Jeevithavijayam
10/21/2017
    
നമ്മുടെ കഴിവുകൾ അളന്നാൽ
ഒരു മുൻ യുദ്ധത്തടവുകാരനാണു കേണൽ എഡ്വേർഡ് ഹബാർഡ് എന്ന അമേരിക്കക്കാരൻ. പതിനേഴാം വയസിൽ വ്യോമസേനയിൽ ചേർന്ന അദ്ദേഹം അധികം താമസിയാതെ പരിശീലനം പൂർത്തിയാക്കി വിയറ്റ്നാമിലെ യുദ്ധമുന്നണിയിലേയ്ക്ക് അയയ്ക്കപ്പെട്ടു.

വിയറ്റ്നാമിലെത്തിയ അദ്ദേഹം പറപ്പിച്ചുകൊണ്ടിരുന്ന വിമാനത്തിനു വെടിയേറ്റു. പാരഷൂട്ട് ഉപയോഗിച്ച് അദ്ദേഹം സുരക്ഷിതനായി നിലത്തിറങ്ങിയെങ്കിലും ചെന്നുപെട്ടത് ശത്രുക്കളുടെ കരങ്ങളിലായിരുന്നു. അവർ അദ്ദേഹത്തെ തടവുകാരനാക്കി. ആറു വർഷവും ഏഴുമാസവും പന്ത്രണ്ടു ദിവസവും കഴിഞ്ഞതിനുശേഷമാണ് അദ്ദേഹം തടവിൽ നിന്നു മോചിതനായത്. പക്ഷേ അപ്പോഴേക്കും ആ ചെറുപ്പക്കാരനിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു.

കമ്യൂണിസ്റ്റ് വിയറ്റ്കോംഗുകളുടെ ശാരീരികവും മാനസികവുമായ പീഡനമേറ്റ് സാധാരണഗതിയിൽ അദ്ദേഹം തകർന്നുപോകേണ്ടതായിരുന്നു. പക്ഷേ, ഹബാർഡിന്റെ കാര്യത്തിൽ അങ്ങനെയല്ല സംഭവിച്ചത്. വിയറ്റ്കോംഗുകൾ അദ്ദേഹത്തെ പീഡിപ്പിച്ചപ്പോൾ മനസു തളരാതെ അദ്ദേഹം പിടിച്ചുനിന്നു. ആർക്കെങ്കിലും തന്നെ തളർത്താനാകുമെങ്കിൽ അതു തന്റെ ശ്രദ്ധക്കുറവുകൊണ്ട് തനിക്കു മാത്രമാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

ഹബാർഡ് യുദ്ധത്തടവുകാരനായപ്പോൾ വിയറ്റ്കോംഗുകളുടെ പീഡനങ്ങളെ ചെറുത്തു നില്ക്കുക മാത്രമല്ല ചെയ്തത്. അതോടൊപ്പം തന്റെ മാനസികശക്‌തി വർധിപ്പിക്കുന്നതിനും ദൈവം നൽകിയിട്ടുള്ള വിവിധങ്ങളായ കഴിവുകൾ വികസിപ്പിക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു.

എല്ലാ ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്നതിന് അദ്ദേഹം ശ്രമിച്ചു. അതോടൊപ്പം മനസിന്റെ പിരിമുറുക്കം ഒഴിവാക്കുന്നതിനായി സഹതടവുകാരുമായി ചില രഹസ്യമത്സരങ്ങളിലും ഏർപ്പെട്ടു. ഒഴിവുസമയം കിട്ടിയപ്പോഴൊക്കെ സ്പാനിഷ് ഭാഷ പഠിക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു.

1973–ൽ സ്വതന്ത്രനായ ഹബാർഡ് കോളജ് പഠനം ആരംഭിച്ചു. അടുത്ത ഏഴു വർഷം കൊണ്ട് അഞ്ചു ഡിഗ്രികൾ അദ്ദേഹം സമ്പാദിച്ചു എന്നു പറഞ്ഞാൽ അദ്ദേഹത്തിന്റെ മിടുക്കിനെക്കുറിച്ച് ഏറെക്കുറെ ബോധ്യമാകുമല്ലോ.

ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും ശരിയായ മാനസികാവസ്‌ഥകൊണ്ടു കൈകാര്യം ചെയ്യാമെന്നാണ് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. അതുപോലെ ജീവിതലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനു നമ്മെ ഏറെ സഹായിക്കുന്നതും നമ്മുടെ മാനസികാവസ്‌ഥയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എയർഫോഴ്സിൽ ജോലിചെയ്തിരുന്ന അവസരത്തിൽ നിരവധി തവണ അദ്ദേഹം തന്റെ ഈ ആശയങ്ങൾ പ്രായോഗികമാക്കിയിട്ടുണ്ട്. അമേരിക്കൻ എയർഫോഴ്സിലെ ഏറ്റവും വലിയ സുരക്ഷാവിഭാഗത്തിന്റെ തലവനായി പത്തു വർഷം അദ്ദേഹം സേവനം ചെയ്തു. ആ പത്തുവർഷവും തുടർച്ചയായി എയർഫോഴ്സിലെ ഏറ്റവും നല്ല യൂണിറ്റായി അദ്ദേഹത്തിന്റെ വിഭാഗം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.


ജീവിതത്തിലെ വിഭിന്നമായ ഓരോ അവസരത്തിലും അതിനു യോജിച്ച മാനസികാവസ്‌ഥ രൂപപ്പെടുത്തിയാൽ നമുക്ക് ജീവിതവിജയം സുനിശ്ചിതമാണെന്ന് വിശ്വസിക്കുന്ന ഹബാർഡ് തന്റെ ഈ ആശയങ്ങളൊക്കെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘എസ്കേപ് ഫ്രം ദ ബോക്സ് – ദ വണ്ടർ ഓഫ് ഹ്യൂമൻ പൊട്ടൻഷ്യൽ’ എന്ന പേരിൽ 1994–ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ധാരാളം ആളുകളുടെ ജീവിതത്തെ ക്രിയാത്മകമായി ഏറെ സ്വാധീനിച്ചിട്ടുണ്ട്.

നമ്മിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെക്കുറിച്ചും അവ ശരിയായ രീതിയിൽ വികസിപ്പിച്ചെടുത്താൽ അതുവഴിയായി നമുക്കുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ചും നാം അവബോധമുള്ളവരായിരുന്നെങ്കിൽ എത്ര നന്നായിരുന്നു! മറ്റു പലരെയും അപേക്ഷിച്ച് ദൈവം നമുക്കു കുറച്ചു കഴിവുകൾ മാത്രമേ തന്നിട്ടുള്ളൂ എന്നായിരിക്കും പലപ്പോഴും നമ്മുടെ ചിന്താഗതി. എന്നാൽ വാസ്തവം അതാണോ? ദൈവം നല്കിയിരിക്കുന്ന കഴിവുകളെക്കുറിച്ചു നമുക്ക് അവബോധമില്ലാതെ പോകുന്നതല്ലേ നമ്മുടെ പ്രധാന പ്രശ്നം? അതുപോലെ നമുക്കു ദൈവം തന്നിരിക്കുന്ന വിവിധങ്ങളായ കഴിവുകൾ നാം വികസിപ്പിച്ചെടുക്കാതെ പോകുന്നുവെന്നതും.

ഹബാർഡ് തടവുകാരനാക്കപ്പെട്ടപ്പോൾ അദ്ദേഹം ആദ്യം ചെയ്തത് ദൈവം തന്നിൽ നിക്ഷേപിച്ചിരിക്കുന്ന ശക്‌തി കണ്ടെത്തുകയായിരുന്നു. താൻ തടവിലാക്കപ്പെട്ടല്ലോ എന്നോർത്തു വിലപിച്ചിരിക്കാതെ ആ പ്രതിസന്ധിയെ ക്രിയാത്മകമായി എങ്ങനെ നേരിടാമെന്നാണ് അദ്ദേഹം ചിന്തിച്ചത്. പ്രശ്നങ്ങളോടും പ്രതിസന്ധികളോടുമുള്ള മാനസികാവസ്‌ഥ ക്രിയാത്മകമായാൽ പ്രശ്നം പകുതി പരിഹരിക്കപ്പെട്ടു കഴിഞ്ഞു.

എന്നാൽ, പ്രശ്നങ്ങളോടും പ്രതിസന്ധികളോടുമുള്ള നമ്മുടെ സമീപനം പലപ്പോഴും അത്ര ക്രിയാത്മകമല്ല. എന്നുമാത്രമല്ല, പ്രതിസന്ധികളിൽ നാം പതറിപ്പോവുകയല്ലേ ചെയ്യുന്നത്? ഏതു പ്രശ്നത്തിലും പ്രതിസന്ധിയിലും നമ്മുടെ മാനസികാവസ്‌ഥ ശരിയായ രീതിയിലാക്കാനായാൽ അതുതന്നെ പ്രശ്നപരിഹാരത്തിന് ഏറെ സഹായിക്കും. അതോടൊപ്പം നമുക്ക് ദൈവത്തിന്റെ അനന്തപരിപാലനയിൽ വിശ്വാസവും ഉണ്ടെങ്കിൽ ഏതു പ്രശ്നവും പ്രതിസന്ധിയും നമ്മെ തകർക്കുകയില്ലെന്നതിൽ സംശയം വേണ്ട. നാം അറിയുന്നതിലും പ്രതീക്ഷിക്കുന്നതിലുമധികം കഴിവുകൾ നമ്മിലുണ്ടെന്നതു നമുക്കു മറക്കാതിരിക്കാം. അതുപോലെ തന്നെ നമ്മുടെ മാനസിക കഴിവുകൾ വികസിപ്പിക്കുന്നതിനും വിനിയോഗിക്കുന്നതിനുമുള്ള സാധ്യതകൾ ഏറെയാണെന്നതും നമ്മുടെ ഓർമയിലുണ്ടായിരിക്കട്ടെ.
    
To send your comments, please clickhere