Letters
കണ്ണൂരിലെ അരുംകൊലയ്ക്ക് അറുതിവരുത്തുന്നതെങ്ങനെ?
Friday, October 21, 2016 2:24 PM IST
പാടത്തു പണിയെടുത്താൽ വരമ്പത്തു കൂലി ലഭിക്കും എന്നു പാർട്ടി സെക്രട്ടറി പറഞ്ഞതുകേട്ടതുകൊണ്ടാണോ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട് 48 മണിക്കൂറിനകം ബിജെപി പ്രവർത്തകൻ കൊല്ലപ്പട്ടത്? ലോറി ഡ്രൈവറായിരുന്ന പിണറായി ഒലയമ്പലത്തെ കൊല്ലനാട്ടി വീട്ടിൽ 26 വയസുകാരനായ രമിത്തിനെ തന്റെ വസതിക്കടുത്തുവച്ച് ആൾക്കൂട്ടം നോക്കിനിൽക്കെയാണ് ഏതാനും പേർ ചേർന്നു കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട രമിത്തിന്റെ പിതാവും ബസ് ഡ്രൈവറുമായിരുന്ന ചോടോൻ ഉത്തമനെയും ചാവശേരിയിൽവച്ച് ഇതേരീതിയിൽ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. അന്ന് കുട്ടികളായിരുന്ന രമിത്തിനെയും സഹോദരിയെയും എത്രമാത്രം സഹനവും കഷ്‌ടപ്പാടും അനുഭവിച്ചായിരിക്കണം അവരുടെ അമ്മ വളർത്തിയത്. ഇത്ര ക്രൂരത ആ വിധവയായ അമ്മയോടു കാണിക്കാൻ അവർ എന്തു തെറ്റാണ് ചെയ്തത്? അവർ ഇപ്പോൾ അനുഭവിക്കുന്ന ദുഃഖത്തിന്റെയും വേദനയുടെയും കാഠിന്യവും ആഴവും എത്ര വലുതായിരിക്കുമെന്ന് കൊലനടത്തിയവർക്കും അതിനു പ്രേരണ നൽകിയവർക്കും അറിഞ്ഞുകൂടെന്നുണ്ടോ? ഇവർക്കും വിചാരങ്ങളും വികാരങ്ങളും ഇല്ലെന്നുണ്ടോ? അമ്മയും അച്ഛനും സഹോദരങ്ങളും ഇല്ലാത്തവരാണോ ഇവരൊക്കെ? ഈ അമ്മയോടു ചെയ്ത മഹാ അപരാധത്തിന് പരിഹാരം ചെയ്യാൻ ആർക്കു കഴിയും?

ഇതുപോലെയോ, ഇതിൽക്കൂടുതലോ ദുഃഖവും വേദനയും യാതനയും അനുഭവിക്കുന്ന എത്രയോ അമ്മമാരും അച്ഛന്മാരും വിധവകളും അച്ഛനില്ലാത്ത മക്കളും സഹോദരങ്ങളും കേരളത്തിലെമ്പാടുമുണ്ട്. ഇപ്പോഴത്തെ അക്രമങ്ങളുടെയെല്ലാം പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും നാടായ കണ്ണൂർ ജില്ലയാണ്.

ഈ കൊലപാതകങ്ങളുടെയെല്ലാം പിന്നിൽ സിപിഎമ്മും ബിജെപിയും ആണെന്ന് ആർക്കാണറിയാത്തത്? ഈ നിഷ്ഠുര കൊലപാതകരാഷ്ട്രീയംകൊണ്ട് അവർക്ക് എന്തു നേട്ടമാണ് കൈവരിക്കാനായത്?

ഈ അരുംകൊലയ്ക്ക് അറുതിവരുത്താൻ മാർഗം ഒന്നേയുള്ളൂ. സംസ്‌ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഒരു വശത്തും ബിജെപിയുടെ സംസ്‌ഥാന പ്രസിഡന്റും ദേശീയ പ്രസിഡന്റും മറുവശത്തുമിരുന്ന് മനസുതുറന്ന് ചർച്ചചെയ്യുകയും ഇനിമേൽ തങ്ങളുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു സംഭവം ഉണ്ടാകില്ലെന്ന് പ്രതിജ്‌ഞയെടുക്കുകയും അതനുസരിച്ച് പ്രവർത്തിക്കാൻ അണികൾക്കു പ്രേരണ നൽകുകയും ചെയ്യുക. അങ്ങനെ ചെയ്തില്ലെങ്കിൽ ഈ രണ്ടു കൂട്ടരെയും ജനം ഒറ്റപ്പെടുത്തുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

എം.എം. ജോസഫ്, പാലാ