മഴയിൽ ചുമരിടിഞ്ഞു വീടുതകർന്നു; കുടുംബം പെരുവഴിയിൽ
ആലത്തൂർ: കാവശേരി ആനമാറി കൊടിൽപാടത്ത് കാറ്റിലും മഴയിലും ചുമരിടിഞ്ഞ് വീടുതകർന്നു. കൊടിൽപ്പാടത്ത് കൂലി പണിക്കാരനായ ബഷീറിന്റെ വീടാണ് വെള്ളിയാഴ്ച പുലർച്ചെയുണ്ടായ മഴയിൽ തകർന്നത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം പെരുവഴിയിലായി.ബഷീറും ഭാര്യയും മൂന്നുമക്കളും ഉൾപ്പെടെ അഞ്ചുപേരാണ് വാസയോഗ്യമല്ലാത്ത വീട്ടിൽ കഴിയുന്നത്. തകർന്ന ചുമർ പുറംഭാഗത്തേക്കാണ് വീണത്.

സംഭവസമയം വീട്ടിൽ ആളുകൾ ഉണ്ടായിരുന്നില്ല. വീടിന്റെ ശോച്യാവസ്‌ഥ കാരണം രാത്രി സമീപത്തെ മറ്റൊരു വീട്ടി ലാണ് ഇവർ അന്തിയുറങ്ങുന്ന ത്. പഞ്ചായത്തിൽ വീടിന് അപേക്ഷിച്ചിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ അനുവദിച്ചു കിട്ടിയിട്ടില്ല. ഒന്നരവർഷംമുമ്പ് ജില്ലാ കളക്ടറെയും കണ്ട് സങ്കടം പറഞ്ഞ് അപേക്ഷ നല്കി.

എന്നാൽ ഇതുവരെയും എവിടെനിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നാണ് ഇവർ പറയുന്നത്. ദിവസങ്ങൾ കഴിഞ്ഞാൽ മഴക്കാലം തുടങ്ങുകയാണ്. ഏതുസമയവും നിലംപൊത്താവുന്ന വീട്ടിൽ എങ്ങിനെ കഴിയുമെന്നറിയാതെ ആശങ്കയിലാണ് ഈ കുടുംബം.