Jeevithavijayam
11/21/2017
    
പുതിയ കണ്ണുകളും പുതിയ നട്ടെല്ലും പുതിയ ആത്മാവും
കുട്ടികൾക്കുള്ള കഥകൾ എഴുതി പ്രസിദ്ധനായിത്തീർന്ന സാഹിത്യകാരനാണു ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൺ (1805–1875). ഡെന്മാർക്കിൽ ജനിച്ച അദ്ദേഹം എഴുതിയ ഒട്ടേറെ കഥകൾ നൂറിലേറെ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ആൻഡേഴ്സന്റെ സമകാലികനായിരുന്നു ബ്രിട്ടീഷ് സാഹിത്യകാരനായിരുന്ന ചാൾസ് ഡിക്കൻസ് (1812–1870). അക്കാലത്തെ ഏറ്റവും പ്രസിദ്ധനായ നോവലിസ്റ്റായിരുന്ന ഡിക്കൻസിനോട് ആൻഡേഴ്സനു വലിയ ബഹുമാനമായിരുന്നു. 1847–ൽ ആൻഡേഴ്സൺ ഇംഗ്ലണ്ട് സന്ദർശിച്ചപ്പോൾ ഡിക്കൻസിനെ പരിചയപ്പെടുകയുണ്ടായി.

പത്തുവർഷത്തിനുശേഷം ആൻഡേഴ്സൺ വീണ്ടും ഡിക്കൻസിനെ സന്ദർശിക്കുവാൻ ഇംഗ്ലണ്ടിലെത്തി. ഡിക്കൻ സിന്റെ അതിഥിയായി എത്തിയ ആൻ ഡേഴ്സൺ അഞ്ച് ആഴ്ച ഡിക്കൻ സിന്റെ കൂടെ താമസിച്ചു.

സന്ദർശനം കഴിഞ്ഞു മടങ്ങിപ്പോകുവാൻ ആൻഡേഴ്സൺ വൈമനസ്യം കാണിക്കുന്നതു കണ്ടപ്പോൾ ഡിക്കൻസ് ഒരു കുറിപ്പ് എഴുതി ആൻഡേഴ്സൺ താമസിക്കുന്ന മുറിയിലെ മേശപ്പുറത്തു വച്ചു. ആ കുറിപ്പ് ഇപ്രകാരമായിരുന്നു: ‘‘ഹാൻസ് ആൻഡേഴ്സൺ അഞ്ച് ആഴ്ച ഈ മുറിയിൽ അന്തിയുറങ്ങി. പക്ഷേ, അദ്ദേഹം ഒരു യുഗം ഇവിടെ താമസിച്ചതു പോലെയാണ് ഇവിടത്തെ കുടുംബാംഗങ്ങൾക്കു തോന്നിയത്.’’

ആൻഡേഴ്സൺ അതിഥിയായി എത്തിയപ്പോൾ വളരെ സന്തോഷപൂർവമാണു ഡിക്കൻസ് അദ്ദേഹത്തെ സ്വീകരിച്ചത്. എന്നാൽ ആ സഹവാസം നീണ്ടുപോയപ്പോൾ ഡിക്കൻസിനും കുടുംബാംഗങ്ങൾക്കും അതത്ര ആസ്വാദ്യമായി തോന്നിയില്ല. വല്ലപാടും ആൻഡേഴ്സൺ ഒന്നു പോയിക്കിട്ടിയിരുന്നെങ്കിൽ എന്നാണ് അവർ ആഗ്രഹിച്ചത്.

ഒരു വർഷം കൂടി നമ്മെ കടന്നു പോവുകയാണ്. കടന്നു പോകുന്ന വർഷത്തോടു യാത്രപറഞ്ഞും പുതിയൊരു വർഷത്തിലേക്കു നാം കടക്കുമ്പോൾ കഴിഞ്ഞവർഷം മറ്റുള്ളവർ എങ്ങനെ നമ്മെ കണക്കാക്കിയെന്നു നാം സ്വയം വിലയിരുത്തുന്നതു നന്നായിരിക്കും. കഴിഞ്ഞവർഷത്തെ നമ്മുടെ സാന്നിധ്യം ഒരു അനുഗ്രഹമായിട്ടാണോ നമ്മുടെ ബന്ധുക്കളും സ്നേഹിതരും സഹപ്രവർത്തരുമൊക്കെ കരുതിയത് ? അതോ, നമ്മുടെ സാന്നിധ്യം അവർക്കൊരു ഭാരമായിരുന്നോ ?

മറ്റുള്ളവർ നമ്മെക്കുറിച്ചു പറയുന്നതും വിലയിരുത്തുന്നതുമനുസരിച്ചു മാത്രം നമുക്കു നമ്മുടെ ജീവിതത്തെ വിലയിരുത്താനാവില്ലെന്നതു ശരിയാണ്. മറ്റുള്ളവർ നമ്മെക്കുറിച്ചു നടത്തുന്ന വിലയിരുത്തുൽ പലപ്പോഴും അത്ര ശരിയായിരിക്കാൻ സാധ്യതയില്ല. എന്നിരുന്നാലും, മറ്റുള്ളവർ നമ്മെ എങ്ങനെ കാണുന്നു എന്നതു നാം ശ്രദ്ധിക്കാതെ പോകരുത്.

ഡിക്കൻസിനെ മനഃപൂർവം ബുദ്ധിമുട്ടിപ്പിക്കാനായിരുന്നില്ല ആൻസേഴ്സൺ ഡിക്കൻസിന്റെ കൂടെ താമസിച്ചത്. പക്ഷേ, ആൻഡേഴ്സന്റെ സാന്നിധ്യം ഡിക്കൻസിനും കുടുംബാംഗങ്ങൾക്കും ഭാരമായി മാറി. പക്ഷേ, ആ വസ്തുത മനസിലാക്കാനുള്ള വിവേകം ആൻഡേഴ്സന് ഉണ്ടായില്ല. അതായിരുന്നു ആൻഡേഴ്സന്റെ പരാജയം.

നമ്മുടെ സംസാരവും പ്രവൃത്തിയുമൊക്കെ പലപ്പോഴും മറ്റുള്ളവർക്കു ഭാരമായി മാറുന്നുണ്ടെങ്കിൽ നമുക്കെവിടെയോ പാകപ്പിഴകളുണ്ടെന്നതു തീർച്ചയാണ്. ഈ പാകപ്പിഴകൾ തിരുത്തുന്നില്ലെങ്കിൽ ഭാവിയിലും നാം മറ്റുള്ളവർക്കു ഭാരമായി തുടരുമെന്നതിൽ സംശയം വേണ്ട.


നാം പുതിയൊരു വർഷത്തിലേക്കു കടക്കുമ്പോൾ നമ്മിലുണ്ടാകേണ്ട ഒരു പ്രധാന ചിന്ത മറ്റുള്ളവർക്ക് അനുഗ്രഹമായി മാറാൻ നമുക്കെങ്ങനെ സാധിക്കും എന്നതായിരിക്കട്ടെ. നാം മറ്റുള്ളവർക്ക് അനുഗ്രഹമായി മാറണമെങ്കിൽ അതിനു നാം ആദ്യം ചെയ്യേണ്ടതു സ്വാർത്ഥതയുടെ പാതയിൽ നിന്നു നാം പിൻവാങ്ങുക എന്നുള്ളതാണ്.

നമ്മുടെ സ്വാർത്ഥതയാണല്ലോ പലപ്പോഴും മറ്റുള്ളവരുടെ ദുഃഖങ്ങൾക്കു കാരണമാകുന്നത്. തന്മൂലം സ്വാർത്ഥതയുടെ പാതയിൽ നിന്നു മാറി നമ്മുടെ പാതിയിലൂടെ നാം ചരിച്ചെങ്കിൽ മാത്രമേ നാം മറ്റുള്ളവർക്കും നമുക്കുതന്നെയും അനുഗ്രഹമായി മാറുകയുള്ളൂ.

പുതുവർഷം തുടങ്ങുമ്പോൾ നമുക്കു പുതിയ ആത്മാവും പുതിയ കണ്ണുകളും പുതിയ കാതുകളും പുതിയ നട്ടെല്ലും പുതിയ കാലുകളും വേണമെന്നു ബ്രിട്ടീഷ് എഴുത്തുകാരനായ ജി.കെ. ചെസ്റ്റർടൺ എഴുതിയിട്ടുണ്ട്. എങ്കിൽ മാത്രമേ, നാം നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും അർഥപൂർണമായതു ചെയ്യൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പുതിയ വർഷം തുടങ്ങുമ്പോഴും നമ്മുടെ ആത്മാവ് പഴയ സ്‌ഥിതിയിൽ തുടർന്നാൽ നമ്മുടെ ജീവിതത്തിൽ കാര്യമായ ഒരു മാറ്റമുണ്ടാകുകയില്ല. നമ്മുടെ പഴയ കണ്ണുകളും പഴയ കാതുകളും പഴയകാലുകളും പഴയ നട്ടെല്ലുമൊക്കെ അതേ രീതിയിൽ പുതുവർഷത്തിലും നിലനിന്നാൽ നമ്മിൽ ഒരു പരിവർത്തനവും സംഭവിക്കില്ലെന്നതു തീർച്ചയാണ്. മാത്രമല്ല, അതു നമ്മുടെ തകർച്ചയ്ക്കു കാരണമാവുകയും ചെയ്യും.

ആംഗലേയ സാഹിത്യകാരനായ ടി.എസ്. എല്യട്ട് എഴുതിയിട്ടുള്ള പോലെ, പുതിയ വർഷത്തിനു വേണ്ടതു പുതിയ ഭാഷയും പുതിയ വാക്കുകളുമാണ്. പഴയ ഭാഷയും പഴയ വാക്കുകളും പുതിയ വർഷത്തോടൊത്തു പോകില്ല. അതായത്, പുതിയ വർഷത്തിനു പുതിയൊരു തുടക്കം വേണം. അല്ലെങ്കിൽ പുതിയ വർഷത്തിൽ ക്രിയാത്മകമായി ഒന്നും സംഭവിക്കില്ലെന്നു സാരം.

ആരോ എഴുതിയിട്ടുള്ളതുപോലെ, പുതിയ വർഷം പുതിയൊരു പുസ്തകം പോലെയാണ്. ഒന്നും എഴുതിയിട്ടില്ലാത്ത ആ പുസ്തകത്തിൽ നാമാണു വാക്കുകൾ എഴുതിക്കൂട്ടി പുതിയൊരു പുസ്തകം രചിക്കുവാൻ പോകുന്നത്.

പുതിയ വർഷത്തിൽ നാം രചിക്കുവാൻ പോകുന്ന നമ്മുടെ ജീവിതമാകുന്ന പുതിയ പുസ്തകം ആർക്കെങ്കിലും പ്രയോജനകരമായിത്തീരുമോ ? അതോ, മറ്റുള്ളവരുടെ നാശത്തിനായിരിക്കുമോ നാം രചിക്കുന്ന നമ്മുടെ ജീവിത പുസ്തകം കാരണമായിത്തീരുക ? തീരുമാനിക്കേണ്ടതു നമ്മൾ തന്നെയാണ്.

പുതിയ വർഷത്തിലേക്കു നാം കാലെടുത്തു വയ്ക്കുമ്പോൾ അതു നമ്മുടെ ജീവിതം മറ്റുള്ളവർക്ക് അനുഗ്രഹമായിത്തീരാനുള്ള ആദ്യകാൽ വയ്പാണെന്നു നമുക്ക് ഉറപ്പു വരുത്താം.
    
To send your comments, please clickhere