പീഡനം നടത്തുന്നവരെ സർക്കാർ സംരക്ഷിക്കുന്നു: തിരുവഞ്ചൂർ
കൊട്ടാരക്കര: കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരേ പീഡനം നടത്തുന്നവരെ സംസ്‌ഥാന സർക്കാർ സംരക്ഷിക്കുകയാണെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

കുണ്ടറ സംഭവത്തിൽ പോലീസ് കാട്ടിയ അനാസ്‌ഥയ്ക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ റൂറൽ എസ്പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളുടെ കണ്ണുനീരിൽ ഈ സർക്കാർ ദഹിക്കും. നമ്മുടെ പാരമ്പര്യം അത് വ്യക്‌തമാക്കിയിട്ടുണ്ട്. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വൃദ്ധർ ക്കുവരെ സുരക്ഷിതത്വം നഷ്ടമായി കഴിഞ്ഞു. പീഡനപരമ്പരകൾ അരങ്ങേറുമ്പോൾ പോലീ സ് കാഴ്ചക്കാരായി മാറുന്ന സ്‌ഥിതിയാണ്. തുടക്കത്തിലേ ശക്‌തമായി അമർച്ച ചെയ്യാൻ പോലീസിന് കഴിഞ്ഞിരുന്നെങ്കിൽ കുറ്റ കൃത്യങ്ങൾ ആവർത്തിക്കാതിരുന്നേനെ.

അടുത്തിടെ ഉണ്ടായ പല സ്ത്രീ പീഡന കേസുകളിലും സിപിഎമ്മി ൽ പ്പെട്ടവരോ അവരുമായി ബന്ധമുള്ളവരോ പങ്കാളികളാണ്. പോലീസ് സംരക്ഷണം ദുർബലപ്പെടുത്തി കോടതിയിൽ കീഴടങ്ങാനുള്ള സാഹചര്യം ഒരുക്കുകയാണ് സർക്കാർ. നടിയെ പീഡിപ്പിച്ച കേസിലെ പ്രതി സംഭവത്തിനുശേഷം ദിവസങ്ങളോളം എറണാകുളത്ത് കറങ്ങി നടന്നു. മികച്ച പോലീസ് സംവിധാനമുള്ള നഗരമായിട്ടും പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.

കുണ്ടറ സംഭവം തേച്ചു മായ്ച്ചു കളയുവാനാണ് തുടക്കം മുതൽ ശ്രമിച്ചത്. ഇതിൽ സിപിഎമ്മിന് പങ്കുണ്ട്. ജനരോക്ഷം ഉണ്ടാകുമ്പോഴാണ്പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കാപ്പ ചുമത്താനും കുറ്റകൃത്യം മറച്ചുവച്ച മറ്റു കുടുംബാംഗങ്ങളെ പ്രതി ചേർക്കാനും പോലീസ് നടപടി സ്വീകരിച്ചിട്ടില്ല.

കുണ്ടറ സംഭവത്തിൽ പ്രതിക്കെതിരെ കാപ്പ ചുമത്തണം. കീഴ് ഉദ്യോഗസ്‌ഥരെ സസ്പെൻഡ് ചെയ്തുകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമം. ഇവർക്കുമുകളിലുള്ള അന്വേഷണ ഉദ്യോഗസ്‌ഥരേയും വകുപ്പുതല നടപടിക്ക് വിധേയമാക്കണമെ ന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

കൊട്ടാരക്കര മണികണ്ഠൻ ആൾത്തറയിൽ നിന്നും ആരംഭിച്ച മാർച്ച് ഹൈസ്കൂൾ ജംഗ്ഷനിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു. രാജ് മേഹൻ ഉണ്ണിത്താൻ, ജി.രതികുമാർ, ഷാനുമോൾ ഉസ്മാൻ , സൂരജ് രവി, എം.എം.നസീർ, ലതാ സി നായർ, ബിന്ദു.ജെ.എൻ, കൃഷ്ണവേണി ശർമ്മ, ചിറ്റുമൂല നാസർ, പി.ഹരികുമാർ, ബ്രിജേഷ്എബ്രഹാം, പെരുംകുളം സജിത്, ഒ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.