25 ചന്ദനമുട്ടികളുമായി മൂന്നു പേർ പിടിയിൽ
മല്ലപ്പള്ളി: വില്പനയ്ക്കായി ഓട്ടോറിക്ഷയിൽ കൊണ്ടു പോകുകയായിരുന്ന ചന്ദനമുട്ടികളുമായി മൂന്നു പേരെ പോലീസ് അറസ്റ്റുചെയ്തു.

ചിറ്റാർ പുതുവേലിൽ പ്രസന്നൻ (51), മാന്നാർ സ്വദേശികളായ കൊരിട്ടിശേരിൽ പുതുപ്പിലേത്ത് പ്രശോഭ് (39), ഓട്ടോറിക്ഷ ഡ്രൈവർ വിഷവർശേരിക്കൽ തട്ടയ്ക്കാട് കിഴക്കേതിൽ ഷെരീഫ് (45) എന്നിവരെയാണ് പിടികൂടിയത്.

കീഴ്വായ്പൂര് പടുതോടിനു സമീപം വ്യാഴാഴ്ച രാത്രി സർക്കിൾ ഇൻസ്പെക്ടർ കെ. സലീമിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പട്രോളിംഗിനിടെ പിടിയിലായ ഒരാളിൽ നിന്നും ലഭിച്ച വിവരത്തെത്തുടർന്ന് സിഐ സലിമിനോടൊപ്പം കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിലെ എഎസ്ഐ സോമനാഥൻ നായർ, എസ്പിയുടെ ഷാഡോ പോലീസ് സംഘത്തിലെ വിനോദ്, ബിജു മാത്യു എന്നിവർ ചേർന്ന് ചന്ദനം വാങ്ങാനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് വാഹനം സഹിതം പ്രതികളെ പിടികൂടിയത്. ഒരു കിലോഗ്രാമിന് 7000 രൂപയാണ് ഇവർ ചോദിച്ച വില. മാർക്കറ്റിൽ 5000 മുതൽ 6000 വരെ വിലയുണ്ട്. കോന്നിയിൽ നിന്നും ചാക്കിൽ പൊതിഞ്ഞു കൊണ്ടുവന്ന 14 ചന്ദനമുട്ടികൾ കോഴഞ്ചേരിയിൽ വിൽക്കുന്നതിനായി കെഎൽ 30 ബി 8242 രജിസ്ട്രേഷനിലുള്ള ഓട്ടോറിക്ഷയിൽ കൊണ്ടുവരുമ്പോഴാണ് രാത്രി 8.30ഓടെ ഇവർ പോലീസ് പിടിയിലാകുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.

പല ചന്ദനമരങ്ങളിൽ നിന്നുള്ള മുട്ടുകളായതിനാൽ വ്യാപകമായി ചന്ദനക്കടത്ത് നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് സംശയിക്കുന്നു. ഇതുകൂടാതെ 12 വർഷം മുമ്പ് തുരുത്തിക്കാട് ബിഎഎം കോളജ് പരിസരത്ത് രണ്ട് ആഞ്ഞിലിമരങ്ങൾക്കിടയിൽ നട്ടുവളർത്തിയ 39 വർഷം പഴക്കവും 40 ഇഞ്ച് വണ്ണവുമുണ്ടായിരുന്ന ചന്ദനമരം ഇലക്ട്രിക് വാൾ ഉപയോഗിച്ച് മുറിച്ചു കടത്തിയിരുന്നു.