Jeevithavijayam
10/24/2017
    
മുൾപ്പടർപ്പിനിടയിൽ കുറെ പൂക്കളും കായ്കളും
ഹിന്ദിസിനിമയിലെ പ്രസിദ്ധനായ ഒരു കൊമേഡിയനാണ് ജോണി ലിവർ. പാവപ്പെട്ട ഒരു കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ആദ്യത്തെ പേര് ജോൺ റാവോ ജനുമാല എന്നായിരുന്നു. ഏഴാം ക്ലാസ്വരെ മാത്രം വിദ്യാഭ്യാസമുള്ള ജോണി മിമിക്രി ആർട്ടിസ്റ്റ് എന്ന നിലയിലാണ് തന്റെ കലാജീവിതത്തിനു തുടക്കംകുറിച്ചത്.

ഒരിക്കൽ ഒരു ചാരിറ്റി ഷോയിൽവച്ച് ജോണിയുടെ മിമിക്രിപ്രകടനം കാണുവാനുള്ള അവസരം സുനിൽ ദത്ത് എന്ന സുപ്രസിദ്ധ നടനു ലഭിച്ചു. അദ്ദേഹമാണ് ജോണിയെ സിനിമാലോകത്തേക്കു കൈപിടിച്ചു നടത്തിയത്. 1984–ൽ ആദ്യമായി സിനിമയിലേക്കു കടന്നുവന്ന ജോണി ഇതുവരെ ഇരുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജോണിയുടെ അനുജനായ ജിമ്മി മോസസും ഒരു മിമിക്രി ആർട്ടിസ്റ്റായും കൊമേഡിയനായും ജോലിചെയ്യുന്നു.

ജോണിക്കു പന്ത്രണ്ടു വയസുള്ള അവസരം. അന്ന് ജോണി മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം മുംബെയിലെ ധാരാവി എന്ന ചേരിപ്രദേശത്താണു താമസിച്ചിരുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായി അറിയപ്പെടുന്ന ധാരാവിയിലെ ജീവിതം ഏറെ ദുസ്സഹമായിരുന്നു. പട്ടിണിയോടൊപ്പം പിതാവിന്റെ മദ്യപാനംകൂടിയായപ്പോൾ ജോണിയുടെ വീട്ടിൽ സമാധാനമുള്ള ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല.

ഒരു ദിവസം മദ്യപിച്ചു ലക്കില്ലാതെ വീട്ടിലെത്തിയ പിതാവ് എല്ലാവരെയും ചീത്ത പറഞ്ഞു. എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദി ഭാര്യയാണ് എന്നായിരുന്നു അയാളുടെ നിലപാട്. അയാൾ ഭാര്യയെ ശാരീരികമായും പീഡിപ്പിക്കാൻ ശ്രമിച്ചു.

അച്ഛൻ അമ്മയോടു കാണിക്കുന്ന അതിക്രമം കണ്ടുനില്ക്കാൻ സാധിക്കാതെ ജോണി വീട്ടിൽ നിന്നിറങ്ങി നടന്നു. നടന്നുനടന്ന് എത്തിയത് റെയിൽവേ ട്രാക്കുകളിലായിരുന്നു.

അപ്പോഴേക്കും ജോണിയുടെ അന്ത:രംഗം മരിച്ചു മരവിച്ചു കഴിഞ്ഞിരുന്നു. താൻ എന്തിനുവേണ്ടി ഇനി ജീവിക്കണം എന്നായിരുന്നു ജോണിയുടെ ചിന്ത. തന്റെ അപ്പോഴത്തെ ജീവിതം മരണത്തെക്കാൾ തരംതാണതാണ് എന്ന് ജോണി വിചാരിച്ചു.

റെയിൽവേ ട്രാക്കിലൂടെ നടക്കുമ്പോൾ അകലെ നിന്നു ട്രെയിൻ വരുന്നതായി ജോണി കണ്ടു. ജീവിതം അവസാനിപ്പിക്കുവാൻ ഇതു തന്നെ അവസരം – ജോണി മനസിൽ കരുതി. മരിക്കുവാൻ വേണ്ടി അവൻ മുന്നോട്ടുതന്നെ നടന്നു.

പെട്ടെന്ന് സ്വന്തം മാതാവിന്റെയും സഹോദരികളുടെയും ചിത്രം മനസിൽ ഓടിയെത്തി. താൻ മരിച്ചാൽ തന്റെ കാര്യം കഴിഞ്ഞു; പക്ഷേ അവർക്ക് ആരുണ്ടാകും? ഒരുപക്ഷേ അവരും തന്റെ വഴി പിന്തുടർന്നാലോ? വേണ്ട, താൻമൂലം അവർ നശിച്ചുകൂടാ. ട്രെയിൻ വന്നിടിക്കുന്നതിനുമുൻപ് ജോണി ട്രാക്കിൽ നിന്നു വഴിമാറി.


ആത്മഹത്യ വേണ്ടെന്നുവച്ചെങ്കിലും മാനസികമായി തകർന്ന നിലയിലായിരുന്നു ജോണി. നടന്നുനടന്ന് ഒരു മാടക്കടയുടെ മുന്നിലെത്തി. അപ്പോൾ അവിടെയുണ്ടായിരുന്ന റേഡിയോയിൽ നിന്നു ലതാ മങ്കേഷ്കറുടെ ഒരു ഗാനം ഒഴുകി വന്നു. അശാന്തമായ മനസിനെ തണുപ്പിക്കാൻ പോരുന്ന ഒരു ഗാനമായിരുന്നു അത്. ലതയുടെ ഗാനം കേട്ടപ്പോൾ ജോണിയുടെ മനസ് ശാന്തമായി.

ലോകത്തിൽ ദുഃഖങ്ങളുണ്ടെങ്കിൽ അതിനു പരിഹാരമാർഗവുമുണ്ടായിരിക്കും എന്നു ജോണിക്ക് അപ്പോൾ തോന്നി. ‘ബ്യൂട്ടിഫുൾ ലൈഫ്’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ജോണി പറയുന്നു: ‘‘ജീവിതത്തിൽ ദുഃഖമുണ്ടെങ്കിൽ അതു പരിഹരിക്കുന്ന സുഖവുമുണ്ട്. ജീവിതത്തിൽ നൈരാശ്യമുണ്ടെങ്കിൽ അതോടൊപ്പം പ്രതീക്ഷയുമുണ്ട്. ജീവിതത്തിൽ വൈരൂപ്യമുണ്ടെങ്കിൽ അതോടൊപ്പം സൗന്ദര്യവുമുണ്ട്. ജീവിതം എന്ന ദാനം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് അന്നെനിക്കു ബോധ്യമായി.’’

ജോണി പറയുന്നതുപോലെ, നമ്മുടെയെല്ലാവരുടെയും ജീവിതത്തിൽ ദുഃഖങ്ങളോടൊപ്പം സുഖങ്ങളുമുണ്ട്; നിരാശയോടൊപ്പം പ്രതീക്ഷയുമുണ്ട്; വൈരൂപ്യത്തോടൊപ്പം സൗന്ദര്യവുമുണ്ട്. പക്ഷേ, നമ്മിൽ ഏറെപ്പേരും എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നതു ജീവിതത്തിന്റെ നിഷേധാത്മക മേഖലകളിലല്ലേ?

ജീവിതത്തിലെ ദുഃഖങ്ങളോടൊപ്പം സുഖങ്ങളും നാം എണ്ണിയെണ്ണി അനുസ്മരിക്കേണ്ടതല്ലേ? ജീവിതത്തിൽ ഓരോരോ കാര്യങ്ങളെക്കുറിച്ചു നമുക്കു നൈരാശ്യമുണ്ടായിരിക്കാം. എന്നാൽ നമ്മിൽ നുരഞ്ഞുപൊന്താറുള്ള പ്രതീക്ഷ നാം എന്തിന് അവഗണിക്കണം? നൈരാശ്യത്തെക്കാളേറെ പ്രതീക്ഷയെയല്ലേ നാം താലോലിച്ചു വളർത്തേണ്ടത്?

നമ്മുടെ ജീവിതത്തിൽ തീർച്ചയായും പല വൈരൂപ്യങ്ങളും കാണും. എന്നാൽ, ജീവിതത്തിൽ തെളിഞ്ഞു നില്ക്കുന്ന സൗന്ദര്യഘടകങ്ങളെ നമുക്കെങ്ങനെ അവഗണിക്കാനാവും? ഒരു കൊച്ചുദുഃഖമുണ്ടാകുമ്പോൾ നമ്മുടെ ജീവിതത്തിലെ നൂറുകണക്കിനു സുഖങ്ങളെയാണ് ഒറ്റ നിമിഷംകൊണ്ടു നാം വിസ്മരിച്ചുകളയുന്നത്. അതുപാടില്ല. നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങൾ ഉള്ളതുപോലെ സുഖങ്ങളും ഉണ്ടെന്നതു നമുക്ക് അംഗീകരിക്കാം. അപ്പോൾ നമ്മുടെ ഏതു ദുഃഖത്തിന്റെയും തീവ്രത കുറയുമെന്നുമാത്രമല്ല, ജീവിതത്തിലെ അസംഖ്യം നന്മകളെക്കുറിച്ചു നാം ദൈവത്തോട് എപ്പോഴും നന്ദിയുള്ളവരായിരിക്കുകയും ചെയ്യും.
    
To send your comments, please clickhere