Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
December 12, 2017
 
 
    
 
Print this page
 

ജീവിതത്തിൽനിന്നു കുറെ പാഠങ്ങൾ

അമേരിക്കയിലെ സി.ബി.എസ്. ടെലിവിഷൻ ചാനലിൽ 1978 മുതൽ ആഴ്ചതോറും പ്രത്യക്ഷപ്പെടുന്ന ഒരു ഹാസ്യകമന്റേറ്റർ ആണ് ആൻഡി റൂണി. സി.ബി.എസിന്റെ ‘സിക്സ്റ്റി മിനിറ്റ്സ്’ എന്ന ന്യൂസ് പ്രോഗ്രാമിന്റെ അവിഭാജ്യഘടകമായ റൂണി മൂന്നു മിനിറ്റ് നേരത്തേക്കാണു സാധാരണയായി കമന്ററി അവതരിപ്പിക്കാറുള്ളത്. അദ്ദേഹം കമന്ററി പറയുവാൻ തെരഞ്ഞെടുക്കുന്ന വിഷയങ്ങളെക്കുറിച്ചും അതു പറയുന്ന രീതികളെക്കുറിച്ചും അഭിപ്രായവ്യത്യാസമുണ്ടാകാം. എന്നാൽ, അദ്ദേഹം പറയുന്ന കാര്യങ്ങൾ കേൾക്കുവാൻ ലക്ഷക്കണക്കിനാളുകൾ ആഴ്ചതോറും കാത്തിരിക്കാറുണ്ട്.

റൂണി നടത്തിയ ഒരു കമന്ററിയുടെ പേരിൽ സി.ബി.എസ്. അദ്ദേഹത്തെ 1990–ൽ മൂന്നുമാസത്തേക്കു സസ്പെൻഡ് ചെയ്യുകയുണ്ടായി. പക്ഷേ, ‘സിക്സ്റ്റി മിനിറ്റ്സ്’ എന്ന ന്യൂസ് പ്രോഗ്രാമിന്റെ കാഴ്ചക്കാരിൽ ഇരുപതുശതമാനത്തിലേറെ കുറവുവന്നതുമൂലം അദ്ദേഹത്തിന്റെ സസ്പെൻഷൻ കമ്പനി അധികാരികൾക്കു പിൻവലിക്കേണ്ടി വന്നു.

തന്റെ കമന്ററികളെ ആധാരമാക്കി പല പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയിട്ടുള്ള കമന്ററികൾക്കു മൂന്ന് എമി അവാർഡുകൾ ലഭിച്ചിട്ടുമുണ്ട്. ടെലിവിഷനിലെന്ന പോലെ പത്രങ്ങളിലൂടെയും കമന്ററികൾ നൽകുന്ന അദ്ദേഹം ജീവിതത്തിൽ താൻ പഠിച്ച പാഠങ്ങളെക്കുറിച്ച് ഒരിടത്തു വിവരിക്കുന്നുണ്ട്. ആ വിവരണത്തിൽ നിന്നു തെരഞ്ഞെടുത്ത ചില പാഠങ്ങൾ താഴെക്കൊടുക്കുന്നു:

എല്ലാവരും നമ്മുടെ ഹൃദ്യമായ പുഞ്ചിരികൊണ്ടു സ്വീകരിക്കപ്പെടുവാൻ അർഹരാണ്. സമയമാണ് എല്ലാ മുറിവുകളും ഉണക്കുന്നത് എന്നല്ലേ പറയാറുള്ളത്. അതു ശരിയായിരിക്കാം. എന്നാൽ അതിലും വേഗത്തിൽ മുറിവുണക്കുന്നതു സ്നേഹമാണ്. നാം ചെയ്യുന്ന കാര്യങ്ങൾ എപ്പോഴും ശരിയായിരിക്കണം. എന്നാൽ അതിലും പ്രധാനപ്പെട്ടതാണു നാം കരുണയുള്ളവരായിരിക്കുക എന്നത്.

പണം നമുക്കു പലതും നേടിത്തരും. എന്നാൽ നമുക്ക് അന്തസ്സ് ഉണ്ടാവണമെങ്കിൽ പണം മാത്രം പോരാ. പലപ്പോഴും ജീവിതത്തിൽ നമുക്കാവശ്യമായിരിക്കുന്നത്, നമുക്കു പിടിക്കുവാൻ ഒരു കൈയും നമ്മെ മനസിലാക്കുവാൻ തയാറുള്ള ഒരു ഹൃദയവുമാണ്. ദൈവം നമ്മുടെ പ്രാർത്ഥനകൾ കേൾക്കാത്തതിൽ നമുക്കു പരിഭവം കാണും. എന്നാൽ നമ്മുടെ പല പ്രാർത്ഥനകളും കേൾക്കാത്തതിന്റെ പേരിൽ നാം സന്തോഷിക്കുകയാണു വേണ്ടത്. നമ്മുടെ ജിവിതത്തിൽ വലിയ കാര്യങ്ങൾ സംഭവിക്കാത്തതിന്റെ പേരിൽ ദുഃഖം വേണ്ട. ജീവിതത്തിൽ സംഭവിക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങളാണ് ജീവിതത്തെ മഹത്തരമാക്കുന്നത്.

പരുക്കൻ സ്വഭാവമുള്ള എല്ലാവരുടെയും പുറംതോടിനുള്ളിൽ സ്നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു ഹൃദയമുണ്ട്. അവസരങ്ങൾ ഒരിക്കലും നഷ്ടപ്പെടാറില്ല. നമ്മൾ ഉപയോഗിക്കാത്ത അവസരങ്ങൾ മറ്റുള്ളവർക്കു ലഭിക്കുമെന്നു മാത്രം.

നമ്മൾ വിദ്വേഷം വച്ചുപുലർത്തിയാൽ സന്തോഷത്തിന് എങ്ങനെയാണു നമ്മുടെയുള്ളിൽ പ്രവേശിക്കുവാൻ സാധിക്കുക?

മലമുകളിൽ എത്തിയാൽ മാത്രമേ സന്തോഷം ലഭിക്കുകയുള്ളൂ എന്നാണ് എല്ലാവരുടെയും വിചാരം. എന്നാൽ, മലമുകളിലേക്കുള്ള കയറ്റത്തിലാണ് നമുക്കു വളർച്ചയും സന്തോഷവും ഉണ്ടാകുന്നത്. എന്നാൽ ഏതുതരം വികാരങ്ങൾ ഉണ്ടാകണമെന്നത് നമുക്കെപ്പോഴും തെരഞ്ഞെടുക്കാൻ സാധിക്കില്ല. ആ വികാരങ്ങൾ ഉണ്ടാകുമ്പോൾ അവയെക്കുറിച്ച് എന്തു ചെയ്യണമെന്ന് നമുക്കു തീരുമാനിക്കാനാവും.

നാം നമ്മുടെ വാക്കുകൾ എപ്പോഴും ഹൃദ്യവും മധുരവുമാക്കണം. കാരണം, ചിലപ്പോൾ നാം പറയുന്ന വാക്കുകൾ നമുക്കു വിഴുങ്ങേണ്ടി വന്നേക്കാം. വളരുവാനുള്ള ഏറ്റവും എളുപ്പമായ വഴി എന്താണെന്നോ? നമ്മെക്കാൾ മിടുക്കരായവരെ നമുക്കു ചുറ്റും സംഘടിപ്പിക്കുക.

ആരോടെങ്കിലും പകതീർക്കാൻ നാം തീരുമാനിച്ചാൽ അവർ പോലും അറിയാതെ നാം കൂടുതൽ മുറിപ്പെടുകയേയുള്ളൂ. വസ്തുതകളെ നമുക്ക് അവഗണിക്കുവാനാകും. എന്നാൽ നമ്മുടെ അവഗണനകൊണ്ട് ആ വസ്തുതകൾക്ക് അല്പം പോലും മാറ്റംവരാൻ പോകുന്നില്ല. ഒരു കൊച്ചുകുട്ടി നമുക്കൊരു സമ്മാനം നൽകാനിടയായാൽ നാം അത് ഒരിക്കലും തിരസ്കരിക്കരുത്.

ജീവിതത്തെക്കുറിച്ച് ആൻഡി റൂണി പഠിച്ച പാഠങ്ങൾ അങ്ങനെ നീണ്ടുപോകുന്നു. റൂണി പഠിച്ച ഈ പാഠങ്ങൾ നമുക്കും വളരെ പ്രയോജനപ്രദമാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, അവയെ നാം ജീവിതത്തിൽ ഉപയോഗപ്പെടുത്തുമോ എന്നതാണു പ്രസക്‌തമായ കാര്യം. ജീവിതാനുഭവങ്ങളിൽ നിന്നു റൂണി പഠിച്ചതും സമാഹരിച്ചെടുത്തതുമായ ഈ പാഠങ്ങൾ നമുക്കു മാതൃകയായിരിക്കണം. കാരണം, ജീവിതാനുഭവങ്ങളിൽ നിന്നു നല്ല പാഠങ്ങൾ പഠിക്കുവാൻ പലപ്പോഴും വിസമ്മതിക്കുന്നവരാണു നാം.

റൂണി ചെയ്തതുപോലെ, നമുക്കും സ്വന്തം ജീവിതാനുഭവങ്ങളിലേക്കു തിരിഞ്ഞു നോക്കി നല്ല പാഠങ്ങൾ പഠിക്കുവാൻ തയാറാകാം. അങ്ങനെ പഠിക്കുന്ന പാഠങ്ങൾ എഴുതിവയ്ക്കുവാൻ സാധിച്ചാൽ അതു നല്ല കാര്യമായിരിക്കും. ഇനി അവ എഴുതിവയ്ക്കാൻ സാധിച്ചില്ലെങ്കിൽത്തന്നെ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നമുക്കു ശ്രമിക്കാം.

 


 
    
 
To send your comments, please click here
 
 
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.