Letters
എപിഎൽ വിഭാഗക്കാരുടെ റേഷനരിവില വർധിപ്പിക്കരുത്
Sunday, October 23, 2016 1:41 PM IST
റേഷൻ കാർഡ് എപിഎൽ വിഭാഗത്തിലാണെങ്കിൽ ഇനിമേൽ റേഷനരി വില മൂന്നിരട്ടി നൽകണമത്രേ! പുതിയ റേഷൻ കാർഡ് തരുമെന്നു പറയുന്നതല്ലാതെ എന്നു കിട്ടുമെന്ന് ഒരു ഉറപ്പുമില്ല. പഴയ എപിഎൽ, ബിപിഎൽ വിഭാഗങ്ങൾ രണ്ടിലും അനർഹർ ഉണ്ടെന്നുള്ളതു വസ്തുതയാണ്.

ഭക്ഷ്യസുരക്ഷാ നിയമം ഇനിയും നടപ്പാക്കാത്തതിനാൽ കേരളത്തിനും തമിഴ്നാടിനും കേന്ദ്രത്തിൽനിന്നു തിരിച്ചടിയാണു കിട്ടിയത്. എപിഎൽ വിഭാഗക്കാർക്കു നൽകേണ്ട ധാന്യത്തിനു താങ്ങുവില നിരക്ക് ഈടാക്കാൻ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. ഇതു

വരെ കിലോയ്ക്ക് 8.30 രൂപയ്ക്കു കിട്ടിക്കൊണ്ടിരുന്ന അരി ഇനി മുതൽ സംസ്‌ഥാനം 22.64 രൂപ നൽകി കേന്ദ്രത്തിൽനിന്നു വാങ്ങണം. അതേപോലെ ഗോതമ്പിന് 6.19 രൂപയ്ക്കു പകരം 15.15 രൂപ നൽകണമത്രേ!

എപിഎൽ, ബിപിഎൽ വിഭജനം നിർത്തലാക്കി അർഹരായവർക്കു കിലോയ്ക്കു മൂന്നു രൂപ നിരക്കിൽ റേഷനരി നൽകാനാണു ഭക്ഷ്യസുരക്ഷാ നിയമത്തിൽ നിർദേശിച്ചിട്ടുള്ളത്. ജനങ്ങളെ രണ്ടുതട്ടിലാക്കി ഒരു വിഭാഗത്തിന്റെ റേഷൻ മുട്ടിക്കുന്നതു നീതീകരിക്കാനാവില്ല.

പി.കെ. നാരായണൻ വാലാച്ചിറ