Letters
പ്രശ്നം പരിഹരിക്കുന്നതിലാണു മിടുക്കു കാണിക്കേണ്ടത്
Thursday, January 12, 2017 5:19 PM IST
കഴിഞ്ഞ നവംബർ എട്ടുവരെ ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന ഇന്ത്യയിലെ ജനജീവിതം അന്നു രാത്രിയുണ്ടായ ഒരു വിസ്ഫോടനത്തിൽ ശരിക്കും അബോധാവസ്‌ഥയിലായിരിക്കുകയാണ്. ഉയർന്ന മൂല്യങ്ങളുള്ള നോട്ടുകൾ പിൻവലിച്ചതിനോടൊപ്പം ആ വിവരം എത്തേണ്ടിടത്ത് മുൻകൂട്ടി എത്തുകയും ചെയ്തപ്പോൾ സാധാരണക്കാർ ശരിക്കും വെട്ടിലായി. നോട്ട് പ്രശ്നം സാമ്പത്തിക മാന്ദ്യത ഉണ്ടാക്കുമെന്ന് ഇന്ത്യയുടെ രാഷ്ട്രപതി തന്നെ അഭിപ്രായം പറഞ്ഞിരിക്കുകയാണ്. കള്ളപ്പണം പിടിക്കാനെന്നപേരിൽ ഈ കടുംകൈ ചെയ്തവർ പാവപ്പെട്ടവരുടെ ദയനീയാവസ്‌ഥ കാണാത്തത് നല്ല ഭരണാധികാരികൾക്ക് ചേർന്നതല്ല. ഇത്തരം ഭ്രാന്തൻ നടപടികളെ എതിർക്കാൻ മറുപക്ഷത്തുള്ളവർക്ക് ഏകോപനത്വവുമില്ല. അപ്പോൾ അധികാരികൾ തെറ്റുതിരുത്താൻ സമ്മതിക്കുന്നുമില്ല.

ഒരു വിദേശ രാജ്യത്ത് ഇത്തരം ഒരു പ്രശ്നമുണ്ടായപ്പോൾ ജനാഭിലാഷത്തെ തുടർന്ന് ആ നടപടി പിൻവലിക്കുകയുണ്ടായി. അവിടത്തെ ജനങ്ങളെ ഈ ദുഷ്ചെയ്തികൾക്കെതിരേ ഒന്നിച്ചണിനിരത്താൻ അവിടെ ആണുങ്ങളുണ്ടായി. ഇവിടെ പ്രതിപക്ഷത്തെ പാർട്ടികൾ പ്രസ്താവനയും വമ്പൻ പ്രസംഗങ്ങളും കൊണ്ട് അവർ കരഞ്ഞുകൊണ്ടിരിക്കുന്നു. ഇതു ഭരണാധികാരികളെ സന്തോഷിപ്പിക്കുന്നു. എന്നാൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിലല്ല, അവ പരിഹരിക്കുന്നതിലാണ് നല്ല ഭരണാധികാരികളുടെ മിടുക്ക് കാണിക്കേണ്ടത്.

ജോബ് സ്രായിൽ, അമലനഗർ, തൃശൂർ