Letters
എഴുതിത്തള്ളിയ 27,000 കോടിയും കാർഷിക കടങ്ങളും
Saturday, December 3, 2016 3:02 PM IST
കഴിഞ്ഞ എട്ടിനു രാത്രി എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തോടെ അന്നു രാത്രി 12 മണിയോടെ നിലവിലുണ്ടായിരുന്ന 500 രൂപ, 1000 രൂപ നോട്ടുകൾക്കു വിലയില്ലാതായി. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാനാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നു പറഞ്ഞതിനാൽ ഈ തീരുമാനത്തെ സാധാരണ ജനങ്ങൾ സ്വാഗതം ചെയ്തു.

എന്നാൽ, വേണ്ടത്ര മുൻകരുതലോ ഗൃഹപാഠമോ നടത്താതെ പെട്ടെന്നെടുത്ത തീരുമാനത്തിന്റെ ഫലമായി സാധാരണ ജനങ്ങൾ, കൈയിലുള്ള നോട്ടുകൾ മാറിയെടുക്കാനും എടിഎം വഴി പണം പിൻവലിക്കാനും എടിഎം കൗണ്ടറിനു മുമ്പിലും ബാങ്കിലും ക്യൂ നിന്നു കഷ്‌ടപ്പെട്ടു. ഈ ദുരിതത്തിന് ഇതുവരെയും പരിഹാരമായിട്ടില്ല. എന്നാൽ, ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്, ഈ തിരക്കിനിടയിൽ കള്ളപ്പണത്തിന്റെ ഉടമകൾ എന്നു സംശയിക്കുന്ന ഒരു സമ്പന്നനെയും അവിടെ കണ്ടില്ല.

അത്യാവശ്യ ചെലവിന് കാശിനുവേണ്ടി എടിഎം കൗണ്ടറിനു മുമ്പിലും ബാങ്കിലും ക്യൂനിന്നു കഷ്‌ടപ്പെട്ടയവസരത്തിൽ അവരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനെന്നോണം സർക്കാർ വളരെ ചെറിയ ശബ്ദത്തിൽ ഒരു പ്രഖ്യാപനം നടത്തി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 63 വൻകിട വ്യവസായികളുടെ 7016 കോടി രൂപയുടെ കടം എഴുതിത്തള്ളി. രാജ്യത്തെ വിവിധ ബാങ്കുകളിൽ ആയിരക്കണക്കിനു കോടി രൂപ കുടിശിക വരുത്തിയ വ്യവസായി വിജയ് മല്യയുടെ 1201 കോടി രൂപയുടെ കടമാണ് എഴുതിത്തള്ളിയത്. ഇദ്ദേഹത്തെ സുരക്ഷിതനായി ലണ്ടനിൽ എത്തിച്ച് സുഖവാസം ഉറപ്പുവരുത്തിയ ശേഷമാണ് ഈ പ്രഖ്യാപനം നടത്തിയത്. മതിയായ ഈടോ ജാമ്യക്കാരോ ഇല്ലാതെയാണ് ഈ 63 വൻകിട വ്യവസായികൾക്ക് ആയിരക്കണക്കിനു കോടി രൂപ കടം നൽകിയത്.

7016 കോടി രൂപ എഴുതിത്തള്ളിയതിനെപ്പറ്റി ഏതാനും എംപിമാർ രാജ്യസഭയിൽ ചോദ്യം ഉന്നയിച്ചപ്പോൾ ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി നൽകിയ മറുപടി, മല്യ ഉൾപ്പെടെയുള്ള വൻകിടക്കാരുടെ വായ്പാ ബാധ്യത ഇല്ലാതാക്കിയിട്ടില്ലെന്നും രേഖകൾ സൂക്ഷിക്കാനുള്ള ബാധ്യത ഇല്ലാതാക്കിയിട്ടില്ലെന്നും രേഖകൾ സൂക്ഷിക്കാനുള്ള എളുപ്പത്തിനുവേണ്ടി നിഷ്ക്രിയ കടമായി മാറ്റുകയാണു ചെയ്തിട്ടുള്ളതെന്നും തിരിച്ചുപിടിക്കാൻ ബാങ്കിന് അധികാരമുണ്ടെന്നുമാണ്. എന്നുവച്ചാൽ അവരിൽ ആരെങ്കിലും എന്തെങ്കിലും തന്നാൽ വാങ്ങിക്കാനുള്ള പഴുത് അടച്ചിട്ടില്ലെന്ന്. കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണെന്നും അവരാണു ജനതയ്ക്കു ഭക്ഷണം നൽകുന്നതെന്നും, അതുകൊണ്ട് അവരുടെ ക്ഷേമം ഉറപ്പാക്കേണ്ടതും എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കേണ്ടതുമാണെന്നും എല്ലാ ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും പറയാറുണ്ട്. രാജ്യത്തെ വോട്ടർമാരിൽ ബഹൂഭൂരിപക്ഷവും കർഷകരാണെന്നും അവരെ സോപ്പിട്ടു കൂടെ നിർത്തേണ്ടത് ആവശ്യമാണെന്നും അവർക്കറിയുകയും ചെയ്യാം. എന്നാൽ, അവർക്കു നൽകുന്ന സഹായത്തിന്റെ വലുപ്പവും നൽകുന്ന സഹായം തിരിച്ചുപിടിക്കാനുള്ള മാനദണ്ഡങ്ങളും എപ്രകാരമാണെന്ന് അറിഞ്ഞിരിക്കേണ്ടതുമാണ്. ഒരുദാഹരണം മാത്രം രേഖപ്പെടുത്തുകയാണ്. ഒരു ഏക്കർ സ്‌ഥലത്തിന്റെ ഈടിന്മേൽ ഒരുലക്ഷം രൂപ പൊതുമേഖലാ ബാങ്കിൽനിന്നും ഒരുവർഷത്തെ കാലാവധിക്ക് വായ്പ നൽകുന്ന പദ്ധതി നിലവിലുണ്ട്. ഇതിനായി തന്നാണ്ടത്തെ കരം അടച്ച രസീത്, വില്ലേജ് ഓഫീസിൽനിന്നും ലഭിക്കുന്ന കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവ നൽകണം. കൂടാതെ, അനവധി വ്യവസ്‌ഥകളോടുകൂടിയുള്ള അപേക്ഷാഫോറത്തിൽ ഒപ്പിട്ടുകൊടുക്കുകയും ചെയ്യണം. വ്യവസ്‌ഥകൾ എന്തൊക്കെയാണെന്നു വായിച്ചു മനസിലാക്കാനുള്ള കഴിവ് പാവപ്പെട്ട കർഷകനൊട്ടില്ലതാനും. ഈ ഒരു ലക്ഷം രൂപ കടത്തിന് ഏഴു ശതമാനം പലിശയാണ്. കടം ലഭിക്കുന്ന അന്നു മുതൽ ഒരുവർഷം തികയുന്ന അന്നോ അതിനു മുമ്പോ തുകയും പലിശയും തിരിച്ചടച്ചാൽ മൂന്നു ശതമാനം പലിശ സബ്സിഡിയായി പിന്നീട് എപ്പോഴെങ്കിലും ലഭിക്കും. പലിശയും തുകയും തിരിച്ചടയ്ക്കാൻ ഒരു ദിവസം വൈകിയാൽ പലിശ സബ്സിഡി ലഭിക്കുകയില്ല. ഒരാഴ്ചത്തെ ഗ്രേസ് പീരിയഡ് പോലും ഇല്ലെന്നു ചുരുക്കം. ആറു മാസത്തിനുള്ളിൽ തുകയും പലിശയും അടച്ചില്ലെങ്കിൽ ജപ്തി നടപടിയിലൂടെ ഈടാക്കും. ഇതാണ് ഒരേക്കർ സ്‌ഥലമുള്ള കർഷകനു സർക്കാർ ചെയ്യുന്ന സഹായവും സഹാനുഭൂതിയും.

ആവശ്യമായ ഈടോ, രേഖകളോ വാങ്ങാതെ ആയിരക്കണക്കിനു കോടി രൂപ കടം നൽകുന്ന വൻകിട വ്യവസായികൾക്ക്, കടവും പലിശയും നിഷ്ക്രിയ കടമായി മാറ്റുന്നു. വൻകിട വ്യവസായിക്ക് പട്ടുമെത്തയിലേക്ക് പരവതാനി വിരിക്കുന്ന സർക്കാർ കർഷകർക്കു നൽകുന്നതു പിച്ചപ്പാത്രം. അങ്ങനെ തെണ്ടി ജീവിക്കാൻ വേണ്ട വഴി സർക്കാർതന്നെ ഒരുക്കുന്നു.

എം.എം. ജോസഫ്, പാലാ