ചെങ്ങളായിയിൽ വയൽ നികത്തുന്നു
ശ്രീകണ്ഠപുരം: തളിപ്പറമ്പ്–ഇരിട്ടി സംസ്‌ഥാന പാതയോരത്ത് ചെങ്ങളായി ചാലിൽ മൂലയിൽ വയൽ മണ്ണിട്ടു നികത്തുന്നു. തണ്ണീർത്തട ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്‌ഥലമാണു മണ്ണിട്ട് നികത്തുന്നത്. ഇവിടെ മുക്കാൽ ഏക്കറോളം വരുന്ന വയൽ പകുതിയിലേറെയും നികത്തിക്കഴിഞ്ഞു. രണ്ടുവർഷം മുമ്പുവരെ ഇവിടെ നെൽകൃഷി നടത്തിയിരുന്നു. ഏതാനും മാസം മുമ്പു തെങ്ങും വാഴയും നട്ടാണു നികത്താനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്.

ചെങ്ങളായിയിലെ വയലുകൾ ഒരു കാലത്തു ജില്ലയിൽ നെൽക്കൃഷിക്കു ബോണസ് പോയിന്റ് വാങ്ങിയിരുന്ന വയലുകളായിരുന്നു. ശ്രീകണ്ഠപുരം–മലപ്പട്ടം റോഡരികിൽ കോട്ടൂരിൽ പഴയ പ്രീ–മെട്രിക് ഹോസ്റ്റലിനു സമീപവും വയൽ നികത്തുന്നുണ്ട്. വിവിധ കർഷക സംഘടനകളും നാട്ടുകാരും റവന്യൂ അധികൃതർക്കു പരാതി നൽകിയിട്ടും വയൽ നികത്തലിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല.