Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
August 21, 2018
 
 
    
 
Print this page
 

സുഖപ്പെടുത്തപ്പെടുവാന്‍ വിസമ്മതിക്കുന്നവര്‍

വിശുദ്ധനാട് സന്ദര്‍ശിക്കുവാനെത്തിയ നാല് തീര്‍ഥാടകരായിരുന്നു അവര്‍. ഗലീലിയാ കടല്‍ കണ്ടപ്പോള്‍ അതിന്റെ മനോഹാരിതയില്‍ അവര്‍ ആകൃഷ്ടരായി. അങ്ങനെയാണ് അവര്‍ ഒരു ചെറിയ ബോട്ട് വാടകയ്‌ക്കെടുത്തു കടലില്‍ മീന്‍പിടിക്കാനിറങ്ങിയത്.

കാറ്റും കോളും ഇല്ലാതെ കടല്‍ ശാന്തമായി കിടന്നിരുന്ന സമയമായിരുന്നു അത്. അവര്‍ കടലിന്റെ ഭംഗി ആസ്വദിച്ച് മീന്‍പിടിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൈവപുത്രനായ യേശു വെള്ളത്തിനു മുകളിലൂടെ നടന്ന് അവരുടെ അടുത്തെത്തി.

യേശുവിനെ കണ്ടപ്പോള്‍ അവര്‍ക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കുവാന്‍ സാധിച്ചില്ല. തങ്ങള്‍ സ്വപ്നം കാണുകയാണെന്നാണ് ആദ്യം അവര്‍ കരുതിയത്. പക്ഷേ, യേശു ബോട്ടില്‍ക്കയറി അവരെ അഭിവാദ്യം ചെയ്തപ്പോള്‍ അത് യേശുവാണെന്നു അവര്‍ക്കു ബോധ്യം വന്നു.

''എന്താ, നിങ്ങള്‍ക്കിതുവരെ മീനൊന്നും കിട്ടിയില്ലേ?'' യേശു താല്പര്യപൂര്‍വ്വം അവരോടു ചോദിച്ചു.

''ഞങ്ങള്‍ വെറുതെ സമയം കളയാന്‍ വന്നതാണ്,'' അവരിലൊരാള്‍ പറഞ്ഞു. ''മീന്‍ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല.''

''നിങ്ങള്‍ക്കെന്തെങ്കിലും സഹായം വേണോ?'' യേശു അവരോട് ചോദിച്ചു. ഉടനെ അവരിലൊരാള്‍ പറഞ്ഞു: ''വര്‍ഷങ്ങളായി വല്ലാത്ത നടുവുവേദന ഞാന്‍ സഹിക്കുന്നു. എന്റെ വേദനമാറ്റിത്തരണമെന്നു ഞാന്‍ അപേക്ഷിക്കുന്നു.''

ഉടനെ യേശു അയാളെ ആശീര്‍വദിച്ചനുഗ്രഹിച്ചു. അപ്പോള്‍ അയാളുടെ നടുവുവേദന അത്ഭുതകരമായി മാറി. ഇതു കണ്ടപ്പോള്‍ തീര്‍ഥാടകരില്‍ വേറൊരാള്‍ യേശുവിനോട് പറഞ്ഞു: ''കര്‍ത്താവേ, എന്റെ രണ്ട് കണ്ണിനും കാഴ്ചകുറവാണ്. അങ്ങ് എന്റെ കണ്ണുകളെ തൊട്ട് ആശീര്‍വദിച്ച് എനിക്കു നല്ല കാഴ്ച തരണമെ.''

യേശു ഉടനെ അയാളുടെ കണ്ണുകളെ സ്പര്‍ശിച്ച് അയാളെ ആശീര്‍വദിച്ചനുഗ്രഹിച്ചു. അപ്പോള്‍ അയാള്‍ക്കു അത്ഭുതകരമായി നല്ല കാഴ്ച ലഭിച്ചു.

ചോദിക്കുന്നതൊക്കെ യേശു നല്‍കുന്നുവെന്നു കണ്ടപ്പോള്‍ അവരില്‍ മൂന്നാമന്‍ യേശുവിനോട് പറഞ്ഞു: ''ഞാന്‍ പ്രമേഹരോഗിയാണ് എന്റെ പ്രമേഹം അവിടുന്ന് മാറ്റിത്തരണമെ.''

''നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു സംഭവിക്കട്ടെ അയാളെ അനുഗ്രഹിച്ചുകൊണ്ട് യേശു പറഞ്ഞു. അയാളുടെ ആഗ്രഹവും സാധിച്ചുകൊടുക്കുവാന്‍ യേശു തയാറായപ്പോള്‍ അവരില്‍ നാലാമനും യേശുവിനോട് എന്തെങ്കിലും അനുഗ്രഹം ചോദിക്കുമെന്നാണ് മറ്റുള്ളവര്‍ കരുതിയത്. എന്നാല്‍ അയാള്‍ മൗനം ദീക്ഷിക്കുകയാണ് ചെയ്തത്.

ഇതു കണ്ടപ്പോള്‍ യേശു അയാളോട് ചോദിച്ചു: '' എന്താ അനുഗ്രഹമൊന്നും വേണേ്ട?'' ഉടനെ അയാള്‍ കൈകള്‍ ഉയര്‍ത്തിക്കൊണ്ടു പറഞ്ഞു: ''കര്‍ത്താവേ, എന്നെ തൊടരുതെ! ഞാന്‍ അനാരോഗ്യത്തിനുള്ള പെന്‍ഷന്‍ (ഡിസ്എബിലിറ്റി പെന്‍ഷന്‍) പറ്റുന്ന ആളാണ്!''

ആരുടെയോ നര്‍മഭാവന ചമഞ്ഞെടുത്ത കഥയാണിത്. എന്നാല്‍ ഈ കഥയില്‍ ഏറെ കാര്യമുണെ്ടന്നത് നാം മറക്കരുത്. യേശു തന്നെ തെട്ടു സുഖപ്പെടുത്തിയാല്‍ തനിക്കു കിട്ടിക്കൊണ്ടിരിക്കുന്ന ഡിസ്എബിലിറ്റി പെന്‍ഷന്‍ തനിക്കു നഷ്ടമാകുമെന്നായിരുന്നു അയാളുടെ ഭയം. തനിക്കു കിട്ടുന്ന പെന്‍ഷന്‍ തുക മുടങ്ങാതിരിക്കുന്നതിനുവേണ്ടി അനാരോഗ്യവാനായി തുടരുവാനാണ് അയാള്‍ ഇഷ്ടപ്പെട്ടത്!

സുഖപ്പെടുത്തപ്പെടുവാന്‍ വിസമ്മതിച്ച ഈ മനുഷ്യന്‍ നമ്മില്‍ പലരുടെയും പ്രതിനിധിയല്ലയോ? ശാരീരികവും അധ്യാത്മികവുമായ സകല രോഗങ്ങളില്‍ നിന്നും സുഖപ്പെടുവാന്‍ നാം ആഗ്രഹിക്കുന്നു എന്നായിരിക്കും നമ്മെക്കുറിച്ചുതന്നെ നാം കരുതുക. എന്നാല്‍ ചിലതരം രോഗങ്ങളില്‍ നിന്നെങ്കിലും സുഖപ്പെടുവാന്‍ നമ്മില്‍ പലരും ആഗ്രഹിക്കുന്നില്ല എന്നതല്ലേ വസ്തുത?

മദ്യപാനമെന്ന രോഗ ത്തിനു അടിമയായിരിക്കുന്നവരിലെത്രയോ പേര്‍ ആ രോഗത്തില്‍ നിന്നു സുഖപ്പെടുവാന്‍ വിസമ്മതിക്കുന്നു. അതുപോലെതന്നെ, നമ്മുടെ ആത്മാവിനെ കാര്‍ന്നുതിന്നുന്ന വിവിധ പാപങ്ങളില്‍ നിന്നു മുക്തി നേടുവാന്‍ നമ്മില്‍ പലരും ശ്രമിക്കുന്നുണേ്ടാ? ചില രോഗങ്ങളും പാപങ്ങളും തരുന്ന താല്‍ക്കാലിക സന്തോഷമാകുന്ന ''പെന്‍ഷന്‍'' വീണ്ടും വീണ്ടും ലഭിക്കണമെന്ന് ചിലപ്പോഴെങ്കിലും നാം ആഗ്രഹിച്ച് പോകാറില്ലേ?

നമ്മെ തകര്‍ക്കുന്ന രോഗങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നുമൊക്കെ നമ്മെ തൊട്ടു സുഖപ്പെടുത്തുവാന്‍ സ്‌നേഹനിധിയായ ദൈവം തയാറാണെന്നതാണ് വാസ്തവം. പക്ഷേ, നമ്മെ സ്പര്‍ശിക്കുവാന്‍ ദൈവത്തെ നാം അനുവദിച്ചിട്ട് വേണേ്ട അവിടുന്നു നമ്മെ സുഖപ്പെടുത്തുവാന്‍?

ദൈവം നമ്മോടടുത്തു നമ്മെ സ്പര്‍ശിക്കുവാന്‍ നാം അനുവദിച്ചാല്‍ നാം ഇപ്പോള്‍ അനുഭവിക്കുന്ന താല്‍ക്കാലിക സന്തോഷമാകുന്ന ''പെന്‍ഷന്‍'' നമുക്കു നഷ്ടപ്പെട്ടു പോകുമെന്ന ഭയം നമുക്കില്ലേ? അതുകൊണ്ടല്ലേ ദൈവം നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുവാന്‍ പലപ്പോഴും നാം അനുവദിക്കാത്തത്?

ദൈവത്തെ നമുക്കു വേണമെന്നുണ്ട്. പക്ഷേ, അത് നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് മറ്റ് പരിഹാരമൊന്നുമില്ല എന്ന് തോന്നുമ്പോള്‍ മാത്രമല്ലേ? നമ്മുടെ പ്രശ്‌നങ്ങളെല്ലാം വളരെ എളുപ്പത്തില്‍ പരിഹരിക്കുവാന്‍ നമുക്കു സാധിച്ചാല്‍ നാം എപ്പോഴും ദൈവത്തെ അന്വേഷിക്കുമോ? പ്രശ്‌നപരിഹാരകന്‍ എന്ന നിലയിലല്ലേ ചിലപ്പോഴെങ്കിലും നാം ദൈവത്തെ കാണുന്നത്.

നാം ദൈവത്തെ എപ്പോഴും അന്വേഷിക്കണം. സുഖത്തിലും ദുഃഖത്തിലും നാം അവിടുത്തെ അന്വേഷിക്കണം. നാം അങ്ങനെ ചെയ്താല്‍ അവിടുന്ന് നമ്മെ സ്പര്‍ശിച്ച് നമ്മുടെ സന്തോഷങ്ങളെ വിശുദ്ധീകരിക്കുകയും നമ്മുടെ ദുഃഖങ്ങളെ നമ്മുടെ നന്മയ്ക്കായി മാറ്റുകയും ചെയ്യും.

ദൈവം എപ്പോഴും നമ്മുടെ നന്മയും സുഖവും ആഗ്രഹിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, അവിടുന്ന് നമ്മെ സ്പര്‍ശിക്കുവാന്‍ നാം അനുവദിച്ചാല്‍ മാത്രമെ നമുക്കു സുഖവും സന്തോഷവും ഉണ്ടാകൂ എന്നത് നമുക്കു മറക്കാതിരിക്കാം.

 


 
    
 
To send your comments, please click here
 
 
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.