സദാചാര ഗുണ്ടായിസത്തിന്റെ രക്‌തസാക്ഷി കുലുക്കല്ലൂർ പ്രഭാകരന്റെ കുടുംബം നീതിക്കായി കാത്തിരിക്കുന്നു
ഒറ്റപ്പാലം: സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ രക്‌തസാക്ഷിയായ കുലുക്കല്ലൂർ പ്രഭാകരന്റെ കുടുംബം രണ്ടുവർഷമായി നീതിക്കായി കാത്തിരിക്കുന്നു. 2015 ഫെബ്രുവരി 13നാണ് കുലുക്കല്ലൂർ മുത്തേവീട്ടിൽ പ്രഭാകരൻ (55) സദാചാര ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഇതുസംബന്ധിച്ച തുടരന്വേഷണം പാതിവഴിയിൽ കിടക്കുകയാണ്. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പതിനൊന്നുപേരെ ചെർപ്പുളശേരി പോലീസ് അറസ്റ്റുചെയ്തിരുന്നു. സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

എന്നാൽ കൊല്ലപ്പെട്ട പ്രഭാകരൻ പട്ടികജാതി– വിഭാഗത്തിൽപെട്ട ആളായിരുന്നിട്ടുപോലും ഇതുമായി ബന്ധപ്പെട്ട വകുപ്പുകളൊന്നും ചുമത്താതെയാണ് പോലീസ് അന്വേഷണം നടത്തിയത്. ഇതിനെതിരേ ചില ദളിത് സംഘടനകൾ പരാതി നല്കിയിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ടിനും എസ്്സി, എസ്ടി മോണിറ്ററിംഗ് കമ്മിറ്റിയിലും ഇതേക്കുറിച്ച് പരാതി നല്കിയിരുന്നു.

ഇതിന്റെ അടിസ്‌ഥാനത്തിലാണ് കേസിൽ തുടരന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവി ഷൊർണൂർ ഡിവൈഎസ്പിക്ക് നിർദേശം നല്കിയത്. 2016–ൽ ഷൊർണൂർ ഡിവൈഎസ്പിയായ ആർ.സുനീഷ് കുമാർ കേസ് അന്വേഷണം തുടങ്ങി. ഇതിനിടെ ഉദ്യോഗസ്‌ഥൻ സ്‌ഥലംമാറി പോയതും അന്വേഷണത്തിനു തിരിച്ചടിയായി.

പ്രഭാകരന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളൊന്നും ലഭ്യമായില്ല. കേസിൽ എസ്്സി, എസ്ടി വകുപ്പുകൂടി ചേർത്തിരുന്നതിനാൽ കുടുംബത്തിന് സാമ്പത്തിക സഹായങ്ങൾ കൂടുതൽ ലഭിക്കും.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഇതുസംബന്ധിച്ച് പരാതി നല്കിയെങ്കിലും ഗുണമുണ്ടായില്ല. ആകെ പതിനായിരം രൂപ മാത്രമാണ് ഇതുവരെയായി കുടുംബത്തിനു ലഭിച്ചത്.

പ്രഭാകരന്റെ കുടുംബത്തിനു ജോലി അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചായിരുന്നുവെങ്കിലും ഒന്നുമുണ്ടായില്ല. സദാചാര സംരക്ഷകരും ചുംബന സമരക്കാരുമൊന്നും പ്രഭാകരനെ ഓർക്കുന്നുപോലുമില്ല.പൗരസ്വാതന്ത്ര്യത്തിന്റെ പേരിൽ കത്തിജ്വലിക്കുന്ന തെരുവു പ്രക്ഷോഭകർക്കും സദാചാര ഗുണ്ടായിസത്തിന്റെ ഇരയായ പ്രഭാകരനെ ആവശ്യമില്ല.കേസ് അന്വേഷണം ശക്‌തമാക്കി അടിയന്തിരമായി പ്രഭാകരന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാണ് ഉയരുന്ന ആക്ഷേപം.