Jeevithavijayam
8/23/2017
    
ഒരു തെറ്റിനു പകരം മറ്റൊന്നോ?
1972–ൽ അമേരിക്കൻ എഴുത്തുകാരൻ ബ്രയൻ ഹാർഫീൽഡ് പ്രസിദ്ധീകരിച്ച ഒരു ക്രൈം നോവലാണ് ‘ഡെത്ത് വിഷ്’. ഈ നോവലിനെ ആധാരമാക്കി 1974 മുതൽ ഒന്നിനു പുറകെ ഒന്നായി അഞ്ചു സിനിമകളാണ് ഹോളിവുഡ് പുറത്തിറക്കിയത്. മൈക്കിൾ വിന്നർ സംവിധാനം ചെയ്ത ഈ സിനിമകളിലെല്ലാം നായകനായി അഭിനയിച്ചതു പ്രസിദ്ധ നടനായ ചാൾസ് ബ്രോൺസൺ ആണ്.

ഈ അഞ്ചു സിനിമകളിൽ ആദ്യത്തേതായ ‘ഡെത്ത് വിഷ്’ ബ്രോൺസന്റെ ഏറ്റവും നല്ല സിനിമയായി അറിയപ്പെടുന്നു. ന്യൂയോർക്ക് സിറ്റിയിലെ ആർക്കിടെക്റ്റായ പോൾ കേഴ്സി എന്നൊരാളെയാണു ബ്രോൺസൺ ഈ സിനിമയിൽ അവതരിപ്പിച്ചത്.

കേഴ്സിയുടെ അപ്പാർട്ട്മെന്റിൽ കവർച്ചയ്ക്കായെത്തിയ കശ്മലന്മാർ അയാളുടെ ഭാര്യയെ കൊലപ്പെടുത്തുകയും മകളെ പീഡിപ്പിക്കുകയും ചെയ്തു. കൊലപാതകവും കവർച്ചയും നടത്തിയത് നഗരത്തിൽ ചുറ്റിനടക്കാറുള്ള തെരുവുതെമ്മാടികളായിരുന്നെങ്കിലും കുറ്റക്കാരെ അറസ്റ്റു ചെയ്തു നീതിപീഠത്തിന്റെ മുന്നിലെത്തിക്കാൻ പോലീസിനു കഴിഞ്ഞില്ല.

കേഴ്സിയുടെ ജീവിതത്തിലുണ്ടായ ഈ ദുരന്തം അദ്ദേഹത്തെ മാനസികമായി ആകെ തളർത്തിക്കളഞ്ഞു. എങ്കിലും തന്റെ ജോലിയുടെ ഭാഗമായി ന്യൂമെക്സിക്കോയിൽ പോകുവാനുള്ള അവസരം കേഴ്സി ഉപേക്ഷിച്ചില്ല. അവിടെ വച്ച് തന്റെ ഒരു സുഹൃത്തിന്റെ സഹായത്തോടെ തോക്ക് ഉപയോഗിക്കുവാൻ അയാൾ പഠിച്ചു.

ന്യൂമെക്സിക്കോയിലെ ജോലി കഴിഞ്ഞ് തിരികെ ന്യൂയോർക്കിലെത്തുമ്പോൾ കേഴ്സിയുടെ കൈവശം ഒരു റിവോൾവറുമുണ്ടായിരുന്നു. ന്യൂയോർക്ക് സിറ്റിയിൽ ഏറെ അക്രമങ്ങൾ നടന്നിരുന്ന കാലമായിരുന്നു അത്. ഒരു ദിവസം ഒരു തെരുവുതെമ്മാടി കേഴ്സിയെ കൊള്ളയടിക്കുവാൻ ശ്രമിച്ചു. അവനെ വെടിവച്ചു കൊലപ്പെടുത്തിക്കൊണ്ടാണു കേഴ്സി പ്രതികരിച്ചത്.

പിന്നീട് തെരുവുതെമ്മാടികളെ വേട്ടയാടി നശിപ്പിക്കുന്നതിലായിരുന്നു കേഴ്സിയുടെ ആനന്ദം. തന്റെ ഭാര്യയെ കൊലപ്പെടുത്തിയതിനും മകളെ പീഡിപ്പിച്ചതിനുമുള്ള പ്രതികാരമായിരുന്നു അത്. അതോടെ നഗരത്തിലെ അക്രമങ്ങൾ കുറഞ്ഞു. ‘ഡെത്ത് വിഷ്’ എന്ന ഈ സിനിമ കണ്ട ജനം കൈയടിച്ചു. സിനിമയുടെ നിർമാതാക്കൾക്കു ധാരാളം പണവും കിട്ടി. അങ്ങനെയാണു വീണ്ടും ഇമ്മാതിരിയുള്ള നാലു സിനിമകൾ കൂടി പുറത്തിറങ്ങുവാൻ ഇടയായത്. ഈ സിനിമകൾ കണ്ട് യഥാർത്ഥ ജീവിതത്തിൽ നിയമം കൈയിലെടുത്ത ഒരാളാണു ബേൺഹാർഡ് ഗോയെറ്റ്സ്. 1984–ൽ ന്യൂയോർക്ക് നഗരത്തിലെ സബ്വേ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ചില തെരുവുതെമ്മാടികൾ ഗോയെറ്റ്സിനെ കവർച്ച ചെയ്യുവാൻ ശ്രമിച്ചു. അപ്പോൾ കൈയിലുണ്ടായിരുന്ന റിവോൾവർ കൊണ്ടു നാലുപേരെ ഗോയെറ്റ്സ് വെടിവച്ചുവീഴ്ത്തി.

ഈ സംഭവത്തിനുശേഷം നടൻ ബ്രോൺസൺ ഒരു പരസ്യ അഭ്യർഥനയുമായി ജനങ്ങളെ സമീപിച്ചു. ‘ഡെത്ത് വിഷ്’ സിനിമകളിലെ തന്റെ റോളിനെ അനുകരിച്ച് ആരും നിയമം കൈയിലെടുത്തു കാടൻ ശിക്ഷ നടപ്പാക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന. മനുഷ്യരിലെല്ലാവരിലുംതന്നെയുള്ള വാസനയാണു പ്രതികാര വാഞ്ഛ. ആരിലെങ്കിലുംനിന്നു നമുക്ക് ഒരടി കിട്ടിയാൽ തിരികെ രണ്ടെങ്കിലും കൊടുക്കണമെന്നായിരിക്കും നമ്മിലൊക്കെയുണ്ടാകുന്ന ആദ്യചിന്ത. ഈ മനോഭാവം മൂലമല്ലേ ലോകത്തിൽ അക്രമവും കുറ്റകൃത്യങ്ങളും വർധിച്ചിരിക്കുന്നത്? ആരെങ്കിലും നമ്മോടു തെറ്റു ചെയ്താൽ അവരോടും ക്ഷമിക്കുന്നതു ബലഹീനതയായിട്ടാണു പലരും കരുതുക. അതുകൊണ്ടുതന്നെ, നമ്മോടു തെറ്റു ചെയ്യുന്നവരോടു പ്രതികാരം ചെയ്ത് സ്വന്തം ശക്‌തി പ്രകടിപ്പിക്കാനാണു പലരും തുനിയുക. പക്ഷേ, നമ്മുടെ പ്രതികാര പ്രവൃത്തികൾ മറ്റുള്ളവർക്കെന്നതുപോലെ നമുക്കും ഏറ്റവും വിനാശകരമാണെന്നതാണു വാസ്തവം.


ശത്രുക്കളോടു പ്രതികാരം ചെയ്ത് ജീവിതത്തിൽ യഥാർഥ സന്തോഷം കണ്ടെത്തിയിട്ടുള്ളവർ ആരെങ്കിലുമുണ്ടോ? ശത്രുക്കളെ സംഹരിച്ചുകഴിയുമ്പോൾ ഒരുപക്ഷേ, ‘‘അവനെ ഞാനൊരു പാഠം പഠിപ്പിച്ചു’’ എന്നു വീമ്പടിക്കുവാൻ നമുക്കു സാധിച്ചേക്കും. അതുപോലെ തന്നെ, പ്രതികാരം ചെയ്തതിലുള്ള ഒരു ആത്മസംതൃപ്തിയും അല്പനിമിഷത്തേക്കു നമുക്കു തോന്നിയേക്കാം. എന്നാൽ, പ്രതികാരം ചെയ്യുന്ന ആളിന്റെ ജീവിതം തന്റെ ശത്രുവിന്റേതിനെക്കാൾ അധഃപതിക്കുകയാണെന്നതല്ലേ വാസ്തവം? അതുകൊണ്ടാണ് ദൈവപുത്രനായ യേശു പറഞ്ഞത്: ‘‘ശത്രുക്കളെ സ്നേഹിക്കുക. നിങ്ങളെ വെറുക്കുന്നവർക്കും നന്മ ചെയ്യുക. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക. നിങ്ങളോട് അപമര്യാദയായി പ്രവർത്തിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക.’’

സാധാരണ രീതിയിൽ പ്രാവർത്തികമാക്കാൻ എളുപ്പമുള്ള ഉപദേശമല്ലിത്. എന്നാൽ, അന്തസുള്ള മനുഷ്യരായി ജീവിക്കുന്നവരുടെ മുൻപിൽ മറ്റു പോംവഴികളൊന്നുമില്ലെന്നതാണു യാഥാർഥ്യം. മറ്റു മനുഷ്യർ നമ്മെ ഉപദ്രവിക്കുമ്പോൾ അവർ ധാർമികമായി അധഃപതിക്കുകയാണു ചെയ്യുന്നത്. അവരോടു പ്രതികാരം ചെയ്യുവാൻ നാം തുനിയുമ്പോൾ നാമും അവരുടെ നിലയിലേക്ക് അധഃപതിക്കുകയാണെന്നതിൽ സംശയം വേണ്ട. എന്നാൽ, നമ്മെ ഉപദ്രവിക്കുന്നവരോടു ക്ഷമിക്കുവാനും അവരുടെ കുറ്റങ്ങൾ മറക്കുവാനും നാം തയാറായാലോ? അപ്പോൾ ഏറ്റവും കുറഞ്ഞതു നമ്മുടെ മനുഷ്യത്വത്തിനു മങ്ങലേല്പിക്കാതെ നമുക്കു ജീവിക്കാൻ സാധിക്കുമെന്നതാണു വാസ്തുത.

കേഴ്സിയുടെ ജീവിതം തെരുവുഗുണ്ടകൾ ഒരു പരിധി വരെ നശിപ്പിച്ചുകളഞ്ഞതാണ്. എന്നാൽ, ഗുണ്ടകളോടു പ്രതികാരം ചെയ്ത് അവരെ നശിപ്പിച്ചതുകൊണ്ട് കേഴ്സിക്ക് എന്തെങ്കിലും നേടാനായോ? തെറ്റു ചെയ്യുന്നവരെ കണ്ടുപിടിക്കാനും ശിക്ഷിക്കാനും നിയമവും നിയമപാലകരുമുണ്ട്. നാം ആ ജോലി ഏറ്റെടുത്താൽ നമ്മുടെ നാശത്തിനു മാത്രമേ അതു വഴിതെളിക്കൂ. നമ്മോട് ആരെങ്കിലും തെറ്റു ചെയ്യുമ്പോൾ നമ്മുടെ പ്രതികരണം അവരോടു ക്ഷമിക്കുന്ന തരത്തിലുള്ളതാവട്ടെ. അപ്പോൾ നമ്മുടെ മനുഷ്യത്വത്തിനു മാറ്റുകൂടുക തന്നെ ചെയ്യും.
    
To send your comments, please clickhere