Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
December 15, 2017
 
 
    
 
Print this page
 

എങ്ങനെ ഓർമിക്കപ്പെടണമെന്നാണ് ആഗ്രഹം

മാനേജ്മെന്റ്രംഗത്തെ അതിവിദഗ്ധരിലൊരാളായി അറിയപ്പെടുന്ന പണ്ഡിതനും എഴുത്തുകാരനുമാണ് പീറ്റർ ഡ്രക്കർ (1909–2005). ഓസ്ട്രിയയിലെ വിയന്നയിൽ ജനിച്ച അദ്ദേഹം ജർമനിയിലും ഇംഗ്ലണ്ടിലും പഠിച്ച് അമേരിക്കയിലെത്തി. ഡ്രക്കർ കാലിഫോർണിയയിലെ ക്ലെയർമോൺട് യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്ന കാലത്താണ് അമേരിക്കയിലെ ആദ്യത്തെ എക്സിക്യൂട്ടീവ് എം.ബി.എ. പ്രോഗ്രാമുകളിലൊന്ന് രൂപകല്പന ചെയ്യപ്പട്ടത്.

കമ്പനിയിലെ ജീവനക്കാരാണ് കമ്പനിയുടെ യഥാർഥ സമ്പത്ത് എന്നു വിശ്വസിച്ചിരുന്ന ഈ മാനേജ്മെന്റ് വിദഗ്ധൻ ജീവനക്കാരുടെ സ്വഭാവസവിശേഷതകൾ പഠിക്കുന്നതിൽ എന്നും തത്പരനായിരുന്നു. സമൂഹത്തിലെ എല്ലാ സ്‌ഥാപനങ്ങൾക്കും സമൂഹത്തോട് ഉത്തരവാദിത്വം ഉണ്ടെന്നു പഠിപ്പിച്ച അദ്ദേഹം 39 ഗ്രന്ഥങ്ങളുടെയും നിരവധി പണ്ഡിതോചിത ലേഖനങ്ങളുടെയും കർത്താവാണ്.

‘മോഡേൺ മാനേജ്മെന്റി’ന്റെ പിതാവായി അറിയപ്പെടുന്ന അദ്ദേഹം തനിക്കുണ്ടായ ഒരു അനുഭവം ഒരിടത്തു വിവരിക്കുന്നുണ്ട്: അദ്ദേഹം സ്കൂളിൽ പഠിക്കുന്ന കാലം. അധ്യാപകരിലൊരാളായിരുന്ന ഫാ. പ്ഫ്ളീഗർ ഒരു ദിവസം ക്ലാസിലെ കുട്ടികളോടു ചോദിച്ചു: ‘‘മറ്റുള്ളവർ നിങ്ങളെ എങ്ങനെ ഓർമിക്കണമെന്നാണു നിങ്ങൾ ആഗ്രഹിക്കുന്നത്?’’

അന്ന് ഡ്രക്കർ ഉൾപ്പെടെ കുട്ടികളാരും ഈ ചോദ്യത്തിന് ഉത്തരം നൽകിയില്ല. അവരുടെ മൗനം ശ്രദ്ധിച്ചുകൊണ്ട് അധ്യാപകൻ അവരോടു പറഞ്ഞു: ‘‘നിങ്ങളാരും ഈ ചോദ്യത്തിന് ഇപ്പോൾ ഉത്തരം നൽകണമെന്നു ഞാൻ പ്രതീക്ഷിക്കുന്നില്ല. എന്നാൽ, നിങ്ങൾക്ക് അമ്പതു വയസാകുമ്പോഴെങ്കിലും ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾക്കുണ്ടായിരിക്കണം. അല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ ജീവിതം പാഴാക്കി എന്നു കരുതിക്കൊള്ളൂ.’’

ഈ സംഭവത്തിനുശേഷം വർഷങ്ങൾ നിരവധി പിന്നിട്ടു. ഒരിക്കൽ ഡ്രക്കർ ആ സ്കൂളിലെ പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുക്കുവാനായി അവിടെയെത്തി. അപ്പോൾ പഴയ പല സഹപാഠികളും അവിടെ സന്നിഹിതരായിരുന്നു. അവരിലൊരാൾ അദ്ദേഹത്തോടു ചോദിച്ചു: ‘‘ഫാ. പ്ഫ്ളീഗറുടെ പഴയ ചോദ്യം ഓർമയുണ്ടോ?’’ ഡ്രക്കർ പഴയ ചോദ്യം വ്യക്‌തമായി ഓർമിക്കുന്നുണ്ടായിരുന്നു. ഡ്രക്കർ മാത്രമല്ല സഹപാഠികളിലാരും തങ്ങളുടെ ഗുരുനാഥന്റെ ചോദ്യം മറന്നു പോയിരുന്നില്ല. എന്നു മാത്രമല്ല, അവരുടെയെല്ലാവരുടെയും ജീവിതത്തെ ഗുരുനാഥന്റെ ചോദ്യം സ്വാധീനിക്കുകയും ചെയ്തിരുന്നു. അവരെല്ലാവരും തങ്ങളുടെ ഗുരുനാഥന്റെ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാൻ കുറെയധികം വർഷങ്ങളെടുത്തുവെന്നു ഡ്രക്കർ പറയുന്നു. മാത്രമല്ല, പ്രായം വർധിച്ചതനുസരിച്ച് അവരുടെ ഉത്തരങ്ങൾക്ക് പല മാറ്റങ്ങളും വരുകയും ചെയ്തിരുന്നുവത്രേ.

ഗുരുനാഥൻ ചോദിച്ച ചോദ്യത്തിന്റെ പശ്ചാത്തലത്തിൽ ഡ്രക്കർ എഴുതുന്നു: ‘‘മറ്റുള്ളവർ എങ്ങനെ എന്നെ ഓർമിക്കണമെന്നുള്ള ചോദ്യം ഞാൻ എന്നും സ്വയം ചോദിക്കാറുണ്ട്. ഓരോ ദിവസവും കൂടുതൽ മെച്ചമായ ജീവിതം നയിക്കുവാൻ ഈ ചോദ്യം എന്നെ സഹായിക്കുന്നു.’’

മറ്റുള്ളവർ നമ്മെ എങ്ങനെ ഓർമിക്കണമെന്നാണു നാം ആഗ്രഹിക്കുന്നത്? ഒരുപക്ഷേ, ഈ ചോദ്യം ഇതുവരെ നാം ചോദിച്ചിട്ടില്ലായിരിക്കാം. അങ്ങനെയെങ്കിൽ ഇപ്പോൾത്തന്നെ ഇതു ചോദ്യം നാം സ്വയം ചോദിക്കുന്നതു നന്നായിരിക്കും.

നാം മരിച്ചതിനു ശേഷമായിരിക്കുമല്ലോ മറ്റുള്ളവർ നമ്മെ ഓർമിക്കുക എന്നായിരിക്കും ചിലരെങ്കിലും കരുതുക. എന്നാൽ, നാം മരിച്ചതിനുശേഷം മറ്റുള്ളവർ നമ്മെ ഓർമിക്കുവാൻ തക്കവിധം നാം ഇപ്പോൾ എന്തുചെയ്യുന്നു എന്ന് ആലോചിക്കേണ്ടതല്ലേ?

മരിച്ചതിനുശേഷം മാത്രമല്ല, ജീവിച്ചിരിക്കുമ്പോൾത്തന്നെ നമ്മെ മറ്റുള്ളവർ ഓർമിക്കുന്നുണ്ടെന്നതാണു വാസ്തവം. നാം മറ്റുള്ളവർക്കു ചെയ്യുന്ന നന്മപ്രവൃത്തികളുടെ തോതനുസരിച്ച് നമ്മെക്കുറിച്ചുള്ള മറ്റുള്ളവരുടെ സ്മരണയുടെ മാധുര്യം ഏറിയും കുറഞ്ഞുമിരിക്കും. എന്നാൽ നന്മപ്രവൃത്തികൾക്കു പകരം തിന്മകളാണ് നമ്മുടേതെന്നു കരുതുക. എങ്കിൽ നമ്മെക്കുറിച്ച് മറ്റുള്ളവർക്കുണ്ടാകുന്ന ഓർമ എത്ര കയ്പേറിയതായിരിക്കും എന്ന് ഊഹിക്കാമല്ലോ.

മറ്റുള്ളവർ എപ്പോഴും നമ്മെക്കുറിച്ചു നന്നായി ഓർമിക്കണമെന്നാണു നമ്മുടെയെല്ലാവരുടെയും ആഗ്രഹം. എന്നാൽ അതിനുവേണ്ടി നാം ഓരോ ദിവസവും എന്തു ചെയ്യുന്നു എന്നു സ്വയം ചോദിക്കുന്നതു നന്നായിരിക്കും. മറ്റുള്ളവർ നമ്മെക്കുറിച്ചു നല്ല ഓർമകൾ സൂക്ഷിക്കുന്നതു തീർച്ചയായും നമുക്കു സന്തോഷകരമായ കാര്യമാണ്. എന്നാൽ നന്മപ്രവൃത്തികൾ ചെയ്യുന്നതിന്റെ പ്രചോദനം ഇതു മാത്രമാകരുത്. നന്മ ചെയ്യുക എന്നതു നമ്മുടെ ജീവിതവിജയത്തിന് ഏറ്റവും ആവശ്യമുള്ള ഘടകമാണ്. ജീവിതത്തിൽ നന്മചെയ്തുമാത്രമേ നമുക്കു ശരിക്കും വളരാനാവൂ; വിജയിക്കാനാവൂ. അങ്ങനെയെങ്കിൽ നന്മചെയ്യുക എന്നത് ഒഴിച്ചുകൂടാനാവാത്ത ഘടകമായി വരുന്നു.

നാം എങ്ങനെ മറ്റുള്ളവരാൽ ഓർമിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നോ അതനുസരിച്ച് നമ്മുടെ ജീവിതത്തിൽ മാറ്റം വരുത്തണമെന്നതാണ് യാഥാർഥ്യം. സ്നേഹവും അനുകമ്പയുമൊക്കെയുള്ളവരായാണു നാം അറിയപ്പെടാൻ ആഗ്രഹിക്കുന്നതെങ്കിൽ അതനുസരിച്ച് നാം ജീവിതത്തിൽ വ്യത്യാസം വരുത്തില്ലേ? പണ്ഡിതനായിട്ടാണ് അറിയപ്പെടുവാൻ ആഗ്രഹിക്കുന്നതെങ്കിൽ നാം അതിനായി പരിശ്രമിക്കില്ലേ?

നാം എങ്ങനെ ഓർമിക്കപ്പെടണമെന്ന കാര്യത്തിൽ വ്യക്‌തമായൊരു ധാരണയുണ്ടാക്കാൻ നമുക്കു ശ്രമിക്കാം. അപ്പോൾ അതനുസരിച്ച് നമുക്കും മറ്റുള്ളവർക്കും വളരെ പ്രയോജനപ്രദമായ പല മാറ്റങ്ങളും നമ്മുടെ ജീവിതത്തിൽ സ്വാഭാവികമായി വന്നുകൊള്ളും.

 


 
    
 
To send your comments, please click here
 
 
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.