Jeevithavijayam
12/12/2017
    
സമ്പാദ്യത്തിന്റെ അവകാശികൾ ഏറെ
ഒരിക്കൽ ഒരു രാജാവ് പ്രജകളുടെ ക്ഷേമം അന്വേഷിച്ച് കുതിരപ്പുറത്തു ഗ്രാമാന്തരങ്ങളിലൂടെ സവാരി ചെയ്യുന്ന സമയം. യാത്രയ്ക്കിടയിൽ പലതരക്കാരായ ആളുകളോടു രാജാവ് ക്ഷേമൈശ്വര്യങ്ങൾ അന്വേഷിച്ചു. അവരിലൊരാൾ ഒരു കർഷകനായിരുന്നു.

‘‘നിങ്ങൾക്കെന്തു വരുമാനമുണ്ട്?’’ രാജാവ് അയാളോടു ചോദിച്ചു.

‘‘ഞാൻ ദിവസവും നാലു നാണയങ്ങൾ സമ്പാദിക്കുന്നുണ്ട്,’’ ഭവ്യതയോടെ അയാൾ മറുപടി പറഞ്ഞു.

‘‘നിങ്ങൾക്കു കിട്ടുന്ന നാലു നാണയങ്ങൾ എങ്ങനെയാണ് നിങ്ങൾ ചെലവഴിക്കുന്നത്?’’ രാജാവു വീണ്ടും ചോദിച്ചു.

അയാൾ പറഞ്ഞു: ‘‘ഒരു നാണയം ഞാൻ എനിക്കുവേണ്ടി ചെലവഴിക്കുന്നു. മറ്റൊന്ന് ഞാൻ നന്ദിസൂചകമായി ചെലവഴിക്കുന്നു. മൂന്നാമതൊരെണ്ണം ഞാൻ തിരികെക്കൊടുക്കുന്നു. നാലാമത്തെ നാണയം ഞാൻ പലിശയ്ക്കു വേണ്ടി നിക്ഷേപിക്കുന്നു.’’

അയാളുടെ മറുപടി കേട്ടപ്പോൾ രാജാവിനു കാര്യങ്ങൾ മുഴുവൻ വ്യക്‌തമായില്ല. തന്മൂലം അയാൾ പറഞ്ഞ കാര്യങ്ങൾ വിശദീകരിക്കുവാൻ രാജാവ് ആവശ്യപ്പെട്ടു.

ഉടനേ അയാൾ പറഞ്ഞു: ‘‘എനിക്കു കിട്ടുന്ന പണത്തിന്റെ ഒരു അംശം എന്റെ കാര്യങ്ങൾക്കായി ഞാൻ ചെലവഴിക്കുന്നു. മറ്റൊരംശം എന്റെ ഭാര്യ എനിക്കുവേണ്ടി ഓരോ ദിവസവും ചെയ്യുന്ന നന്മകൾക്കു പ്രതിനന്ദിയായി അവൾക്കുവേണ്ടി ചെലവഴിക്കുന്നു. പണത്തിന്റെ മറ്റൊരു ഭാഗം എന്റെ മാതാപിതാക്കൾക്കുവേണ്ടി ഞാൻ ചെലവഴിക്കുന്നു. അവർ എനിക്കു ചെയ്തിട്ടുള്ള എല്ലാ നന്മകൾക്കും പകരമായി ഞാൻ അവർക്കു കൊടുക്കുന്നതാണത്. ഞാൻ പലിശയ്ക്കായി നിക്ഷേപിക്കുന്നു എന്നു പറഞ്ഞ തുക ഞാൻ എന്റെ മക്കൾക്കുവേണ്ടി ചെലവഴിക്കുന്ന തുകയാണ്. എന്റെയും ഭാര്യയുടെയും വയസുകാലത്ത് അവർ ഞങ്ങളുടെ കാര്യങ്ങൾ അന്വേഷിക്കുമെന്ന പ്രതീക്ഷയാണ് എനിക്കുള്ളത്.’’

‘‘നിങ്ങൾ പറഞ്ഞത് നല്ലൊരു കടങ്കഥയാണ്,’’ അയാളുടെ വിശദീകരണം കേട്ടപ്പോൾ രാജാവു പറഞ്ഞു. ‘‘ഈ കടങ്കഥയുടെ ഉത്തരം ഇനി എന്റെ തല നൂറു തവണയെങ്കിലും കാണുന്നതുവരെ ആരോടും പറയരുത്.’’

രാജാവിന്റെ ഈ നിർദേശം അയാൾക്കു സമ്മതമായിരുന്നു.

അന്നു കൊട്ടാരത്തിൽ മടങ്ങിയെത്തിയ രാജാവ് കർഷകനിൽ നിന്നു കേട്ട കടങ്കഥ കൊട്ടാരവാസികളോടു പറഞ്ഞു. പക്ഷേ, അവർക്കാർക്കും കടങ്കഥയ്ക്കു പെട്ടെന്ന് ഒരു ഉത്തരം നല്കുവാൻ സാധിച്ചില്ല. തന്മൂലം ഉത്തരം കണ്ടെത്തുവാൻ രാജാവ് അവർക്ക് ഒരു ദിവസത്തെ സാവകാശം കൊടുത്തു.

പിറ്റേ ദിവസം അതിരാവിലെ രാജാവിന്റെ മന്ത്രിമാരിലൊരാൾ രാജാവ് തലേ ദിവസം പോയിരുന്ന ഗ്രാമത്തിലേക്കു പോയി. അവിടെച്ചെന്ന് അധികം താമസിയാതെ തലേദിവസം രാജാവുമായി സംസാരിച്ച കർഷകനെ അയാൾ കണ്ടെത്തി.

പക്ഷേ, കടങ്കഥയുടെ വിശദീകരണം നല്കുവാൻ അയാൾ തയാറല്ലായിരുന്നു. എന്നാൽ, നൂറു സ്വർണ നാണയം സമ്മാനമായി നല്കാമെന്നു പറഞ്ഞപ്പോൾ അയാൾ കടങ്കഥ വിശദീകരിച്ചുകൊടുത്തു.


കടങ്കഥയുടെ ഉത്തരം കണ്ടെത്തിയ മന്ത്രി വിജയശ്രീലാളിതനായി കൊട്ടാരത്തിൽ മടങ്ങിയെത്തി രാജാവിനു കടങ്കഥയുടെ ഉത്തരം നല്കി. അപ്പോൾ, വാക്കുപാലിക്കുന്നതിൽ പരാജയപ്പെട്ട കർഷകനെ രാജാവ് ആളയച്ചുവരുത്തി.

‘‘എന്റെ തല നൂറുതവണ കാണുന്നതിനുമുമ്പായി കടങ്കഥയുടെ രഹസ്യം ആരോടും പറയരുതെന്നു ഞാൻ ആവശ്യപ്പെട്ടിരുന്നതല്ലേ?’’ രാജാവ് അയാളോടു ചോദിച്ചു.

‘‘അങ്ങയുടെ തല നൂറുതവണ കണ്ടതിനുശേഷം മാത്രമാണ് ഞാൻ കടങ്കഥയുടെ ഉത്തരം പറഞ്ഞുകൊടുത്തത്,’’ അയാൾ രാജാവിനോടു പറഞ്ഞു. ‘‘അങ്ങയുടെ മന്ത്രി എനിക്കു നൂറു സ്വർണനാണയം തന്നു. ആ നൂറു നാണയത്തിലും അങ്ങയുടെ തലയുണ്ടായിരുന്നു!’’

കർഷകന്റെ ബുദ്ധിസാമർഥ്യത്തിൽ സന്തുഷ്ടനായ രാജാവ് അയാൾക്കു ധാരാളം സമ്മാനങ്ങൾ കൊടുത്തു എന്നു കഥ. എന്നാൽ ഈ കഥയിലെ കാര്യം കിടക്കുന്നത് കർഷകന്റെ ജീവിത വീക്ഷണത്തിലാണ്. അയാൾ അധ്വാനിച്ച് സ്വത്തു സമ്പാദിച്ചത് സ്വന്തം വയറുനിറയ്ക്കുന്ന കാര്യം ഉറപ്പാക്കാൻവേണ്ടി മാത്രമായിരുന്നില്ല. തന്റെ കാര്യംപോലെ തന്നെ തന്റെ ഭാര്യയുടെ കാര്യം നോക്കുവാൻ അയാൾ പണം ചെലവഴിച്ചു. അതുപോലെ തന്നെ വളർത്തിയ മാതാപിതാക്കളെ അയാൾ മറന്നില്ല. അവർ തനിക്കു ചെയ്തിട്ടുള്ള നന്മകൾ വിസ്മരിക്കാതെ അയാൾ അവരുടെ കാര്യങ്ങൾ ഭംഗിയായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തി. തന്റെ മക്കളുടെ കാര്യത്തിലും അയാൾ ശ്രദ്ധാലുവായിരുന്നു. അവർക്കു വേണ്ടിയും തന്റെ സമ്പത്തിൽ നല്ല ഒരു ഭാഗം അയാൾ മാറ്റിവച്ചു.

താൻ സമ്പാദിക്കുന്ന പണം തനിക്കു മാത്രം അവകാശപ്പെട്ടതല്ല എന്ന ബോധ്യം അയാൾക്കുണ്ടായിരുന്നു. അതുകൊണ്ടാണ് തന്റെ പണം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ അയാൾ തയാറായത്. എന്നാൽ, പണം സമ്പാദിക്കുന്ന പലരും അത് സ്വന്തം കാര്യത്തിനായി മാത്രം ചെലവഴിക്കുന്നതു നാം പലപ്പോഴും കാണാറുള്ളതാണല്ലോ. മദ്യപാനത്തിന് അടിമകളാകുന്നവരിൽ ഭൂരിഭാഗവും സ്വന്തം കുടുംബാംഗങ്ങളെപ്പോലും മറന്നുകൊണ്ട് പണം സ്വന്തം സുഖത്തിനായി മാത്രം ചെലവഴിക്കുകയാണല്ലോ ചെയ്യുന്നത്.

മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ കർഷകൻ ചെയ്തതുപോലെ നാം സമ്പാദിക്കുന്ന പണം നമ്മുടെ കുടുംബാംഗങ്ങളുടെ സംരക്ഷണത്തിനായി ചെലവഴിക്കണം. എന്നാൽ, അതോടൊപ്പം നമ്മുടെ ചുറ്റിലും അവശതകൾ അനുഭവിക്കുന്നവരെ സഹായിക്കുന്ന കാര്യത്തിലും നമുക്കു ശ്രദ്ധയുണ്ടാകണം. അവരെ വിസ്മരിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കുവാൻ ശ്രമിച്ചാൽ അത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പോരായ്മയും അപരാധവുമായി നിലനിൽക്കും.

നാം സമ്പാദിക്കുന്ന പണം നമ്മുടെ അധ്വാനഫലമാണെങ്കിലും അതിനു നാം മാത്രമല്ല അവകാശികൾ എന്നത് നമുക്കു മറക്കാതിരിക്കാം.
    
To send your comments, please clickhere