Letters
ഉത്തമ അധ്യാപകർ സമൂഹത്തിന്റെ കാവൽഭടന്മാർ
Saturday, October 22, 2016 10:54 AM IST
അധ്യാപകരുടെ ക്ലാസ് റൂം ഇടപെടലുകൾക്കു പരിധിയുണ്ടോ എന്ന തലക്കെട്ടിൽ ഈമാസം പത്തിനു ദീപികയിൽ ഷിനു ആനത്താരയ്ക്കൽ എഴുതിയ ലേഖനം ഏറെ ഹൃദ്യവും കാലികപ്രസക്‌തവും ചിന്തോദ്ദീപകവും ആയിരുന്നു. നിയമങ്ങൾ ശിശുകേന്ദ്രീകൃതമാകുമ്പോൾ കുട്ടികൾ രാജാക്കന്മാരാകുന്നു. ഇവിടെ അധ്യാപകർക്കു ശരിയായ തീരുമാനമെടുക്കാൻ സാധിക്കാതെവരുകയും ശിക്ഷയല്ല ശിക്ഷണമെന്നു കുട്ടി തിരിച്ചറിയാതാവുകയും ചെയ്യുന്നു. അനുഭവസമ്പത്തും നെറിവും ദീർഘകാല അധ്യാപന പരിചയവും ഒന്നുമല്ലാതാവുന്നു.

ചിലപ്പോൾ കുട്ടിയുടെയോ മാതാപിതാക്കളുടെയോ പകപോക്കലിന്റെ ഫലമായോ ഗുരുവിന്റെ മഹത്വം തിരിച്ചറിയാത്ത ചില പൊതുപ്രവർത്തകരുടെ ഇടപെടൽ വഴിയോ അധ്യാപകർക്കെതിരേ ആരോപണമുയരുമ്പോൾ അധ്യാപകർ ഭീതിയുടെ നിഴലിൽ കടമ നിർവഹിക്കേണ്ടതായി വരുന്നു. ശിശുകേന്ദ്രീകൃത ഭവനങ്ങളിൽനിന്നു വരുന്ന കുട്ടികളുടെ മാനസികാവസ്‌ഥ മനസിലാക്കിത്തന്നെയാണ് ഉത്തമരായ അധ്യാപകർ ക്ലാസുകൾ നയിക്കുക. നിർബന്ധിത വിദ്യാഭ്യാസം ഇല്ലാതിരുന്ന ഗുരുകുല വിദ്യാഭ്യാസ കാലത്തു ഗുരുക്കന്മാർ, വിദ്യാഭ്യാസം ചെയ്യാൻ താത്പര്യവും കഴിവും പ്രാപ്തിയുമുള്ളവരെയായിരുന്നല്ലോ കൂടെ താമസിപ്പിച്ചു വിദ്യ പകർന്നുനൽകിയിരുന്നത്. അക്കാലത്തു മാത്രമല്ല പിന്നീടും കാലങ്ങളോളം ഗുരു ഈശ്വരതുല്യനായിരുന്നു. ഇന്നു ഗുരു–ശിഷ്യ ബന്ധത്തിനു പണ്ടത്തേക്കാൾ കോട്ടം വന്നുവെന്നാണു പരക്കെയുള്ള ധാരണ.

ഉത്തമ ഗുരുക്കന്മാരും ഗുരുത്വമുള്ള ശിഷ്യരും താത്പര്യപൂർവമാണു വിദ്യാഭ്യാസ പ്രക്രിയയിൽ എത്തുന്നതെങ്കിൽ പണ്ടത്തേതിലും ആഴമുള്ള ഗുരു–ശിഷ്യബന്ധം ഇന്നുണ്ടാകും. അതിന് അധ്യാപനം താത്പര്യമുള്ളവർ മാത്രം ഈ ജോലി ചെയ്യുകയും താത്പര്യത്തോടെയും ഉയർന്ന ലക്ഷ്യബോധത്തോടെയും മാത്രം ശിഷ്യർ വിദ്യ അഭ്യസിക്കുകയും ചെയ്യണമെന്നു മാത്രം. ആദ്യ വിദ്യാലയമായ സ്വന്തം ഭവനത്തിൽ നിന്നും അവിടത്തെ ആദ്യാധ്യാപകരായ മാതാപിതാക്കളിൽനിന്നുമാണു കുട്ടികൾ ഗുരുത്വം പഠിച്ചുതുടങ്ങുന്നത്.

ആദ്യാക്ഷരം കുറിച്ച് ആദ്യമായി പാഠശാലകളിൽ എത്തുന്ന കുട്ടികൾ പാഠശാലകളിൽനിന്നു ലഭ്യമായ കാര്യങ്ങൾ ചിട്ടയായി ഹൃദിസ്‌ഥമാക്കേണ്ടവ ഹൃദിസ്‌ഥമാക്കിയും താത്പര്യപൂർവം അധ്യയന ഭാഗങ്ങൾ എഴുതിയും വായിച്ചും മനസിലുറപ്പിക്കാൻ മാതാപിതാക്കൾ തന്നെയാണു കുട്ടിയെ സഹായിക്കേണ്ടത്.

അന്നന്നുള്ള പാഠഭാഗങ്ങൾ മനസിലാക്കുകയും വീട്ടിൽനിന്ന് അതുസംബന്ധമായ ജോലികൾ ചെയ്തു എന്നുറപ്പാക്കി മാതാപിതാക്കൾ സ്കൂളിലേക്കു പറഞ്ഞുവിടുകയും ചെയ്യുന്ന കുട്ടികൾ തുടർദിവസങ്ങളിൽ അധ്യാപകർ നല്കുന്ന കാര്യങ്ങൾ കൗതുകപൂർവം ശ്രദ്ധിക്കുമെന്നതിൽ തർക്കമില്ല.

ശിക്ഷയല്ല ശിക്ഷണമാണു കുട്ടികൾക്കു നൽകേണ്ടത്. ശിക്ഷണമെന്ന പേരിൽ ഒരു കുട്ടിയെയും വെറുതെ അടിക്കുന്ന സ്വഭാവശീലം ഉത്തമനായ ഒരു അധ്യാപകനും ഉണ്ടാവില്ല. മറിച്ച് കുട്ടിയുടെ ജീവിതസാഹചര്യങ്ങൾ നേരിട്ടു മനസിലാക്കിയാൽ ചിലരോടു സ്നേഹപൂർവമുള്ള തിരുത്തലും മറ്റു ചിലർക്കു കാർക്കശ്യത്തോടെയുള്ള തിരുത്തലും എന്നാൽ ചിലർക്ക് ഒരടിയും ചിലപ്പോൾ ശിക്ഷണത്തിന്റെ ഭാഗമായി ആവശ്യമായി വരുമെന്നാണു അധ്യാപന ജീവിതത്തിൽനിന്നു ഞാൻ തിരിച്ചറിഞ്ഞിട്ടുള്ളത്. എല്ലാവരെയും ഒരുപോലെ ചൂരൽക്കഷായം നൽകി നന്നാക്കാനുമാവില്ലെന്നു തിരിച്ചറിയുന്നു. ഒരു ഈർക്കിലി കൊണ്ടടിച്ചാലും കാലിൽ പാടു വീഴാറുണ്ട്. ശിക്ഷ അത്രമേൽ ആവശ്യമുള്ളവരെയല്ലേ അധ്യാപകൻ തിരുത്തലിന്റെ ഭാഗമായി അടിക്കാറുള്ളു? പിന്നെന്തിനാണ് അധ്യാപകൻ അടിച്ചു എന്ന പേരിൽ സസ്പെൻഷനും വിവാദവാർത്ത പരത്തലും?

അധ്യാപന മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും സ്വന്തം മനഃസാക്ഷിക്കു നിരക്കാത്ത തരത്തിൽ സത്യസന്ധതയില്ലാതെ ജോലി ചെയ്യുന്ന എല്ലാവരും എന്തുകൊണ്ടു വിമർശനവിധേയരാവുന്നില്ല? മിക്കവാറും വാർത്തകളിൽ കുട്ടിയും രക്ഷിതാവും പൊതുജനങ്ങളും ഒന്നിക്കുമ്പോൾ ഒറ്റപ്പെടുന്ന അധ്യാപകരുടെയും, വർഷങ്ങളായി ജോലി ചെയ്തിട്ടും വേതനമില്ലാതെ വേദനയോടെ അവധി ദിവസങ്ങളിലും രാത്രികാലങ്ങളിലും കൂലിപ്പണി ചെയ്തു കുടുംബം പോറ്റുന്ന സഹാധ്യാപരുടെയും കഥകൾ കണ്ണുകളെ ഈറനണിയിക്കാറുണ്ട്.

ആധുനിക മാധ്യമങ്ങളും സാങ്കേതികവിദ്യകളും നല്ലരീതിയിൽ ഉപയോഗിച്ചാൽ നന്മയ്ക്കായി ഭവിക്കുമെങ്കിലും മാതാപിതാക്കളുടെ നിയന്ത്രണത്തിലല്ലാതെയും, അനുസരണശീലവും ചിട്ടകളും മര്യാദകളും ശീലിക്കാതെയും വരുന്ന ഇന്നത്തെ നല്ലൊരു ശതമാനം വിദ്യാർഥികളുടെയും പോക്കു കണ്ടാൽ കുറെ വർഷങ്ങൾക്കകം നമ്മുടെ നാട് എങ്ങനെയാവും എന്നു ഭയത്തോടെയേ ആലോചിക്കാൻ സാധിക്കുന്നുള്ളൂ.

ആരെയും ഒന്നിനെയും ഭയപ്പെടേണ്ട എന്നു വരുമ്പോൾ പഠനത്തിൽ അശ്രദ്ധ മാത്രമല്ല, ഉണ്ടാവുക. എല്ലാ തിന്മകളുടെയും ആരംഭവുമാകുന്നു അത്. ഇവിടെ സ്നേഹം എന്ന ഒറ്റ ആയുധവും ശിശുസൗഹൃദവും മാത്രം മതിയോ? അപ്പോൾ ആരെ അത് എങ്ങനെ തിരുത്തും?

ഗുരുവിനെ നീയെന്നൊരു മൊഴി ചൊന്നാൽ

ഗുരുവധം ചെയ്ത ഫലം വരുമെന്നും

മനസാ വാചാ കർമണാ നന്ദിച്ചാൽ

വധിപ്പതിനെക്കാൾ ഫലം വരുമെന്നുമാണ് (ശ്രീകൃഷ്ണൻ അർജുനനോടു പറഞ്ഞത്) ഗുരുത്വമുള്ള പഴയ ആളുകൾ കുട്ടികൾക്കു ചൊല്ലിക്കൊടുത്തിരുന്നത്.

മാതാപിതാക്കൾ രണ്ടുപേരും ജോലി ചെയ്താലേ കുടുംബം പുലർത്താനാവൂ എന്നതാണ് ഇന്നത്തെ അവസ്‌ഥ. അവിടെ കുട്ടിയെ ശ്രദ്ധിക്കാൻ നേരമില്ല. എന്നാൽ, കുടുംബത്തിൽനിന്നു തന്നെ നല്ല ശിക്ഷണം തുടങ്ങണം. ആദ്യത്തെ മാതൃകാ വിദ്യാലയം കുട്ടിയുടെ ഭവനമാകട്ടെ. അവിടെ മാതാപിതാക്കൾ മാതൃകാധ്യാപകരുമാകട്ടെ. അങ്ങനെയായാൽ ഒരധ്യാപകന്റെയും ക്ലാസ് മുറികളിലെ ഇടപെടലുകൾ പരിധിക്കപ്പുറമാവില്ല.

ബാലസഹജമായ വാസനകളാലും അധികസ്വാതന്ത്ര്യത്താലും തെറ്റു ചെയ്യുന്നവരെ തിരുത്താതിരിക്കാൻ അധ്യാപകർക്ക് സാധിക്കില്ല. പരീക്ഷയിൽ കോപ്പിയടിക്കുന്നതു കണ്ടില്ലെന്നു നടിക്കാനും കഴിയില്ല. പാഠപുസ്തകം കൈകൊണ്ടുതൊടാതെയും പാഠ്യപ്രവർത്തനങ്ങൾ ചെയ്യാതെയും പഠിക്കാതെ ജയിക്കാമെന്ന വ്യാമോഹത്തിൽ നടക്കുന്ന കുട്ടികളെ തിരുത്തേണ്ടതല്ലേ?

നിരന്തര മൂല്യനിർണയ ഗ്രേഡുകൾ പ്രത്യേകം രേഖപ്പെടുത്തി എഴുത്തു പരീക്ഷയുടെ മാർക്കുകൾ പഴയ രീതിയിൽ ഗ്രൂപ്പ് മിനിമം/സബ്ജക്ട് മിനിമം എന്നാക്കി റിസൽറ്റുകൾ പ്രസിദ്ധീകരിച്ച് ഉപരിപഠനത്തിന് അവസരമൊരുക്കിയാൽ കഠിനാധ്വാനം ചെയ്യാതെ വിജയിക്കാമെന്ന മോഹം കുട്ടികളിൽ നിന്നകലും. സ്കൂൾ കാലഘട്ടങ്ങളിലെങ്കിലും നല്ല ഉപദേശങ്ങൾ സ്വീകരിച്ച് ശിക്ഷണം ഏറ്റുവാങ്ങി അനുസരണം ശീലമാക്കി നല്ല ഗുരുക്കന്മാരെ മാതൃകയാക്കി കുട്ടികൾ വളരട്ടെ.

വി.എസ്. അന്നമ്മ, സെന്റ് ആന്റണീസ് എച്ച്എസ് വണ്ടന്മേട്