഞ്ഞാണെന്നു കരുതി രാജാവ് ആ മാന്ത്രികപാനീയം ആവേശപൂർവം കുടിച്ചു. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ രാജാവിന്റെ തലയിൽ നിറയെ കൊമ്പുകൾ! സദസിലുള്ളവരെല്ലാം അത്ഭുതസ്തബ്ധരായി. കുറെ കഴിഞ്ഞപ്പോൾ അവർ വാ പൊത്തി ചിരിക്കുവാൻ തുടങ്ങി. രാജാവായിരുന്നു അവരുടെയിടയിലെ ഏറ്റവും വലിയ കള്ളനും അഴിമതിക്കാരനും!


ഇതൊരു നാടോടിക്കഥയാണ്. നാം മറ്റുള്ളവരിലേക്ക് ഒരു വിരൽ ചൂണ്ടുമ്പോൾ മറ്റു നാലുവിരലുകളും നമ്മിലേക്കാണു ചൂണ്ടുന്നതെന്ന് അനുസ്മരിപ്പിക്കുന്ന ഒരു കഥ. മറ്റുള്ളവരെ വിമർശിക്കുവാനും കുറ്റം പറയുവാനും അടച്ചാക്ഷേപിക്കുവാനുമൊക്കെ പലപ്പോഴും നമുക്കു നല്ല വിരുതാണ്. അതിന്റെ പ്രധാന കാരണം നമ്മുടെ കൈകൾ പരിശുദ്ധമാണെന്ന മിഥ്യാധാരണയാണ്.

പക്ഷേ, നാം മറ്റുള്ളവരെ കുറ്റം വിധിക്കുമ്പോൾ നമ്മൾ അതിലേറെ കുറ്റക്കാരാണെന്നതാണു വാസ്തവം. മറ്റുള്ളവരുടെ കുറ്റം കാണുമ്പോഴും സ്വന്തം കുറ്റങ്ങൾ കാണുന്നില്ല എന്ന ശോചനീയമായ സ്‌ഥിതിയാണു പലപ്പോഴും നമ്മുടേത്. നാം എന്തു കുറ്റം ചെയ്താലും അതിനു നമുക്കു ന്യായീകരണമുണ്ട്. ആ ന്യായീകരണം വഴി നാം കുറ്റവിമുക്‌തരാണ് എന്നാണു നമ്മുടെ വിചാരം. എന്നാൽ, നമ്മുടെ ന്യായീകരണ ശ്രമം വഴി എങ്ങനെ നമ്മുടെ കുറ്റങ്ങൾ കുറ്റങ്ങളല്ലാതാവും?

മറ്റുള്ളവർ തെറ്റു ചെയ്യുമ്പോൾ അതു ചൂണ്ടിക്കാണിക്കുവാൻ നമുക്ക് അവകാശമില്ല എന്നിവിടെ വിവക്ഷയില്ല. സമൂഹത്തെയും വ്യക്‌തികളെയും – പ്രത്യേകിച്ച് നിസ്സഹായരെ – ദോഷകരമായി ബാധിക്കുന്ന എല്ലാ തെറ്റുകുറ്റങ്ങളും നാം ചൂണ്ടിക്കാണിക്കണം. അധികാരത്തിലിരിക്കുന്നവർക്ക് അതിനു പ്രത്യേകിച്ചു കടമയുമുണ്ട്. പക്ഷേ, അങ്ങനെ ചെയ്യുന്നതിനു മുമ്പായി നാം പ്രത്യേകിച്ച് അധികാരികൾ സ്വന്തം കൈകൾ ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം. സ്വന്തം ജീവിതത്തിൽ അഴിമതിയും വഞ്ചനയും കാപട്യവുമൊക്കെ കാണിക്കുന്നവർക്ക് മറ്റുള്ളവരെ ഉപദേശിക്കുവാൻ ധാർമികമായി അവകാശമില്ലല്ലോ. മുകളിൽ കൊടുത്തിരിക്കുന്ന നാടോടിക്കഥയിലെ രാജാവിനു താൻ ചെയ്തിരിക്കുന്ന അഴിമതിയെക്കുറിച്ചും അക്രമത്തെക്കുറിച്ചും എന്തെങ്കിലും അവബോധമുണ്ടായിരുന്നോ? ഒരു പക്ഷേ തനിക്ക് എന്തും കാണിക്കുവാൻ അവകാശവും അധികാരവും ഉണ്ടെന്നായിരിക്കുകയില്ലേ അദ്ദേഹം കരുതിയിരുന്നത്?

നമ്മുടെ സമൂഹത്തിലെ സ്‌ഥിതിയും പലപ്പോഴും ഇതുതന്നെയാണ്. അധികാരത്തിലിരിക്കുന്നവർക്ക് എന്തും ചെയ്യുവാൻ അവകാശമുണ്ടെന്നാണ് അവരുടെ ഉറച്ച ധാരണ. അതുകൊണ്ടല്ലേ ആരെങ്കിലും അവരെ വിമർശിച്ചാൽ ആ വിമർശകരെ ഏറ്റവും വലിയ കുറ്റക്കാരായി അധികാരികൾ കാണുന്നത്? ഒരു അധികാരിക്കും ഒരു കാരണത്തിന്റെ പേരിലും അഴിമതിയും അക്രമവും കാണിക്കുവാൻ അവകാശവും അധികാരവുമില്ലെന്നതാണു വാസ്തവം. അധികാരസ്‌ഥാനത്തിരുന്നുകൊണ്ട് അഴിമതി ചെയ്യുവാൻ അവകാശമുണ്ടെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരുടെ സ്‌ഥിതി ദയനീയമെന്നേ പറയാനാവൂ. അഴിമതിക്കും വഞ്ചനയ്ക്കും അനീതിക്കുമെതിരേ നാം ശബ്ദമുയർത്തണം. എന്നാൽ, അതോടൊപ്പം നമ്മുടെ കൈകൾ സംശുദ്ധമാണെന്ന് നാം ഉറപ്പു വരുത്തുകയും വേണം.
    
To send your comments, please clickhere