Letters
മനുഷ്യനെ കൊല്ലാനും കൊല്ലിക്കാനും എങ്ങനെ തോന്നുന്നു
Tuesday, November 29, 2016 3:51 PM IST
മനുഷ്യൻ സാക്ഷരതകൊണ്ടും സംസ്കാരം കൊണ്ടും അനുദിനം വളരുന്ന ഒരു കാലമാണു നമ്മുടേത്. സഹജീവി സ്നേഹം കൊണ്ടാണു മനുഷ്യൻ പൊതുപ്രവർത്തനത്തിന് ഇറങ്ങുന്നത്. അതു വലിയ കാര്യവും നല്ല കാര്യവും തന്നെ. എന്റെ സംഘടന മാത്രം ശരിയെന്നും മറ്റുള്ളവർ തെറ്റെന്നും ചിന്തിക്കാം. എന്നാൽ, എന്റെ സംഘടനക്കാരല്ലാത്തവർ കൊല്ലപ്പെടേണ്ട വരാണെന്നു ചിന്തിക്കുകയും അവരെ കൊല്ലിപ്പിക്കുകയും ചെയ്യുന്നതു മൃഗീയതയാണ്, അപരിഷ്കൃതമാണ്. ഇത്തരക്കാരോ പൊതുപ്രവർത്തകർ? പൊതുപ്രവർത്തനത്തിന് ഇത്തരം മനുഷ്യമൃഗങ്ങൾ നാണക്കേട് തന്നെയാണ്.

വിദ്യാഭ്യാസവും മനവികതയുമുള്ള ഒരു സംസ്‌ഥാനമാണു കേരളം. വിവിധ ജാതി–മതസ്‌ഥരും വിവിധ രാഷ്ട്രീയ വിശ്വാസക്കാരും സ്നേഹപൂർവം കഴിയുന്ന നാട്. ഈ സ്നേഹരാജ്യമാണു കൊലപാതകത്തിന്റെ സ്വന്തം നാടായി മാറുന്നത് എന്നതു ലജ്‌ജാകരമാണ്. അതും പ്രബുദ്ധരാഷ്ട്രീയത്തിന്റെ പേരിൽ. കേളപ്പന്റെയും എകെജിയുടെയും കെ.എം. ജോർജിന്റെയും സിഎച്ചിന്റെയും ഒക്കെ പാരമ്പര്യമുള്ളതാണ് കേരളത്തിന്റെ പ്രബുദ്ധ രാഷ്ട്രീയം. സ്നേഹവും സഹവർത്തിത്വവുമായിരുന്നു അവരുടെ രീതി.

അവരുടെ നൂറിലൊന്നു ജനകീയ അംഗീകാരമുള്ള നേതാക്കൾ ഇന്നു കേരളത്തിലുണ്ടോ? പ്രശസ്തർ കൈകാര്യം ചെയ്ത കക്ഷിരാഷ്ട്രീയം ഇന്നു കുപ്രസിദ്ധരാണു കൈകാര്യം ചെയ്യുന്നത്. ടിവിയിലും പത്രത്തിലും പടവും വാക്കും വരുന്നത് ഇവരുടെ പദവികൊണ്ടു മാത്രമാണ്. ഇവരുടെ ക്രിമിനൽ ചെയ്തികൾ കേരള സാക്ഷരസമൂഹത്തിനു നല്ലപോലെ തിരിച്ചറിയാം.

കേരള രാഷ്ട്രീയത്തിന്റെ ഒരു വലിയ ഭാഗം ക്രിമിനലുകൾ ഇന്നു കൈയടക്കിയിരിക്കുകയാണ്. കേരളത്തിലെ ചില രാഷ്ട്രീയ പാർട്ടികൾക്കു ക്രിമിനൽ പശ്ചാത്തലവും കൊലപാതക രാഷ്ട്രീയവുമാണ് ഉള്ളതെന്ന് എല്ലാവർക്കും അറിയാം. പരസ്പരസഹായമായ അഴിമതിയും ഇവിടെയുണ്ടല്ലോ.

കേരളീയൻ സ്വസ്‌ഥജീവിതം ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെയാണ് അക്രമരാഷ്ട്രീയവും കൊലപാതക രാഷ്ട്രീയവും അവർ വെറുക്കുന്നത്. വിദ്യാഭ്യാസമുള്ള സംസ്കാരമുള്ള ഒരു നാട്ടിൽ എങ്ങനെ ഇത്തരം കൊലയാളികൾക്ക് പ്രസ്‌ഥാനങ്ങൾ പിടിച്ചെടുക്കാൻ കഴിഞ്ഞു. നേതാവ് പറഞ്ഞാൽ അനുയായി കൊല്ലും എന്ന അവസ്‌ഥ അപരിഷ്കൃതമാണ്.

എൻ. രാജൻ നായർ, ചാത്തന്നൂർ