Jeevithavijayam
7/19/2018
    
ആത്മാവിന്റെ ജോലി
'ആത്മാവിനുള്ള ഹാന്‍ഡ്ബുക്ക്' . മനശാസ്ത്രരംഗത്തു പ്രവര്‍ത്തിക്കുന്ന റിച്ചാര്‍ഡ് കാള്‍സനും ബഞ്ചമിന്‍ ഷീല്‍ഡും ചേര്‍ന്ന് 1993ല്‍ പുറത്തിറക്കിയ ആധ്യാത്മിക പ്രചോദനാത്മക ലേഖനങ്ങളുടെ ഒരു സമാഹാരമാണിത്. റോബര്‍ട്ട് ഫുള്‍ഗാം, ഹാരോള്‍ഡ് കുഷ്‌നര്‍, തോമസ് മൂര്‍, ബേണി സീഗല്‍ എന്നിങ്ങനെ മുപ്പതോളം പ്രശസ്തരായ എഴുത്തുകാരുടെ ലേഖനങ്ങളടങ്ങുന്ന ഈ ഗ്രന്ഥം ആത്മാവിന്റെ വളര്‍ച്ചയ്ക്കുപകരിക്കുന്ന ഒരു യഥാര്‍ഥ ഹാന്‍ഡ്ബുക്ക് തന്നെ.

ഈ ഹാന്‍ഡ്ബുക്കില്‍ സീഗലിന്റേതായി കൊടുത്തിട്ടുള്ള ലേഖനത്തില്‍ അദ്ദേഹം ഒരു ചോദ്യം ചോദിക്കുന്നുണ്ട്: നാം ദൈവത്തിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുന്നുവെന്നു കരുതുക. അപ്പോള്‍ സ്വയം പരിചയപ്പെടുത്തുവാന്‍ അവിടുന്നു നമ്മോടാവശ്യപ്പെടുന്നു. അങ്ങനെ ദൈവം നമ്മോടാവശ്യപ്പെട്ടാല്‍ നാം എങ്ങനെയായിരിക്കും സ്വയം പരിചയപ്പെടുത്തുക?

നമ്മില്‍ പലരും ഒട്ടേറെ അറിയപ്പെടുന്നവരും അതുപോലെ ജീവിതത്തില്‍ വിലയേറിയ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളവരുമായിരിക്കാം. ഒരുപക്ഷേ, നമ്മില്‍ പലര്‍ക്കും നല്ല വിദ്യാഭ്യാസയോഗ്യതയും അഭിമാനാര്‍ഹമായ ജോലിയും നല്ല സാമ്പത്തികസ്ഥിതിയുമൊക്കെ ഉണ്ടായിരിക്കാം. വിവിധ രീതിയില്‍ അസാധാരണ കഴിവുകളുള്ളവരും നമ്മുടെ ഇടയില്‍ കണെ്ടന്നിരിക്കാം.

നാം ഏറെ കേമന്മാരാണെന്നു തന്നെയിരിക്കട്ടെ. അങ്ങനെയുള്ള നമ്മള്‍ ദൈവത്തിന്റെ മുമ്പില്‍ സ്വയം പരിചയപ്പെടുത്തേണ്ടിവരുമ്പോള്‍ എന്തായിരിക്കും പറയുക? ഞാന്‍ ഡോക്ടര്‍, അല്ലെങ്കില്‍ എന്‍ജിനിയറാണ്. അല്ലെങ്കില്‍ അധ്യാപകനാണ്, അല്ലെങ്കില്‍ പുരോഹിതനാണ്, അല്ലെങ്കില്‍ കര്‍ഷകനാണ് എന്നൊക്കെയായിരിക്കുമോ നാം പറയുക?

നമ്മുടെ സ്വയം പരിചയപ്പെടുത്തല്‍ ഈ രീതിയിലുള്ളതാണെങ്കില്‍ ദൈവത്തിന്റെ മറുപടി എന്തായിരിക്കുമെന്നോ? സീഗലിന്റെ അഭിപ്രായത്തില്‍, ദൈവം അപ്പോള്‍ പറയും: 'നീ ആരാണെന്നു ശരിക്കു മനസിലാക്കുമ്പോള്‍ വീണ്ടും വരിക.'

സ്വയം പരിചയപ്പെടുത്താന്‍ ദൈവം നമ്മോടാവശ്യപ്പെട്ടാല്‍ നാം എങ്ങനെയായിരിക്കണം നമ്മെത്തന്നെ പരിചയപ്പെടുത്തുക? ഡോക്ടര്‍ സീഗല്‍ ഇതിന് ഉത്തരം നേരിട്ടു പറയുന്നില്ല. എന്നാല്‍, രോഗംമൂലവും മറ്റും മരണത്തോട് അതിവേഗം അടുത്തുകൊണ്ടിരിക്കുന്നവരോടു ദൈവത്തിന്റെ മുമ്പില്‍ സ്വയം പരിചയപ്പെടുത്താന്‍ പറഞ്ഞാല്‍ അവര്‍ എന്തായിരിക്കും പറയുക എന്നു സീഗല്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, അവര്‍ പറയുന്ന മറുപടി ഇപ്രകാരമായിരിക്കും: അവിടുത്തേക്ക് എന്നെ അറിയാമല്ലോ. ഞാന്‍ അവിടുത്തെ പുത്രനാണ്, അല്ലെങ്കില്‍ പുത്രിയാണ്.


സീഗലിന്റെ വീക്ഷണമനുസരിച്ച്, നാം എവിടെ പഠിച്ചുവെന്നോ, എന്തു ജോലി ചെയ്തുവെന്നോ ഒന്നും ആയിരിക്കുകയില്ല ദൈവം നമ്മോടു ചോദിക്കുക. സീഗല്‍ എഴുതുന്നു: നമ്മള്‍ ആരാണെന്ന് അറിയുവാനാണ് ദൈവം ആഗ്രഹിക്കുക.

നാം യഥാര്‍ഥത്തില്‍ ആരാണെന്ന് എങ്ങനെയാണ് അറിയുക? ഈ അറിവുനേടുക എന്നതു നമ്മുടെ ആത്മാവിന്റെ ജോലിയാണത്രേ. ഇതായിരിക്കണമത്രേ നമ്മുടെ ജീവിതത്തിലെ യഥാര്‍ഥ ജോലി. ഈ ജോലിയില്‍ നാം പരാജയപ്പെട്ടാല്‍ മറ്റു രംഗങ്ങളിലെ വിജയങ്ങള്‍പോലും പരാജയമായി മാറുമെന്നു സീഗല്‍ അഭിപ്രായപ്പെടുന്നു.

അന്തസുള്ള ജോലി നേടുന്ന കാര്യത്തില്‍ നമ്മില്‍ ഏറെപ്പേരും എത്രമാത്രം നിശ്ചയദാര്‍ഢ്യവും താത്പര്യവും കാണിക്കാറുണ്ട്. എന്നാല്‍, ആത്മാവിന്റെ ജോലിയുടെ കാര്യത്തെക്കുറിച്ചു നാം എപ്പോഴെങ്കിലും ചിന്തിക്കാറുണേ്ടാ?

നാം ശരിക്കും ആരാണെന്നറിയാതെ വെറുതെയങ്ങു ജീവിച്ചതുകൊണ്ട് എന്തു ഫലം? ഒരുദിവസം നമുക്കുള്ള ജോലിയും മറ്റു സകല സൗകര്യങ്ങളും ഉപേക്ഷിച്ചു ദൈവത്തെ നാം അഭിമുഖീകരിക്കേണ്ടിവരില്ലേ? ആ നിമിഷത്തിനായി ഇപ്പോള്‍ത്തന്നെ നാം ഒരുങ്ങുന്നില്ലെങ്കില്‍ നമ്മുടെ സ്ഥിതി ഏറെ കഷ്ടമാകും.

ശരീരത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധയുള്ളവരാണ് നമ്മള്‍. എന്തു വിലകൊടുത്തും നമ്മുടെ ആരോഗ്യം നാം പരിരക്ഷിക്കാറില്ലേ? ശരീരത്തിനു രോഗം വരുമ്പോള്‍ മരുന്നിനായി നാം ഓടാറില്ലേ? എന്നാല്‍, ആത്മാവിന്റെ ആരോഗ്യകാര്യത്തിലോ?

നമ്മുടെ ആത്മാവിന്റെ ആരോഗ്യസ്ഥിതിയുടെ കാര്യത്തില്‍ നമുക്കുള്ള ശ്രദ്ധ പലപ്പോഴും വളരെ കുറവാണെന്നതാണു വസ്തുത. ആത്മാവില്‍ സാരമായ രോഗം ബാധിക്കുമ്പോഴും കണ്ടില്ലെന്നു നടിക്കാനാണ് നാം മുതിരുക. എന്നാല്‍, അതുവഴി നമുക്കുണ്ടാകുന്ന തീരാനഷ്ടം എത്ര വലുതാണ്!

ശരീരംകൊണ്ടു ജോലിചെയ്യുന്നതുപോലെ ആത്മാവുകൊണ്ടും നമുക്കു ജോലിചെയ്യാം. നാം എല്ലാവരും ദൈവത്തിന്റെ മക്കളാണ് എന്ന ആത്മബോധത്തില്‍ നിന്നു നമുക്കു നമ്മുടെ ആത്മാവിന്റെ ജോലി തുടങ്ങാം.
    
To send your comments, please clickhere