Jeevithavijayam
3/23/2018
    
ഇല്ലാത്ത കോരികയും ഒരു ആത്മത്യാഗവും
രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയം. കുറെ സ്‌കോട്ടിഷ് പട്ടാളക്കാര്‍ ജപ്പാന്‍കാരുടെ പിടിയിലായി. ജപ്പാന്‍കാര്‍ അവരെ റെയില്‍റോഡ് നിര്‍മാണത്തിന്റെ ചുമതല ഏല്‍പ്പിച്ചു. വനാന്തര്‍ഭാഗത്തുകൂടിയായിരുന്നു റെയില്‍റോഡ് നിര്‍മാണം. തന്മൂലം ജോലി അതീവ ക്ലേശകരമായിരുന്നു. ജപ്പാന്‍കാരാകട്ടെ വളരെ ക്രൂരമായിട്ടായിരുന്നു തടവിലാക്കപ്പെട്ടവരോടു പെരുമാറിയിരുന്നത്.

ഒരു ദിവസം പണികഴിഞ്ഞപ്പോള്‍ പണിയായുധങ്ങളിലൊന്നായ ഒരു കോരിക കാണാനില്ലായിരുന്നു. ''എവിടെയാണ് കോരിക? ആരാണതു നഷ്ടപ്പെടുത്തിയത്?'' തടവുകാരുടെ ചുമതലയുള്ള ഓഫീസര്‍ ചോദിച്ചു. അപ്പോള്‍ എല്ലാവരും മിണ്ടാതെ നിന്നു. ക്ഷുഭിതനായ ഓഫീസര്‍ കൈത്തോക്കു കൈയിലെടുത്തുകൊണ്ടു പറഞ്ഞു: ''കോരിക നഷ്ടപ്പെടുത്തിയവന്‍ മുന്നോട്ടു വരുന്നില്ലെങ്കില്‍ എല്ലാവരെയും കൊന്നുകളയും!''

ഭീഷണിപ്പെടുത്തിയതുപോലെ അയാള്‍ ചെയ്യുമെന്ന് അവര്‍ക്കു തീര്‍ച്ചയായിരുന്നു. എല്ലാവരും നിശ്ശബ്ദരായി എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നില്‍ക്കുമ്പോള്‍ അവരിലൊരാള്‍ മുന്നോട്ടുവന്നു കുറ്റം സ്വയം ഏറ്റെടുത്തു. അപ്പോള്‍ ഓഫീസര്‍ കൈത്തോക്ക് അരയില്‍ തിരുകി ഒരു കോരിക എടുത്ത് ആ സാധു മനുഷ്യനെ തല്ലിച്ചതയ്ക്കാന്‍ തുടങ്ങി. പ്രതിഷേധ പ്രകടനം കൂടാതെ അയാള്‍ ആ ക്രൂരപീഡനം ഏറ്റുവാങ്ങി. കോരികകൊണ്ടുള്ള അടിയേറ്റ് അധികം താമസിയാതെ അയാള്‍ മരിച്ചുവീണു.

മരിച്ചയാളെയും വഹിച്ചുകൊണ്ട് സഹതടവുകാര്‍ ക്യാമ്പിലേക്കു മടങ്ങി. അവിടെയെത്തിയപ്പോള്‍ പണിയായുധങ്ങളുടെ എണ്ണം വീണ്ടും പരിശോധിച്ചു. അപ്പോഴാണു മനസിലായത്, ആദ്യത്തെ കണക്കെടുപ്പില്‍ തെറ്റുപറ്റിയിരുന്നെന്ന്. ഇല്ലാത്ത ഒരു കോരികയുടെ പേരിലായിരുന്നത്രേ ഓഫീസര്‍ പാവപ്പെട്ട ഒരു പട്ടാളത്തടവുകാരനെ തല്ലിക്കൊന്നത്. എന്തുകൊണ്ടാണ് ആ തടവുകാരന്‍ താന്‍ ചെയ്യാത്ത കുറ്റം സ്വയം ഏറ്റെടുത്തത്? താനോ മറ്റാരെങ്കിലുമോ കുറ്റം ഏറ്റെടുക്കുന്നില്ലെങ്കില്‍ ആ ഓഫീസര്‍ എല്ലാവരെയും വെടിവച്ചുകൊല്ലുമെന്ന് അയാള്‍ക്കറിയാമായിരുന്നു. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടിയാണ് ആ തടവുകാരന്‍ താന്‍ ചെയ്യാത്ത കുറ്റം ഏറ്റത്.

ഒരു നിരപരാധി തന്റെ സഹതടവുകാര്‍ക്കുവേണ്ടി മരണം വരിച്ചു എന്ന വാര്‍ത്ത പട്ടാളക്യാമ്പുകളിലും തടവുപുള്ളികളുടെ ഇടയിലും കാട്ടുതീ പോലെ പടര്‍ന്നു. ആ സാധുമനുഷ്യന്റെ മരണം അവരുടെയെല്ലാവരുടെയും ജീവിതത്തെ മാറ്റിമറിച്ചതായി ഏണസ്റ്റ് ഗോര്‍ഡന്‍ എന്ന ഗ്രന്ഥകാരന്‍ 'മിറക്കിള്‍ ഓണ്‍ ദ റിവര്‍ ക്വാവായ്' എന്ന പുസ്തകത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

എന്തായിരുന്നെന്നോ ആ മരണം തടവുകാരുടെയിടയില്‍ വരുത്തിയ വ്യത്യാസം? സഖ്യകക്ഷികള്‍ വിജയിച്ച് ആ തടവുപുള്ളികളെ മോചിപ്പിച്ചപ്പോള്‍ അവരെല്ലാവരും ഏക സ്വരത്തില്‍ അധികാരികളോട് പറഞ്ഞു: ''ഞങ്ങളെ തടവിലാക്കി പീഡിപ്പിച്ചവരെ വധിക്കരുത്. അവരോടു നമുക്ക് ക്ഷമിക്കാം. ഇനിമേല്‍ ശത്രുത അരുത്.''


ആ സാധു പടയാളി തന്റെ സഹജീവികളുടെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി സ്വയം മരണം വരിച്ചപ്പോള്‍ അതുവഴി മറ്റു സഹജീവികളിലുണ്ടായ മാറ്റം അത്ര മഹത്തരമായിരുന്നു! എന്നാല്‍, അതിലും എത്രയോ മഹത്തരമായ വ്യത്യാസമാണ് ദൈവപുത്രനായ യേശുവിന്റെ കാല്‍വരിയിലെ ആത്മസമര്‍പ്പണം വഴി ലോകത്തിലുണ്ടായത്!

പാപികളായ മനുഷ്യര്‍ക്കു പാപമോചനവും നവജീവനും നല്‍കുവാന്‍ വേണ്ടിയുള്ള യേശുവിന്റെ പീഡാനുഭവവും കുരിശുമരണവും ലോകത്തെ പിടിച്ചുകുലുക്കി എന്നതാണു വാസ്തവം. യേശുവിന്റെ പീഡാനുഭവവും മരണവും അനുസ്മരിക്കുന്ന ഈ വലിയ ആഴ്ചയില്‍ നമ്മളും നമ്മുടെ ലോകവും പിടിച്ചുകുലുക്കപ്പെടുന്നു എന്നതാണ് നമുക്ക് അനുഭവവേദ്യമാകുന്ന ഒരു യാഥാര്‍ഥ്യം.

നീതിമാനും നിരപരാധിയുമായ ദൈവപുത്രന്‍ കുരിശുമരണം സ്വയം ഏറ്റെടുത്തത് മനുഷ്യരാശിയുടെ മുഴുവന്‍ രക്ഷയ്ക്കും വേണ്ടിയായിരുന്നു. ഈ വസ്തുത അറിഞ്ഞപ്പോഴാണു ലോകവും മനുഷ്യരും മാറിമറിഞ്ഞത്. കുരിശില്‍നിന്നുപോലും ശത്രുവിനോടു ക്ഷമിക്കാനുള്ള സന്ദേശം കേട്ട ലോകത്തില്‍ മാറ്റങ്ങളുണ്ടായിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ.

യേശുവിന്റെ പീഡാനുഭവവും മരണവുംവഴി ലോകത്തിലും അസംഖ്യം മനുഷ്യരിലും കാതലായ പരിവര്‍ത്തനം സംഭവിച്ചു എന്നതു ശരിതന്നെ. എന്നാല്‍, യേശുവിന്റെ പീഡാസഹനവും മരണവുംവഴി നമ്മുടെ വ്യക്തിപരമായ ജീവിതത്തില്‍ കാതലായ പരിവര്‍ത്തനം ഉണ്ടായിട്ടുണ്ടോ എന്നതാണ് ഇന്ന് ഏറെ പ്രസക്തമായ ചോദ്യം. യേശു സഹിച്ചതും മരിച്ചതും നമുക്കു നവജീവന്‍ പകരുവാന്‍ വേണ്ടിയായിരുന്നു എന്നതു ശരിതന്നെ. എന്നാല്‍, കുരിശില്‍ നിന്നുള്ള അവിടുത്തെ സന്ദേശവും മാതൃകയും നാം സ്വീകരിക്കാതെ ഇരുന്നാല്‍ നമ്മുടെ ജീവിതം പഴയപടി തുടരുമെന്നു വ്യക്തമാണ്. അതായത്, യേശുവിന്റെ പീഡാനുഭവവും മരണവും വഴി നമ്മുടെ ജീവിതത്തിനു നേട്ടമൊന്നുമുണ്ടാവുന്നില്ലെന്നു സാരം. അങ്ങനെയൊരു ദുര്‍ഗതി വരുവാന്‍ നാം ഇടയാക്കരുത്.

യേശു പീഡകള്‍ സഹിച്ചതും മരിച്ചതും നമ്മെ പാപബന്ധങ്ങളില്‍ നിന്നു മോചിപ്പിച്ച് നമുക്കു നവജീവന്‍ തരുവാനായിരുന്നു എന്നത് അനുസ്മരിച്ചുകൊണ്ട് അവിടുത്തെപ്പോലെ സ്വാര്‍ത്ഥതാരഹിതമായി സ്‌നേഹിക്കുവാനും ക്ഷമിക്കുവാനും നാം തയാറാകണം. അതുപോലെ തന്നെ, നമ്മുടെ ജീവനും നമുക്കുള്ളവയും മറ്റുള്ളവരുടെ നന്മയ്ക്കായി സമര്‍പ്പിക്കുവാനും നാം സന്നദ്ധരാകണം. അതുവഴിയായി, യേശുവിന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഫലത്തില്‍ നാം പങ്കുകാരാകുകയും ചെയ്യും.
    
To send your comments, please clickhere